ബാലസാഹിത്യ കൃതികൾ ഇറങ്ങുന്നില്ലെന്ന മുറവിളി മുമ്പുയർന്നിരുന്നു. എന്നാൽ ഈ രംഗത്തിപ്പോൾ നിശബ്ദ വിപ്ലവം നടക്കുകയാണെന്ന് ഉറക്കെ പറയാം. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ബാലസാഹിത്യകൃതികൾ ഉണ്ടാകുന്നു. ഇതിൽ ശ്രദ്ധേയമായ വസ്തുത കുട്ടികൾക്ക് വേണ്ടി കുട്ടികളുടെ തന്നെ ഗ്രന്ഥങ്ങൾ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതാണ്. കുട്ടികൾക്ക് മുതിർന്നവർ എഴുതുന്ന നിരവധി പുസ്‌തകങ്ങളുണ്ട്. എന്നാൽ കുട്ടികളുടെ ഭാവന അവർ തന്നെ തുറന്ന് വെയ്‌ക്കുമ്പോൾ അതിൽ തെളിയുന്ന സാഹിത്യലോകം നാം പ്രതീക്ഷിക്കുന്നതിലും എത്രയോ മികച്ചതാണെന്ന് ‘പൂക്കളെ സ്നേഹിച്ച പെൺകുട്ടി’ എന്ന കഥാസമാഹാരത്തിലൂടെ സൂര്യഗോപി തെളിയിക്കുന്നു.
സൂര്യയുടെ ‘ക്രിക്കറ്റ്’ എന്ന കഥയിലൂടെ കണ്ണോടിക്കാം.
‘പരീക്ഷാ ഹാളിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന കൊച്ചുകുട്ടിയെ കണ്ട ടീച്ചർക്ക് കഷ്ടം തോന്നി. ’പാവം പാതിരാ വരെയിരുന്ന് പഠിച്ചു കാണും…‘ ടീച്ചർ കുട്ടിയുടെ അടുത്തെത്തി. അവന്റെ നെറുകയിൽ കൈവച്ച് ചോദിച്ചു. “ഇന്നലെ എത്ര മണിവരെ മോൻ ഉറക്കമിളച്ചു…?”
“ഞാൻ പന്ത്രണ്ട് മണിവരെ ഇരുന്നു… ന്നാലും ആരാ ജയിച്ചേന്ന് അറിയാൻ പറ്റിയില്ല. സച്ചിൻ സെഞ്ച്വറി അടിച്ചപ്പോഴേക്ക് മമ്മി ടി.വി. ഓഫ് ചെയ്‌തു കളഞ്ഞു…. ടീച്ചറ് മുഴുവനും കണ്ടോ?” കൊച്ചുകുട്ടി ചോദിച്ചു. കുട്ടിയുടെ നെറുകയിൽ വെച്ച കൈ പെട്ടെന്ന് ടീച്ചർ പിന്നിലേക്ക് വലിച്ചു.
കുട്ടികൾക്ക് വേണ്ടി മുതിർന്നവർ രചന നടത്തുന്ന രീതിക്ക് മാറ്റം വരികയാണ്. ഇപ്പോൾ കുട്ടികൾ കുട്ടികൾക്കു വേണ്ടി ഗ്രന്ഥങ്ങൾ രചിക്കുന്നു. ഇതൊരു വലിയ മാറ്റം തന്നെയാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പ്രീഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥി കൂടിയായ സൂര്യാഗോപി രചിച്ച ഈ കൃതി ഇത്തരത്തിൽപ്പെട്ട ഒന്നാണ്.
സ്വപ്നത്തിലെ ചരിത്രം, മുത്തശ്ശി, അമ്മയെ ഓർത്ത്, പ്രിയപ്പെട്ട മഴ, മാഞ്ഞുപോയ നിലാവ്, കടൽ, കുട, അലാറം തുടങ്ങി ചെറുതും വലുതുമായ ഇരുപത് കഥകൾ നിറയെ ജീവിതത്തിന്റെ നിറവും മണവും വ്യത്യസ്തമായ ഭാഷാശൈലിയും അവതരണ ഭംഗിയുമുണ്ട്.
സ്‌കൂൾ യുവജനോത്സവങ്ങളിലും വിദ്യാരംഗം കലാസാഹിത്യ വേദികളിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി കലാരംഗത്ത് വന്ന സൂര്യയ്‌ക്ക് പൂർണ്ണ പബ്ലിക്കേഷൻസ് നടത്തിയ സാഹിത്യ മത്സരത്തിൽ കഥ, കവിത എന്നിവയിലും ബാങ്ക് വർക്കേഴ്‌സ് ഫോറം സാഹിത്യമത്സരത്തിൽ കഥയ്‌ക്കും ഒന്നാം സമ്മാനം ലഭിച്ചു. എസ്.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥാരചനയ്‌ക്ക് ഒന്നാം സമ്മാനം, കോ – ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് സംസ്ഥാന സമ്മേളനത്തിന്റെ സാഹിത്യമത്സരത്തിലും കഥയ്‌ക്ക് ഒന്നാം സമ്മാനം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച, നൃത്തത്തിലും സംഗീതത്തിലും പ്രാവീണ്യമുള്ള സൂര്യാഗോപിയിൽ നിന്നും ഇനിയുമൊരുപാട് സർഗവിഭവങ്ങൾ കഥാകൈരളിക്ക് പ്രതീക്ഷിക്കാം. കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിയാണ് സൂര്യയുടെ പിതാവ്. അമ്മ കോമളം. മലയാള സാഹിത്യത്തിൽ ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന ആര്യാഗോപി സഹോദരിയാണ്.
പുസ്‌തകം ഃ പൂക്കളെ സ്നേഹിച്ച പെൺകുട്ടി
പ്രസാധനം ഃ പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്
വിതരണം ഃ ഗായത്രി പബ്ലിക്കേഷൻസ്, കോട്ടയം
വില ഃ 25രൂ.
Generated from archived content: book1_mar14_07.html Author: rafeeq-panniayankara