ഇത് നഗര കവാടമാണ്.
ആസനത്തിൽ ആൽമരം പേറുന്ന
ജാടകളുടെ ഘോഷയാത്രയിൽ
മാനവികതയുടെ ശവമഞ്ചവുമായി
മുഖമില്ലാത്ത കൂട്ടങ്ങൾ.
ആൾക്കൂട്ടം അർത്ഥമില്ലായ്‌മയുടെ
പര്യായമാണെന്ന്,
ഇന്നലെ വന്ന ഇ-മെയിലിൽ
സുസ്‌മിതയുടെ കമന്റ്…?
മൗസിന്റെ അലസ ചലനത്തിൽ കണ്ടത്
മോണിറ്ററിൽ നിന്നും
വിളറിയൊരു ചുണ്ട്
ചൂടുളള ചുംബനത്തിനായ്
പുറത്തേക്ക് നീളുന്നത്.
വിഷം തേടി സൂപ്പർമാർക്കറ്റുകൾ
കേറിയിറങ്ങും നേരം കുടിവെളളം മുതൽ
ജീവവായുവരെ വിഷമുക്‌തമല്ലെന്ന്
ടൈ കെട്ടിച്ചിരിക്കുന്ന സില്ലിമാറ്ററുകൾ.
ഇപ്പോൾ നഗരാതിർത്തിയിൽ
സ്വയം മരിയ്‌ക്കാനും
അന്യനെ ഇല്ലായ്‌മ ചെയ്യാനും
പരിശീലന കോഴ്‌സുണ്ടത്രേ?
Generated from archived content: poem1_sep7_05.html Author: rafeeq-panniayankara