കടൽ ഊതിപറത്തിയ കാറ്റ് മീനച്ചൂടിൽ ഉരുകിയമർന്ന നഗരത്തിന് മുകളിൽ സാന്ത്വനമായി പടർന്നു. പടിഞ്ഞാറെ ആകാശത്തിൽ സായന്തനത്തിന്റെ ചായക്കൂട്ട്.
പകലിന്റെ ചൂടിന് മൂർച്ചയേറെയായിരുന്നു. കടലോരത്തെ പബ്ലിക് ലൈബ്രറി ഹാളിൽ മൺമറഞ്ഞ ഏതോ കലാകാരന്റെ അനുസ്മരണ പരിപാടി.
സദസ്സിന്റെ പിന്നിലെവിടെയെങ്കിലും ഒരിരിപ്പിടം തരപ്പെടുത്താനായി ആദ്യശ്രമം. വേദിയിൽ പ്രശസ്തരും അപ്രശസ്തരുമായ പലരും മൈക്കിനടുത്ത് വന്ന് വിമ്മിട്ടപ്പെടുന്നുണ്ട്. ഏറ്റവും പുറകിലത്തെ കസേരയിൽ മുമ്പോട്ട് നോക്കിയിരുന്നപ്പോൾ കസേരകൾക്ക് മുകളിൽ കുറേ തലകൾ കമഴ്‌ത്തിവെച്ച പോലെ തോന്നി. വേദിയിലിരിക്കുന്നവരുടെ അന്നേരത്തെ വികാരങ്ങളെന്തൊക്കെയാണെന്ന് വായിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ചുമരിൽ പതിച്ച ഛായാചിത്രങ്ങൾ പോലെയാണ് ഓരോരുത്തരേയും അനുഭവപ്പെട്ടത്. ചിന്തകൾ മേഞ്ഞു നടക്കുന്നേരം ആ അറിയിപ്പ് കാതിൽ പതിച്ചു.
…അടുത്തത് അനുസ്മരണ പ്രഭാഷണം ബഹുമാനപ്പെട്ട…
എല്ലാ കാര്യങ്ങളും മറന്ന് വേദിയിലേക്ക് മിഴിയുറപ്പിച്ചു. ഘനഗംഭീരമായ ശബ്ദത്തോടെ ജില്ലാ കലക്ടറുടെ പ്രഭാഷണം… പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്ത് സ്വിച്ച് ഓഫ് ചെയ്ത് പതുത്ത സീറ്റിൽ ചാരിയിരുന്ന് കലക്ടറിലേക്ക് ആഴ്‌ന്നിറങ്ങി.
യോഗശേഷം ഉള്ളിൽ മഞ്ഞ് പെയ്തിറങ്ങിയ ഗസൽ കണ്ണുമടച്ചിരുന്നാണ് ആസ്വദിച്ചത്. ഹാളിനു പുറത്തെ വിങ്ങുന്ന സന്ധ്യയെ മറന്നു. മുന്നിൽ കമഴ്‌ത്തി വെച്ച അനേകം തലകളെ മറന്നു…! ശാന്തമായി തിരകളിളകുന്ന കടൽത്തീരം… നിലാവിൽ ആകാശത്തേക്ക് കണ്ണയച്ച് കിടക്കുന്ന സുഖം മനസ്സിലുയർന്നു.
രാത്രി നേർത്ത ചാറൽമഴയുണ്ടായിരുന്നു. വേനൽമഴ അടുത്ത ദിവസങ്ങളിൽ പെയ്തു വീണേക്കാമെന്ന കാലാവസ്ഥ മുന്നറിയിപ്പ് വാർത്തയ്‌ക്കിടയിൽ കേട്ടിരുന്നു. മുറിയിൽ വന്നു കയറുമ്പോൾ സമയം നോക്കി. വാച്ചിന്റെ പ്രവർത്തനം എപ്പോഴോ നിലച്ചിരുന്നു. സമയമറിയാൻ മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുത്തു. വൈകുന്നേരം മുതൽ അത് സ്വിച്ചോഫായിരുന്നെന്ന കാര്യമോർമ വന്നു. വേഗം ഓൺ ചെയ്തു, നേരം ഒമ്പത് നാല്പത്….
പത്തുമിനിട്ട് കഴിഞ്ഞിട്ടുണ്ടാവും…. മൊബൈൽ കരഞ്ഞു. റിസീവ് ബട്ടണിൽ വിരലമർത്തി കാതോട് ചേർത്തു.
‘എന്തായിരുന്നു ഇന്ന് പരിപാടി…. മൊബൈൽ വൈകുന്നേരം മുതൽ ഓഫായിരുന്നല്ലോ..’
‘അത്…അത്…സർ… കള്ളം പറയാൻ വാക്കുകൾ പരതി പരാജയപ്പെടുന്നത് ഫോണിന്നങ്ങേത്തലയ്‌ക്കൽ ചെവിയോർക്കുന്നത് എനിക്കറിയാമായിരുന്നു. എന്നാലും തോൽവി സമ്മതിക്കാൻ മനസ്സനുവദിച്ചില്ല.
’വേണ്ട… താൻ ബുദ്ധിമുട്ടേണ്ട… തനിക്കെന്നു തുടങ്ങിയെടോ സാഹിത്യ പ്രേമം… കുറേ കിറുക്കന്മാര് എന്തിന്റെയെങ്കിലും പേരില് എവിടെയെങ്കിലും കേറിയിരുന്ന് തൊള്ള കീറിക്കരയുന്നൂന്ന് വെച്ച് താനെന്തിനാടോ അക്കൂട്ടത്തില്…‘
അയാളുടെ ഈർഷ്യ മുഴുവൻ ഫോണിലൂടെ ചെവിക്കകത്തേക്ക് തെറിച്ചു.
സർ…, മനഃപൂർവ്വമായിരുന്നു ആ പരിപാടിയിൽ ചെന്നിരുന്നത്…
സാറിനറിയാലോ…. ഈ നഗരത്തിന്റെ പ്രത്യേക രീതി… കലയിലും സാഹിത്യത്തിലും സംഗീതത്തിലും വല്ലാത്തൊരു പ്രാന്താ ഇവിടെയുള്ളവർക്ക്… വീട്ടില് കഞ്ഞിയില്ലെങ്കിലും നഗരത്തിൽ സംഗീത സദസ്സുണ്ടെന്നറിഞ്ഞാൽ അരി വാങ്ങാൻ വെച്ച കാശെടുത്തായാലും അവരവിടെ വന്നിരിക്കും…. ഇവിടുത്തുകാരുടെ ഹൃദയത്തുടിപ്പറിയണോങ്കീ… ഇതുപോലുള്ള കുറേ സ്ഥലങ്ങളിൽ… പഴമക്കാർ കഥ പറഞ്ഞിരിക്കുന്ന കവലകളിലെ തണൽമരച്ചുവട്ടിൽ… അങ്ങനെ കുറേയിടങ്ങളിൽ അവരിലൊരാളായി കൂടിയിരിക്കണം…
’താനെന്നെ പഠിപ്പിക്കണ്ടാ… കേട്ടോ. ഇവിടുത്തുകാരുടെ ഈ രീതി തന്ന്യാ നമുക്ക് തകർക്കേണ്ടത്.. താനീപ്പറയുന്ന പെരുമാറ്റരീതിയുമൊന്നും ഇന്നത്തെ ലോകാവസ്ഥയ്‌ക്ക് ചേർന്നതല്ലടോ… മനസ്സിലാവുന്നുണ്ടോ തനിക്ക്….‘
യെസ്…സർ…,
പിന്നീടൊന്നും പറയാതെ ഫോൺ ശബ്ദം നിലച്ചു. ഫോൺ കിടക്കയിലേക്കെറിഞ്ഞ് കുളിമുറിയുടെ തണുപ്പിലേക്ക്…!
പിറ്റേന്ന് രാവിലെ. റിംഗ്‌ടോൺ കാതിന്റെ ഭിത്തി കീറി. ഉറക്കച്ചടവോടെ ഞെട്ടിയെണീറ്റു.
’പെട്ടെന്നെത്തണം… വിനായക ടെമ്പിളിനടുത്തുള്ള കല്ല്യാണമണ്ഡപത്തിന് മുമ്പിൽ കാത്തു നിൽക്കാം…‘ മറുപടിക്ക് കാത്തുനിൽക്കാതെ സാറിന്റെ ശബ്ദം മുറിഞ്ഞു.
ഇത്രരാവിലെ തന്നെ എന്നെ കാണണമെന്ന്…, എന്തായിരിക്കും കാരണം. ഇന്നലത്തെ കാര്യങ്ങളെ പറ്റി സംസാരിക്കാനായിരിക്കുമോ…? അന്നേരത്തെ എന്റെ സംസാരം അതിരു കടന്നുവെന്ന് തോന്നുന്നില്ല… പിന്നെ, സാറിനോടൊപ്പം അധികം സമയം ചെലവിടാൻ കിട്ടാറില്ല.
അപൂർവ്വമായേ ഇതുപോലെ കാണണമെന്ന് പറഞ്ഞിട്ടുള്ളൂ… ഒരിക്കൽ മംഗലാപുരം വഴി ഇവിടുത്തേക്ക് വന്ന എന്തൊക്കെയോ കുറേ സാധനങ്ങൾ വഴിയിൽ സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയപ്പോൾ….
അന്നെനിക്ക് തെറിയുടെ പൂരമായിരുന്നു. തടിമാടന്മാരായ കുറേ പേരുണ്ട് അദ്ദേഹത്തിന്റെ ഗ്യാങ്ങിൽ… ചില കാര്യങ്ങളൊക്കെ തന്നെ കൊണ്ട് ചെയ്യിക്കണമെടോ… അതാ അതിന്റെയൊരു രീതി. നല്ല മൂഡുള്ള നേരങ്ങളിൽ എന്റെ തോളിൽ തട്ടി പറയുന്ന വാചകം.
സാറിന്റെ കൂടെയുള്ള യാത്രകൾ ആസ്വാദ്യകരമാണ്. മലബാർ കോർണറിലെ ബിയർ പാർലറിലിരുന്നുള്ള നേർത്ത പാശ്ചാത്യസംഗീതവും ഹണീബീയും ഒന്നിച്ച് നുണയുമ്പോൾ അദ്ദേഹം എവിടുന്നെക്കെയോ പറന്നുവരുന്ന ഫോൺകോളുകളിൽ ഗൗരവകാര്യങ്ങൾ ചികഞ്ഞു കൊണ്ടിരിക്കുകയായിരിക്കും. ചില നേരങ്ങളിൽ വളരെ പതുക്കെയാണ് സംസാരിക്കുക. സദാ ഗൗരവം മുറ്റുന്ന ആ മുഖം ഒന്നു ചിരിച്ചു കണ്ടിട്ടുള്ളത് സാഗർ റോഡിൽ ഇന്റർനെറ്റ് കഫേ നടത്തുന്ന ലക്ഷ്മീദേവി പെരുമാളിന്റെ കൊട്ടാരസമാനമായ വീട്ടിലോ അവരുടെ കഫേയിലോ പോകുമ്പോൾ മാത്രമാണ്.
പച്ചപ്പുല്ല് വിരിച്ച ആ മുറ്റത്ത് കാറിൽ ചെന്നിറങ്ങുമ്പോൾ വലിയ ചിരിയുമായി ലക്ഷ്മീദേവി പെരുമാൾ മുറ്റത്തെത്തിയിരിക്കും. പിന്നെ അവരു രണ്ടുപേരും കൂടി തോളുരുമ്മി അകത്തേയ്‌ക്ക് കയറിപ്പോകുന്നത് കണ്ടാൽ മനസ്സിലാക്കാം കാറ് ഷെഡിൽ പാർക്ക് ചെയ്ത് വല്ല ഓട്ടോയും തരപ്പെടുത്തി വീട്ടിലേക്ക് വലിയുന്നതാണ് ബുദ്ധിയെന്ന്.
ഒന്നിലധികം തവണ തടിച്ചി കൂട്ടിനില്ലാതെ സാറ് ആ വലിയ വീട്ടിനുള്ളിലെ കുളിരിലേക്ക് അവരുടെ കഫേയിൽ ജോലി ചെയ്യുന്ന പെമ്പിള്ളേരേം കൊണ്ട് കാറിൽ പോയിട്ടുണ്ടെന്നത് എനിക്ക് മാത്രമറിയാവുന്ന രഹസ്യം. അത്തരം കാര്യങ്ങളിൽ ദൃക്‌സാക്ഷിയാവുന്നതിന് മുമ്പേ പാതി വഴിയിൽ എന്നെ ഇറക്കിവിടുകയാണ് സാറിന്റെ പതിവ്. ലക്ഷ്മീദേവി പെരുമാളിന്റെ വീട്ടിനുള്ളിലെ തണുപ്പിലേക്ക് ഒരിക്കൽ മാത്രമേ ഞാൻ കയറിയിട്ടുള്ളൂ.
അതൊരു വെള്ളിയാഴ്‌ച ദിവസം.
വീതി കൂടിയ കാർട്ടണിൽ പൊതിഞ്ഞ എന്തോ ചില വസ്തുക്കൾ കാറിന്റെ ഡിക്കിയിൽ ഉണ്ടായിരുന്നത് തലേന്ന് ദൂരയാത്രക്കിടയിൽ രാത്രിയിൽ ഫോണിലൂടെ സാറ് അറിയിച്ച പ്രകാരം അവരുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഏതോ മഞ്ഞുമലയുടെ മുകളിൽ കയറിയ അനുഭവമാണ് ആ വീടിന്റെ അകത്തേക്ക് കാലെടുത്തു വെച്ചപ്പോഴുണ്ടായത്.
തടിച്ച ശരീരം ഇറുകിയ നൈറ്റിക്കുള്ളിൽ പൊതിഞ്ഞുകൊണ്ട് അവരെന്റെ മുമ്പിൽ വന്നുനിന്നു. ഭാരിച്ച കെട്ടുകൾ വീട്ടിനുള്ളിലെ അധികം വെളിച്ചം കയറാത്ത മൂറിയിൽ ഒതുക്കിവെച്ച് നിവരുമ്പോൾ തൊട്ടുപിറകിൽ അവരുണ്ടായിരുന്നു. അവരെന്റെ കവിളിലേക്ക് നോക്കി ചുണ്ടു കടിച്ചു.
ആദ്യം കുതറി മാറാൻ ശ്രമിച്ചുവെങ്കിലും അവരുടെ നീരാളിച്ചുറ്റലിനിടയിൽ അറിയാതെ അവരുടെ ദേഹത്തിൻ നിമ്‌നോന്നതങ്ങളിൽ എന്റെ മുഖമമർന്നു.
പിന്നിട് ആ വീട് കാണുമ്പോൾ എന്റെ നെഞ്ചിടിപ്പുയരും. അവരുടെ നോട്ടങ്ങളിൽ നിന്നും ഞാൻ മനഃപൂർവ്വം ഒഴിഞ്ഞുമാറും.
അവരുടെ കഫേയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു പെൺകുട്ടിയെ കാണാതായത് നഗരത്തെ ഞെട്ടിക്കുകയും നഗരത്തിലെ കുശുകുശുപ്പുകളിൽ ആ വിഷയം നിറയുകയും ചെയ്തു. പത്രങ്ങളും ചാനലുകളും വാർത്തകളിലൂടെ സംഭവത്തെ പല രീതിയിൽ അവതരിപ്പിച്ചു. ജനങ്ങളാകെ അവർക്ക് നേരെ ഇളകി. പോലീസ് കേസായി, കഫേ അടച്ചിടേണ്ടിവന്നു. അവർക്കെതിരായി ചുമരെഴുത്തുകളും നോട്ടീസുകളും കണ്ട് നഗരമുഖം വികൃതമായപ്പോൾ സാറാ വീട്ടിലേയ്‌ക്ക് പോവാതെയായി. കാണാതാവുന്നതിെൻ തലേന്ന് വൈകിട്ട് പെൺകുട്ടി സാറിന്റെ കാറിൽ കയറി പോകുന്നത് കണ്ടവരുണ്ടെന്ന് ചിലരുടെ അടക്കിപ്പിടിച്ച സംസാരം കേൾക്കാത്ത പോലെ ഭാവിച്ചു.
ആ സംഭവം കാരണം എനിക്കൊരു നഷ്ടം കൂടിയുണ്ട്. അവിടെ ഇടയ്‌ക്കൊക്കെ പോകുമ്പോൾ കുറേശ്ശെയായി കമ്പ്യൂട്ടർ പഠിപ്പിച്ചു തരാമെന്ന അവരുടെ ഔദാര്യം.
വിനായക ടെമ്പിളിനടുത്തെത്താറായിരിക്കുന്നു. ടാറടർന്ന് കുണ്ടും കുഴിയുമായ റോഡിനപ്പുറത്തെ പച്ചപ്പായൽ നിറഞ്ഞ കുളക്കടവിൽ വർണ്ണപ്പാവാട നെഞ്ചുവരെയുടുത്ത് കുളിച്ചീറൻ മാറുന്ന തെരുവു വേശ്യകളും തലേന്ന് രാത്രിയിലെ കണക്ക് പറഞ്ഞ് തീർക്കുന്ന പിമ്പുകളുടേയും ബഹളം. തൊലി പൊള്ളുന്ന അവരുടെ സംസാരം ചെവിയോർക്കാൻ നിൽക്കാതെ കല്ല്യാണമണ്ഡപത്തിന്റെ ഗേറ്റിന് മുമ്പിൽ നിർത്തിയിട്ട ക്വാളിസ് കാറിനുള്ളിലെ കാത്തിരിപ്പിന്റെ മുഷിച്ചിൽ കറുത്ത സൈഡ് ഗ്ലാസിനുള്ളിലൂടെ കാണാത്തതായി നടിച്ചു.
യൂ വെരി ലേറ്റ്…. അദ്ദേഹം കാറിന്റെ ഗ്ലാസ് താഴ്‌ത്തി ശാന്തനായി അത്രമാത്രം പറഞ്ഞു.
മനഃപ്പൂർവ്വമല്ല സർ…
സാരമില്ല വണ്ടിയിൽ കയറ്…
സാറിന്റെ മുമ്പിൽ അനുസരണയുള്ള കുട്ടിയായി. കാറ് പതുക്കെ നീങ്ങി. കാറിനകത്തെ സിഗരറ്റ് മണം ശ്വസിച്ച് സാറിന്റെ വാക്കുകൾക്കായി കാതോർത്തിരിക്കുമ്പോൾ ഒന്നുറപ്പായിരുന്നു. എന്തോ ഗൗരവമുള്ള കാര്യം സാറിന് പറയാനുണ്ട്. അതിനുള്ള പുറപ്പാടാണീ മൗനവും നഗരത്തിരക്കിലൂടെയുള്ള ഈ യാത്രയും.
മനസ്സിനുള്ളിൽ വല്ലാത്തൊരു മരവിപ്പായിരുന്നു സാറിന്റെ പദ്ധതികൾ കേട്ടപ്പോൾ.
ഇവിടുത്തുകാരുടെ ജീവിതതാളം മാറുന്ന രീതിയിൽ നഗരഭിത്തികളിൽ ചിലയിടത്ത് പാടുകൾ വീഴ്‌ത്തണം. ഏത് മാർഗ്ഗം വേണമെങ്കിലും സ്വീകരിക്കാം… പക്ഷേ, നാശവിത്തിന്റെ ഉത്ഭവസ്ഥാനം ജനം മനസ്സിലാക്കരുത്.
അവർ വേറെയേതെങ്കിലും കാരണം കണ്ടെത്തി പരസ്പരം കീറണം. പിന്നിടതിന്റെ തിരിച്ചടികൾ കൊണ്ട് നഗരം ചുവക്കണം…. നമ്മുടെ ഗോഡൗണുകളിലും മറ്റും അടുക്കി വച്ച സാധനങ്ങൾ നമുക്ക് വിറ്റ് കാശാക്കണം… യാത്രക്കാരിൽ നിന്ന് ന്യായമായ കൂലി വാങ്ങുന്ന മുച്ചക്ര വാഹനങ്ങളും വഴിപോക്കന് കൃത്യമായി വഴി പറഞ്ഞുകൊടുക്കുന്ന പോലീസുകാരനും സ്വന്തം ജാതിയും നിറവും നോക്കി മാളങ്ങളുണ്ടാക്കി അതിലൊളിക്കണം…
പീന്നീടവർ അന്യന്റെ മാളങ്ങളിലേക്ക് തീപ്പന്തമെറിയണം…
ഹ…ഹ…ഹ…ഹ…ഹ….ഹ….ഹ…ഹാാാാ….
പുറത്തു നഗരം പൊള്ളിനിന്നു. സാറിന്റെ പൊട്ടിച്ചിരി കാറിനുള്ളിൽ പ്രകമ്പനം കൊണ്ടു. അത് തീരെ രസിക്കാത്ത രീതിയിൽ റോഡിലെ വിങ്ങലിലേക്ക് ഞാൻ കാലെറിഞ്ഞു. റെയിൽവേ സ്‌റ്റേഷൻ പരിസരത്തെത്തിയപ്പോൾ ഉച്ചയ്‌ക്കുള്ള മദ്രാസ് മെയിലിന്റെ സമയമായിരുന്നു. തിരക്കിലമർന്നിരുന്നു സ്‌റ്റേഷനും പരിസരവും.
അദ്ദേഹം ആദ്യം പറഞ്ഞ സ്ഥലം ഇതാണ്… പിന്നെ പുതിയ ബസ്‌സ്‌റ്റാന്റ്, സെന്റ് പീറ്റർ ഗേൾസ് സ്‌ക്കൂൾ…., ചീങ്കണ്ണിപ്പുഴ ജുമാ മസ്‌ജിദ്…, കറുകത്തൊടി ദേവീക്ഷേത്രം….
എല്ലാംകൂടി ഓർത്തപ്പോൾ ഉള്ളിലൊരു അഗ്നിപർവ്വതം പുകഞ്ഞു. ചിലപ്പോഴൊക്കെ ആലോചിച്ചതാണ്. ഈ രീതി എനിക്ക് വയ്യെന്ന് സാറിന്റെ മുഖത്തുനോക്കി പറയണമെന്ന്. പക്ഷേ മനസ്സിലുറപ്പിച്ച് അദ്ദേഹത്തിന്റെ മുമ്പിൽ ചെന്നു നിൽക്കുമ്പോൾ ധൈര്യമെല്ലാം ചോർന്നു പോകുന്നു. എന്റെ മുഖത്തെ വികാരം വായിച്ചപോലെ കണ്ണിലേക്ക് തറപ്പിച്ചു നോക്കി ഒരിക്കൽ സാറ് ചോദിച്ചു.
’ങും… തനിക്കെന്തോ പറയാനുണ്ടല്ലോ…‘
’ഇല്ല സാർ… ഒന്നും പറയാനില്ല….‘
’വേണ്ടാത്ത തോന്നലുകൾ മനസ്സിലുണ്ടെങ്കിൽ പറയണം… വല്ല ബുദ്ധിമോശം കാണിച്ചാല് അറിയാമല്ലോ…‘
ഈ ചിലന്തിവലയ്‌ക്കുള്ളിൽ നിന്ന് തനിക്കിനി പുറത്ത് കടക്കാനാകില്ല. ഞാനിവിടെ എത്തിപ്പെടുന്നതിന് മുമ്പ് എന്നെപ്പോലെ വേറെയാരെങ്കിലും ഇയാൾക്കൊപ്പമുണ്ടായിരിക്കുമല്ലൊ… ഇതുപോലെ മനം മടുത്ത് കാണാമറയത്തേക്കോടിപ്പോയിരിക്കാം. കടപ്പുറത്തെ ചവോക്ക് മരങ്ങൾക്കിടയിലേക്ക് അവരുടെയൊക്കെ ചലനമറ്റ ദേഹം തിരമാലകൾ എടുത്തെറിഞ്ഞിരിക്കാം.
ചിന്തകളുടെ വേരടർന്നത് തിരക്കിന്റെയങ്ങേത്തലയ്‌ക്കൽ വല്ലാത്തൊരാരവം കേട്ടപ്പോഴാണ്… റെയിൽവേ സ്‌റ്റേഷൻ കമ്പൗണ്ടിനപ്പുറത്തെ റോഡിൽ നിന്നും പലരും വടക്കുഭാഗത്തേക്ക് ഓടുകയാണ്. വാഹന വ്യൂഹങ്ങൾക്കിടയിലൂടെ ജനം ചിതറുന്നു…?
ജനങ്ങൾക്കിടയിലൂടെ ഒരു മൺതരിയായി.
തെരുവിൽ ഒരു ക്വാളിസ് കാർ കത്തിയമരുന്നതായി അലമുറക്കിടയിൽ ചിലരുടെ പിറുപിറുക്കൽ… സ്ര്തീകളും കുട്ടികളുമെല്ലാമുണ്ട്… ജനങ്ങൾ കരഞ്ഞുകൊണ്ടോടുന്നു. എന്തൊക്കെയോ കത്തിക്കരിഞ്ഞ മണം… തെരുവു കച്ചവടക്കാരുടെ വിഷണ്ണമുഖം…
ജനങ്ങളുടെ കൈമെയ് മറന്ന് തീയണക്കാനുള്ള ശ്രമങ്ങൾ. കത്തിയെരിയുന്ന കാറിന്റെ നമ്പർപ്ലേറ്റ് വായിച്ചെടുക്കാൻ പാടുപെട്ട് വിയർത്തു നിന്നു. തലേന്ന് രാത്രി മംഗലാപുരത്തു നിന്നും വന്നെത്തിയ കുറേ കൊച്ചു കൊച്ചു കെട്ടുകൾ അദ്ദേഹത്തിന്റെ കാറിനു പിറകിൽ കണ്ടതായി ഓർക്കുന്നു. നഗരമൊന്നടങ്ങുമ്പോൾ അതെല്ലാം എവിടെയൊക്കെ കൊണ്ടുപോയി വെക്കണമെന്നും മറ്റുമുള്ള നിർദ്ദേശങ്ങൾ ഏതാനും നിമിഷങ്ങൾ മുമ്പാണ് എന്റെ ചെവിയിൽ മന്ത്രിച്ചത്. ഇത് മറ്റേതോ ക്വാളിസ് കാറായിരിക്കണം… സാറ് ഇപ്പോഴെവിടെയാണെന്നറിയണം…
മനസ്സങ്ങനെ പലവുര ഉരുവിട്ടു…
പോക്കറ്റിൽ മൊബൈൽ ഫോൺ തപ്പിയപ്പോഴാണ് ഓട്ടത്തിനിടയിലത് നഷ്ടപ്പെട്ടതറിയുന്നത്. തെരുവിൽ ജനം പെരുകി. പോലീസ് ലാത്തിവീശി തളർന്നു. ആടിനെ പട്ടിയാക്കാൻ വിരുതുള്ളവരെത്തി, കാഴ്‌ചക്കാരിലേക്ക് ലൈവായി തീയെത്തിക്കാൻ ക്യാമറയുമായവർ പരക്കം പാഞ്ഞു.
നടുങ്ങി നിൽക്കുന്ന തെരുവിനപ്പുറത്തെ ടെലിഫോൺ ബൂത്തിൽ കയറി. സാറിന്റെ നമ്പരിന് മുകളിലൂടെ വിരൽവിറച്ചു. ഡയലിംഗിന്റെയും മറുതലയ്‌ക്കൽ റിംഗ് ചെയ്യുന്നതിന്റെയും ഇടയിലെ ഇത്തിരിപ്പോന്ന നേരത്തിന് ഒരുപാട് ദൈർഘ്യമുള്ളതായി തോന്നി.
റിസീവർ ചെവിയോട് ചേർത്തുപിടിച്ച് സാറിനെ കാതോർത്തു. തെരുവിൽ കാറിനു മുകളിൽ തീയും ചുറ്റും ആൾക്കൂട്ടവും ആളിക്കൊണ്ടേയിരുന്നു.
Generated from archived content: story1_mar4_08.html Author: rafeeq-panniayankara