‘പാകം നോക്ക ഗുരുക്കളെ’- 3

പരസ്‌പര വിശ്വാസത്തിൽ വേരുറച്ച ഒരു ബന്ധമായിരുന്നു ഞങ്ങളുടേത്‌. സിനിമാക്കാരനായി മാറിയതിനു ശേഷം അദ്ദേഹത്തിനു കേൾക്കേണ്ടി വന്ന അപവാദങ്ങൾ വളരെ ഏറെയാണ്‌.. ‘ഒരെഴുത്തുകാരനു കിട്ടുന്ന ആദരവും ബഹുമാനവും ഒന്നും ഒരു സിനിമാക്കാരനു കിട്ടില്ല. എന്നദ്ദേഹം പറയുമായിരുന്നു. സിനിമാക്കാരനായി മാറിയപ്പോൾ സെക്‌സിന്റെയും വയലൻസിന്റെയും ഒക്കെ പ്രചാരകനായി അദ്ദേഹം മുദ്രകുത്തപ്പെട്ടു. കണ്ടതും കേട്ടതും നടന്നതും ആയ സംഭവങ്ങൾ പലതും അദ്ദേഹം സിനിമകളാക്കിത്തുടങ്ങിയതോടെ, വ്യക്തിജീവിതത്തിലും അദ്ദേഹത്തെ ഒരു വില്ലനായി പലരും കണ്ടുതുടങ്ങി. വ്യക്തിവൈരാഗ്യം തീർക്കാൻ പല പത്രങ്ങളും അദ്ദേഹത്തെക്കുറിച്ച്‌ ’ ആ അഭിശപ്‌തരാത്രി‘ പോലെയുള്ള അപവാദപ്രചരണങ്ങൾ നടത്തിത്തുടങ്ങി. പക്ഷേ, ഇത്തരം ലേഖനങ്ങൾക്കോ പ്രചരണങ്ങൾക്കോ ഞങ്ങളുടെ ബന്ധത്തിൽ ഒരു പോറലുപോലും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ്‌ വാസ്‌തവം. സ്വന്തം അമ്മപെങ്ങമ്മാരോടും കുടുംബത്തോടും അദ്ദേഹം കാട്ടിയിരുന്ന ആത്മാർത്ഥതതയും, ചുമതലാബോധവും സ്‌നേഹവായ്‌പും എല്ലാ അപവാദങ്ങളെയും കാറ്റിൽ പറത്തി പൂർവ്വാധികം സ്‌നേഹത്തോടെ മുന്നോട്ടുപോകാൻ ഞങ്ങൾക്കുശേഷി തന്നു. അമ്മയ്‌ക്ക്‌ ഉത്തമ പുത്രനായിരുന്നു പത്മരാജൻ. കൂടെപ്പിറപ്പുകൾക്കും അതിയായ സ്‌നേഹം അദ്ദേഹത്തോടുണ്ടായിരുന്നു.

വളരെ പ്രസിദ്ധനായ ഒരു നടൻ അദ്ദേഹത്തോടൊരിയ്‌ക്കൽ പറഞ്ഞു, സിനിമാക്കാർ ഒരുപാടു പ്രായവ്യത്യാസമുള്ള പെൺകുട്ടികളെ കല്യാണം കഴിയ്‌ക്കുന്നത്‌ അപകടമാണ്‌ എന്ന്‌. അപവാദങ്ങൾ പ്രായം കുറഞ്ഞ പെൺകുട്ടികളെ വല്ലാതെ തളർത്തും. അതുപലപ്പോഴും കുടുംബകലഹത്തിൽ ചെന്നെത്തിയ്‌ക്കും. വ്യാജഫോൺ സന്ദേശങ്ങളും, വൃത്തികെട്ട കമന്റുകളും ഒക്കെ താങ്ങാനുള്ള മനക്കരുത്ത്‌ അവർക്കുണ്ടായെന്നു വരില്ല. പ്രസിദ്ധനായ ഒരാളുടെ ഭാര്യയാകണമെങ്കിൽ മനസ്സിന്‌ നല്ല പക്വത വേണം. എന്തു പൊറുക്കാനും സഹിക്കാനും ഉള്ള കഴിവുണ്ടായിരിയ്‌ക്കണം എന്നൊക്കെ. ആലോചിയ്‌ക്കുമ്പോൾ, ആ പറഞ്ഞത്‌ തികച്ചും യാഥാർത്ഥ്യമാണെന്ന്‌ ബോദ്ധ്യപ്പെടുന്നു. വേർപിരിയലിൽ അവസാനിയ്‌ക്കുന്ന പല പ്രസിദ്ധരുടെയും ജീവിതങ്ങൾക്കു കാരണം അവരുടെ അപക്വമായ മനസ്സുകളാണ്‌ എന്നെനിക്കു തോന്നിയിട്ടുണ്ട്‌.

ഞങ്ങുടെ ജീവിതം സിനിമപോലെയാണെന്ന്‌ തെല്ല്‌ തമാശയായിട്ടും അതേ സമയം തെല്ല്‌ അത്ഭുതത്തോടെയും ഞങ്ങളുടെ തൊട്ടയൽക്കാരിയായിരുന്ന ശാന്തച്ചേച്ചി പറയുമായിരുന്നു. എഴുതാനോ ഷൂട്ടിങ്ങിനോ ഒക്കെ പോയി തിരിച്ചുവന്നാൽ പിന്നെ കുറെ ദിവസങ്ങളിലേയ്‌ക്ക്‌, വീടുവിട്ടതുമുതൽ തിരിച്ചെത്തിയതുവരെയുള്ള സംഭവങ്ങൾ ഒന്നൊന്നായി അദ്ദേഹം എന്നോടു വിശദീകരിയ്‌ക്കും. ആ ദിവസങ്ങളിൽ അദ്ദേഹം തികച്ചും ഒരു കഥ പറച്ചിലുകാരനായി മാറും. പലപ്പോഴും കഥ പറച്ചിൽ വീട്ടുമുറ്റം മുതൽ ഗേറ്റുവരെ നീണ്ടു കിടക്കുന്ന നടപ്പാതയിൽ രണ്ടു പേരും ഉലാത്തിക്കൊണ്ടായിരിയ്‌ക്കും. ശാന്തചേച്ചിയ്‌ക്ക്‌ അവരുടെ വീട്ടിൽ നിന്നാൽ ഈ നടത്തം കാണാം. കഥ പറച്ചിൽ കുറെയൊക്കെ കേൾക്കുകയും ചെയ്യാം. അവധി ദിവസങ്ങളാണെങ്കിൽ കഥ കേൾക്കാൻ രണ്ടു മക്കളും കൂടും. കുട്ടികളോടൊപ്പം ഒരു കുട്ടിയായി അദ്ദേഹം മാറുന്നത്‌ പലപ്പോഴും കൗതുകത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്‌. കൊച്ചു പപ്പന്‌ എന്നും എന്തെങ്കിലുംമൊക്കെ സംശയങ്ങളൂം കൂടുതലറിയാനുള്ള വെമ്പലുമാണ്‌. മകന്റെ സംശയങ്ങൾക്കെല്ലാം ക്ഷമയോടെ അദ്ദേഹം മറുപടി പറയും. കൂട്ടത്തിൽ അവന്റെ അഭിപ്രായങ്ങൾ തിരക്കുകയും ചെയ്യും.

ഞങ്ങളുടെ സ്വച്ഛസുന്ദരമായ ആ ജീവിതം ഒരു സ്വപ്‌നം പോലെ പെട്ടെന്നു തീർന്നുപോയി. അദ്ദേഹം യാത്രയായിട്ട്‌ ഈ വരുന്ന ജനുവരി ഇരുപത്തിമൂന്നിന്‌ പതിനെട്ടുവർഷങ്ങൾ കഴിയുന്നു. ഒരു പക്ഷേ, ഇന്നും എല്ലാരുടെയും മനസ്സുകളിൽ അദ്ദേഹം ജീവിയ്‌ക്കുന്നുണ്ടെങ്കിൽ അതിന്റെ അടിസ്‌ഥാനപരമായ കാരണം അദ്ദേഹം നല്ല ഒരു കഥപറച്ചിലുകാരൻ ആയിരുന്നു എന്നതുതന്നെയാവാം.

അസ്‌തമനത്തിലേയ്‌ക്ക്‌ അടുത്തുകൊണ്ടിരിയ്‌ക്കുന്ന ഇക്കാലത്ത്‌ എന്റെ മനസ്സ്‌ തികച്ചും ദുർബ്ബലമാകുന്നത്‌ ഞാനറിയുന്നു. മകനോ മകളോ ശബ്‌ദമുയർത്തി സംസാരിയ്‌ക്കുന്നതുകേട്ടാൽ എനിയ്‌ക്കാകെ വേവലാതിയാകും. തലവേദനിയ്‌ക്കാൻ തുടങ്ങും. അവർ വഴക്കിടുകയാണോ എന്ന സംശയം എന്നെ വല്ലാതെ അലട്ടും. ’ഒന്നു മിണ്ടാതിരുന്നുകൂടെ‘ എന്ന്‌ ഞാനറിയാതെ പറഞ്ഞുപോകും. ’എല്ലാരും അച്ഛനേയും അമ്മയേയും പോലെയാവണമെന്നില്ലല്ലോ‘ എന്ന മറുപടി എന്നെ മൗനിയാക്കും. എങ്കിലും ഞാൻ പറയും ’രണ്ടു കൈയ്യും കൂട്ടിക്കൊട്ടിയാലല്ലേ ശബ്‌ദം കേൾക്കൂ‘ എന്ന്‌.

പരസ്‌പരം വഴക്കടിച്ച്‌ ജീവിക്കുന്ന ചെറുപ്പക്കാരെ എനിയ്‌ക്കു പേടിയാണ്‌. കണ്ണുതുറന്നു നോക്കുമ്പോൾ എത്ര വിവാഹമോചനങ്ങളാണ്‌ നമുക്കുചുറ്റും നടക്കുന്നത്‌! അതും വെറും നിസ്സാരകാര്യങ്ങൾക്കുവേണ്ടി. പെൺകുട്ടികൾ ഭൂമിദേവിയെപ്പോലെയായിരിയ്‌ക്കണം എന്നു പറയുമ്പോൾ, അതിനു തങ്ങളെ കിട്ടില്ല എന്നു പറയുന്ന പുതിയതലമുറ. പ്രേമം, പ്രണയം തുടങ്ങിയ വാക്കുകളുടെ അർത്ഥം പോലും പുതിയ തലമുറയ്‌ക്ക്‌ അറിയാതെ പോകുകയാണോ?

ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ള കുടുംബത്തിൽ എത്രകഷ്‌ടപ്പെട്ടും മക്കളുടെ ഇഷ്‌ടങ്ങൾ സാധിച്ചുകൊടുക്കാൻ നെട്ടോട്ടമോടുന്ന അച്ഛനമ്മമാരും, തന്നിഷ്‌ടം സാധിച്ചെടുക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത മക്കളും. മറ്റുള്ളവരെ ബഹുമാനിയ്‌ക്കാനും അനുസരിയ്‌ക്കാനും ഒട്ടും കൂട്ടാക്കാത്ത ഒരു തലമുറ. പെരുകിവരുന്ന ആത്മഹത്യകൾ. പരസ്‌പര പൂരകങ്ങളാകാൻ കഴിയാത്ത ദാമ്പത്യബന്ധങ്ങൾ.

നീ ഇവിടെ നിന്നു ഭർതൃഗൃഹത്തിലെത്തിയാൽ

പാകം നോക്ക ഗുരുക്കളെ , പ്രിയസഖി-

യ്‌ക്കൊപ്പം സപത്നീജനേ,

വാഴ്‌കേ, ലായകയൊരപ്രിയം പ്രിയ, നയാൾ

കോപിച്ചുവെന്നാകിലും;

ചെയ്‌കേറ്റം ഭയ ദാസരയവരിൽ നീ

ഭാഗ്യങ്ങളിൽ ഗർവ്വിയാ-

യ്കവം താൻ ഗൃഹണീജനം യുവതിമാ-

രല്ലെങ്കിൽ വംശാധികൾ’

(വെളുത്താട്ട്‌ നാരായണൻ നമ്പൂതിരിയുടെ

കേരളീയസാകുന്തളം നാലാം അങ്കത്തിൽ നിന്ന്‌)

ദുഷ്യന്തന്റെ അടുത്തേയ്‌ക്കു പുറപ്പെടുന്ന ശകുന്തളയ്‌ക്ക്‌ കണ്വമഹർഷി കൊടുത്ത മേല്‌പറഞ്ഞ ഉപദേശം പോലൊന്ന്‌ എനിയ്‌ക്ക്‌ എന്റെ അച്ഛനമ്മമാർ തന്നില്ലെങ്കിലും ഒരുമിച്ചിരുന്ന കാലമൊക്കെയും അച്ഛനമ്മമാർ ആഗ്രഹിച്ചതുപോലെ ജീവിയ്‌ക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞു. ‘പ്രിയൻ കോപിയ്‌ക്കുന്ന ഘട്ടങ്ങളിലും അപ്രിയം ഭാവിയ്‌ക്കരുത്‌. ഭാഗ്യമൂലകങ്ങളായ വിഭവ സമൃദ്ധികളിലൊന്നും അഹങ്കാരം കൊള്ളരുത്‌.’ എന്നുപദേശിയ്‌ക്കാൻ നമ്മുടെ നാട്ടിൽ ‘കണ്വമഹർഷിമാർ’ ഇല്ലാതായിരിയ്‌ക്കുന്നു. എല്ലാ ബന്ധങ്ങളും സാമ്പത്തികാടിസ്‌ഥാനത്തിലായിരിയ്‌ക്കുന്നു. സ്‌നേഹശൂന്യമായ ഒരു ലോകമാണാ അടുത്ത തലമുറയെ കാത്തിരിയ്‌ക്കുന്നത്‌?

സ്‌നേഹിയ്‌ക്കുന്നതിലും സ്‌നേഹിയ്‌പ്പെടുന്നതിലും ഉള്ള തൃപ്‌തി, പരസ്‌പരം മനസ്സിലാക്കുന്നതിലും ഒരാൾ മറ്റൊരാൾക്ക്‌ താങ്ങാവുന്നതിലും ഉള്ള ആശ്വാസം ഇതൊക്കെ അനുഭവിച്ചു തന്നെ അറിയണം. അകമഴിഞ്ഞു സ്‌നേഹിയ്‌ക്കാനും സുഖദുഃഖങ്ങൾ ഒരുപോലെ പങ്കിട്ടെടുക്കാനും മനസ്സുളള ഒരു ഭാവി തലമുറയ്‌ക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്‌ ഞാനെന്റെ ലേഖനം അവസാനിപ്പിയ്‌ക്കട്ടെ.

Generated from archived content: padmarajan3.html Author: radhalakshmi_padmarajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English