സാമാന്യ ജനങ്ങൾക്കിടയിൽ വളരെ ചെറിയ രീതിയിലെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുന്ന സാഹിത്യ വിഭാഗമായി നിലകൊളളുന്നത് ചെറുകഥ തന്നെ. ജനശ്രദ്ധയെ കീഴ്‌പ്പെടുത്തുന്നതും അവരുടെ ചർച്ചയിൽ സജീവമാകുന്നതും ചെറുകഥയുടെ പുതിയ രചനാരീതി തന്നെയെന്നതാണ് വലിയ കാര്യം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പ്രമേയപരമായ പുതിയ പരീക്ഷണങ്ങൾ കൂടി നടക്കുന്ന കാലഘട്ടമാണിതെന്നതു തന്നെ. കഥാപഞ്ചാത്തലം തെരഞ്ഞെടുക്കുന്ന കാര്യത്തിലും നവീന രീതിയിൽ അതെങ്ങനെ അവതരിപ്പിക്കാമെന്നതുമൊക്കെയുളള തന്ത്രങ്ങൾ യുവ എഴുത്തുകാർക്കിടയിൽ സജീവമായി നടക്കുന്നുണ്ടെന്നതാണ് വസ്‌തുത. അതുകൊണ്ടുതന്നെ നമ്മുടെ ചെറുകഥാ മേഖല അസൂയാവഹമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.
മനുഷ്യജീവിതത്തിന്റെ വൈകാരികവും സാമൂഹ്യപരവുമായ സമസ്യകളെ അനുവാചകന്റെ ഉളളിലെ അസ്വസ്ഥതകളാക്കി വാക്കുകളിലൂടെ മാറ്റിയെടുക്കാൻ കഴിയുമ്പോഴാണ് എഴുത്തുകാരൻ വിജയിക്കുന്നതും അവന്റെ വാക്കുകൾ മഹത്‌വൽക്കരിക്കപ്പെടുന്നതും. വരാൻ പോകുന്ന വിപത്തുകളെ മുന്നേ കണ്ടുകൊണ്ട് രചനയിലൂടെ ജനങ്ങളിലേക്ക് മുന്നറിയിപ്പുകളുണ്ടാക്കുമ്പോൾ എഴുത്തിലെ ആശങ്ക വായനക്കാരന്റെ നെഞ്ചിലേക്കും പുകഞ്ഞുയരുന്നു.
മലയാള ജീവിതത്തിന്റെ സംസ്‌കൃതിയിലേക്ക് മൂന്നിൽ കൂടുതൽ ദശകങ്ങളായി നമ്മളാരും ശ്രദ്ധിക്കാത്ത യാഥാർത്ഥ്യമായാണ് പ്രവാസം കടന്നുവരുന്നത്.
മരുഭൂമിയിലെ നിറമില്ലാത്ത ജീവിതം. കടൽ കടക്കുന്നതിന് മുമ്പ് മരുപ്പച്ചയാണ് ഉളള് നിറയെ ഓരോരുത്തർക്കും. ആ ജീവിതം അനുഭവിക്കാൻ തുടങ്ങുമ്പോഴേ വരണ്ട ജീവിതത്തിന്റെ കാഠിന്യവും ഭീകരതയും മനസ്സിലാവുകയുളളൂ. ലേബർ ക്യാമ്പിലെ വെളിച്ചം കയറാത്ത മുറിയ്‌ക്കകത്തായാലും മരുഭൂമിയിലെ വിജനത നിഴൽ വിരിയ്‌ക്കുന്ന വിശാലതയിലായാലും ഒറ്റപ്പെട്ടു പോവുന്നവന്റെ നിസ്സഹായാവസ്ഥ വിവരണാതീതമാണ്. ജീവിച്ചു പോന്ന ചുറ്റുപാടും നാടും നഗരവും പെട്ടൊന്നൊരു ദിവസം ദൂരെയാവുകയും നമുക്ക് ചുറ്റും ശൂന്യതയുടെ കറുപ്പ് കനത്തു വരുന്നതും വല്ലാത്തൊരവസ്ഥയാണ്. ആ അവസ്ഥകളിൽ നിന്നാണ് നമ്മുടെ നാടിനെ നാം കൂടുതൽ അറിയാൻ ശ്രമിക്കുകയും ഉളളറിയാതെ കൂടുതൽ സ്‌നേഹിക്കുകയും ചെയ്യുന്നത്.
അത്തരത്തിലുളള അടുപ്പത്തിൽ നിന്നുമാവാം ഒറ്റപ്പെട്ട സാംസ്‌ക്കാരിക പ്രവർത്തനമെന്ന നിലയിൽ സാഹിത്യത്തോട് അടുപ്പം പുലർത്തുന്നതും നാടു വിട്ടവന്റെ സങ്കടങ്ങളും പുതിയ മേച്ചിൽപ്പുറങ്ങളിലെ ദുരനുഭവങ്ങളും സാമ സന്ദേശങ്ങളും രചനകളാക്കി പുറംലോകത്തേക്കെത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. ഉളള് പിടിച്ചു കുലുക്കാൻ പാകത്തിൽ ഒട്ടേറെ അനുഭവങ്ങൾ പ്രവാസഭൂമികയിൽ നിന്നും പലർക്കുമുണ്ടായിട്ടും എന്തുകൊണ്ടെന്നറിയില്ല മലയാളത്തിന്റെ മുഖ്യധാരാ സാഹിത്യത്തിൽ പ്രവാസാനുഭവം ഇതുവരെ പ്രധാന വിഷയമായിട്ടില്ല. കേരളത്തിന്റെ ജീവിതരീതി തന്നെ മാറ്റിമറിച്ച മണൽനഗരത്തെക്കുറിച്ച് സാധാരണക്കാരന്റെ അറിവിലേക്കായി ഇതുവരെ കാര്യമായ സാഹിത്യ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല എന്നത് ഖേദകരമായ സത്യം മാത്രം. കേരളത്തിന്റെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന ഓരോ മലയാളിയുടേയും ഉളളിലുയരുന്ന നെടുവീർപ്പ് പലയിടങ്ങളിലും ചെറുരചനകളിലൂടെ ആവിഷ്‌ക്കരിക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടെങ്കിലും ഈ യാഥാർത്ഥ്യം കേരളീയ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ചർച്ചയായിപ്പോലും കടന്നുവന്നിട്ടില്ല എന്നത് അതിശയോക്‌തിയല്ല.
ഈയൊരവസ്ഥയിലേക്ക് നമ്മുടെ ശ്രദ്ധ ചെന്നു പതിയാൻ വേണ്ടിയാവണം യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ജോസഫ് അതിരുങ്കലിന്റെ ചെറുകഥാ ശ്രമം. ജോസഫിന്റെ ‘പുലിയും പെൺകുട്ടിയും’ എന്ന കഥാപുസ്‌തകത്തിലെ ചില രചനകളെ ആ അർത്ഥത്തിലാണ് നാം നോക്കി കാണേണ്ടതും. ഇതിലെ മരുപുഷ്‌പം, അദൃശ്യവിതാനങ്ങളിൽ നിന്നൊരാൾ, രാസപരിണാമം എന്നീ രചനകളിൽ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവാസ ജീവിതത്തിന്റെ ചുറ്റുപാടുകൾ കടന്നു വരുന്നുണ്ട്. പ്രവാസ ജീവിതത്തിന്റെ നരച്ച പുറംകാഴ്‌ചകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ഏറെ വായനാസുഖം തരുകയും ചെയ്യുന്ന അദൃശ്യവിതാനങ്ങളിൽ നിന്നൊരാൾ എന്ന കഥ ഗൾഫ് ഭൂമികയിൽ നിന്ന് വായിക്കുമ്പോൾ അനായാസം കഥാന്ത്യം ഊഹിച്ചെടുക്കാൻ കഴിയുമെങ്കിലും ഇവിടുത്തെ ജീവിതരീതിയും നിയമവ്യവസ്ഥയുമൊക്കെ അറിയാത്തൊരാൾക്ക് കഥാപരിസരം ദുർഗ്രാഹ്യമായി തോന്നുമെന്നതാണ് വസ്‌തുത. ‘രാസപരിണാമ’ത്തിലെ കേന്ദ്രകഥാപാത്രം ആറ്റക്കോയ നമുക്കിടയിലെ ഓരോരുത്തരുമായി മാറുന്നത് ഈ കഥയിൽ പ്രവാസഭൂമിയിലെ വിങ്ങലും ഇവിടുത്തെ ജീവിതത്തിന്റെ ചൂടും ചൂരുമുളളതു കൊണ്ടാണ്. ‘മരുപുഷ്‌പം’ എന്ന രചന മൂകാനുരാഗത്തിന്റെ അറേബ്യൻ തലം നമ്മെ അനുഭവപ്പെടുത്തുന്നു.
കാലഘട്ടത്തിന്റെ വ്യതിയാനങ്ങളിൽ നമുക്കുണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ സാധിക്കാത്തവയാണെന്ന് ബോധ്യപ്പെടുത്തുന്ന രചനയാണ് വംശാവലി. യുവതലമുറയുടെ ജീവിതരീതി അവരിലൂടെ ലോകത്തിന് വന്ന മാറ്റങ്ങൾ, ഏലിമുത്തശ്ശിയെന്ന പഴയ തലമുറയിലെ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുകയാണ് നമ്മുടെ മുമ്പിൽ. സ്വന്തം കുഞ്ഞിന് മുലയൂട്ടാൻ മടി കാണിക്കുകയും അങ്ങനെ ചെയ്യുന്നത് മഹാപോഴത്തരമാണെന്നൊക്കെ ധരിച്ചുവെച്ച ഒരു പെൺതലമുറ നമുക്ക് മുമ്പിലുണ്ടെന്ന കാര്യം ഒട്ടേറെ രചനകളിൽ നാം വായിച്ചെടുത്തുട്ടുണ്ട്. ഇവിടെ പ്രസവിക്കാൻ താല്പര്യമില്ലാത്ത സൂസൺ കോശി വാത്സല്യത്തിന്റെ പ്രതീകമായ അമ്മമനസ്സിന് തീരാകളങ്കമായി ചലിക്കുന്നു. കുട്ടികളെ ‘ദീർഘദൂര യാത്രയിലെ അനാവശ്യ ഭാണ്ഡക്കെട്ടുപോലെ’ എന്നാണവൾ ഉപമിക്കുന്നത്.
ആഗോളവൽക്കരണത്തിന്റെ കെട്ടുപാടുകളിൽ പെട്ട് മലയാളിയുടെ മാറി വരുന്ന ജീവിതരീതി, നമ്മുടെ പൈതൃകവും സംസ്‌ക്കാരവുമെല്ലാം നമ്മിൽ നിന്നുതന്നെ തിരസ്‌ക്കരിക്കപ്പെടുന്നതിന്റെ ജീവാടയാളമായി ‘മോഡൽ’ എന്ന കഥയിലെ കഥാപാത്രങ്ങൾ നമ്മെ ചുറ്റിവരിയുന്നു. മുതലാളിത്വത്തിന്റെ കുടിലതന്ത്രങ്ങളിൽ ജീവിതത്തിന്റെ സർവ്വ മൂല്യങ്ങളും അടിപ്പെട്ടു പോവുന്ന സാധാരണക്കാരന്റെ ദുരന്തങ്ങളാണ് ഈ കഥയിൽ വരച്ചു കാട്ടുന്നത്. കേരളത്തിലെ, നമ്മുടെ കൺമുമ്പിൽ അരങ്ങേറുന്ന അക്രമ രാഷ്‌ട്രീയവും കൊലപാതകങ്ങളുമാണ് ‘കഠാരീയം’ എന്ന കഥയിൽ വിഷയമാകുന്നത്. താൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്‌ത്രത്തിന്റെ വാൾമുന കൊണ്ട് സുഹൃത്തിന്റെ ജീവനെടുക്കാൻ വിധിക്കപ്പെടുന്ന മനസ്സിന്റെ അന്തഃസംഘർഷങ്ങളിലൂടെ കഠാരീയം സഞ്ചരിക്കുന്നു.
പുസ്‌തകത്തിന്റെ പേര് സൂചിപ്പിക്കുന്ന കഥയായ ‘പുലിയും പെൺകുട്ടിയും’ വെളളിത്തിരയുടേയും മിനി സ്‌ക്രീനിന്റേയും പളപളപ്പിലേക്ക് നർത്തകിയായ മകൾ ഉയരണമെന്ന് ശഠിക്കുന്ന മാതാപിതാക്കളുടെ ധാർഷ്‌ട്യത്തിന് രക്തസാക്ഷിയാവേണ്ടി വന്ന മകൾ.. കാടിറങ്ങി വന്ന പുലി കാണുന്ന കാഴ്‌ചയിലൂടെ നമുക്ക് മുമ്പിൽ തെളിയുന്നു. കൂടാതെ കുമാരേട്ടൻ എവിടെയാണ്, കറുത്ത പൂച്ചകൾ കുറുകെ ചാടുമ്പോൾ, പറയാതെ ബാക്കി വെച്ചത്, ആറ്റരികത്ത് വിതയ്‌ക്കുന്നവർ… തുടങ്ങിയ കഥകളാണ് ‘പുലിയും പെൺകുട്ടിയും’ എന്ന ഈ ചെറുകഥാ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇതിന്റെ പ്രസാധകർ റെയിൻബോ പബ്ലിഷേഴ്‌സാണ്.
ഉളളിൽ വീർപ്പുമുട്ടുന്ന ഗംഭീര ആശയങ്ങൾ.. അതായത് ഭാവനയിലെ യാഥാർഥ്യം. അത് വാക്കുകളിലൂടെ ആവിഷ്‌ക്കരിക്കാൻ കഴിയുന്നില്ലെന്ന യാഥാർത്ഥ്യം വായനക്കാരന് ബോധ്യപ്പെടുന്ന രീതിയാവരുത് എഴുത്തുകാരൻ സ്വീകരിക്കേണ്ടത്. ജോസഫിന്റെ ചില കഥകളിലൂടെ സഞ്ചരിക്കുമ്പോൾ അത്തരമൊരവസ്ഥ അനുഭവപ്പെടുന്നുണ്ട് എന്നത് മറച്ചു വെയ്‌ക്കാനാവില്ല. ലളിതമായ ആഖ്യാനശൈലിയും പ്രാദേശികമായ ഭാഷണരീതികളും കഥ പറച്ചിലിന് സുഖം പകരുന്നുണ്ടെങ്കിലും അനാവശ്യമായ വിവരണങ്ങളും വാക്കുകളുടെ ധാരാളിത്തവും പലയിടത്തും വായനയെ അരോചകമായ നിലയിലേക്ക് എത്തിക്കുന്നുണ്ട്. അവതാരികയിൽ ഡോ. കെ.എസ്. രവികുമാർ ചൂണ്ടിക്കാണിച്ചപോലെ ‘ശില്പരചനയിൽ കുറച്ച് കൂടി കൈത്തഴക്കം ആർജിക്കാൻ സാധിച്ചാൽ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിൽ സ്ഥാനമുറപ്പിക്കാൻ ഈ എഴുത്തുകാരന് കഴിയും’ അതുതന്നെയാണ് ഇവിടേയും സൂചിപ്പിക്കാനുളളത്.
Generated from archived content: book1_july4_08.html Author: rafeeq-panniayankara
Click this button or press Ctrl+G to toggle between Malayalam and English