ഉള്ള് നിറയെ ആധിയായിരുന്നു.
പിറക്കാൻ പോകുന്നത് ആണോ പെണ്ണോ എന്ന കാര്യത്തിൽ പോലും ഉത്‌കണ്‌ഠ. ജീവിതത്തിന് പുതിയൊരർത്ഥം കൈവരാൻ പോകുന്നതിന്റെ സന്തോഷം.
അടഞ്ഞ വാതിലിനപ്പുറം അങ്ങേര് വിയർത്തു നിൽക്കുകയാവും.
പച്ച നിറമുള്ള പുതപ്പിനുള്ളിൽ കിടന്ന് ശരീരം വില്ലുപോലെ വളഞ്ഞു. മുഖം പാതി മൂടിയ ഡോക്‌ടറും കൂടെ സിസ്‌റ്റർമാരും ചുറ്റും നിന്ന് എന്തൊക്കെയോ കുശുകുശുക്കുന്നു.
ദേഹം അടിമുടി ഉരുകുന്ന വേദന. ലോകം അവസാനിക്കാൻ പോവുകയാണൊ എന്നൊരു തോന്നൽ.
ഞൊടിയിടയിൽ കൺമുമ്പിൽ ഇരുട്ട് കുമിഞ്ഞു.
പിന്നീടെപ്പൊഴോ പൈതലിന്റെ തൊള്ള കീറിയുള്ള കരച്ചിൽ പ്രതീക്ഷിച്ച് കണ്ണ് തുറന്നു.
നിറകണ്ണുകളോടെ വാത്സല്യപൂർവ്വം കുഞ്ഞിളം മേനി പരതിയപ്പോൾ…. തന്റെ കണ്ണിലേക്കവൻ വിരൽ ചൂണ്ടിക്കൊണ്ട് നാഭിയ്‌ക്കു മേൽ ചവിട്ടിനിൽക്കുന്നു.
‘ഞാൻ പോകുന്നു… കടപ്പാടിന്റെ പേരിൽ ജീവിതകാലം മുഴുവൻ ഈ ചിറകിനുള്ളിൽ ഒതുങ്ങാനെനിക്കാവില്ല… ഭൂമിയിലെനിക്ക് പലതും ചെയ്‌തു തീർക്കാനുണ്ട്. അതിനിടയിലൊരിക്കൽ വരാം… എന്നെ പത്ത് മാസം ചുമന്നതിന്റെ വാടക തന്നു തീർക്കാൻ….’
പ്രസവമുറിയുടെ വാതിലിന്റെ കൊളുത്ത് നീക്കി ഉറച്ച കാൽവെപ്പോടെ അവൻ പുറത്തെ തിരക്കിലേക്ക് നടന്നു മറഞ്ഞു.
Generated from archived content: story1_jun6_11.html Author: rafeeq-panniayankara