“സതേൺ കാലിഫോർണിയ….. പ്രശസ്‌തമായ ഹോളിവുഡ്. ഓറഞ്ചുവൃക്ഷങ്ങൾ നിരന്നുനില്‌ക്കുന്ന വിശാലവീഥികൾ; സുപ്രസിദ്ധമായ റോസ് ബൗൾ സ്‌റ്റേഡിയം…….. ലാജോളായിലെ കൊടിമുടികളിൽ കടലിനു മുകളിലേക്ക് തള്ളിനില്‌ക്കുന്ന വീടുകളിലൊന്നിൽ വച്ച്……….. അവൾ പറഞ്ഞതു സത്യമായിരുന്നു. ലോല അന്നുവരെ ഒരു കന്യകയായിരുന്നു. രാവിലെ തമ്മിൽ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്കു വിടതരിക……”
ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിൽ തന്റെ ഇരുപതാം വയസിൽ ‘കൗമുദി’യിൽ അച്ചടിച്ചുവന്ന ‘ലോലമിൽഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്’ എന്ന ഈ കഥയുമായാണ് പത്മരാജൻ സാഹിത്യലോകത്ത് കാലെടുത്തു വയ്‌ക്കുന്നത്. അമേരിക്കയിൽ ഒരിക്കൽ പോലും പോയിട്ടില്ലാത്ത ഒരാളുടെ രചനയാണിതെന്നു വിശ്വസിക്കാൻ പലരും തയ്യാറായില്ല. കഥ പ്രസിദ്ധീകരിച്ചുകഴിഞ്ഞ് കൗമുദി ഓഫീസിൽ അദ്ദേഹത്തിന്റെ പേരിൽ വന്ന കത്തുകളിൽ പലതിലും, ‘എന്തിന് ലോലയെ അമേരിക്കയിൽ വിട്ടിട്ടുപോന്നു, കൂടെ കൊണ്ടുപോരാമായിരുന്നില്ലേ…..’ എന്ന ചോദ്യം ഉണ്ടായിരുന്നു.
ഒരു പ്രേമകഥയിൽ ആരംഭിച്ച് വേറൊരു പ്രേമകഥയിൽ അവസാനിച്ച കഥാലോകം.
സാഹിത്യലോകത്തുനിന്നു സിനിമയിലേക്കു കടക്കാൻ വീണ്ടും ഒരു പതിറ്റാണ്ടോളം വേണ്ടിവന്നു. ആയിരത്തിതൊള്ളായിരത്തി എഴുപത്തിയഞ്ചിലാണ് അദ്ദേഹം തിരക്കഥ എഴുതിയ പ്രയാണം റിലീസാവുന്നത്. ഭരതന്റെ കഥയ്‌ക്കു തിരക്കഥ തയ്യാറാക്കുമ്പോൾ തികച്ചും പച്ചയായ ജീവിതം കറുപ്പിലും വെളുപ്പിലും വർണപ്പൊലിമയില്ലാതെ അവതരിപ്പിക്കാനാണു ശ്രമിച്ചത്.
പിൽക്കാലത്ത്, സിനിമയാക്കേണ്ട കഥകളെക്കുറിച്ചൊക്കെ സംസാരിക്കുന്നതിനിടയ്‌ക്ക് പലപ്പോഴും അദ്ദേഹം പറയുമായിരുന്ന ഒരു സംഗതിയുണ്ട്-മനുഷ്യർക്ക് ഒരിക്കലും വെറുപ്പുതോന്നാത്ത, യൂണിവേഴ്‌സൽ ആയ, ഏക വിഷയം എന്നും പ്രേമം മാത്രമാണെന്ന്. തലമുറകൾ തോറും ആവർത്തിച്ചാവർത്തിച്ചു പറയപ്പെടുന്ന പ്രേമകഥകൾ. പൊതുജനങ്ങളെ ഏറ്റവുമധികം ആകർഷിച്ച സിനിമകൾ പരിശോധിച്ചാൽ ഈ യാഥാർഥ്യം നമുക്കു ബോധ്യമാകും. ഒരു നായകൻ, നായിക, വില്ലൻ പിന്നെ കുറച്ച് സെന്റിമെന്റ്‌സും ഇത്രയുമുണ്ടെങ്കിൽ കുറെ അധികം വർണങ്ങളിൽ ചാലിച്ചെടുത്ത് ഒരു സിനിമാക്കഥയുണ്ടാക്കാം എന്നദ്ദേഹം പറയുമായിരുന്നു. സ്വയം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌ത എല്ലാ പടങ്ങളിലും ഒരു അന്തർധാരയായി പ്രേമം ഉണ്ടായിരുന്നു.
കെ.കെ.സുധാകരന്റെ ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം’ എന്ന മൂലകഥയിൽ നിന്നുള്ള വളർച്ചയായിരുന്നു. ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’, ‘സോളമന്റെ ഗീതകങ്ങളിൽ’ നിന്നെടുത്ത കവിതാശകലങ്ങളാണ് ആ സിനിമയുടെ ജീവൻ. ജീവിതത്തിന്റെ നറുംഛായ ചിത്രങ്ങളായിരുന്ന ‘പെരുവഴിയമ്പല’വും ‘ഒരിടത്തൊരു ഫയൽവാനും’ ‘ബോക്‌സാഫിസിൽ സ്വീകരിക്കപ്പെടാതെ പോയപ്പോൾ, തികഞ്ഞ വർണപ്പൊലിമയോടെ പുറത്തിറക്കിയ ’കൂടെവിടെ‘യും ’ഇന്നലെ‘യും ഒക്കെ ജനങ്ങൾക്കു ഹരമായി.
ഒരുപാടു സ്‌ത്രീകളും കുഞ്ഞുങ്ങളും ഒക്കെയുള്ള ചുറ്റുപാടിൽ ജനിച്ചുവളർന്നതുകൊണ്ടാവാം, അദ്ദേഹത്തിന്റെ സിനിമകളിൽ വ്യത്യസ്‌ത സ്വഭാവക്കാരായ നിരവധി സ്‌ത്രീകളുടെ മുഖങ്ങൾ തെളിഞ്ഞു വന്നത്.
വിവാഹത്തിനൊക്കെ മുമ്പ് അദ്ദേഹം എനിക്കയച്ചിരുന്ന പല കത്തുകളിൽ നിന്നും ഭാവനാപൂർണമായ ആ മനസ് ഞാൻ വായിച്ചിരുന്നു. ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചപ്പോൾ ആ കാല്‌പനികലോകം കൂടുതൽ വ്യക്തമായി ഞാനറിഞ്ഞുതുടങ്ങി.
സ്വപ്‌നങ്ങളുടെ കൂട്ടുകാരൻ
എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ വിചിത്രങ്ങളായ സ്വപ്‌നങ്ങളായിരുന്നു. അതികാലത്തുണരുന്ന ശീലക്കാരൻ. ഞാനാണെങ്കിൽ നേരേ മറിച്ചും. പലപ്പോഴും എന്നെ വിളിച്ചുണർത്തി പറഞ്ഞുതുടങ്ങും. ഞാനിന്നലെ ഒരു സ്വപ്‌നം കണ്ടു….. കണ്ട സ്വപ്‌നത്തെക്കുറിച്ചു ഞാനങ്ങോട്ടും പറയും. എന്റെ ചേച്ചിയുടെ മോന്റെ കുസൃതികൾ, കോളജിലെ കൂട്ടുകാർ, വേളിബോൾ കോർട്ട് കളികൾ ഇതൊക്കെയായിരുന്നു എന്നും എന്റെ സ്വപ്‌നലോകം. പക്ഷേ, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ തികച്ചും വ്യത്യസ്‌തങ്ങളായിരുന്നു. എല്ലാം ഓരോ കഥയാക്കി മാറ്റാവുന്ന സംഭവങ്ങൾ. മിക്ക സ്വപ്‌നങ്ങൾക്കും അത്ഭുതകരമായ കണ്ടിന്യൂറ്റീയും!
കഥാപാത്രങ്ങളെല്ലാം രാജകുമാരന്മാർ, വലിയ വലിയ കോട്ടകൾ, കൊത്തളങ്ങൾ, കൊട്ടാരഎടുപ്പുകൾ, സാമ്രാജ്യങ്ങൾ, യുദ്ധങ്ങൾ….. അങ്ങനെയങ്ങനെ. ഇത്തരം ഒരു സ്വപ്‌നം കണ്ടതിന്റെ അടുത്ത നാളുകളിലെന്നോ ആണ് ’വിക്രമകാളീശ്വരം‘ എഴുതുന്നത്. ഒരു നോവലെഴുതണമെന്ന തൃഷ്‌ണയുമായി കഴിയുന്ന സമയത്തൊരു രാത്രിയിൽ എന്നെ വിളിച്ചുണർത്തി ശിലയായി മാറുന്ന ഒരു മനുഷ്യനെ സ്വപ്‌നത്തിൽ കണ്ടകാര്യം പറഞ്ഞു. മദ്രാസിലെ ഗോൾഡൻ ബീച്ചിൽ ഞങ്ങളൊരുമിച്ചു പോയതിന്റെ അടുത്ത നാളുകളിലെങ്ങോ ആയിരുന്നുന്നത്. അതോടെ ’പ്രതിമയും രാജകുമാരിയും‘ എന്ന നോവലിന് തുടക്കമായി. ലോകത്തെ മുഴുവൻ വഞ്ചിക്കാൻ കഴിവുള്ള വിശ്വസുന്ദരിയായ രാജകുമാരിയെ അദ്ദേഹം ആ നോവലിൽ അവതരിപ്പിച്ചു.
അന്ത്യം വരേയ്‌ക്കും തുടർന്ന ഈ സ്വപ്‌നലോകത്തെക്കുറിച്ച് അദ്ദേഹത്തിന്റെതായ ഒരു കണ്ടെത്തലുണ്ടായിരുന്നു. ഒരുപക്ഷേ, കഴിഞ്ഞ ജന്മം ഞാനൊരു രാജകുമാരനായിരുന്നിരിക്കാം.
പണ്ട് ഞങ്ങളുടെ കല്യാണം കഴിഞ്ഞു പൂജപ്പുരയിൽ താമസമാക്കിയ കാലത്ത്, ആകാശവാണിയിലെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവുകിട്ടുന്ന സന്ധ്യാവേളകളിൽ വാടകവീടിന്റെ ടെറസിൽ ചെന്നുകിടന്ന് നക്ഷത്രങ്ങളെ നോക്കി രസിക്കുന്ന ഒരു പതിവുണ്ടായിരുന്നു ഞങ്ങൾക്ക്. ആകാശവും നക്ഷത്രങ്ങളും സമുദ്രവും ഞങ്ങൾക്കെന്നും ഒരത്ഭുതവും ആവേശവും ആയിരുന്നിട്ടുണ്ട്.
അന്നു പലപ്പോഴും ഞങ്ങളോടൊപ്പം അദ്ദേഹത്തിന്റെ അനന്തിരവൻ ചന്ദ്രനും കൂടും.
ആകാശത്തിലേക്ക് സ്വയം വിക്ഷേപിച്ച് പറന്നകലാൻ കഴിയുന്ന ഒരു കാലത്തെക്കുറിച്ച് ഞങ്ങൾ വിഭാവനം ചെയ്യും. ആകാശം നിറയെ ചിറകില്ലാതെ പറക്കുന്ന മനുഷ്യർ. വെളിച്ചവും വഴികാട്ടികളുമായി ചന്ദ്രനും നക്ഷത്രങ്ങളും….. അങ്ങിനെയങ്ങനെ കാടുകയറുന്ന ഒരുപാടൊരുപാടു ചിന്തകൾ….. അറിയാത്ത മേഖലകൾ ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത മറ്റു ലോകങ്ങൾ, യക്ഷഗന്ധർവകിന്നരന്മാർ, യക്ഷികളും പ്രേതങ്ങളും എല്ലാമെല്ലാം ഞങ്ങളുടെ സംസാരത്തിനിടയ്‌ക്കു കയറിവരും.
കാല്‌പനികലോകത്തു യഥേഷ്‌ടം പറന്നുകളിച്ചിരുന്നൊരു കാലം. ഗന്ധർവൻ കൂടിയേറിയ മനസുമായി പിന്നീട് അദ്ദേഹം ഒരു പാടുനാളുകൾ തള്ളിനീക്കി.
എന്നും ഭാവനയുടെ ലോകത്തു നീന്തിത്തുടിച്ചിരുന്ന ഒരു ജന്മമായിരുന്നു അദ്ദേഹത്തിന്റേത്. കാണാമറയത്തുള്ള കാര്യങ്ങൾ ഒരു ചോദ്യചിഹ്‌നമായി എന്നും അദ്ദേഹത്തെ ശല്യം ചെയ്‌തുകൊണ്ടിരുന്നു.
ഇന്നിപ്പോൾ ഏകാന്തമായ സന്ധ്യകളിൽ മുറ്റത്ത് കസേരയിട്ടിരിക്കുമ്പോഴും, അയലത്തുള്ള പെങ്ങളുടെ വീടിന്റെ ടെറസിൽ കയറിനിന്ന് രാത്രിവേളകളിൽ ആകാശത്ത് ’ഹെയിൽ ബോപ്പി‘നെ അന്വേഷിക്കുമ്പോഴും, ആരോരുമറിയാതെ ഞാൻ തിരയുന്നു, ചിറകില്ലാതെ പറന്നുവരുന്ന ഒരു ഗഗനചാരി നക്ഷത്രങ്ങൾക്കിടയിലൂടെ ഊളിയിട്ട് ഭൂമി ലക്ഷ്യമാക്കി എങ്ങാനും നീങ്ങുന്നുണ്ടോ?
(കടപ്പാട് ഃ വനിത)
Generated from archived content: essay1_jan20_10.html Author: radhalakshmi_padmarajan