അജ്ഞാതവാസം

ഒരു നേർത്ത കാറ്റ്‌ കൂടി മണ്ണിനെ പുളകം കൊള്ളിച്ചുകൊണ്ട്‌ ഏതോ കോണിൽ പോയൊളിച്ചു. ആകാശത്ത്‌ കൺചിമ്മിച്ചിരിക്കുന്ന നക്ഷത്രപ്പൈതങ്ങൾ. ഇടയ്‌ക്ക്‌ നക്ഷത്രങ്ങളെ മറച്ച്‌ കറുത്ത മേഘങ്ങൾ കിഴക്കോട്ട്‌ നീന്തുന്നു. കടലിന്റെ ഇരമ്പൽ അനുസ്യൂതം തുടരുകയാണ്‌.

‘എന്താ കുട്ടീ…. ഈ തണുത്ത കാറ്റും കൊണ്ടിങ്ങനെ..’ ചെറിയമ്മയുടെ ശബ്ദം കാറ്റിനൊപ്പം അലിഞ്ഞലിഞ്ഞില്ലാതാവുന്നു. ആകാശത്ത്‌ തറച്ച മിഴികൾ പറിച്ചെടുത്ത്‌ മണൽപ്പരപ്പിൽ നിന്ന്‌ പെട്ടെന്നെഴുന്നേറ്റു. ചുറ്റും നോക്കി. ഇല്ല… ആരുമില്ല…, കടൽത്തീരം വിജനമാണ്‌. എല്ലാം എന്റെ തോന്നലാണ്‌. തലയ്‌ക്ക്‌ പിൻഭാഗത്തും കൈത്തണ്ടയിലും പറ്റിപ്പിടിച്ച മൺതരികൾ തുടച്ചുനീക്കി പൂഴിമണലിലൂടെ അലക്ഷ്യമായി നടന്നു. പിന്നിൽ ആർത്തട്ടഹസിക്കുന്ന കടൽ. കരയിലേക്ക്‌ ചിതറിയ വെൺനുരകൾ തന്റെ മടിത്തട്ടിലേക്കു തന്നെ പിൻവലിക്കുന്നു. കീശയിൽ നാലായി മടക്കിയ വെള്ളക്കടലാസ്‌ ഒരിക്കൽകൂടി എടുത്ത്‌ നിവർത്തി. റോഡിനിരുവശത്തുമുള്ള നിയോൺബൾബിന്റെ വെളിച്ചത്തിൽ അതിലെ വരികൾ പാമ്പുകളെപോലെ ഇഴഞ്ഞു നടക്കുന്നതായി തോന്നി.

ദേവുവിന്റെ കത്താണ്‌. ചെറിയമ്മയുടെ മരണവാർത്ത അറിയിച്ചുകൊണ്ട്‌ കുഞ്ഞനുജത്തി എഴുതിയ കത്ത്‌. ചെറിയമ്മയുടെ കാരുണ്യത്തിന്റെ നനവൂറുന്ന മുഖം അവസാനമായി ഒന്നു കാണാൻ ഈ നിർഭാഗ്യവാന്‌ കഴിഞ്ഞില്ലല്ലോ… ചെറിയമ്മേ…

കത്തിലെ വരികൾ വീണ്ടും വീണ്ടും കരിനാഗങ്ങളായ്‌ സീൽക്കാരം പുറപ്പെടുവിക്കുന്നു. ‘അവര്‌ ചേട്ടനെ ചോദിച്ചോണ്ട്‌ രണ്ടുമൂന്നു പ്രാവശ്യം വന്നിരുന്നു… പണം തിരിച്ചു തന്നില്ലേൽ ചേട്ടനെ ജീവനോടെ വച്ചേക്കില്ലെന്നാ അവര്‌ പറഞ്ഞേക്കുന്നേ…’

ആ വരികളിലൂടെ കണ്ണോടിക്കുമ്പോൾ നെഞ്ചിനകത്തു നിന്നും നെരിപ്പോടുയരുന്നു. ഞാനെവിടെയാണെന്നും എന്തു ചെയ്യുന്നുവെന്നും ആർക്കുമറിയില്ല. അറിയാവുന്നത്‌ ഒരാൾക്കുമാത്രം ദേവുവിന്‌. ഇവിടെ ആരുമറിയാത്ത ദിക്കിൽ പരിചയക്കാരാരുമില്ലാത്ത ഈ നഗരത്തിൽ ഒരു അജ്ഞാതവാസം. എല്ലാം വിധി.

‘ചേട്ടാ.. ദേവുവിന്റെ ശബ്ദം ഉയരുകയാണ്‌. ’എന്റെയൊരു കൂട്ടുകാരിയുണ്ട്‌… കോഴിക്കോട്‌. വനജ. അവളുടെ സഹോദരന്‌ കുടക്കമ്പനിയിലാ ജോലി. അങ്ങനെയൊരു ജോലിയാവുമ്പോ അധികം പുറത്തിറങ്ങേണ്ടി വരില്ലെന്നാ വനജയോടന്വേഷിച്ചപ്പോ പറഞ്ഞത്‌. തൽക്കാലം ഇതെല്ലാമൊന്നടങ്ങുന്നതുവരെ ചേട്ടൻ ഇവിടുന്ന്‌ മാറിയേ തീരൂ… വേണ്ടാത്ത പൊല്ലാപ്പിനൊന്നും നിൽക്കേണ്ട ചേട്ടാ…‘ ദേവു വിതുമ്പി. ചെറിയമ്മ വിറയ്‌ക്കുന്ന കൈകളാൽ മൂർദ്ധാവിൽ തഴുകി. ചെറിയമ്മയുടെ മടിയിൽ തല ചായ്‌ച്ച്‌ ശബ്ദമില്ലാതെ തേങ്ങുമ്പോൾ നെറ്റിയിൽ ചെറിയമ്മയുടെ കണ്ണീർ വീണു ചിതറി.

’ഇതൊന്നും ഞാനറിഞ്ഞതല്ല ചെറിയമ്മേ… ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിഞ്ഞിരുന്നെങ്കിൽ… വാക്കുകൾ മുറിഞ്ഞു.. ശബ്ദം തേങ്ങലിൽ ചിതറി.

എന്റെ കുട്ടി നല്ലതേ ചെയ്യൂ… എല്ലാം ഈശ്വരനിശ്ചയംന്ന്‌ കരുതിയാൽ മതി… കുട്ടി പോ… ഞാൻ പ്രാർത്ഥിക്കാം…‘ ചുളിവ്‌ വീണ കവിളിലൂടെ കണ്ണീരൊലിക്കുന്നത്‌ ഞാൻ കാണാതിരിക്കാൻ ചെറിയമ്മ പാടുപെടുന്നതറിഞ്ഞു.

’ദേവൂ… ഞാനിറങ്ങായി…‘ കൂടുതലൊന്നും പറയാൻ നിന്നില്ല. ഇറങ്ങി നടന്നു. നട്ടുച്ച വെയിലിൽ കരിയിലകൾക്കു മേൽ നിഴൽ ചാഞ്ഞുറങ്ങുന്ന ഇടവഴിയിലൂടെ…, കൊയ്‌ത്ത്‌ കഴിഞ്ഞ്‌ ഉണങ്ങിവരണ്ട വയൽവരമ്പിലൂടെ… ഞാൻ ധൃതിയിൽ പാദങ്ങൾ ചലിപ്പിച്ചു. വയൽവരമ്പിന്റെ അങ്ങേത്തലയ്‌ക്കൽ ഒരാൾരൂപം? ഞെട്ടലോടെ കണ്ടു. ശരീരം വിറയ്‌ക്കുകയായിരുന്നു. തൊണ്ടയിൽ വരൾച്ച പടർന്നു. തീ പാറുന്ന മിഴികളോടെ ആ രൂപം മുമ്പിൽ വന്നുനിന്നു. അറവുകാരൻ ഖാദർക്ക…?

അയാളുടെ നോട്ടം എന്റെ മുഖം പൊള്ളിച്ചു.. ’…നായിന്റെ മോനേ… അട്‌ത്ത ശന്യായ്‌ച്ചയാ നീയ്‌ പറഞ്ഞ അവ്‌ധി… അതെങ്ങാനും തെറ്റ്യാല്‌.. പോത്ത്‌നെ വെട്ടണ പോലെ നിന്നെ ഞാൻ വെട്ടും… ഇബ്‌ലീസെ… ന്റെ… മോന്റെ ബാവ്യാ ഇയ്യ്‌ നശ്‌പ്പിച്ചത്‌… ഒന്നുകിൽ പൈസ…, അല്ലെങ്കീ വീസ.. രണ്ടിലൊന്ന്‌ കിട്ടിയില്ലെങ്കീ… നിന്റെ രണ്ടിലൊന്നാ ശൈത്താനേ… ഇങ്ങനെ പൈസയിണ്ടാക്കണതിലും നല്ലത്‌ മോട്ടിക്കാൻ പൊയ്‌ക്കൂടെ.. പ്‌ഫൂ​‍ൂ​‍ൂ….‘

ഖാദർക്ക കാർക്കിച്ചു തുപ്പി. പിറകിൽ അയാൾ ഭൂമി കുലുക്കി നടന്നകലുന്നതറിഞ്ഞു. സൂര്യൻ തലയ്‌ക്കു മുകളിൽ വന്ന്‌ വട്ടം കറങ്ങുന്നു. ശരീരമാസകലം വിയർത്തൊലിക്കുന്നു. ഇടർച്ചയോടെ നടന്ന്‌ ബസ്‌സ്‌റ്റോപ്പിലെത്തിയതും ബസിൽ കയറിയിരുന്നതൊന്നും അറിഞ്ഞതേയില്ല. ഒന്നിൽ കൂടുതൽ ബസുകൾ മാറിക്കയറിയതോർമ്മയുണ്ട്‌. ഒടുവിൽ… ഈ നഗരത്തിൽ….?

ദേവു പറഞ്ഞപോലെ വനജയുടെ സഹോദരനെ കണ്ടു. കുടക്കമ്പനിയിൽ തന്നെ ജോലി ശരിയായി. പകൽ സമയങ്ങളിൽ കമ്പനിക്കകത്തെ മൂലയിൽ പ്രധാനജോലിക്കാരന്റെ സഹായിയായി ദിവസങ്ങൾ തള്ളിനീക്കി. രാത്രികളിൽ തിരമാലകളലറുന്ന ഈ കടൽതീരത്ത്‌ കുറെ നേരം നാട്ടിലെ കാര്യങ്ങളോർത്ത്‌ ഈ പഞ്ചാരമണലിൽ മലർന്നു കിടക്കും.

ഇന്നലെയാണ്‌ ദേവു അയച്ച കത്തു കിട്ടിയത്‌. ചെറിയമ്മയുടെ മരണവാർത്ത മനസിനെ നൊമ്പരപ്പെടുത്തി. ഒന്നുറക്കെ കരയാൻപോലുമാവാതെ ഹൃദയം നൊന്തു. എവിടെയാണ്‌ പാളിച്ച പറ്റിയത്‌…. ആ ഒറ്റ കാരണംകൊണ്ടല്ലേ… ഞാനിന്ന്‌ ഇങ്ങനെയൊരു ജീവിതം തെരഞ്ഞെടുക്കേണ്ടി വന്നത്‌. അതുകൊണ്ടല്ലേ… തന്നെ പെറ്റമ്മയേക്കാൾ സ്നേഹിച്ച ചെറിയമ്മയുടെ നിശ്ചലമായ മുഖം അവസാനമായി ഒരു നോക്കു കാണാൻ പോലുമാവാഞ്ഞത്‌… എല്ലാം ചതിയായിരുന്നെന്ന്‌ മനസിലാക്കാൻ വൈകിപ്പോയി.

അവൻ…? ജലീൽ…?, ആ ദുഷ്ടന്റെ ചതി കാരണമാണ്‌ ഞാനിന്നനുഭവിക്കുന്നത്‌. അവൻ ബോംബെ മഹാനഗരത്തിലെ വളകിലുക്കമുയരുന്ന തെരുവിലെ ഏതോ ഇരുളടഞ്ഞ മുറിയിൽ ഏതെങ്കിലും മറാത്തിപ്പെണ്ണിന്റെ മാറിലെ ചൂടേറ്റ്‌ മയങ്ങുകയാവും… അല്ലെങ്കിൽ, ലഹരി നുരയുന്ന ബാറിന്റെ ചുവന്ന വെളിച്ചത്തിൽ ജീവിതം ആസ്വദിക്കുകയാവും…. അന്നത്തെ അവന്റെ വാക്ക്‌ വിശ്വസിച്ചതിന്‌ കിട്ടിയ ശിക്ഷ എത്രമാത്രം വലുതാണ്‌. ഒന്നാം ക്ലാസ്‌ മുതൽ ഒന്നിച്ച്‌ പഠിച്ചവൻ…, ഹൈസ്‌ക്കൂളിൽ വെച്ച്‌ പിരിയുന്നതുവരെ ഒരുമിച്ചായിരുന്നു, ഏതു കാര്യത്തിനും. സ്‌കൂൾ ജീവിതം കഴിഞ്ഞശേഷം അവനെ കുറെക്കാലം കാണാനുള്ള അവസരം ഉണ്ടായില്ല. ഒരിക്കൽ അവന്റെ ബാപ്പ പറഞ്ഞു ജലീലിപ്പോ ബോംബെയിലാണെന്ന്‌. തികച്ചും യാദൃശ്ചികമായിട്ടാണ്‌ അവനെയൊരിക്കൽ കവലയിലെ ബസ്‌സ്‌റ്റോപ്പിൽ വെച്ച്‌ കാണാനിടയായത്‌. അവന്റെ പഴയ രൂപമെല്ലാം മാറിയിരുക്കുന്നു. കനത്ത മീശയും പിറകോട്ടൽപ്പം നീട്ടിവളർത്തിയ തലമുടിയും മുറുക്കിച്ചുവപ്പിച്ച ചുണ്ടും കണ്ടുമറന്ന ഏതോ തമിഴ്‌ സിനിമയിലെ വില്ലൻരൂപം…

’എടാ… ജലീലേ…‘ ഞാൻ സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു. പിന്നെ അവന്റെ ക്ഷണപ്രകാരം അവന്റെ വീട്ടിലേയ്‌ക്ക്‌… ആ നടത്തത്തിനടയിൽ അവൻ ബോംബെയിലെ തന്റെ സാമ്രാജ്യത്തിന്റെ മഹത്വങ്ങൾ വർണ്ണിക്കുകയായിരുന്നു. ഗൾഫിലേക്ക്‌ ആളുകളെ അയക്കുകയാണത്രേ അവന്റെ ജോലി. എല്ലാം ഈസി… കൈ നിറയെ പണം. അവൻ പൊട്ടിച്ചിരിച്ചു. ഒരു നീളൻ സിഗററ്റെടുത്ത്‌ ചുണ്ടിൽ തിരുകി സിഗർലാംബിന്റെ ബട്ടണമർത്തി സിഗരറ്റിന്റെ തുമ്പിൽ തീ പടർത്തി.

ജലീൽ പറഞ്ഞ കഥകൾ എന്റെയുള്ളിൽ മോഹങ്ങളുടെ കുഞ്ഞോളങ്ങളുയർത്തി. മിടിക്കുന്ന ഹൃദയത്തോടെ ഞാനവനെ നോക്കി. ’എടാ… ജലീലേ… എനിക്ക്‌ ഗൾഫിലേക്കൊരു ചാൻസ്‌… അല്ലെങ്കിൽ ബോംബെയിൽ എന്തെങ്കിലും നല്ലൊരു ജോലി…. നീ വിചാരിച്ചാൽ….

എന്റെ കണ്ണിലെ യാചനാഭാവം അവൻ വായിച്ചറിഞ്ഞു. കൈവിരലുകൾക്കിടയിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ്‌ മണ്ണിലിട്ട്‌ കറുത്ത ഷൂ കൊണ്ടമർത്തിക്കെടുത്തി… വായിലവശേഷിച്ചിരുന്ന പുക കൂടി വായുവിലൂതിപ്പറത്തി. ‘എടാ… നീ ഗൾഫിലേക്കും പോവണ്ട… ബോംബെ നഗരവും കാണേണ്ട…നിനക്കിവിടെയിരുന്ന്‌ തന്നെ പണക്കാരനാകാം.

’അതെങ്ങനെ…?‘ എന്റെയുള്ളിലെ ജിജ്ഞാസ വാക്കുകളിൽ ത്രസിച്ചു.

എന്റെ കയ്യിൽ കുറേ വിസകളുണ്ട്‌… ആ വിസകൾക്ക്‌ ആളെ കണ്ടെത്തി വിസ വിറ്റാൽ അതിൽ ഒരു പങ്ക്‌ നിനക്ക്‌… ഞാൻ വിസ അയച്ചുകൊണ്ടേയിരിക്കും…. നീയത്‌ വിറ്റുകൊണ്ടേയിരിക്കും… നീ കാരണം കുറേ പാവങ്ങൾ കരകയറും… ഒപ്പം നീയും. രണ്ടു തോളിലും ബലിഷ്‌ഠമായ കരങ്ങളമർത്തി എന്നെയവൻ സൂക്ഷിച്ചു നോക്കി.

എന്തു പറയുന്നു… എനിക്കാകെ വീർപ്പുമുട്ടൽ. എന്തുപറയണമെന്നറിയാതെ വിഷമിച്ചു. നല്ല ശമ്പളമുള്ള ജോലിയുടെ വിസകളാ… പിന്നെ അതിന്റെ ഫോർമാലീറ്റീസെല്ലാം ബോംബേന്ന്‌ ട്രാവൽസുകാര്‌ നോക്കിക്കൊള്ളും…നീ ആളെ കണ്ടെത്തിയാൽ മതീന്നേ.. ജലീൽ പിന്നെയും സംസാരിച്ചു. ആളുകളുമായി ബന്ധപ്പെടുന്നതും വിസയുടെ കാര്യങ്ങളെ പറ്റിയും മറ്റും…

പിന്നീടുള്ള ദിവസങ്ങൾ വേഗതയേറിയതായിരുന്നു. പരിചയക്കാർ, സ്വന്തം നാട്ടുകാർ, ഗൾഫ്‌ സ്വപ്നങ്ങളുമായി നടക്കുന്ന എല്ലാവരേയും ഞാൻ കണ്ടു സംസാരിച്ചു. കനത്ത തുകയാണെങ്കിലും നല്ലൊരു ജോലിയാണെന്നറിഞ്ഞപ്പോൾ പലരും കടം വാങ്ങിയും സ്വർണ്ണം പണയംവെച്ചും വസ്തു വിറ്റും പണം കണ്ടെത്തി. പാസ്‌പോർട്ടും പണവും എല്ലാവരിൽ നിന്നും വാങ്ങി. ഏകദേശം പതിനഞ്ചോളം പേർ. എല്ലാം ഞാൻ ജലീലിനെ ഏൽപ്പിച്ചു. ദിവസങ്ങൾ വീണ്ടും മുമ്പോട്ട്‌… ഒരു ദിവസം രാവിലെ ജലീൽ വീട്ടിൽ വന്നു.

’ടേയ്‌… ഞാനൊന്ന്‌ ബോംബെ വരെ പോവ്വാ… ആറുദിവസം കഴിഞ്ഞേ വരൂ… അതിനുള്ളിൽ നീ പാസ്‌പോർട്ടും കാശും തന്ന എല്ലാവരോടും യാത്രയ്‌ക്കൊരുങ്ങി നിൽക്കാൻ പറയണ‘ം. എനിക്ക്‌ സന്തോഷമായി. ഏതാനും നൂറു രൂപാ നോട്ടുകൾ എന്റെ കീശയിൽ തിരുകാൻ അവൻ മറന്നില്ല. ജലീലിനെ ഞാൻ ചിരിച്ചുകൊണ്ടു യാത്രയാക്കി.

പക്ഷേ…? ആഴ്‌ചകൾ മാസങ്ങളായിട്ടും ജലീൽ വന്നില്ല. എന്റെ കൈയ്യിൽ പണമേൽപ്പിച്ച പലരും വീടിന്റെ പടിവാതിൽക്കൽ ഇരിപ്പായി. ബഹളമായി…, ചില ദിവസങ്ങളിൽ ബഹളം കൈയ്യേം വരെയെത്തി. എല്ലാവരോടും ഓരോ അവധികൾ…

സുഹൃത്തുക്കളും പരിചയക്കാരും ശത്രുക്കളായി. അവരെന്നെ വഞ്ചകനെന്ന്‌ വിളിച്ചു. എന്റെ നിരപരാധിത്വം ആരും വിശ്വസിച്ചില്ല. ഒരു ദിവസം ഞാൻ വീട്ടിലില്ലാത്ത സമയം അവിടെ പോലീസുകാർ വന്ന്‌ അന്വേഷിച്ചെന്ന്‌ ദേവു പറഞ്ഞപ്പോൾ പിന്നെ നാട്ടിൽ നിന്നാൽ ശരിയാവില്ലെന്ന്‌ മനസുകൊണ്ടുറപ്പിക്കുകയായിരുന്നു. കടൽക്കാറ്റ്‌ മുഖത്തേക്ക്‌ തണുപ്പായെത്തിയപ്പോഴാണ്‌ നാട്ടിലെ ഓർമ്മകളിൽ നിന്ന്‌ മനസ്‌ പിടഞ്ഞത്‌. രാത്രി ഏറെ കനത്തിരുന്നു. ബീച്ച്‌ റോഡ്‌ ശൂന്യം. വല്ലപ്പോഴുമൊക്കെയായി ഒരു മൂളലോടെ ഗാന്ധിറോഡ്‌ ഭാഗത്തേക്ക്‌ ഇഴഞ്ഞുനീങ്ങുന്ന ഓട്ടോറിക്ഷകൾ. അരണ്ട വെളിച്ചത്തിൽ ബീച്ചാശുപത്രി കെട്ടിടം ഭീമാകാരമായ നിഴൽരൂപമായി തലയുയർത്തി നിൽക്കുന്നു.

തിരമാലകളുടെ ഇരമ്പലിന്‌ കാതോർത്ത്‌ ഇരുളും വെളിച്ചവും കൈകോർത്തുറങ്ങുന്ന റോഡിലൂടെ ഞാൻ പതുക്കെ നടന്നു. അവ്യക്തമായി എന്റെ നിഴലുമെന്നെ പിന്തുടരുന്നുണ്ടായിരുന്നു.

Generated from archived content: story1_june30_07.html Author: rafeeq-panniayankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസലാല
Next articleപായലുകൾക്കിടയിൽ വീണുപോയവൾ
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here