മച്ചാട്ട്‌ വാസന്തിയ്‌ക്ക്‌ ഇനിയുമേറെ പാടാൻ മോഹം!

കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട്‌ മലബാർ മഹോത്സവത്തോടനുബന്ധിച്ച്‌ നടന്ന നാടകോത്സവവേദി. നാടകങ്ങൾ അരങ്ങേറിയ മൂന്നുദിവസവും കോഴിക്കോട്ടെ ആദ്യകാല നാടകപ്രവർത്തകരിൽ പലരേയും ആദരിക്കുന്ന ചടങ്ങ്‌ നടക്കുകയുണ്ടായി. മൂന്നാംനാൾ പഴയകാല കമ്മ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ പൊതുസമ്മേളന വേദികൾ സംഗീതത്താൽ അലങ്കരിച്ചിരുന്ന മച്ചാട്ട്‌ കൃഷ്‌ണേട്ടന്റെ മകളും ഗായികയും നടിയുമായ മച്ചാട്ട്‌ വാസന്തിയേയും ആ വേദിയിൽ ആദരിക്കുകയുണ്ടായി. പ്രശംസാപത്ര വിതരണത്തിന്‌ ശേഷം അദ്ധ്യക്ഷന്റെ അപേക്ഷ പ്രകാരം അവർ ഒരു പാട്ട്‌ പാടി.

“പച്ചപ്പനന്തത്തേ… പുന്നാരപ്പൂമുത്തേ..

പുന്നെല്ലിൻ പൂങ്കരളേ…

ഉച്ചക്ക്‌ നീയെന്റെ കൊച്ചുവായത്തോപ്പിൽ

ഒന്നുവാ…. പൊന്നയകേ…”

കരളുരുകിപ്പാടിയ ആർദ്രമായ ഗാനം. കോഴിക്കോട്‌ ടൗൺഹാളിൽ തിങ്ങിനിറഞ്ഞ പുരുഷാരം ശബ്‌ദമടക്കിപ്പിടിച്ചാണ്‌ കാതോർത്തത്‌.

1954-ൽ കേരള കലാവേദിയുടെ ‘നമ്മളൊന്ന്‌’ എന്ന നാടകത്തിന്‌ വേണ്ടി പൊൻകുന്നം ദാമോദരൻ എഴുതി എം.എസ്‌.ബാബുരാജും ശിവദാസും ചേർന്ന്‌ ഈണം നൽകിയ ഈ ഗാനം അന്നാലപിച്ചത്‌ മച്ചാട്ട്‌ വാസന്തിയായിരുന്നു. (2005 അവസാനം റിലീസായ ‘നോട്ടം’ എന്ന ചിത്രത്തിൽ ജയചന്ദ്രൻ ഈണം നൽകി കെ.ജെ.യേശുദാസ്‌ ഈ ഗാനം പുതിയ ശൈലിയിൽ ആലപിക്കുന്നുണ്ട്‌. ഇതിന്റെ പേരിലുളള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല)

ഒട്ടേറെ നാടകങ്ങളിൽ ഗാനമാലപിക്കുകയും അഭിനയിക്കുകയും ചെയ്‌ത പന്ത്രണ്ടോളം സിനിമയിൽ ചെറുതല്ലാത്ത വേഷങ്ങൾ കെട്ടിയ മച്ചാട്ട്‌ വാസന്തിയെ കോഴിക്കോട്‌ ഫാറൂഖ്‌കോളേജ്‌ റോഡിൽ തിരിച്ചിലങ്ങാടിയിലെ സംഗീതാലയമെന്ന വീട്ടിൽ ചെന്നു കാണുമ്പോൾ കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സമ്മതിദാനവകാശം ഉപയോഗപ്പെടുത്തി തിരിച്ചു വരുമ്പോൾ കാലുതെറ്റി വീണതിന്റെ അടയാളമായി കയ്യിലെ വലിയ ബാൻഡേജ്‌ മറച്ചു പിടിച്ചുകൊണ്ട്‌ ഒറ്റക്കൈ കൊണ്ട്‌ തൊഴുതു.

‘സ്വന്തം ബംഗ്ലാവും കാറുമൊക്കെ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ വാടകവീടാണ്‌. ഉളള സൗകര്യങ്ങളൊക്കെ…’

വാസന്തിച്ചേച്ചിയുടെ നിറഞ്ഞ ചിരി.

ചുവപ്പൻ കേരളത്തിന്റെ സാംസ്‌ക്കാരികാന്തരീക്ഷത്തിൽ മച്ചാട്ട്‌ വാസന്തി ഒരു വിപ്ലവ ഗായിക മാത്രമായിരുന്നില്ല. മലയാള നാടകവേദിയിലെ അതികായൻമാരോടൊപ്പം അരങ്ങു തകർത്ത അഭിനേത്രി കൂടിയായിരുന്നു.

ഒരുപാട്‌ വർഷങ്ങൾക്കപ്പുറത്ത്‌ കണ്ണൂരിൽ കിസാൻ സമ്മേളനം നടക്കുകയാണ്‌. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ കർഷകപ്രതിനിധികളെത്തിയിട്ടുണ്ട്‌. എ.കെ.ജി., ഇ.എം.എസ്‌., ഇ.കെ.നായനാർ, കെ.ആർ.പി തുടങ്ങിയ പ്രമുഖ നേതാക്കൾ വേദിയിലുപവിഷ്‌ടരായിട്ടുണ്ട്‌. ഉദ്‌ഘാടനസമ്മേളനത്തിനുശേഷം മച്ചാട്ട്‌ കൃഷ്‌ണന്റെ നേതൃത്വത്തിലുളള ഗാനമേള കേൾക്കാൻ ജനം ആകാംക്ഷയോടെ. പരിപാടി തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ കൃഷ്‌ണനോട്‌ ഇ.കെ.നായനാർ ചോദിച്ചു.

“കൃഷ്‌ണാ… അന്റെ മോള്‌ നന്നായി പാടും ല്ലേ.”

“പാടും. പക്ഷേ, ഇതുവരെ സ്‌റ്റേജിലൊന്നും അവള്‌ പാടിയിട്ടില്ല.”

എന്ന കൃഷ്‌ണന്റെ മറുപടി കേട്ടപ്പോൾ നായനാര്‌ എങ്കില്‌ ഇതാവട്ടെ അവളുടെ ഉദ്‌ഘാടന പരിപാടി എന്നു പറഞ്ഞുകൊണ്ട്‌ മൈക്കിനുമുമ്പിലേക്ക്‌ പിടിച്ചു നിർത്തി.

പണ്ടത്തെ ഉരുണ്ട മൈക്ക്‌ ഇന്നത്തെപ്പോലെ പാട്ടുകാർക്കനുസരിച്ച്‌ അഡ്‌ജസ്‌റ്റ്‌ ചെയ്യുന്ന രീതിയായിരുന്നില്ല അന്നുണ്ടായിരുന്നത്‌. മേശപ്പുറത്ത്‌ കയറിയിരുന്ന്‌ ഒമ്പതു വയസ്സുകാരി പാടിയ വിപ്ലവഗാനം അവിടെയുണ്ടായിരുന്ന ജനസാഗരം നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ചു.

സഖാവ്‌ എ.കെ.നായനാർ പറഞ്ഞു.

“ഈ കുട്ടി മലബാറിന്റെ വാനമ്പാടിയാവും.”

പിന്നീടങ്ങോട്ട്‌ വാസന്തിയുടെ വിപ്ലവഗാനാലാപനമില്ലാത്ത പാർട്ടി സമ്മേളനങ്ങൾ കുറവായിരുന്നു എന്നു തന്നെ പറയാം.

കണ്ണൂർ, കോഴിക്കോട്‌, തലശ്ശേരി, പയ്യന്നൂർ, കാസർകോഡ്‌ ഭാഗങ്ങളിലെ വിപ്ലവം തിരിതെളിയിച്ച സദസ്സിനുമുമ്പിൽ വാസന്തി പാടി.

ജീവിതാനുഭവങ്ങളുടെ ചില ചീന്തുകൾ വാസന്തിയുടെ വാക്കുകളിൽ…

‘തെരഞ്ഞെടുപ്പ്‌ കാലത്താണ്‌ പാർട്ടിക്ക്‌ വേണ്ടി കൂടുതൽ സഹകരിക്കാറുളളത്‌. പ്രചാരണത്തിന്‌ വേണ്ടി വയലാറിന്റേയും ഭാസ്‌ക്കരൻമാഷിന്റേയുമൊക്കെ പാട്ടുകൾ കൂടുതലായി പാടിയിട്ടുളളത്‌ ഈ സമയങ്ങളിലായിരുന്നു. രാവിലെ മുതൽ അന്തിയാവുന്നതുവരെ ജീപ്പിൽ നാടിന്റെ പലഭാഗത്തും പാടിനടക്കും. ഒപ്പം അച്ഛനും സഖാക്കളുമുണ്ടാകും.’ വൈകുന്നേരമാവുമ്പോൾ ഏതെങ്കിലും മൈതാനത്ത്‌ പൊതുയോഗമുണ്ടാകും. പല സ്ഥലങ്ങളിലും പ്രസംഗിച്ച്‌ വളരെ വൈകിയാവും നമ്മുടെ നേതാക്കൻമാർ വേദിയിലെത്തുക. അതുവരെ പരമാവധി പാട്ടുപാടി ജനങ്ങളെ പിടിച്ചിരുത്തണം. പിന്നീട്‌ അച്‌ഛനും പാടും. അപ്പോഴേക്കും നേരമൊരുപാട്‌ വൈകിയിട്ടുണ്ടാവും. സ്‌റ്റേജിന്റെ അടിഭാഗത്ത്‌ ഒരു ഓല വിരിച്ച്‌ തന്നിട്ട്‌ സഖാക്കൾ പറയും.

‘മോള്‌ ഇവിടെ കിടന്നോ. പരിപാടി കഴിഞ്ഞ്‌ പോവുമ്പോൾ ഞങ്ങള്‌ വിളിക്കാം.’ എന്ന്‌.

രാത്രി പരിപാടിയെല്ലാം കഴിഞ്ഞ്‌ ഏതെങ്കിലും കർഷക സഖാക്കളുടെ വീട്ടിലായിരിക്കും അന്നത്തെ അത്താഴം. യോഗസ്ഥലത്തുനിന്നും മൂന്നോ നാലോ കിലോമീറ്റർ പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ അവിടെയെത്തുമ്പോഴേക്കും ശരിക്കും തളരും. പക്ഷേ, നല്ല നാടൻ കുത്തരിയുടെ ചോറും മീൻകറിയും രണ്ട്‌ പപ്പടവും ചേർത്തുളള അന്നത്തെ അത്താഴം കഴിയുമ്പോൾ…ആ രുചിയിൽ എല്ലാ ക്ഷീണവും ഓടിയൊളിക്കും. അതുപോലെ തന്നെ വർഷങ്ങൾക്കുശേഷം കോഴിക്കോട്ടെ കല്ല്യാണവീടുകളിൽ ബാബുക്കയോടൊപ്പം (എം.എസ്‌.ബാബുരാജ്‌) കച്ചേരിപരിപാടികൾക്ക്‌ പോവുമ്പോഴും പരിപാടിയ്‌ക്കുശേഷം വീട്ടുകാരുടെ പ്രത്യേക സൽക്കാരം ഏറ്റുവാങ്ങുമ്പോൾ കിട്ടുന്ന നല്ല ഇറച്ചിക്കറിയുടെയും നെയ്‌ച്ചോറിന്റെയും രുചി ഇന്നും നാവിൻതുമ്പത്തുനിന്ന്‌ മായാതെ നിൽക്കുന്നു. ഈ അനുഭവം ഇന്നത്തെ ചിക്കൻ ഫ്രൈഡ്രയിസിനോ, ജിഞ്ചർ ചിക്കനോ ഇല്ല.

കാഴ്‌ചയ്‌ക്കു പിന്നിലേക്കു മറഞ്ഞ കാര്യങ്ങളിലേക്ക്‌ വീണ്ടും മനസ്സ്‌ തിരിച്ചു നടക്കുമ്പോൾ വാക്കുകൾ വാസന്തിയുടെ മുമ്പിൽ പെയ്‌തിറങ്ങുന്നു.

അച്‌ഛനോടൊപ്പം വിപ്ലവഗാനങ്ങൾ ആലപിച്ചു നടന്ന ഇക്കാലത്ത്‌ തന്നെ ഒട്ടേറെ നാടകങ്ങളിലും വാസന്തി പാടുകയും അഭിനയിക്കുകയും ചെയ്‌തു. നെല്ലിക്കോട്‌ ഭാസ്‌ക്കരന്റെ തിളക്കുന്ന കടലിലെ ശാന്തടീച്ചർ, ബാലൻ കെ.നായർ, കുഞ്ഞാണ്ടി ടീം ചേർന്നൊരുക്കിയ ഈഡിപ്പസ്‌ നാടകത്തിലെ ജെക്ക്വേസ്‌റ്റ, പി.ജെ.ആന്റണിയുടെ ഉഴവുചാലിലെ വിലാസിനി, തിക്കോടിയന്റെ പരകായപ്രവേശത്തിലെ അഞ്ഞ്‌ജലി, കുതിരവട്ടം പപ്പു, കെ.പി.ഉമ്മർ തുടങ്ങിയവർ ഒരുക്കിയ കറുത്ത പെണ്ണിലെ ആമിന, ബഹദൂറിന്റെ ബല്ലാത്ത പഹയനിലെ സൽമയെന്ന കഥാപാത്രം, കണ്ടം ബെച്ച കോട്ടിലെ കുഞ്ഞീബി തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ വാസന്തി അരങ്ങ്‌ നിറഞ്ഞാടി.

ഇതിനിടയ്‌ക്ക്‌ വാസന്തിയുടെ കുടുംബം കണ്ണൂരിൽ നിന്ന്‌ കോഴിക്കോട്ടേക്ക്‌ താമസം മാറി. ഇക്കാലം മുതൽ ആകാശവാണിയിൽ പാടാനും അഭിനയിക്കാനും തുടങ്ങി.

പതിമൂന്നാമത്തെ വയസ്സിൽ വാസന്തി ആദ്യമായി സിനിമക്കു വേണ്ടി പാടി. രാമു കാര്യാട്ടിന്റെ ആദ്യചിത്രമായ ‘മിന്നാമിനുങ്ങി’ലായിരുന്നു തുടക്കം. ചലച്ചിത്ര രംഗത്ത്‌ വാസന്തിക്ക്‌ പാടാനുളള അവസരമുണ്ടാക്കി കൊടുത്തത്‌ പ്രസിദ്ധ സംഗീതജ്‌ഞ്ഞൻ എം.എസ്‌. ബാബുരാജായിരുന്നു. മിന്നാമിനുങ്ങിന്‌ ശേഷം അമ്മു, കുട്ട്യേടത്തി, ഓളവും തീരവും തുടങ്ങിയ ചിത്രങ്ങളിൽ പാടാനുളള അവസരം വാസന്തിക്ക്‌ ലഭിച്ചു.

ഇതിൽ അമ്മുവിലെ ‘കുഞ്ഞിപ്പെണ്ണിന്‌ കണ്ണെഴുതാൻ മയ്യൊരുക്കി മാനം’ എന്ന ഗാനവും ഓളവും തീരവും എന്ന ചിത്രത്തിലെ ‘മണിമാരൻ തന്നത്‌ പണമല്ല പൊന്നല്ല..’ എന്ന ഗാനവും വാസന്തിക്ക്‌ ഏറെ പ്രശസ്‌തി നേടിക്കൊടുത്തവയാണ്‌.

ഓളവും തീരവും സിനിമയ്‌ക്കുവേണ്ടി യേശുദാസിനോടൊപ്പം (ഇത്‌ യേശുദാസിന്റെ കല്ല്യാണത്തിന്റെ തലേ ദിവസം) മണിമാരൻ തന്നത്‌.. എന്ന ഗാനത്തിന്റെ റെക്കോർഡിംഗ്‌ വേളയിൽ സംഗീത സംവിധായകൻ എം.എസ്‌. ബാബുരാജ്‌ പറയാതെ തന്നെ ‘നീയെന്റെ ഖൽബിനുളളിൽ ചിരിച്ചു നിൽക്കും…’ എന്ന വരി പാടുമ്പോൾ റിഹേഴ്‌സലിനില്ലാത്ത ചിരി ആ വരികൾക്കിടയിൽ വാസന്തി ചിരിച്ചത്‌ ബാബുരാജിനെ അമ്പരപ്പിച്ചു. പക്ഷേ, റിക്കോർഡിംഗ്‌ കഴിഞ്ഞ ഉടനെ ബാബുരാജ്‌ ഓടിവന്ന്‌ വാസന്തിയുടെ നെറുകയിൽ ചുംബിച്ചു കൊണ്ട്‌ ‘എടീ പെണ്ണേ…നീയെന്റെ മനസ്സ്‌ കണ്ടു പാടി പെണ്ണേ..’ ബാബുരാജ്‌ സ്‌നേഹത്തോടെ പെണ്ണേ എന്നാണ്‌ അധികവും വിളിക്കാറുളളതെന്ന്‌ നിറഞ്ഞ കണ്ണുകളോടെ വാസന്തി ഓർക്കുന്നു.

ഈ ഗാനത്തെക്കുറിച്ചും ഗായികാഗായകൻമാരെക്കുറിച്ചും സിനിമാനിരൂപകർ മാതൃഭൂമിയിൽ മനോഹരമായി പ്രതിപാദിച്ചത്‌ ഒരു ബഹുമതിയായാണ്‌ ഇന്നും ഞാൻ കരുതുന്നത്‌. വാസന്തിയുടെ നിറഞ്ഞ കണ്ണുകളിൽ വീണ്ടും സന്തോഷത്തിന്റെ ഉറവ.

പതിനെട്ട്‌ വർഷം മുമ്പ്‌ ഭർത്താവ്‌ വലിയൊരു കടവും തന്നിലേൽപ്പിച്ച്‌ പൊടുന്നനെ മണ്ണിനു മുകളിൽ നിന്നും മാഞ്ഞപ്പോൾ കടം വീടാനായി കാറും ബംഗ്ലാവുമൊക്കെ വിറ്റു. കുറച്ചുകാലം വാടകവീട്ടിലായിരുന്നു. ഇപ്പോൾ താമസിക്കുന്ന കൊച്ചുവീട്‌ ബാങ്ക്‌ലോണെടുത്ത്‌ വാങ്ങിയതാണ്‌. ലോൺ അടച്ചു തീർക്കണം.

സഹായിക്കാനാരുമില്ലായിരുന്നു. ‘അമ്മ’യോ, മാക്‌ടയോ ആരും സഹായത്തിനെത്തിയില്ല. ഇവരുടെ മെമ്പറല്ല ഞാനെങ്കിലും നിത്യവൃത്തിക്ക്‌ ഗതിയില്ലാതായപ്പോൾ ഇവർക്കെഴുതി, പക്ഷേ എല്ലാവരും കൈവിട്ടു. മച്ചാട്ട്‌ കൃഷ്‌ണേട്ടന്റെ മകൾക്ക്‌ ദാരിദ്ര്യവും കഷ്‌ടപ്പാടുമൊക്കെ ചെറുപ്പം മുതൽക്ക്‌ അറിയാമെങ്കിലും സ്വന്തം മക്കൾ കഷ്‌ടപ്പാടറിയാതെയാണ്‌ വളർന്നത്‌. പക്ഷേ ഇപ്പോൾ മക്കളിൽ മകൻ മുരളി കോഴിക്കോട്ടെ ഒരു കേരംസ്‌ നിർമ്മാണശാലയിൽ സെയിൽസ്‌മാനായും മകൾ സംഗീത പന്തീരാങ്കാവിലെ ഒരു മെഡിക്കൽ സ്‌റ്റോറിൽ ഫാർമസിസ്‌റ്റായും ജോലി ചെയ്യുന്നു.

വാർത്ത, പഞ്ചാഗ്‌നി, അക്ഷരത്തെറ്റ്‌, അനുബന്ധം, കടലോരക്കാറ്റ്‌, ഭരണകൂടം, ചന്ത, ഗോഡ്‌ഫാദർ, ഏയ്‌ ഓട്ടോ, അനുഭൂതി, മഴ പെയ്യുമ്പോൾ തുടങ്ങി പന്ത്രണ്ടോളം സിനിമകളിൽ തരക്കേടില്ലാത്ത വേഷം ചെയ്‌ത വാസന്തി അവസാനം പാടിയത്‌ മീശമാധവനിലെ ‘പത്തിരി ചുട്ട്‌ വിളിച്ചു വിളമ്പി മുത്തണിപ്പാത്തുമ്മാ..’ (സിനിമയിലില്ല, കാസറ്റിൽ മാത്രം) എന്ന ഗാനവും വടക്കുന്നാഥനിൽ കവിയൂർ പൊന്നമ്മയ്‌ക്കുവേണ്ടി ഒരു ഗാനത്തിന്റെ നാലു വരിയുമാണ്‌.

ജീവിതത്തിന്റെ വേവലാതികൾക്കിടയിൽ ഇന്നിന്റെ ഇല്ലായ്‌മയ്‌ക്കിടയിൽ അവസരങ്ങളില്ലാതിരുന്നിട്ടും സാധകമില്ലാതെ ഇപ്പോഴും മധുരമായി ഗാനമാലപിക്കുന്ന വാസന്തി അവസരങ്ങൾ ലഭിച്ചാൽ ഇനിയും പാടാനും അഭിനയിക്കാനും തയ്യാറാണെന്ന്‌ ആത്‌മവിശ്വാസത്തോടെ പറഞ്ഞവസാനിപ്പിച്ചപ്പോൾ അവസരങ്ങൾ ലഭിക്കാതിരിക്കില്ലെന്ന വാസന്തിയുടെ പ്രതീക്ഷയിലേക്ക്‌ ആശംസകളർപ്പിച്ച്‌ ‘സംഗീതാലയത്തിന്റെ’ പടിയിറങ്ങുമ്പോൾ മനസ്സിൽ ആ ഗാനം മുഴങ്ങിക്കൊണ്ടേയിരുന്നു.

‘പച്ചപ്പനന്തത്തേ…. പുന്നാരപ്പൂമുത്തെ… പൂന്നെല്ലിൻ പൂങ്കരളേ…

ഉച്ചക്ക്‌ നീയെന്റെ കൊച്ചുവായത്തോപ്പിൽ

ഒന്നുവാ… പൊന്നയകേ… ഒന്നുവാ… പൊന്നയകേ..

ഒന്നുവാ… പൊന്നയകേ…

Generated from archived content: interview_june16_06.html Author: rafeeq-panniayankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകളി അരങ്ങിൽ നിറശോഭയോടെ ഗോപി ആശാൻ
Next articleചടുലതാളങ്ങൾക്കിടയിലെ ഭക്തിപ്രവാഹവുമായി -ഷാൻ
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English