“പാകം നോക്ക ഗുരുക്കളെ….”

എന്നാണ്‌ ഞങ്ങൾക്കിടയിൽ ആദ്യത്തെ അഭിപ്രായ വ്യത്യാസം ഉണ്ടായത്‌?

ഞങ്ങൾ കല്ല്യാണം കഴിഞ്ഞ്‌ മുതുകുളത്തോട്ടു വന്നിട്ട്‌ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു. കൊല്ലത്ത്‌ ‘മലയാളനാട്‌’ പത്രത്തിന്റെ ഉടമയായിരുന്ന എസ്‌.കെ.നായർ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. കാക്കനാടൻ, വി.ബി.സി.നായർ, വിതുരബേബി തുടങ്ങി കുറച്ചധികം സുഹൃത്തുക്കൾ അദ്ദേഹത്തിന്‌ കൊല്ലത്തുണ്ടായിരുന്നു. നവവധൂവരന്മാർക്കായി എസ്‌.കെ.നായർ ഏതോ ഒരു ഹോട്ടലിൽ ഗംഭീരമായ ഒരു പാർട്ടി ഏർപ്പാടാക്കിയ വിവരം പത്മരാജൻ പറഞ്ഞപ്പോൾ, സത്യം പറഞ്ഞാൽ ഞാൻ വിരണ്ടുപോയി. എന്തെന്നാൽ നാളതുവരെ അത്തരം പാർട്ടികളൊന്നിലും ഞാൻ പങ്കെടുത്തിരുന്നില്ല. നാട്ടിലെ കല്ല്യാണങ്ങൾ, പിറന്നാളുകൾ എന്നിവയ്‌ക്കൊക്കെ സദ്യയോ വൈകുന്നേരം ചായസൽക്കാരമോ ഒക്കെയുണ്ടാവും. അതിലൊക്കെ ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. പക്ഷേ, ഹോട്ടലിൽ വച്ചൊരു പാർട്ടി എനിയ്‌ക്കൊരു പുതുമായായിരുന്നു. അതുപോലെത്തന്നെ വല്ലാത്തൊരു ഭയവും. സ്‌പൂണും ഫോർക്കും ഉപയോഗിച്ച്‌ ഭക്ഷണം കഴിയ്‌ക്കാനോ, മറ്റു ‘ടേബിൾ മാനേഴ്‌സോ’ ഒന്നും എനിയ്‌ക്കറിയില്ലായിരുന്നു. വലിയ വലിയ പാർട്ടികളെക്കുറിച്ചും മദ്യസൽക്കാരങ്ങളെക്കുറിച്ചുമൊക്കെ ഒരുപാടു വായിച്ചിട്ടുള്ളതുകൊണ്ട്‌ എസ്‌.കെ. നായരുടെ പാർട്ടിയെക്കുറിച്ചു കേട്ടപ്പോൾ ശരിയ്‌ക്കും ഞാൻ പേടിച്ചുപോയി. എന്റെയോ ബന്ധുക്കളുടെയോ കുടുംബങ്ങളിൽ ആരും മദ്യപിയ്‌ക്കുന്നത്‌ അതുവരെ ഞാൻ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ കൊല്ലത്തെ പാർട്ടിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്ത എന്നെ അലട്ടിത്തുടങ്ങി.

അദ്ദേഹം എന്നെ കൊല്ലത്തേയ്‌ക്കു കൊണ്ടു പോകാൻ ഒരുങ്ങിയപ്പോൾ വരുന്നില്ല എന്നുപറഞ്ഞ്‌ ഞാൻ ഒഴിഞ്ഞു മാറി. അദ്ദേഹം പലപ്രാവശ്യം നിർബന്ധിച്ചെങ്കിലും വരുന്നില്ലെന്ന്‌ ഞാൻ വാശിപിടിച്ചു. അവസാനം വലിയ വിഷമത്തോടെ അദ്ദേഹം കൊല്ലത്തേയ്‌ക്കു പുറപ്പെട്ടു. അദ്ദേഹം ഇക്കാര്യത്തിൽ എന്നെ വഴക്കുപറയുകയോ, ദേഷ്യപ്പെടുകയോ ഒന്നും ചെയ്‌തില്ല എന്നത്‌ അത്ഭുതത്തോടെ, അതേ സമയം കുറ്റബോധത്തോടെ ഞാൻ ഓർക്കുന്നു. ആതിഥേയരെ തികച്ചും നിരാശപ്പെടുത്തിക്കൊണ്ട്‌ ഒറ്റയ്‌ക്ക്‌ പാർട്ടിയ്‌ക്കു ചെന്നിറങ്ങിയ അദ്ദേഹത്തിന്റെ ജാള്യതയും വിഷമവും എത്രയായിരിയ്‌ക്കുമെന്ന്‌ അന്ന്‌ ഊഹിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്നത്‌ ഞാൻ മനസ്സിലാക്കുന്നു.

പെട്ടെന്ന്‌ എന്റെ ഓർമ്മയിൽ വരുന്നത്‌ പത്മധരൻ ചേട്ടനൻ പറഞ്ഞ കാര്യമാണ്‌. ‘അവൻ എല്ലാം മനസ്സിൽ അടക്കിവയ്‌ക്കും. ഞാനാണെങ്കിൽ നാലുതെറിവിളിച്ച്‌ ഒച്ചയും ബഹളവും ഉണ്ടാക്കും. എനിക്ക്‌ ദേഷ്യം വന്നാൽ പിന്നെ അവനെപ്പോലെ വെറുതെയിരിക്കാൻ കഴിയില്ല’. ചേട്ടൻ പറഞ്ഞത്‌ ശരിയാണ്‌. അദ്ദേഹം ഒരിക്കലും ഒരു എടുത്തുചാട്ടക്കാരനായിരുന്നില്ല. മനസ്സിനെ ഒരുപാടു നിയന്ത്രിക്കുമായിരുന്നു. ഒരുപക്ഷേ, പിന്നീട്‌ അദ്ദേഹത്തിന്‌ പ്രഷർ ഉണ്ടാവാനുള്ള കാരണങ്ങളിൽ ഒന്ന്‌ അതുതന്നെ ആയിരിക്കുമോ?

വിവാഹത്തിനു മുമ്പുതന്നെ ഞങ്ങൾ തമ്മിൽ ഒരു കരാറുണ്ടായിരുന്നു. എന്നെ വേദനിപ്പിക്കുന്നതൊന്നും അദ്ദേഹം ചെയ്യില്ല – അതുപോലെത്തന്നെ അദ്ദേഹത്തെ വേദനിപ്പിക്കുന്നതൊന്നും ഞാനും.

രണ്ടാമതായി ഞാൻ ഓർക്കുന്ന ഒരു സംഭവം ഞങ്ങൾ തിരുവനന്തപുരത്ത്‌ പൂജപ്പുരയിൽ ‘കമലാലയ’ത്തിൽ താമസം തുടങ്ങിയ ഇടയ്‌ക്ക്‌ നടന്നതാണ്‌. ഒരു ദിവസം അദ്ദേഹത്തിന്റെ ഉറ്റ കൂട്ടുകാരനായിരുന്ന, ഞങ്ങൾ വർക്കി എന്നു വിളിച്ചിരുന്ന ഗീവർഗ്ഗീസ്‌ അദ്ദേഹത്തിന്റെ ഭാര്യ സുശീലയേയും കൂട്ടി ഞങ്ങളുടെ അടുത്തേയ്‌ക്കു വന്നു. കൈയ്യിൽ ഒരു ചെറിയ ബാഗും ഒക്കെയായിട്ടാണ്‌ വരവ്‌. ഞങ്ങൾ പരസ്‌പരം പരിചയപ്പെടുകയും നാട്ടുവിശേഷങ്ങൾ തിരക്കുകയും ഒക്കെക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു താഴെ നിന്ന്‌ ഒരു കുപ്പി ഐസ്‌ വാട്ടർ വാങ്ങിച്ചുകൊണ്ടു വരാൻ. ഞങ്ങൾക്ക്‌ അന്ന്‌ ഫ്രിഡിജോ, ഗ്യാസടപ്പോ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ഉടനെതന്നെ താഴെ ഇറങ്ങിച്ചെന്ന്‌ ഇന്ദിരചേച്ചിയുടെ അടുത്തുനിന്ന്‌ ഒരു കുപ്പി ഐസ്‌ വാട്ടറും വാങ്ങിവന്നു. നാലുഗ്ലാസ്സുകൾ കൂടി എടുക്കാൻ അദ്ദേഹം പറഞ്ഞു. ഗ്ലാസ്സും എടുത്ത്‌ ഞാൻ അവരിരിക്കുന്ന മുറിയിലോട്ടു ചെന്നപ്പോൾ കണ്ടത്‌ കൈയ്യിൽ ഒരു മദ്യക്കുപ്പിയുമായി ഇരി​‍്‌ക്കുന്ന വർക്കിയെയാണ്‌. ഞാൻ ശരിയ്‌ക്കും ഞെട്ടിപ്പോയി. ജീവിതത്തിലാദ്യമായിട്ടാണ്‌ ഞാൻ മദ്യം കാണുന്നത്‌. എനിയ്‌ക്കാകെ ഭ്രാന്തെടുത്തതുപോലെയായി. പരിഭ്രമിച്ച എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ ഞാൻ അദ്ദേഹത്തെ ഉള്ളിലോട്ടു വിളിച്ചു. മദ്യം കഴിയ്‌ക്കരുത്‌ എന്നു ഞാൻ വിഷമത്തോടെ പറഞ്ഞു. എന്റെ നിറഞ്ഞ കണ്ണുകൾ അദ്ദേഹത്തെ വല്ലാത്തൊരാശയക്കുഴപ്പത്തിലാക്കി. അതിഥിയെ പിണക്കാനും വയ്യ, എന്നെ സങ്കടപ്പെടുത്താനും വയ്യ എന്നൊരവസ്‌ഥ. എന്തൊക്കെയോ പറഞ്ഞ്‌ അദ്ദേഹം എന്നെ സമാധാനിപ്പിയ്‌ക്കാൻ ശ്രമിച്ചു.

അവസാനം അദ്ദേഹം മര്യാദക്കാരനായ ആതിഥേയനായി. സുശില എന്റെ അടുത്തു തന്നെ ഇരുന്നു. കുറേ നേരം കഴിഞ്ഞ്‌ അവർ യാത്ര പറഞ്ഞപ്പോൾ മുഖത്ത്‌ ചിരിവരുത്തി ഞാനവരോട്‌ ഒരു കാര്യം പറഞ്ഞു; ഇടയ്‌ക്കിടക്ക്‌ വരണം, പക്ഷേ ഒരിയ്‌ക്കലും മദ്യക്കുപ്പി കൊണ്ടുവരരുത്‌ എന്ന്‌. എന്റെ ഭർത്താവ്‌ ഒന്നും മിണ്ടിയില്ല. സുശീല ചിരിച്ചുകൊണ്ട്‌ യാത്രപറഞ്ഞു. സ്വതവേ ഗൗരവക്കാരനായ വർക്കിയുടെ മുഖം ഒന്നുകൂടി മുറുകി.

ഇത്തരം അവസരങ്ങളിൽ സാധാരണ ഉണ്ടായേക്കാവുന്ന ഒരു പൊട്ടിത്തെറിയെക്കുറിച്ച്‌ എനിയ്‌ക്കിപ്പോൾ ഊഹിക്കാൻ കഴിയും. അവർ പോയിക്കഴിഞ്ഞപ്പോൾ, ശാന്തശീലനായ പത്മരാജൻ എന്നോട്‌ ഒരൊറ്റ വാചകമേ പറഞ്ഞുള്ളു; ‘വർക്കിയ്‌ക്ക്‌ വിഷമമായെന്നാതോന്നുന്നത്‌. എന്ന്‌ ഏതായാലും അതിനുശേഷം ഒരുപാടുകാലം വർക്കി ഞങ്ങളുടെ വീട്ടിലേയ്‌ക്കു വന്നില്ല. പിന്നീടൊപ്പോഴോ ഒരിയ്‌ക്കൽ അദ്ദേഹത്തിന്റെ കൂട്ടുകാരൻ ഉണ്ണിമേനോൻ പറഞ്ഞറിഞ്ഞു, അന്നത്തെ സംഭവം വർക്കിയ്‌ക്ക്‌ വലിയ ഇൻസൽട്ട്‌ ആയെന്നും, പഴയനായർ തറവാടുകളുടെ ചുറ്റുപാടുകളെക്കുറിച്ചൊക്കെ നീണ്ട ഒരു സ്‌റ്റഡി ക്ലാസ്സ്‌ കൊടുത്തതിനുശേഷമാണ്‌ വർക്കി കുറച്ചെങ്കിലും ശാന്തനായത്‌ എന്നും.

അന്നത്തെ ആ സംഭവത്തിനുശേഷം ഒരിയ്‌ക്കലും അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരനും മദ്യക്കുപ്പിയുമായി വീട്ടിൽ വരികയോ അദ്ദേഹത്തോടൊപ്പം വീട്ടിലിരുന്ന്‌ മദ്യപിയ്‌ക്കുകയോ ചെയ്‌തിട്ടില്ല. മരിയ്‌ക്കുന്നതുവരെ, ഞങ്ങളുടെ വീട്ടിലെ ഫ്രിഡ്‌ജിൽ ഒരു മദ്യക്കുപ്പിപോലും അദ്ദേഹം കൊണ്ടുവന്നു വച്ചിട്ടുമില്ല. മേൽപ്പറഞ്ഞതുപോലൊരു സാഹചര്യത്തിൽപ്പോലും അദ്ദേഹം എന്നെ വഴക്കുപറയുകയുണ്ടായിട്ടില്ല എന്ന കാര്യം സത്യസന്ധമായി ഞാനൊഴുതുമ്പോൾ വായനക്കാർ ’അതുവെറും നുണ‘ എന്ന്‌ മനസ്സിൽ പറയാതിരിയ്‌ക്കുക. അദ്ദേഹം മരിച്ച ഇടയക്ക്‌ ഒന്നു രണ്ടുപേർ എന്നോടു നേരിട്ടുതന്നെ ചോദിച്ചു. കുടിച്ചാണല്ലേ മരിച്ചത്‌? എന്ന്‌ ഈയിടെ ഒരിയ്‌ക്കൽ ഒ.എൻ.വി.കുറുപ്പുസാറിന്റെ ഭാര്യയും എന്നോടിക്കാര്യം ചോദിച്ചു. എനിയ്‌ക്കത്‌ഭുതമാണ്‌ തോന്നിയത്‌. അദ്ദേഹത്തിന്‌ ധാരാളം കുടിയ്‌ക്കുന്ന ഒരു പാടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നതു സത്യമാണ്‌. അവരുടെയൊക്കെ കമ്പനിയിൽ അദ്ദേഹം മദ്യപിച്ചിരിക്കാം. പക്ഷേ, അവരുടെയൊന്നും ജീവിതം പോലെയായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. അകാലത്ത്‌ അന്തരിച്ച അദ്ദേഹത്തിന്റെ ചേട്ടന്മാരും, യാതൊരസുഖവുമില്ലാതെ ഒരു ദിവസം രാത്രി പെട്ടെന്ന്‌ എല്ലാരോടും യാത്രപറഞ്ഞ അദ്ദേഹത്തിന്റെ സഹോദരിയും ഒക്കെ കടുത്ത ഹൃദയാഘാതത്തെ തുടർന്നാണ്‌ ഞങ്ങളെ വിട്ടുപിരിഞ്ഞത്‌.

മീനില്ലാത്ത ഉച്ചയൂണുകൾ പലപ്പോഴും അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നെങ്കിലും, ’നിങ്ങൾക്ക്‌ മോരില്ലാതെ ഉണ്ണാൻ പറ്റാത്തതുപോലെയാണ്‌ എനിയ്‌ക്ക്‌ മീനില്ലാതെ ഉണ്ണേണ്ടി വരുന്നത്‌‘ എന്ന്‌ ഒട്ടും ക്ഷോഭിയ്‌ക്കാതെ അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്‌. ആദ്യമൊക്കെ വീട്ടിൽ എന്നും മീൻ വയ്‌ക്കുമായിരുന്നു. എനിയ്‌ക്ക്‌ പച്ചമീൻ കൈകൊണ്ടു തൊടാൻ ഇപ്പോഴും അറപ്പാണ്‌. വീട്ടുജോലിക്കാരായിരുന്നു മീൻകറി ഉണ്ടാക്കുന്നത്‌. ചേട്ടന്മാരുടെ മരണം വല്ലാത്തൊരു ഞെട്ടൽ ഞങ്ങളിൽ ഉണ്ടാക്കി. ഏതുസമയത്തും വേട്ടയാടാൻ തയ്യാറായി മരണം പാത്തിരിയ്‌ക്കുന്നു എന്ന ഭയം വല്ലാതെ അലട്ടിയപ്പോൾ മത്സ്യമാംസാദികളും, അധികം എണ്ണമയമുള്ള ഭക്ഷണസാധനങ്ങളും അദ്ദേഹത്തിനു കൊടുക്കാതിരിയ്‌ക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ’നിങ്ങളെന്നെ രോഗിയാക്കുകയാണ്‌‘ എന്ന്‌ പരിഭവിച്ചിട്ടാണെങ്കിലും, മടികൂടാതെ സസ്യാഹാരം അദ്ദേഹം കഴിയ്‌ക്കുമായിരുന്നു. അതിനൊന്നും തന്നെ എന്നോടു ചൂടായി അദ്ദേഹം സംസാരിച്ചിട്ടില്ല.

പിന്നെ എപ്പോഴാണ്‌ ഞങ്ങൾ വഴക്കിട്ടിട്ടുള്ളത്‌? തർക്കങ്ങൾ ഉണ്ടായിട്ടുള്ളതെല്ലാം സാഹിത്യചർച്ചകളിലും, സിനിമ കണ്ടിറങ്ങുമ്പോഴും ഒക്കെയാണ്‌. എനിയ്‌ക്കിഷ്‌ടപ്പെടുന്ന പല സിനിമകളും അദ്ദേഹത്തിനിഷ്‌ടപ്പെടില്ല. അതേചൊല്ലി ഞങ്ങൾ തർക്കിയ്‌ക്കും. അവസാനം, ’നിങ്ങൾക്കു വിവരമില്ല‘ എന്നുപറഞ്ഞ്‌ അദ്ദേഹം പിന്മാറും. ഞാൻ പറയുന്നതിഷ്‌ടപ്പെട്ടിട്ടില്ലെങ്കിൽ ആ മുഖം ചുവക്കും. പിന്നീട്‌ ഒരക്ഷരം പറയാതെ കൈയ്യിലൊരു പുസ്‌തകവുമായി മുകളിലെ ബാൽക്കണിയിൽ ചെന്നിരിയ്‌ക്കും. അദ്ദേഹത്തിന്റെ മുഖം പ്രസന്നമാകുന്നതുവരെ ഞാൻ അടുത്തോട്ടൊന്നും ചെല്ലുകയില്ല. വല്ലതും നാലുവാക്ക്‌ വഴക്കായി പറഞ്ഞിരുന്നെങ്കിൽ അതിൽ തൂങ്ങി സ്വതവേ വായാടിയായ എനിയ്‌ക്ക്‌ എന്തെങ്കിലുമൊക്കെ പറയാൻ പറ്റുമായിരുന്നേനേ. പക്ഷേ, ആ മൗനത്തിനു മുന്നിൽ പലപ്പോഴും ഞാൻ തോറ്റുതൊപ്പിയിട്ടിട്ടുണ്ട്‌.

ഒരു പ്രാവശ്യം; ’ഒന്നു മിണ്ടാതിരിയ്‌ക്കുമോ‘ എന്നദ്ദേഹം ശബ്‌ദമുയർത്തിപ്പറഞ്ഞത്‌ ഞാനിപ്പോഴും ഓർക്കുന്നു. കേരള ഗവൺമെന്റിന്റെ സിനിമാ അവാർഡുകൾ പ്രഖ്യാപിച്ച ഒരു ദിവസമായിരുന്നു അത്‌. അദ്ദേഹം സംവിധാനം ചെയ്‌ത ’കൂടെവിടെ‘ മത്സരത്തിനുണ്ടായിരുന്നു. ഏറ്റവും മികച്ച കലാമൂല്ല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ’കൂടെവിടെ‘യ്‌ക്കായിരുന്നു. സാധാരണയായി അവാർഡുകിട്ടുന്ന പടത്തിന്റെ സംവിധായകനും ഒരു സമ്മാനം കൊടുക്കാറുണ്ട്‌. പക്ഷേ, ’കൂടെവിടെ‘യുടെ സംവിധായകന്‌ അതു കിട്ടുകയുണ്ടായില്ല. ശ്രീ. തോട്ടംരാജശേഖരൻ അദ്ധ്യക്ഷനായുള്ള ജൂറിയോട്‌ പത്രസമ്മേളനത്തിൽ ആരെക്കെയോ അതേക്കുറിച്ച്‌ ചോദിച്ചതായി പത്രപ്രവർത്തകനായിരുന്ന മണ്ണാർക്കയം ബേബി ഞങ്ങളോടു പറഞ്ഞു. ’അയാൾക്ക്‌ അവാർഡൊന്നും ഇല്ല‘ എന്ന്‌ തോട്ടം രാജശേഖരൻ മറുപടി പറഞ്ഞപ്പോൾ പത്രക്കാർ ബഹളംകൂട്ടി എന്നും പറഞ്ഞു. എനിയ്‌ക്കതുകേട്ടപ്പോൾ കലിയിളകിയതുപോലെയായി. തോട്ടത്തിന്റെ പുസ്‌തകം മത്സരിച്ച ഒരു കേന്ദ്രഗവൺമെന്റ്‌ അവാർഡ്‌ ജൂറിയിൽ പത്മരാജനുണ്ടായിരുന്നു. പത്മരാജനായിട്ട്‌ തനിയ്‌ക്കുള്ള അവാർഡ്‌ മുടക്കി എന്നൊരു വാർത്ത തോട്ടം പത്രങ്ങളിൽ കൊടുത്തിരുന്നു. (പത്മരാജന്‌ അതിൽ പങ്കുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം). ഇക്കാര്യം ഓർത്ത്‌ ’അയാൾക്ക്‌ അവാർഡുകിട്ടാത്തതിന്റെ ദേഷ്യം തീർത്തതാണ്‌‘ എന്നു ഞാൻ പറഞ്ഞു. ഞാനതുപറയുമ്പോൾ അജയൻ (തോപ്പിൽ ഭാസിയുടെ മകൻ) അദ്ദേഹത്തോടൊപ്പം ബാൽക്കണിയിൽ ഇരിപ്പുണ്ട്‌. വല്ലാതെ വിഷമിച്ചു നില്‌ക്കുന്നതുകൊണ്ടാവാം, ഒട്ടും പ്രതീക്ഷിയ്‌ക്കാതെ, പെട്ടെന്ന്‌ അദ്ദേഹം എന്നോട്‌ ’ഒന്നുമിണ്ടാതിരിയ്‌ക്കാമോ‘ എന്ന്‌ ഉച്ചത്തിൽ പറഞ്ഞു. ശരിയ്‌ക്കും ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണുകൾ നിറഞ്ഞു. തേങ്ങിക്കൊണ്ട്‌ ഞാൻ താഴോട്ടിറങ്ങി.

പരസ്‌പരബഹുമാനത്തോടെ മാത്രമേ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നുള്ളു. ഒരാൾ ദേഷ്യപ്പെടുമ്പോൾ മിക്കവാറും മറ്റെയാൾ മൗനം അവലംബിയ്‌ക്കുമായിരുന്നു. അതുകൊണ്ടുതന്നെയാവാം, ഞങ്ങൾക്കിടയിൽ ഓർത്തുപറയാൻ തക്കവണ്ണമുള്ള ഒറ്റവഴക്കും ഉണ്ടാവാതിരുന്നതും.

Generated from archived content: padmarajan2.html Author: radhalakshmi_padmarajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English