പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ

‘അവിലുമുക്കിത്തിന്നണം. എളളു നക്കിത്തിന്നണം.’

അവിലോരോ മണിയോരോമണിയായി തിന്നാനൊരു രസവുമില്ല. ഒരു പിടി വാരി ഒരുമിച്ചു വായിലിടണം… വായ നിറയണം.

കുഞ്ഞുണ്ണിമാഷ്‌ തുടരുന്നു.

അങ്ങനെയായാൽ നിമിഷം കൊണ്ട്‌ വായുടെ നാലുഭാഗത്തുനിന്നും ഉമിനീര്‌ വരും. കൊച്ചുകൊച്ചു നീരരുവി പോലെ. അതിൽ കുതിർന്ന്‌ അവിലൊന്നമരും. അതോടെ പല്ല്‌ പണി തുടങ്ങും. ഉമിനീര്‌ ചേർത്ത്‌ അരയോടര തന്നെ. ധാന്യകൂറ്‌ പഞ്ചസാരയായി മാറിക്കൊണ്ടിരിക്കുന്ന ആ സമയത്തെ ഒരു രസം. ഇടയ്‌ക്കോരോ കഷ്‌ണം കൊട്ടത്തേങ്ങയും ശർക്കരയും കൂടി വായിലിട്ടു കൊടുത്താലുണ്ടാവുന്ന രസമുണ്ടല്ലോ. അതിന്‌ അമൃതരസമെന്നു പറയാം.

ഇങ്ങനെയൊരു അനുഭവം വായനയിൽ നമുക്ക്‌ തരുന്ന കുഞ്ഞുണ്ണിമാഷിന്റെ കുറെ കുറിപ്പുകളുടെ സമാഹാരമാണ്‌ ‘പാളയിൽ നിന്ന്‌ പ്ലാസ്‌റ്റിക്കിലേക്ക്‌’. മാഷിന്റെ കവിതകളെ പോലെ തന്നെ ലേഖനങ്ങളും പ്രസിദ്ധങ്ങളാണല്ലോ. അതിൽ ഏറെ ഗുണപാഠങ്ങളുണ്ടായിരിക്കും.

കുഞ്ഞുണ്ണിമാഷിന്‌ ഏറ്റവും പ്രിയം കുട്ടികളോടാണെങ്കിലും വലിയവരിലും ഒരു കുട്ടിയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ വലിയവരിലെ കുട്ടിത്തത്തെ ഉത്തേജിപ്പിക്കുന്നവയാണ്‌ ഇതിലെ ഓരോ അധ്യായങ്ങളും. പുസ്‌തകത്തിലെ ആദ്യലേഖനമായ ‘ബഹുവചനക്കമ്പം’ വിരൽ ചൂണ്ടുന്നത്‌ മലയാളികളുടെ ബഹുവചനക്കമ്പത്തിലേക്കാണ്‌. ‘ഓരോ മനുഷ്യനും’ എന്നല്ല. ഓരോ മനുഷ്യരും എന്നേ അവൻ പറയൂ. മുല്ലപ്പൂ വിടർന്നിട്ടുണ്ടായിരിക്കും എന്ന്‌ പറയാതെ മുല്ലപ്പൂക്കൾ എന്നാണ്‌ പറയുക. മലയാളിക്ക്‌ രണ്ടു കണ്ണു പോരാ. രണ്ടു കണ്ണുകൾ വേണം.

ഇങ്ങനെ നീളുകയാണ്‌ അദ്ദേഹത്തിന്റെ പരാതികൾ.

ആംഗല-സംസ്‌കൃതഭാഷയുടെ പിടിയിലാണ്‌ എന്നും ഇക്കാര്യത്തിൽ മലയാളി. ഈ ബഹുവചനക്കമ്പം പോലെ തന്നെയാണ്‌ മലയാളിക്ക്‌ ദ്വിത്വക്കമ്പവും. ഓർമ എന്നെഴുതിയാൽ നമുക്ക്‌ തൃപ്‌തി വരില്ല. ‘ഓർമ്മ’ എന്ന്‌ തന്നെയെഴുതും. കർമം ചെയ്യുന്നവനല്ല മലയാളി. കർമ്മം ചെയ്യുന്നവനാണ്‌.

ഭാഷ കൊണ്ട്‌ നമ്മിലെ ഓരോരുത്തരും സർക്കസ്സു കാണിക്കുന്നതായി മാഷിന്റെ പരിഭവം.

മണൽപുറവും മണൽപ്പുറവും ഒഴിവാക്കി മണപ്പുറമാണ്‌ നമുക്ക്‌ വേണ്ടതെന്ന്‌ അദ്ദേഹം മറ്റൊരിടത്ത്‌ വ്യക്‌തമാക്കുന്നു.

പറയുംപോലെ എഴുതാമേറെക്കുറെയെന്ന്‌ ഉദാഹരണസഹിതം സമർത്ഥിക്കുന്നുണ്ട്‌ മാഷ്‌.

‘ടെ…ട്ടെ….ട്ടേ…’ എന്ന്‌ ഇടിവെട്ടും. ‘ശു…ശ്ശു…ശ്ശൂ…’ എന്ന്‌ കാറ്റുതൂം. ‘പെ…പ്പെ… പ്പേ…’ എന്ന്‌ മഴ പെയ്യും.

കുടുമയില്ലാത്തോരും കുടുംബമില്ലാത്തോരുമുണ്ടായിട്ടും കടമില്ലാത്തോരില്ല എന്നതിൽ ഉത്‌ക്കണ്‌ഠപ്പെട്ടു കൊണ്ട്‌ വേറൊരദ്ധ്യായം തുടങ്ങുന്നു.

പഞ്ചാര വാങ്ങാനും പലഹാരം വാങ്ങാനും പൗഡർ വാങ്ങാനും കടം വാങ്ങരുത്‌… കടം വാങ്ങി ഊണു കഴിക്കുക പോലുമരുത്‌. കഞ്ഞിക്കുളളതേ കടം വാങ്ങാവൂ… കടം കൊണ്ടാൽ കുലം കെടും. കടത്തിന്റെ ചൂടു തട്ടിയാൽ മനസ്സിന്റെ മുഖം വാടും. അല്ല കരിയും! അതിനാൽ ആരും കടം കൊണ്ട്‌ കളിക്കരുത്‌.

ആഢംബരത്തിനായി കിട്ടുന്നേടത്തു നിന്നൊക്കെ കടം വാങ്ങി ഒടുവിൽ ജീവിതം കയറിൻതുമ്പിലും, ഒരു തുളളി വിഷത്തിലുമെല്ലാമൊടുക്കുന്ന കുടുംബങ്ങളുടെ തലസ്‌ഥാനമായി കേരളം മാറുമ്പോൾ ഈ ഉയരമില്ലാത്ത മനുഷ്യന്റെ ഉപദേശങ്ങൾ നമുക്ക്‌ ചെവികൊളളാതിരിക്കാൻ വയ്യ. ഉളളതു വിറ്റും കൊണ്ടതു കൊടുക്കണം. എന്തെന്നാൽ കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു. കടം വീടിയാൽ ധനമായി. കടമില്ലാത്ത കഞ്ഞി ഉപ്പില്ലാത്തതാണെങ്കിലും സ്വാദിഷ്‌ടം.

പിന്നീടുളള താളുകളിൽ വസുധൈവ കുടുംബകം, മലയാലം മലയാലി, പച്ചവേലിയുടെ മെച്ചങ്ങൾ, പാളയിൽനിന്ന്‌ പ്ലാസ്‌റ്റിക്കിലേക്ക്‌, പെൺമേൻമ, പഴന്നുറുക്കും പിണ്ടിപ്പായസവും, പഴഞ്ചൊല്ലും പഴങ്കയറും, മലയാല മമ്മി, പഴമൊഴിയിലെ ചുക്ക്‌, പലതുളളി പെരുവെളളം, കവിത ചൊല്ലുമ്പോൾ, ഊണിന്റെ പണി, ഓണം ഓണമായിരിക്കണം, ചെറുശ്ശേരി മുതൽ ഇടശ്ശേരി വരെ തുടങ്ങി മുപ്പത്തിമൂന്ന്‌ അദ്ധ്യായങ്ങളിൽ അദ്ദേഹത്തിന്റെ സാരോപദേശങ്ങളടങ്ങിയ കുറിപ്പുകൾ കുട്ടിക്കവിത പോലെ പരന്നു കിടക്കുന്നു.

ഒരു താളിൽ ഓണത്തെക്കുറിച്ചുളള മാഷിന്റെ ആശങ്ക ശ്രദ്ധിക്കുക!

‘വിദേശികളെ ആകർഷിക്കാനാണ്‌ ഓണാഘോഷമെങ്കിൽ അത്‌ സർക്കാർ തലത്തിൽ ആകരുത്‌. ടൂറിസമായി കൊണ്ടാടരുത്‌. സന്നദ്ധ സംഘടനകൾ മുൻകൈയെടുത്ത്‌ ഓണം പരമ്പരാഗതമായി ആഘോഷിക്കുന്ന തറവാടുകളിൽ അവരെ എത്തിക്കണം. അല്ലെങ്കിൽ ഇത്തരം പല കലാസംഘടനകൾ ഒത്തൊരുമിച്ച്‌ ഇതാണ്‌ ഞങ്ങളുടെ ഓണമെന്ന്‌ അവർക്ക്‌ തിരുത്തിക്കൊടുക്കണം. ഇതിൽ കൃത്രിമമില്ല. തനിമയുണ്ട്‌ താനും. ഇതൊന്നും നടക്കാത്ത പക്ഷം ഇന്നത്തെ ഓണം പോലും നാളെ ഉണ്ടാകില്ല’ എന്ന്‌ ആ കവി മനസ്സ്‌ പരിതപിക്കുന്നു.

പിന്നെ ഈ പുസ്‌തകത്തെ സമ്പുഷ്‌ടമാക്കുന്നത്‌ കുറെ പഴഞ്ചൊല്ലുകളാണ്‌. കൂടാതെ ഓണനാളിലെ വിഭവങ്ങളെപ്പറ്റി, ശുദ്ധജലം പാഴാക്കുന്ന ചിലരുടെ പ്രവൃത്തിയെപറ്റി, കുട്ടികളെ മലയാളം പഠിപ്പിക്കാത്ത രക്ഷിതാക്കളെ പറ്റി, കവിത ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച്‌, വരവറിയാതെ ദുർവ്യയം ചെയ്യുന്നതിനെയോർത്ത്‌… അങ്ങനെ ഒരുപാട്‌ കാര്യങ്ങളിലൂടെ മാഷുമായി നേരിട്ട്‌ സംവദിക്കുന്ന പ്രതീതി ഈ പുസ്‌തകം അനുവാചകനെ അനുഭവിക്കുന്നു.

പാളയിൽ നിന്ന്‌ പ്ലാസ്‌റ്റിക്കിലേക്ക്‌, കുഞ്ഞുണ്ണിമാഷ്‌, സെന്റ്‌ജൂഡ്‌ ബുക്‌സ്‌, കോഴിക്കോട്‌, വില – 50.00

Generated from archived content: book2_apr7.html Author: rafeeq-panniayankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകണ്ണീർത്തുളളിയുടെ വ്യാസം
Next articleആത്മാവിന്റെ പുസ്‌തകം
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English