വർഷം ആയിരത്തിതൊള്ളായിരത്തി എൺപത്. പൂജപ്പുരയിലെ സഹൃദയരായ കുറച്ചു സ്‌ത്രീകൾ ചേർന്ന് രൂപികരിച്ച, ശ്രീ. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള അദ്ദേഹത്തിന്റെ മൂത്ത മകളായ സേതു രാമചന്ദ്രൻ നായർ അദ്ധ്യക്ഷയായിരുന്ന “തങ്കമ്മ മെമ്മോറിയൽ വനിതാ സമിതി”യുടെ വാർഷികാഘോഷം. പൂജപ്പുര ഹിന്ദു മഹിളാമന്ദിരത്തിന്റെ മുറ്റത്തു വച്ചായിരുന്നു. പരിപാടി. അന്ന് പ്രിൻസസ് ഗൗരി പാർവ്വതിഭായ് ഉത്‌ഘാടനം ചെയ്‌ത യോഗത്തിൽ മുഖ്യ അതിഥിയായി എത്തിയത് ശ്രീമതി മാധവിക്കുട്ടിയായിരുന്നു. പ്രാസംഗികയായി പ്രൊഫസർ നബീസാഉമ്മാളും ഉണ്ടായിരുന്നു. വനിതാസമിതിയുടെ അന്നത്തെ സെക്രട്ടറി സംഗീത സംവിധായകനായ എം. ജയചന്ദ്രന്റെ അമ്മയായ, ഞാൻ സുകുമാരി ചേച്ചി എന്നു വിളിയ്‌ക്കുന്ന ശ്രീമതി. വിജയനായരും, ജോയിന്റ് സെക്രട്ടറി ഞാനും.
ഞാൻ അംഗമായതിനു ശേഷം വനിതാ സമിതിയിൽ നടക്കുന്ന ആദ്യത്തെ വാർഷികാഘോഷമായിരുന്നു അത്. അറുപത്തിനാലിൽ കോളേജിൽ നിന്ന് പഠിത്തം കഴിഞ്ഞിറങ്ങിയതിനു ശേഷം അത്തരം ആഘോഷങ്ങളിലൊന്നും ആളായിനിന്നു പ്രവർത്തിയ്‌ക്കാനുള്ള അവസരം എനിയ്‌ക്കു കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ആ വാർഷികാഘോഷം വല്ലാത്ത ഉത്സാഹവും സന്തോഷവും ഒക്കെയാണ് എനിയ്‌ക്കുണ്ടാക്കിയത്. സംഘഗാനത്തിനും തിരുവാതിരയ്‌ക്കും ഒക്കെ ഞാനും പത്മരാജന്റെ ഇളയപെങ്ങൾ പത്‌മപ്രഭയും പങ്കെടുത്തിരുന്നു. പാട്ടിന്റെയും തിരുവാതിരയുടെയും ഒക്കെ പ്രാക്‌ടീസുമായി ഉത്സാഹത്തിമർപ്പാർന്ന കുറെ ദിവസങ്ങളുടെ സമാപ്‌തിയായിട്ടാണ് വാർഷികാഘോഷം വന്നെത്തിയത്.
പത്മപ്രഭയും മറ്റു രണ്ട് അംഗങ്ങളും ചേർന്ന് പ്രാർത്ഥനചൊല്ലി ആരംഭിച്ച ചടങ്ങിൽ കാഴ്‌ചക്കാരിയായി പത്മരാജന്റെ അമ്മ ഞവരയ്‌ക്കൽ ദേവകിയമ്മയും ഉണ്ടായിരുന്നു. പ്രിൻസസ്സ് വിളക്കുകൊളുത്തിയ ഉത്‌ഘാനടച്ചടങ്ങു കഴിഞ്ഞ് സെക്രട്ടറിയുടെ റിപ്പോർട്ടും അദ്ധ്യക്ഷ പ്രസംഗവും ഒക്കെ നടന്നു. ഈ സമയത്ത് ഞാൻ കലാപരിപാടികളിൽ പങ്കെടുക്കുന്നവരുടെ മേക്കപ്പും ഒരുക്കങ്ങളുമൊക്കെയായി ഗ്രീൻ റൂമിലായിരുന്നു. ആശംസാ പ്രസംഗം കഴിഞ്ഞാണ് മുഖ്യാതിഥിയായെത്തിയ മാധവിക്കുട്ടിയുടെ പ്രസംഗം. ശരിയ്‌ക്കു പറഞ്ഞാൽ അവരുടെ പ്രസംഗമാകുമ്പോഴേക്കും ഗ്രീൻ റൂമിൽനിന്നിറങ്ങണം എന്നുകരുതി ഞാൻ തിരക്കിട്ടു ഓരോന്നു ചെയ്‌തു തീർക്കുകയായിരുന്നു.
സ്‌റ്റേജിൽ ആശംസാപ്രസംഗം ആരംഭിച്ചു. ശ്രിമതി. നബീസാഉമ്മാൾ അവരുടെ സ്വതസിദ്ധമായ ശൈലിയിൽ പ്രസംഗം ആരംഭിച്ചു. മഴ പെയ്യുന്നതുപോലെ, വാചാലമായി അവർ പ്രസംഗിച്ചു കൊണ്ടിരുന്നു. അവരെന്തുപറയുന്നു എന്നതിനെക്കുറിച്ച് എനിക്കോ ഗ്രീൻ റൂമിലായിരുന്ന മറ്റംഗങ്ങൾക്കോ ശരിയായി കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് പ്രസംഗം നിലച്ചത്. ഇനിയിപ്പോൾ മാധവിക്കുട്ടിയുടെ പ്രസംഗമായിരിയ്‌ക്കും എന്നു കരുതി ഞാൻ പെട്ടെന്ന് ഗ്രീൻ റൂമിൽനിന്നിറങ്ങി ഓഡിയൻസിന്റെ ഇടയിലേയ്‌ക്കുചെന്നു. അവിടെചെന്ന് സ്‌റ്റേജിലേയ്‌ക്ക് നോക്കിയപ്പോഴാണ് അവിടെ മാധവിക്കുട്ടിയില്ല. പ്രേക്ഷകർക്കിടയിൽ ചെറിയതോതിൽ മുറുമുറുപ്പ്. എന്തോ ഒരു പന്തികേട് എനിക്കു മണത്തു. അപ്പോഴാണ് പത്‌മരാജന്റെ അമമ എന്നെ കൈകാണിച്ചു വിളിച്ചത്. ഞാൻ ഓടിച്ചെന്നപ്പോൾ ദേഷ്യം കൊണ്ട് മുഖം ചുവന്നിരിയ്‌ക്കുന്ന അമ്മയെയാണ് കണ്ടത്. കാര്യമന്വേഷിച്ചപ്പോൾ അമ്മ പറഞ്ഞു. “മാധവിക്കുട്ടി അതാ ഇറങ്ങിപ്പോയി. നിങ്ങൾ പെട്ടെന്ന് ചെന്ന് അവരെ വിളിച്ചുകൊണ്ടുവാ” എന്ന്. കാര്യമറിയാതെ പരുങ്ങിയ എന്നോട് അമ്മ പറഞ്ഞു. “ഉമ്മച്ചി എന്തൊക്കെയാ അവരെക്കുറിച്ചു പറഞ്ഞത്? വിളിച്ചു വരുത്തി അപമാനിച്ചതുപോലെയായില്ലേ? വേഗം ചെന്നു മാധവിക്കുട്ടിയോട് മാപ്പു പറഞ്ഞ് അവരെ ഇങ്ങു വിളിച്ചു കൊണ്ടുവാ” എന്ന്. ഞാനുടനെ സെക്രട്ടറി സുകുമാരിചേച്ചിയെ ചെന്നാ കണ്ട് വിവരം പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കൂടി കാറെടുത്ത് മാധവിക്കുട്ടിയുടെ വീട്ടിലോട്ടു ചെന്നു. അന്നവർ പൂജപ്പുരയിൽ ഒരു വാടകവീട്ടിലായിരുന്നു താമസം. ഞങ്ങൾ പെട്ടെന്ന് തന്നെ അവരുടെ വീട്ടിലെത്തി. മുൻവശത്തുതന്നെ ശ്രീ മാധവദാസ് നല്‌പുണ്ടായിരുന്നു. അദ്ദേഹം ആകെ പരിഭ്രമിച്ച മട്ടുണ്ട്. ഞങ്ങൾ ശ്രീമതി എവിടെ എന്നു ചോദിച്ചു. അദ്ദേഹം ഞങ്ങൾക്ക് വഴികാട്ടി.
അകത്തെ പൂജാമുറിയിൽ ശ്രീകൃഷ്‌ണന്റെ കൊച്ചുവിഗ്രഹത്തിനു മുമ്പിൽ കമിഴ്‌ന്ന് കിടന്ന് കൈകൂപ്പി അവർ തേങ്ങിക്കരയുകയായിരുന്നു. ഞാനും സുകുമാരിചേച്ചിയും എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിന്നു. ശ്രീ. മാധവദാസ് സാവധാനം അവരെ തൊട്ടു വിളിച്ച് എഴുന്നേൽപ്പിച്ചു. കരഞ്ഞു കലങ്ങിയ, ചുവന്നു തുടുത്ത മുഖവുമായി അവർ സാവധാനം എഴുന്നേറ്റു. എന്തൊരു സൗന്ദര്യം, ഞാൻ മനസ്സിൽ പറഞ്ഞു. കരയുമ്പോൾ അഴകുകൂടുമോ?
ഞങ്ങൾ സാവധാനം സ്വീകരണമുറിയിൽ വന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിയ്‌ക്കോ സുകുമാരിചേച്ചിക്കോ അറിയില്ലായിരുന്നു എന്നതാണ് സത്യം. എന്തായാലും, രണ്ടും കല്‌പിച്ച് ഞങ്ങൾ രണ്ടുപേരും മാറി മാറി മാപ്പു പറഞ്ഞു. ആദ്യത്തെ സങ്കടവും ദ്വേഷ്യവും ചൂടുമൊക്കെ ഒന്നു കുറഞ്ഞപ്പോൾ അവർ സാവധാനം സംസാരിച്ചു തുടങ്ങി. കൊഞ്ചികൊഞ്ചി. ഒരിളം കുഞ്ഞിന്റെ ഭാഷയിൽ, നമ്മുടെ ഹൃദയത്തിനുള്ളിലേയ്‌ക്ക് കയറിയിരുന്ന് അവർ പറഞ്ഞു തുടങ്ങി. എന്നെ അവർക്കു പരിചയമുണ്ടായിരുന്നില്ല. ഞാനതിനുമുമ്പൊരിക്കലും അവരെ കാണുകയോ പരിചയപ്പെടുകയോ ചെയ്‌തിരുന്നില്ല. പത്മരാജന്റെ ഭാര്യയാണെന്നറിഞ്ഞപ്പോൾ അവർക്ക് വല്ലാത്ത സന്തോഷം. പെട്ടെന്നാണ് അവരുടെ മുഖം തെളിഞ്ഞത്. എല്ലാം മറന്ന് അവർ ഞങ്ങളോട് വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോൾ അടുത്തു തന്നെ വീണ്ടും കാണാമെന്ന് വാക്കു പറഞ്ഞ് സുകുമാരിചേച്ചിയും ഞാനും ഇറങ്ങി. ഞങ്ങൾ മഹിളാമന്ദിരത്തിൽ തിരിച്ചെത്തുമ്പോഴും നബീസാ ഉമ്മാൾ പ്രസംഗിച്ചുകൊണ്ടിരുന്നു. എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ മനസ്സിലാക്കാതെ തന്നെ ബാക്കി കലാപരിപാടികളുമായി ഒമ്പതുമണിയ്‌ക്കു മുമ്പായി ഞങ്ങളുടെ വാർഷികാഘോഷം സമാപിച്ചു.
വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് നടന്ന കാര്യങ്ങളെക്കുറിച്ച് അമ്മ ഞങ്ങളോടു പറയുന്നത്. നബീസാ ഉമ്മാളുടെ പ്രസംഗം തുടക്കത്തിൽ നിന്നും നേരെ മാധവിക്കുട്ടിയുടെ ‘എന്റെ കഥയി’ലേയ്‌ക്ക് വഴിമാറിയിരുന്നു. അവർ പറഞ്ഞ് കാടുകയറി. ‘അഭിസാരിക’ എന്ന വാക്ക് ഉപയോഗിയ്‌ക്കാതെ തന്നെ മാധവിക്കുട്ടിയുടെ ജീവിതം അത്തരത്തിലാണ് എന്ന രീതിയിലേക്ക് പ്രസംഗം നീങ്ങി. വനിതാ സമിതിയേയോ, അതിന്റെ പ്രവർത്തനങ്ങളേയോ കുറിച്ച് ഒരറ്റയക്ഷരം പറയാതെ, മാധവിക്കുട്ടിയുടെ ‘ എന്റെ കഥയെ’ കുറിച്ചുള്ള പരുഷമായ ഒരു വിമർശനമായി അവരുടെ പ്രസംഗം മാറുകയായിരുന്നു. കേട്ടിരുന്ന പത്മരാജന്റെ അമ്മയ്‌ക്ക് ചോര തിളയ്‌ക്കുകയായിരുന്നു. കഥയെ വിമർശിയ്‌ക്കാനല്ലല്ലോ അവരെ ക്ഷണിച്ചു വരുത്തിയത്, വനിതാ സമിതിയ്‌ക്ക് ആശംസ അർപ്പിക്കാനാണല്ലോ എന്നായിരുന്നു അമ്മയുടെ വാദം. അമ്മയാണെങ്കിൽ മാധവിക്കുട്ടിയുടെ എല്ലാകഥകളും വായിക്കുന്ന ആൾ. ‘എന്റെ കഥ’ മലയാളനാട് പത്രത്തിൽ പ്രസിദ്ധീകരിയ്‌ക്കുമ്പോൾ തുടർച്ചയായി അമ്മ വായിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. അങ്ങിനെയൊക്കെ എഴുതണമായിരുന്നോ എന്ന് അമ്മ മകനോട് ചർച്ച ചെയ്‌തിട്ടുണ്ട്. പക്ഷേ, ഈ സംഭവം അതുപോലെയല്ലല്ലോ. എന്തു കാര്യവും എവിടെ വച്ച്, എങ്ങനെ പറയണം എന്ന ബോധം പ്രസംഗിക്കുന്നയാൾക്ക് ഉണ്ടായിരിക്കണം, സന്ദർഭോചിതമായി സംസാരിക്കണം. എന്നാണ് അന്ന് അമ്മ പറഞ്ഞത്.
വർഷങ്ങൾ ഇരുപത്തിയൊമ്പതു കഴിഞ്ഞു. ഇതിനിടയിൽ വളരെ കുറച്ചു പ്രാവശ്യം മാത്രമേ മാധവിക്കുട്ടിയെ നേരിൽ കാണാൻ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. അവരെക്കുറിച്ച് മറ്റൊരു ഓർമ്മയുള്ളത് എന്നെ വിഷമിപ്പിച്ച ഒന്നായിരുന്നു. അവരൊരിയ്‌ക്കർ സ്വതന്ത്ര സ്‌ഥാനാർത്ഥിയായി നിയമസഭാ ഇലക്‌ഷനു നിന്നു. പത്മരാജനും, പത്മപ്രഭയുമൊക്കെയായി ഞങ്ങൾ തിരുമല ഭാഗത്തു നിന്ന് പൂജപ്പുരയ്‌ക്ക് കാറിൽ വരികയായിരുന്നു. കറുത്ത സാരിയുടുത്ത് അഞ്ചെട്ടു പത്ത് പുരുഷന്മാരോടൊത്ത് ദൂരെ നിന്ന് ഒരു സുന്ദരി നടന്നു വരുന്നത് ചെങ്കള്ളൂർ മുക്കെത്തിയപ്പോൾ ഞങ്ങൾ കണ്ടു. അവരുടെ സൗന്ദര്യം കണ്ടാണ് ഞാനും പ്രഭയും ശ്രദ്ധിച്ചത് അതു മാധിക്കുട്ടിയാണെന്ന് കാറിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. പത്മരാജനെ നോക്കി അവർ കൈവീശി. ‘അവർക്ക് വല്ല ആവശ്യവുമുണ്ടോ ഇലക്ഷന് നിന്നിട്ട്, എന്ന് പത്മരാജൻ ആത്മഗതം ചെയ്യുന്നത്, ഞാൻ കേട്ടു. ഏതായാലും ഇലക്ഷന്റെ ഫലമറിഞ്ഞപ്പോൾ അവർക്ക് കെട്ടിവച്ച പണം പോലും നഷ്‌ടപ്പെട്ടിരുന്നു എന്നാണ് എന്റെ ഓർമ്മ. മാധവിക്കുട്ടി എന്ന എഴുത്തുകാരിക്ക് അവരുടെ സുന്ദരമായ ഭാഷയും, അനുഭവങ്ങളും, ലോകത്തെ മുഴുവൻ കാൽക്കീഴിൽ നിർത്താൻ തക്കവണ്ണമുള്ള ശൈലിയും കൈമുതലായുള്ളപ്പോൾ, ഇതൊന്നും ആവശ്യമില്ലാത്ത രാഷ്‌ട്രീയക്കാരുടെ ഇടയിൽ ചെന്നു ചാടേണ്ട ഒരാവശ്യവുമില്ലായിരുന്നല്ലോ എന്ന് ഞങ്ങൾ വേദനിച്ചു.
പൂജപ്പുരയിൽ നിന്നും താമസം മാറി, കുറവംകോണത്ത് ’ വിക്രമപുരം ഹിൽസ്‘ എന്ന, നടുമുറ്റവും അങ്കണവുമുള്ള പഴയ നാലുകെട്ടിൽ താമസിച്ചിരുന്ന സമയത്ത് പത്മരാജനോടൊപ്പം ഒരിയ്‌ക്കൽ ഞാനവരുടെ വീട്ടിൽ ചെന്നിട്ടുണ്ട്. എന്തു രസമായിരുന്നു അവരുടെ വർത്തമാനം കേൾക്കാൻ! സംസാരിയ്‌ക്കുമ്പോൾ അവരൊരിക്കലും ഒരു സാഹിത്യകാരിയായിരുന്നില്ല. നിഷ്‌കളങ്കയായ, തുമ്പിയുടെയും, പാപ്പാത്തിയുടെയും പുറകിൽ ഓടി നടക്കുന്ന ഒരു കൊച്ചുകുഞ്ഞിനെയാണ് പലപ്പോഴും അവരെന്നെ ഓർമ്മിപ്പിച്ചത്.
Children’s film society യുടെ അദ്ധ്യക്ഷയായിരിയ്‌ക്കുമ്പോൾ കുഞ്ഞുങ്ങൾക്കായി ഒരു പടം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളുമായി ഇടയ്‌ക്കിടയ്‌ക്ക് അവർ പത്മരാജനെകണ്ടിരുന്നു. പക്ഷേ, ഒന്നുമൊന്നും ആകാതെ ആ ചർച്ചകൾ അവസാനിച്ചു. മാധവിക്കുട്ടിയുടെ ’അവസാനത്തെ അതിഥി‘ സിനിമയാക്കണം എന്ന് പത്മരാജൻ ആഗ്രഹിച്ചിരുന്നതാണ്. അതു നടക്കുന്നതിനുമുമ്പ് അദ്ദേഹം യാത്ര പറഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം ഞാനവരെ ഒരേ ഒരു പ്രാവശ്യമേകണ്ടിട്ടുള്ളു. വർഷന്തോറും അദ്ദേഹത്തിന്റെ പേരിൽ കൊടുക്കുന്ന അവാർഡിനായി ജൂറി അംഗങ്ങൾ കാണാൻ പടങ്ങളുടെ ഒരു സ്‌ക്രീനിങ്ങ് ഉണ്ടാവാറുണ്ട്. ഒരിയ്‌ക്കൽ മാധവിക്കുട്ടിയും ഒരു ജൂറി അംഗമായിരുന്നു. അന്ന് പടം കാണാൻ ഞാനും മക്കളും ചെന്നിരുന്നു. സ്‌ക്രീനിംങ്ങ് കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലിലേയ്‌ക്ക് അവരെ കൊണ്ടുവിട്ടത് ഞാനും മക്കളും കൂടെയാണ്. ഞാൻ അവസാനമായി അവരെ കണ്ടതും അന്നാണ്. വല്ലാത്തൊരു സ്‌നേഹത്തിന്റെ തണുപ്പു നല്‌കികൊണ്ട് അവരെന്നും എന്റെ മനസ്സിലുണ്ട്. അവർ ’കമലാസുരയ്യ‘യായി മാറിയപ്പോൾ ഒരുപാടുകൂട്ടുകാരും പരിചയക്കാരും അവർ കാണിച്ചതു ശരിയായില്ല എന്നു പറഞ്ഞ് എന്നോടു തർക്കിച്ചിട്ടുണ്ട്. അവരോടൊക്കെ എനിയ്‌ക്കൊരുകാര്യമേ പറയാനുണ്ടായിരുന്നുള്ളു. അവരുടെ ജാതി നമ്മളെന്തിന് അന്വേഷിയ്‌ക്കണം? അവരെഴുതുന്നതുവായിച്ചാൽ പോരെ? അവരെപ്പോലെ ഒരു എഴുത്തുകാരിയെ ഞാനിതുവരെ വായിച്ചിട്ടില്ല. അതുപോലെ തന്നെ അവരെപ്പോലെ മനസ്സുനിറയെ സ്‌നേഹം മാത്രമുള്ള വോറൊരു സ്‌ത്രീയേയും ഞാൻ കണ്ടിട്ടുമില്ല. ഏതു ജാതിയായാലും അവർ സ്‌ത്രീയുടെ എല്ലാ മാനസിക വ്യാപാരങ്ങളും, പൂർണ്ണമായിട്ടറിയാമായിരുന്ന ഒളിവുകളില്ലാതെ അതുതുറന്നെഴുതുവാൻ ചങ്കൂറ്റമുള്ള ഒരു സമ്പൂർണ്ണപവനിതയായിരുന്നു. സാധാരണസ്‌ത്രീകൾക്ക് എത്തിപ്പറ്റാൻ വളരെ പ്രയാസമുള്ളത്രയും ഉയരത്തിൽ അതിമനോഹരമായ ഒരു രത്‌നസിംഹാസനം തീർത്ത്, അതിലിരുന്ന് സ്വന്തം സഹോദരിമാരുടെ ഉള്ളും സ്വഭാവവും പൂർണ്ണമായി മനസ്സിലാക്കി രേഖപ്പെടുത്താൻ കഴിവുള്ള സമാനതകളില്ലാത്ത ഒരു എഴുത്തുകാരി.
കുറച്ചു മാസങ്ങൾക്കുമുമ്പ് ശ്രീമതി. പാർവ്വതി പവനനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ പൂനയിൽ പ്രഭാനാരായണപിള്ളയോടൊപ്പം ചെന്നു മാധവിക്കുട്ടിയെ കണ്ടകഥ എന്നോടു പറഞ്ഞു. കേട്ടപ്പോൾ വിഷമം തോന്നി. ഒരു ഫ്‌ളാറ്റിലെകൊച്ചുമുറിയിൽ, തനിക്കിഷ്‌ടപ്പെട്ടതൊന്നും ചെയ്യാനാവാതെ, മനസ്സുതുറന്ന് ഒന്നു സംസാരിയ്‌ക്കുവാൻ കൂടി കഴിയാതെ ആരോരുമില്ലാത്ത ഒരു തടവുകാരിയെപ്പോലെയുള്ള ആ കിടപ്പിനെപ്പറ്റി പറയുമ്പോൾ പാർവ്വതിച്ചേച്ചിയുടെ ശബ്‌ദം പതറുന്നുണ്ടായിരുന്നു. നാലഞ്ചു മാസങ്ങൾക്കുമുമ്പ് ഞാൻ ബാംഗ്‌ളൂരായിരുന്ന സമയത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അമ്മുക്കാശ് ഒരുച്ചയ്‌ക്ക് മദ്രാസ്സിൽ നിന്ന് എന്നെ ഫോണിൽ വിളിച്ചു. മാധവിക്കുട്ടിയുടെ ബാല്യകാലത്തെക്കുറിച്ച് ഏതോചാനലിൽ വന്നുകൊണ്ടിരുന്ന ഒരു സീരിയൽ കണ്ടിട്ടാണ് വിളിച്ചത്. അവരുടെ കൂട്ടിക്കാലം കണ്ടപ്പോൾ എന്നെ വിളിയ്‌ക്കണമെന്നു തോന്നി എന്നു പറഞ്ഞാണ് വിളിച്ചത്.
എന്റെ മകൾ മാധവിക്കുട്ടിയ്‌ക്ക് ശ്രീ. ഒ.എൻ.വി.കുറുപ്പുസാറ് വിവാഹസമ്മാനമായി കൊടുത്ത പുസ്‌തകങ്ങളുടെ കൂട്ടത്തിൽ മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരവും ഉണ്ടായിരുന്നു. നേരത്തെ തന്നെ ഇവിടെ ഈ പുസ്‌തകം ഉണ്ടായിരുന്നു. ഞാനതുമുഴുവൻ പലവട്ടം വായിച്ചതുമാണ്. എന്നിട്ടും മകളോടൊപ്പം മംഗലാപുരത്തുണ്ടായിരുന്ന ദിവസങ്ങളിൽ ഞാനത് വീണ്ടും വായിച്ചുതീർത്തു – എത്രതരം സ്‌ത്രീകളാണ് അവരുടെ പേനത്തുമ്പിൽ! അവരെപ്പോലെ ഇത്ര ലളിതമായി എഴുതുന്ന മറ്റൊരെഴുത്തുകാരി ഇനി എന്നാണ് മലയാളത്തിനുണ്ടാവുക.?
ആകാശവാണിസ്‌റ്റേഷൻ ഡയറക്‌ടറായിരുന്ന അന്തരിച്ച ഇ.എം.ജെ. വെണ്ണിയൂർ പത്മരാജനോട് ഒരിയ്‌ക്കൽ ചോദിച്ചു. നിങ്ങളുടെ കുഞ്ഞിന് എന്തുപേരിട്ടു? എന്ന്. ഞങ്ങളുടെ മകൾ ജനിച്ചസമയത്തായിരുന്നു. ’മാധവിക്കുട്ടി‘ എന്ന പേരുകേട്ടപ്പോൾ ഒരു പുഞ്ചരിയോടെ ഇ.എം.ജെ.പറഞ്ഞു. ’നമ്മുടെ കഥാകാരിയുടെ പേര് അല്ലേ?‘ എന്ന്. അതെന്റെ ഭാര്യയുടെ മുത്തശ്ശിയുടെ പേരാണ്’ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും, അതിൽ ചെറിയ ഒരു കള്ളമില്ലേ എന്ന് ഞാൻ സ്വയം ചോദിയ്‌ക്കാറുണ്ട്. എന്തെന്നാൽ ആ പേരിനോടും, ആ പേരുള്ള എഴുത്തുകാരിയോടും അദ്ദേഹത്തിന് വല്ലാത്തൊരു ആരാധനയും സ്‌നേഹവും ഉണ്ടായിരുന്നു എന്നത് സത്യമാണ്.
ഇന്നിപ്പോൾ ഇ.എം.ജെ.യില്ല, പത്മരാജനില്ല, സേതുരാമചന്ദ്രൻ നായരും സുകുമാരിച്ചേച്ചിയുമില്ല, കമലാസുരയ്യയും ഇല്ല. പക്ഷേ, ‘മാധവിക്കുട്ടി’ എന്ന സാഹിത്യകാരിയ്‌ക്ക് മലയാളഭാഷ ഉള്ളിടത്തോളം കാലം മരണമില്ല – വായനക്കാരുടെ മനസ്സുകളിൽ ഒരു കിളിക്കൊഞ്ചലായി അവരെന്നുമെന്നും ജീവിയ്‌ക്കും.
Generated from archived content: essay6_jun11_09.html Author: radhalakshmi_padmarajan