എഴുത്തുകാരൻ കാലത്തെ അതിജീവിച്ചു ചിന്തിക്കണം….പി.കെ.ഗോപി

വർത്തമാനകാലത്തിന്റെ അകവും പുറവും തിരിച്ചറിയുന്ന ശക്തമായ കവിതകൾ, മലയാളക്കരയുടെ പാട്ടുവഴിയിൽ പച്ചിലക്കിളികളെപ്പോലെ ചിറകടിക്കുന്ന ഗാനങ്ങൾ, മാനവ സ്‌നേഹത്തിന്റെ ദർശനവചസ്സുകളെ ഹൃദയഭാഷയാക്കി സംഘർഷങ്ങളിൽ ശാന്തമായി പെയ്‌തിറങ്ങുന്ന സംഭാഷണങ്ങൾ…….

കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിയെക്കുറിച്ച്‌ പറയാൻ തുടങ്ങുമ്പോൾ ഇങ്ങനെയൊക്കെ മനസിൽ വരുകയെന്നത്‌ സ്വാഭാവികം.

സാമൂഹികാവസ്ഥയുടെ ദുർന്നിമിത്തങ്ങളിൽ വ്യാകുലപ്പെടുകയും തളർന്നവശരായ രോഗികളുടെ പുനരുത്ഥാന വഴിയിൽ പ്രകാശപ്പെടുകയും ചെയ്യുന്ന സങ്കീർണ്ണമായ ജീവിതചര്യയിലും കവിതയുടെ അഭയദീപങ്ങൾ കെടാതെ കൊണ്ടുനടക്കുകയാണ്‌ ഗോപി. പി.കെ.ഗോപിയുടെ കവിതയോ, ചലചിത്രഗാനമോ, പ്രസംഗമോ ഇല്ലാതെ ഒരു ദിവസം കടന്നുപോകുന്നില്ല എന്നതാണ്‌ നേര്‌.

‘പുഴുവരിക്കാത്തൊരിലയിൽ വീഴുന്ന മിഴിനീരിൽ സൂര്യനിതൾ വിടർത്തുമ്പോൾ പ്രപഞ്ചമെന്നോടു ചിരിക്കുന്നു നിന്റെ ഹൃദയമെന്നിലേക്കടുക്കുന്നു…..’

എന്ന്‌ മരുഭൂമിയിലെ പരിമിതികൾക്കുളളിൽ നിന്ന്‌ പിറക്കുന്ന കുഞ്ഞുമാസികയായ ‘ഇല’യിലേക്ക്‌ എഴുതിയത്‌ വായിച്ചപ്പോൾ സാധാരണ ഭാവനയിൽ നിന്ന്‌ വളരെ ഉയർന്ന തലത്തിലേക്ക്‌ ഗോപിയുടെ കവിതകൾ വ്യാപരിക്കുന്നുണ്ടെന്ന്‌ തോന്നിയത്‌ തെറ്റല്ലെന്ന്‌ മനസ്സിലായത്‌ ആ സ്നേഹവിശാലതയുടെ സവിധമണഞ്ഞപ്പോഴാണ്‌. കോഴിക്കോട്‌ മലാപ്പറമ്പിലെ ‘നന്മ’യെന്ന വീട്ടിലെ പുസ്‌തകക്കൂമ്പാരത്തിനിടയിൽ സ്വന്തം അമ്മയുടെ ചില്ലിട്ടുവച്ച സൗമ്യദീപ്തമായ മുഖം നോക്കി ഓർമ്മകളയവിറക്കുന്ന അദ്ദേഹം പകർന്നു തന്ന വാക്കുകളും സ്‌നേഹവും മറക്കാൻ കഴിയുന്നില്ല. കവിതയുടെ വഴികളിലെന്നപോലെ ജീവിതത്തിലും ആർഭാടങ്ങളും ആരവങ്ങളുമില്ലാത്ത ഏകാന്തതയുടെ ഒതുക്കം.

തന്നെത്തേടിയെത്തുന്നവരോട്‌ കുശലം പറഞ്ഞും ഉളളിൽ കുത്തുന്ന സംഭവവികാസങ്ങളോട്‌ കവിതയിലൂടെയും പ്രസംഗങ്ങളിലൂടെയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും നമുക്കിടയിൽ വിവാദങ്ങൾക്കും ആവശ്യമില്ലാത്ത വാർത്തകൾക്കുമിടം കൊടുക്കാതെ സദാ പുഞ്ചിരി തൂകുന്ന മുഖത്തോടെ കലയ്‌ക്കു വേണ്ടിയും മനുഷ്യർക്കുവേണ്ടിയും ജീവിക്കുന്ന പി.കെ.ഗോപിയുടെ കവിതയ്‌ക്ക്‌ മുണ്ടശ്ശേരി സമ്മാനം, മഹാകവി കുട്ടമത്ത്‌ അവാർഡ്‌, ഏഴുമംഗലം അവാർഡ്‌, അബൂദാബി മലയാളി സമാജം അവാർഡ്‌, കുവൈറ്റ്‌ മലയാളി സമാജം അവാർഡ്‌ ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും ഗാനരചനയ്‌ക്ക്‌ മലയാള ചലചിത്ര പരിഷത്ത്‌ അവാർഡ്‌, നാനാ അവാർഡ്‌, നിസരി അവാർഡ്‌, തിരുവനന്തപുരം ഫൈൻ ആർട്‌സിന്റെ സംസ്ഥാന നാടകഗാന അവാർഡും സ്വന്തമാക്കിയ അദ്ദേഹത്തിന്‌ ഏറ്റവും നല്ല സർക്കാർ ഉദ്യോഗസ്ഥനുളള ജേസീസ്‌ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. കവി. പി.കെ.ഗോപി സഹൃദയർക്കുവേണ്ടി ഉളളുതുറക്കുകയാണ്‌……

കവിത എഴുതിത്തുടങ്ങിയതെങ്ങിനെ….?

-പുറത്തു കണ്ട ദുഃഖസത്യവും ഉളളിലെ സ്വപ്നവും മറ്റാരുമറിയാതെ യുദ്ധം ചെയ്‌തു തുടങ്ങിയപ്പോൾ അറിയാതെ നിലവിളിച്ചുപോയതാണ്‌ എനിക്ക്‌ കവിത.

അനുഭവങ്ങൾ പ്രേരണയായിട്ടുണ്ടോ?

-സ്വന്തം അനുഭവങ്ങളും വായനയിലൂടെ ലഭിച്ച ലോകാനുഭവങ്ങളുടെ അഗാധ വൈവിധ്യവും പ്രേരണയായിട്ടുണ്ട്‌.

നാട്ടുമ്പുറത്തെ ബിംബങ്ങൾ കവിതയിലും ഗാനത്തിലും വേണ്ടുവോളമുണ്ടല്ലോ….?

-വേണ്ടുവോളമായിട്ടില്ല…നാട്ടുമ്പുറത്തിന്റെ സൗന്ദര്യ സമൃദ്ധമായ കലവറയിലേക്ക്‌ കടന്നു ചെല്ലാതെ ഭാവന വിരിയുന്നതെങ്ങനെ..? ‘ഉടവാളിൻ തുമ്പത്ത്‌ കുടമുല്ലപ്പൂ’ വെന്ന്‌ എഴുതുമ്പോഴും ‘ക്ഷീരപ്പൂവുകൾക്കുമ്മ കൊടുക്കണ…..’ എന്ന്‌ പാടുമ്പോഴും ‘കക്കേം ചിപ്പീം കാക്കപ്പൂവും കുപ്പിവളപ്പൊട്ടും……’ എന്ന്‌ കുറിക്കുമ്പോഴുമൊക്കെ ഗ്രാമചാരുത എന്റെ മുമ്പിൽ പീലിവിരിച്ചാടിയിരുന്നു.

കവിതയെങ്ങനെ ജീവിതത്തെ സ്വാധീനിക്കുന്നു….?

-അതൊരു തരം സ്‌ഫുടം ചെയ്യലാണ്‌. അനുഭവങ്ങളുടെ അഗ്‌നിയിലും വെളളത്തിലും മൗനത്തിന്റെ കണ്ണീരിലും പിടച്ച്‌, ഉദയത്തിന്റെ പ്രബുദ്ധകാന്തിയിലേക്ക്‌ ഒരു പരിവർത്തനപ്പെടൽ. കാർമേഘങ്ങൾ കീറിത്തുളച്ച്‌ ആത്മധൈര്യത്തോടെ ഒരു സ്വയം പ്രത്യക്ഷപ്പെടൽ. അതിജീവനത്തിന്റെ വാങ്ങ്‌മയാനുഭൂതിയായി കവിത ആയുസിന്റെ വെളിപാടുകളിൽ സ്വാധീനം ചെലുത്തുന്നു.

കവിതയും ചലചിത്രഗാനവും ഒരേ മനസോടെ സ്വീകരിക്കുന്നുണ്ടോ…..?

-ഇല്ല. കവിത ആഴങ്ങളുടെ സ്വാതന്ത്ര്യം. ഗാനം ഏച്ചുകെട്ടലുകളുടെ സങ്കരസൃഷ്‌ടി. ചലചിത്രഗാനം മുമ്പേ നിശ്ചയിച്ച സംഗീതം – വാക്കുകൾ – റിക്കാർഡിംഗ്‌ – ആലാപനം – സിനിമയുടെ വിജയം – വിപണനം – പ്രചാരണകൗശലം തുടങ്ങി നിരവധി ഘടകങ്ങളുടെ ചേരുവയിൽ പോപ്പുലർ ആവുന്നവയാണ്‌. കവിതയോട്‌ ചേർന്നു നിൽക്കുന്ന നിരവധി ഗാനങ്ങൾ നമുക്കുണ്ട്‌. ലളിതഗാനങ്ങൾ, നല്ല ചലച്ചിത്രഗാനങ്ങൾ ഇവയെ തൃപ്തിയോടെ സ്വീകരിക്കുന്നു.

ആതുരസേവനവും കവിതയും പൊരുത്തപ്പെടുന്നതെങ്ങനെ……?

-ആതുരസേവനം എന്റെ ആന്തരികജ്ഞാനത്തെ ശുദ്ധവും കരുണാർദ്രവുമാക്കുന്നു. ഏതാണ്ടതേ പശ്ചാത്തലം തന്നെയല്ലെ കവിതയുടെ പിറവിക്കും ആവശ്യം….? ഏതു കർമ്മത്തേയും ആത്മാർപ്പണം കൊണ്ട്‌ കാവ്യാത്മകമാക്കാമെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

കവിതയ്‌ക്ക്‌ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടല്ലൊ? അവ ഏതെങ്കിലും തരത്തിൽ സഹായിച്ചിട്ടുണ്ടോ…..?

-പുരസ്‌കാരം ലഭിക്കുന്നതിന്‌ മുമ്പെ നമ്മുടെ സർഗാത്മകത അടയാളപ്പെട്ടു കഴിഞ്ഞു. പരിശോധിക്കുന്ന വ്യക്തിക്കോ കമ്മിറ്റിക്കോ തോന്നുന്ന താൽപര്യത്തിന്റെ മാനദണ്ഡത്തെ അവസാന വിധിയായി കരുതുന്നേയില്ല. എഴുതുന്നവർക്കെല്ലാം ശ്രദ്ധേയരാവണമെന്ന്‌ ആഗ്രഹമുണ്ട്‌. ആ ഒരർത്ഥത്തിൽ പുരസ്‌കാരം സഹായകമായേക്കുമെന്നല്ലാതെ മറ്റു പ്രത്യേകതകളൊന്നും തോന്നിയിട്ടില്ല.

മക്കൾ രണ്ടുപേരും – ആര്യാഗോപിയും സൂര്യാഗോപിയും – എഴുത്തുകാരായതെങ്ങനെ…….?

-അറിയില്ല. പുസ്‌തകങ്ങളും പ്രകൃതിയുമാണ്‌ അവരുടെ ബാല്യത്തെ ചേതോഹരമാക്കിയത്‌ എന്നുമാത്രം ശ്രദ്ധിച്ചിട്ടുണ്ട്‌. എഴുത്തിന്റെ പരുക്കൻവഴികളിലെ കല്ലും മുളളും വേദന തിന്നു സ്വീകരിക്കാൻ അവർക്കു കഴിയുമെങ്കിൽ നിലനിൽക്കും. അല്ലെങ്കിൽ കാലം അവരെയെന്നല്ല ആരേയും വലിച്ചെറിഞ്ഞുകളയും. സാഹിത്യമത്സരങ്ങളിൽ പങ്കെടുക്കാൻ ധാരാളം സാധ്യതകളുളളതിനാൽ പുതിയ തലമുറയ്‌ക്ക്‌ അവസരങ്ങളുണ്ട്‌.

ചിരന്തനം പുരസ്‌കാരത്തിനുശേഷം പുതിയ പുസ്‌തകമുണ്ടോ……?

-‘സുഷുംനയിലെ സംഗീതം’ ഉടനെ പ്രസിദ്ധീകരിക്കും. ‘വേനൽപക്ഷിയുടെ ഗായത്രി’ ‘ഒപ്പ്‌’ സമാഹാരത്തിന്റെ മൂന്നാംപതിപ്പ്‌ ‘മൺകുടം’ – രണ്ടാം പതിപ്പ്‌ ഇവയൊക്കെ പണിപ്പുരയിലാണ്‌.

കാലത്തിനനുസരിച്ച്‌ എഴുത്തുകാരും രാഷ്‌ട്രീയക്കാരെപ്പോലെ വേഷം മാറുന്ന കാലമല്ലേ ഇത്‌? എന്തു പറയുന്നു……?

-മറ്റൊരാളെ നിന്ദിച്ചാലേ എനിക്കു മഹത്വം കിട്ടൂ എന്നു ഞാൻ കരുതുന്നില്ല. അതിനാൽ മറുപടി പൂർണ്ണമല്ലെങ്കിൽ ക്ഷമിക്കണം. കാലത്തിനനുസരിച്ച്‌ പറയുകയല്ല, കാലത്തെ അതിജീവിച്ചു ചിന്തിക്കുകയാണ്‌ എഴുത്തുകാരൻ ചെയ്യേണ്ടത്‌. അനശ്വരമായ സൃഷ്ടികൾ നമുക്ക്‌ കൈവന്നത്‌ അങ്ങനെയാണ്‌.

ചലച്ചിത്രഗാനരംഗത്തെ അനുഭവങ്ങൾ….?

-ആദ്യചിത്രം പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പിന്നെ സസ്‌നേഹം, ശുഭയാത്ര, ഭൂമിക, ഒറ്റയാൾപട്ടാളം, ധനം, നീലഗിരി, അനശ്വരം……..അങ്ങനെ ഇരുപതിലധികം ചിത്രങ്ങൾ. ഇളയരാജ, രവീന്ദ്രൻ, ജോൺസൺ, എസ്‌.പി.വെങ്കിടേഷ്‌, മോഹൻ സിതാര തുടങ്ങിയ സംഗീതസംവിധായകരുമായി ചേർന്നുളള ഗാനനിർമ്മിതി പുതിയ അനുഭവങ്ങളായി തോന്നി.

മറക്കാനാവാത്ത ഗാനം………?

ഓർമ്മയ്‌ക്ക്‌ തകരാറൊന്നുമില്ലെങ്കിൽ ഒന്നും മറക്കാനാവില്ലല്ലോ……? ‘കതിരോലപ്പന്തലൊരുക്കി……..പടകാളിമുറ്റമൊരുക്കി…..’ ‘താനേ പൂവിട്ട മോഹം.’ ‘ക്ഷീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളെ….’ ‘മനസിനൊരായിരം കിളിവാതിൽ…..’ ‘ഇണയരയന്നം കുളിച്ചുകേറി……’ ‘ഖൽബിലൊരപ്പനപ്പാട്ടുണ്ടേ’ ‘ശ്രീരാമനാമം ജപസാര സാഗരം’ ഇവയൊക്കെ നല്ല ഗാനങ്ങളായി സ്വയം വിലയിരുത്തുന്നു. സ്വതന്ത്രമായ വിലയിരുത്തൽ പ്രിയപ്പെട്ട ആസ്വാദകർക്കു വിടുന്നു.

ഗാനങ്ങളെ പൊതുവെ എങ്ങനെ വിലയിരുത്തുന്നു……?

എന്നെക്കാൾ കൂടുതൽ അത്‌ കഴിയുന്നത്‌ നിങ്ങൾക്കാണ്‌. ജീവിതത്തിന്റെ സമസ്‌ത ഭാവങ്ങളേയും ഭാവചാരുതയോടെ ഭാഷയിലേക്കാവാഹിക്കണം. നല്ലൊരു ഗാനം, വാക്കുകളുടെ തേജസ്‌ അറിഞ്ഞ്‌ സംഗീതത്തിന്റെ പ്രാണൻ പകർന്നുകിട്ടണം. ഇവയെല്ലാം തിരിച്ചറിയുന്ന ഗായകർ ചുണ്ടുകൾകൊണ്ടല്ല ഹൃദയനാദം കൊണ്ട്‌ മനോഹരമായി പാടണം. കേൾക്കാനും ആസ്വദിക്കാനുമുളള സാചര്യം വേണം. യന്ത്രങ്ങൾക്ക്‌ ഗാനവും ആലാപനവും കീഴ്‌പ്പെടരുത്‌. അതിനെ അതിജീവിക്കണം. ചലചിത്രങ്ങൾക്ക്‌ പുറത്തേക്കും കാലത്തിന്റെ കാതുകളിലേക്കും വൈകാരിക ശോഭയോടെ ഗാനം പ്രവഹിക്കണം. വിലയിരുത്തൽ അധികമായിപ്പോയി, ക്ഷമിക്കണം.

കാസറ്റുകൾ……?

-ലളിതഗാനങ്ങൾ, ക്രിസ്‌ത്യൻ-ഹിന്ദു-ഇസ്ലാം ദർശനങ്ങൾ വിഷയമാക്കിയ ഡിവോഷണൽ ഗാനങ്ങൾ എല്ലാംകൂടി മുപ്പത്തിയഞ്ചിലധികം കാസറ്റുകൾ. ‘രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ…..’ യേശുദാസ്‌ പാടി ലോകം മുഴുവൻ പ്രചരിച്ച ഈ ഗാനം കേട്ടിട്ടുണ്ടോ…..? തൗബയിലെന്നുളളം തപിക്കുന്നു……‘ ’മഞ്ഞുവെയിലുമ്മ വെയ്‌ക്കും മഞ്ജുളാലിൻകൊമ്പിൽ‘.. ഇത്തരം വ്യത്യസ്ത ഗാനങ്ങൾ എനിക്കു വലിയ തൃപ്തി തന്നവയാണ്‌. ’വചനം‘ കാസറ്റില്ലാത്ത ക്രിസ്തീയഭവനങ്ങൾ കുറവായിരിക്കും….., പക്ഷെ ഗാനരചന ഞാനാണെന്ന്‌ പലർക്കും അറിയാമെന്നു തോന്നുന്നില്ല. അത്‌ പ്രചരണക്കാരുടെ തന്ത്രം.

പുതിയ എഴുത്തുകാരോട്‌ എന്താണ്‌ പറയാനുളളത്‌…..?

-എല്ലാവരും പുതിയവരായിരുന്നു. ആരാണ്‌ പഴയതെന്ന്‌ നിർണ്ണയിക്കാനാവുന്നില്ല. അവസാനത്തെ കൃതിയിലും ആദ്യരചനയുടെ നൈർമ്മല്യം പുലരണം. ജീവിതത്തേയും കാലത്തേയും ആഴത്തിലറിയാൻ ശ്രമിക്കണം. അതിരുകളില്ലാത്ത ഭാവനയുടെ പ്രപഞ്ചത്തിൽ ഭാഷകൊണ്ട്‌ ഏതുദൂരം വരെ പോകാനാവുമെന്ന്‌ സ്വന്തം രചനകൾ കൊണ്ട്‌ പരീക്ഷിക്കുക. ശരീരത്തിന്റെ ഭാഷ നശിച്ചുപോകും. മനസ്സിന്റെ ഭാഷ അനശ്വരമാകും. വിജയം-പരാജയം, അംഗീകാരം – അവഗണന, ഇവയിലൊന്നും വേവലാതിപ്പെടാതെ എല്ലാം അനുഭവങ്ങളായി സ്വാംശീകരിച്ച്‌ ആത്മാർത്ഥതയോടെ എഴുതിക്കൊണ്ടേയിരിക്കുക. ധാരാളം വായിച്ചുകൊളളണം. നല്ല ജീവിതത്തിലേക്ക്‌ മുന്നേറാൻ അക്ഷരങ്ങൾ ജ്വാലയാക്കി സ്വയം ഉയർത്തിപ്പിടിക്കുക. ആ വെളിച്ചത്തിൽ ലോകം നിങ്ങളെ കാണും, നിങ്ങൾ ലോകത്തേയും.

ഈ സന്ദർശനത്തിന്റെ ഓർമ്മയ്‌ക്ക്‌ രണ്ടുവരി കവിത….?

’അലറുന്ന രാവണസമുദ്രം കടക്കാൻ ഒരാൾക്ക്‌ പ്രണയത്തിന്റെ നൂൽപ്പാലം മതി. വിരഹത്തിന്റെ മണലാരണ്യം മറിക്കടക്കാൻ ഒരാൾക്ക്‌ സാന്ത്വനത്തിന്റെ ഒരേയൊരു ജലകണിക മതി. രാത്രിയുടെ ദുഃസ്വപ്നങ്ങൾ മാഞ്ഞുപോകാൻ ഒരാൾക്ക്‌ ആത്മാവിലെ ഒരു കുയിൽപാട്ടു മതി.

പി.കെ.ഗോപിക്ക്‌ സംശയമില്ല. തെളിഞ്ഞ ചിന്ത. ആഴമുളള ദർശനം. അലിവുളള ഭാഷ. ആത്മാവിനെ തൊട്ടുഴിഞ്ഞ്‌ സ്നേഹവാത്സല്യങ്ങളുടെ നിറഞ്ഞ പുഴയായി കടന്നുപോകുന്നു. അറിയുക ഈ കവിയെ….ആത്മാവിന്റെ കുയിൽപ്പാട്ടുപോലെ അത്‌ രാത്രിയുടെ ദുഃസ്വപ്നങ്ങളെ മായ്‌ച്ചു മായ്‌ച്ചു കളഞ്ഞ്‌ നമ്മുടെ കാവ്യബോധത്തെ പവിത്രമാക്കുന്നു.

Generated from archived content: interview1_jan15_07.html Author: rafeeq-panniayankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here