നാദം നിലച്ച ഓടക്കുഴൽ

കുറച്ചു ദിവസങ്ങളായി വിചാരിയ്‌ക്കുന്നു, എം.ജി. രാധാകൃഷ്‌ണനെ ഒന്നു ചെന്നു കാണണം എന്ന്‌. രാധാകൃഷ്‌ണൻ സുഖമില്ലാതെ ആശുപത്രിയും വീടുമായി കഴിയാൻ തുടങ്ങിയിട്ട്‌ മൂന്നു നാലു വർഷങ്ങളാകുന്നു. ഇടയ്‌ക്ക്‌ രണ്ടുമൂന്നു പ്രാവശ്യം തമ്മിൽ കണ്ടിരുന്നെങ്കിലും ‘മേട’യിൽ ഞാൻ അവസാനം ചെന്നത്‌ രാധാകൃഷ്‌ണന്റെ അമ്മയുടെ സഞ്ചയനത്തിനാണ്‌. ജനനവും, മരണവും, അസുഖവും എല്ലാം അന്വേഷിച്ചു ചെല്ലാനും, ബന്ധങ്ങൾ ഊട്ടി ഉറപ്പിയ്‌ക്കാനും ഒക്കെ പത്തുമുപ്പതു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ഉത്സാഹവും ഊർജ്ജവും ഒക്കെ കുറേശ്ശെയായി കൈമോശം വന്നു കൊണ്ടിരിയ്‌ക്കുന്നത്‌ ഞാനിന്നറിയുന്നു. പഴയതു പോലെ എല്ലായിടത്തും ചെന്നത്താൻ കഴിയുന്നില്ല. ഏതായാലും ഈ ജൂൺ ഇരുപത്തിനാലിന്‌ ഞാനും മകൻ പപ്പനുംകൂടെ വേണ്ടപ്പെട്ടവരെയൊക്കെ ഒന്നു കണ്ടുവരാനായി ഇറങ്ങി. ഒന്നു രണ്ടു ബന്ധുവീടുകളിൽ കയറിയതിനുശേഷമാണ്‌ ഞങ്ങൾ ‘മേട’യിൽ എത്തിയത്‌. രാധാകൃഷ്‌ണനെ അവസാനം കണ്ടത്‌ തിരുവനന്തപുരം വിമൻസ്‌ കോളേജിലെ ഒ.എസ്‌.എ യുടെ വാർഷികദിനത്തിന്‌ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു. അന്ന്‌, ഒട്ടും വയ്യാത്ത രാധാകൃഷ്‌ണന്റെ കൈയ്യും പിടിച്ച്‌ ഭാര്യ പത്മജ പടികയറി ഹാളിലേയ്‌ക്കു കടന്നുവരുന്നതു കണ്ടപ്പോൾ പെട്ടെന്ന്‌ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. എന്തു ചൊറുചൊറുക്കും ചൊടിയും ഉണ്ടായിരുന്ന മനുഷ്യനാണ്‌!

‘മേടയിൽ ഞാനും മോനും കൂടി കയറിചെന്നപ്പോൾ അവിടെ പത്മജയുടെ ഇരട്ടസഹോദരിയായ ഗിരിജയും കുഞ്ഞുങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ’ചേട്ടൻ ഹോസ്‌പിറ്റലിൽ ആണ്‌‘ എന്ന്‌ ഗിരിജ പറഞ്ഞപ്പോൾ, എന്നാൽ ഹോസ്‌പിറ്റലിൽ ചെന്ന്‌ രാധാകൃഷ്‌ണനെ കണ്ടേക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു.

കോസ്‌മോ പൊളിറ്റൻ ഹോസ്‌പിറ്റലിലെ മുറിയിൽ പത്മജയും ഓമനക്കുട്ടിയും, രാധാകൃഷ്‌ണന്റെ മകൾ കാർത്തികയും. രാധാകൃഷ്‌ണൻ ഐ.സി.യുവിൽ ആയിരുന്നു. കുറച്ചു നേരമിരുന്നപ്പോൾ പത്മജ കഴിഞ്ഞ വർഷങ്ങളിലെ ദുരിതങ്ങളിലേയ്‌ക്ക്‌ മനസ്സു തുറന്നു. ’ഇന്നിപ്പോൾ ഞാനെന്തു വാർത്തയും കേൾക്കാൻ തയ്യാറായിട്ടിരിപ്പാണ്‌;‘ എന്നു പത്മജ പറയുമ്പോൾ, കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു. കുറേശ്ശെ കുറേശ്ശെയായി മരിച്ചുകൊണ്ടിരിയ്‌ക്കുന്ന ഭർത്താവിനെക്കുറിച്ച്‌, സ്‌നേഹവതിയായ ആ ഭാര്യയ്‌ക്ക്‌ കണ്ണുതുളുമ്പാതെ എങ്ങനെ സംസാരിയ്‌ക്കാനൊക്കും? അധികം കഷ്‌ടപ്പെടുത്താതെ കൊണ്ടുപോകണേ എന്നൊരു പ്രാർത്ഥന ആ മനസ്സിൽ ഉണ്ടായിരുന്നിരിയ്‌ക്കാം.

പത്മജ എന്നെയും മകനെയും രാധാകൃഷ്‌ണൻ കിടക്കുന്നിടത്തേയ്‌ക്ക്‌ കൊണ്ടുപോയി. കോസ്‌മോയുടെ ഐ.സി.യു എന്ന ചില്ലുമുറിയിൽ, ശരീരത്തിന്റെ പലഭാഗങ്ങളിലും വയറുകളും ട്യൂബും ഒക്കെയായി കിടക്കുന്ന രാധാകൃഷ്‌ണനെ അധികനേരം നോക്കി നില്‌ക്കാൻ എനിയ്‌ക്കു കഴിഞ്ഞില്ല. പത്മജ മുറിയ്‌ക്കകത്തോട്ടു കയറി, രാധാകൃഷ്‌ണനോട്‌ ഞങ്ങൾ വന്നിരിയ്‌ക്കുന്നവിവരം പറഞ്ഞ്‌​‍്‌, ആ തലയൊന്ന്‌ സാവധാനം ഞങ്ങൾക്കു നേരെ തിരിച്ചു. പപ്പന്റെ മുഖത്ത്‌ ഒന്നോ രണ്ടോ സെക്കന്റ്‌ നേരം ആ കണ്ണുകൾ തങ്ങിയതായും, ആ തലയൊന്ന്‌ ചെറുതായിട്ട്‌ അനങ്ങിയതായും എനിയ്‌ക്കുതോന്നി. സ്വയം നിയന്ത്രിയ്‌ക്കാനാവാതെ ആ മുറിയ്‌ക്കു പുറത്തേയ്‌ക്ക്‌ ഞാൻ പെട്ടെന്നിറങ്ങി, പുറത്തുനിന്ന്‌ ആരും കാണാതെ തേങ്ങി. പപ്പൻ അപ്പോഴും അവിടെത്തന്നെ നിന്നതേയുള്ളു. അവന്റെ രാധാകൃഷ്‌ണൻ മാമാൻ അവനെ തിരിച്ചറിഞ്ഞോ? അറിഞ്ഞെന്നാണ്‌ അവൻ അവകാശപ്പെടുന്നത്‌. അധികം താമസിയാതെ ഞങ്ങൾ അവിടെനിന്നിറങ്ങി. പുറത്ത്‌ ഭയങ്കരമഴ. ആശുപത്രിയിൽ നിന്ന്‌ പുറത്തുനിറുത്തിയിരുന്ന കാറിലേയ്‌ക്ക്‌ കയറുന്നതിനിടയ്‌ക്ക്‌ മുഴുവൻ നനഞ്ഞു. പക്ഷേ, എനിയ്‌ക്കു തണുത്തില്ല. മനസ്സുമുഴുവൻ ചുട്ടുപഴുക്കുകയായിരുന്നു. സത്യം പറഞ്ഞാൽ രാധാകൃഷ്‌ണന്റെ ആ കിടപ്പു കണ്ടപ്പോൾ പെട്ടെന്നു തോന്നിയത്‌, പത്മരാജൻ എന്തു ഭാഗ്യവാൻ എന്നാണ്‌. പാട്ടും പാടി, ഇഷ്‌ടപ്പെട്ട പത്തിരിയും ഇറച്ചിയും കഴിച്ച്‌ സുഖമായികിടന്നുറങ്ങിയതാണല്ലോ അദ്ദേഹം.

കാറോടിക്കൊണ്ടിരിയ്‌ക്കുമ്പോൾ, പത്തു നാല്‌പതു വർഷങ്ങൾ മുമ്പിലേയ്‌ക്ക്‌ മനസ്സു പാഞ്ഞുപോയി. മനസ്സു നിറയെ രാധാകൃഷ്‌ണനായിരുന്നു.

* * *

ഞാനെന്നാണ്‌ രാധാകൃഷ്‌ണനെ ആദ്യം കണ്ടത്‌? എനിയ്‌ക്കോർമ്മയില്ല. പക്ഷേ, രാധാകൃഷ്‌ണനേക്കാൾ മുന്നേ രാധാകൃഷ്‌ണന്റെ പാട്ടുകൾ എനിയ്‌ക്കു പരിചിതമായിരുന്നു. ആകാശവാണിയിൽ അനൗൺസറായി ജോലി ചെയ്‌തിരുന്ന പെങ്ങൾ ഓമനക്കുട്ടിയെക്കുറിച്ചും, അവിടെത്തന്നെ എഞ്ചിനീയറിംങ്ങ്‌ അസിസ്‌റ്റന്റായിരുന്ന, പിന്നീട്‌ ഓമനക്കുട്ടിയുടെ ഭർത്താവായിത്തീർന്ന ഗോപിയെക്കുറിച്ചും ഞാൻ കേട്ടിരുന്നു. എന്നെപ്പോലെ, ഓമനക്കുട്ടിയും ജോലി രാജിവയ്‌ക്കുകയായിരുന്നു. പിന്നീട്‌ പഠിത്തം തുടർന്നതും ഞാനറിഞ്ഞിരുന്നു. ’എടാ, പോടോ‘ എന്നു വിളിയ്‌ക്കാൻ അധികാരം കൊടുത്തിരുന്ന, ചുരുക്കം ചില കൂട്ടുകാരിൽ ഒരാളായിരുന്നു പത്മരാജന്‌ രാധാകൃഷ്‌ണൻ.

ഞങ്ങളുടെ വിവാഹത്തിനുമുമ്പ്‌ ഒരു നാൾ പത്മരാജൻ എനിയ്‌ക്കെഴുതി, ’കള്ളിച്ചെല്ലമ്മ എന്ന പടത്തിൽ നമ്മുടെ ചൊക്കൻ പാടിയിരിയ്‌ക്കുന്നു‘ എന്ന്‌. (ചൊക്കൻ എന്നായിരുന്നു സ്‌നേഹപൂർവ്വം പത്മരാജൻ രാധാകൃഷ്‌ണനെ വിശേഷിപ്പിച്ചിരുന്നത്‌.) ’എന്തര്‌ ചെല്ലമ്മ? എന്ന്‌ കള്ളിച്ചെല്ലമ്മയായ ഷീലയോട്‌ ശൃംഗരിച്ച്‌ ആട്ടുവാങ്ങി സൈക്കിളിൽ കയറി ഓടിച്ചു പോകുന്ന ർഡിയായി പത്മരാജനും ‘കള്ളിച്ചെല്ലമ്മയിൽ പ്രത്യക്ഷപ്പെട്ടിരുന്നല്ലൊ – ആകാശാവാണിക്കാരനായിരുന്ന ജി. വിവേകാനന്ദന്റെ നോവലാണല്ലൊ അത്‌. ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഒമ്പതിലാണ്‌ ആ പടം റിലീസ്‌ ചെയ്യുന്നത്‌.

എഴുപതു മാർച്ചിലായിരുന്നു പത്മരാജന്റെ വധുവായി ഞാൻ മുതുകുളത്തെത്തുന്നത്‌. ആ ഏപ്രിൽത്തന്നെ തിരുവനന്തപുരത്ത്‌ പൂജപ്പുരയിലുള്ള വാടകവീട്ടിൽ താമസവും തുടങ്ങി. ഇവിടെവന്ന്‌ ആദ്യം പരിചയപ്പെടുന്ന ആകാശവാണിക്കാരൻ മടവൂർ ഭാസിയാണ്‌, തുടർന്ന്‌ ജി. വിവേകാനന്ദനും. അന്ന്‌ അദ്ദേഹത്തിന്‌ ആകാശവാണിയിലുണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ന്യൂസ്‌ റീഡറായിരുന്ന പ്രതാപവർമ്മയും, എം.ജി. രാധാകൃഷ്‌ണനും ആയിരുന്നു. താമസം തുടങ്ങിയസമയത്ത്‌ ഇവർ രണ്ടുപേരുടേയും വീടുകളിൽ പത്മരാജൻ എന്നെ കൂട്ടിക്കൊണ്ടുപോയത്‌ നല്ല ഓർമ്മയുണ്ട്‌. അന്ന്‌ രാധാകൃഷ്‌ണൻ ’മേട‘യിൽ എന്ന വീട്‌ വാങ്ങിച്ചിട്ടില്ല. മേട്ടുക്കടയിലുള്ള മറ്റൊരു വീട്ടിലായിരുന്നു താമസം. രാധാകൃഷ്‌ണൻ അച്ഛനമ്മമാരും, കൂടപ്പിറപ്പുകളും എല്ലാരുമായി താമസിച്ചിരുന്ന ആ വീട്ടിലേയ്‌ക്ക്‌ ഞാനാദ്യം ചെല്ലുമ്പോൾ ഓമനക്കുട്ടി സംഗീതത്തിൽ ഡിഡ്രി എടുക്കാനായി പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു പരീക്ഷക്കാലത്തായിരുന്നു ഞാനവിടെ ചെല്ലുന്നത്‌. ബി.എ. കഴിഞ്ഞാൽ എം.എ.യ്‌ക്കു കൂടി ചേരാനുദ്ദേശിക്കുന്നു എന്ന്‌ ഓമനക്കുട്ടി പറഞ്ഞപ്പോൾ, എനിയ്‌ക്കും കൂടി ഒരു ആപ്ലിക്കേഷൻ ഫോം വാങ്ങിയ്‌ക്കണമെന്ന്‌ പത്മരാജൻ ഓമനക്കുട്ടിയോട്‌ ആവശ്യപ്പെട്ടു. അറുപത്തിനാലിൽത്തന്നെ ഞാൻ ചിറ്റൂർ കോളേജിൽ നിന്ന്‌ സംഗീതത്തിൽ ബിരുദമെടുത്തിരുന്നു. മ്യൂസിക്‌ എം.എ.യുടെ കേരളത്തിലെ ആദ്യ ബാച്ചായിരുന്നു അത്‌ എന്നാണ്‌ എന്റെ ഓർമ്മ. ജയിച്ചാൽ ഉടൻ കോളേജിൽ ലക്‌ചറർ ആയി കയറാം. പക്ഷേ, കോളേജിൽ ചേരേണ്ട സമയത്ത്‌ ഞാൻ ഗർഭിണിയായതും, പിന്നീട്‌ പഠിയ്‌ക്കേണ്ടന്നു തീരുമാനിച്ചതും ഒക്കെ മായാത്ത ഓർമ്മകളായി മനസ്സിലുണ്ട്‌.

സംഗീതജ്ഞരായ അച്ഛനമ്മമാരുടെ പാട്ടുകാരായ മക്കൾ എന്നെ അത്‌ഭുതപ്പെടുത്തി. അന്ന്‌ ശ്രീക്കുട്ടൻ സ്‌കൂളിൽ പഠിയ്‌ക്കുന്ന സമയമാണ്‌. കൂടപ്പിറപ്പുകളെപ്പോലെ പാട്ടുകാരനായിട്ടില്ല. ലളിതസംഗീതമായാലും, ക്ലാസ്സിക്കലായാലും അർത്ഥമറിഞ്ഞ്‌, അതിലലിഞ്ഞ്‌, സ്‌ഫുടമായ ഉച്ചാരണത്തോടെ രാധാകൃഷ്‌ണൻ പാടുമ്പോൾ കേൾവിക്കാർക്കനുഭവപ്പെടുന്നത്‌ വല്ലാത്തൊരനുഭൂതിയായിരുന്നു. ക്ലാസ്സിക്കൽ സംഗീതജ്ഞരിൽ ബാലമുരളീകൃഷ്‌ണമാത്രമാണ്‌, അക്കാലത്ത്‌ അത്തരത്തിൽ പാടിയിരുന്നത്‌. ബാക്കിയുള്ള മിക്ക പാട്ടുകാരും രാഗത്തിലും, ഭാവത്തിലും ഊന്നൽ കൊടുക്കുമ്പോൾ രാധാകൃഷ്‌ണൻ വരികൾക്കും അവയുടെ അർത്ഥത്തിനും കൂടി പ്രാധാന്യം കൊടുക്കുമായിരുന്നു.

യേശുദാസിൽ ഞാൻ കണ്ട പ്രത്യേകതയും അതുതന്നെയാണ്‌. ശരിയ്‌ക്കും പറഞ്ഞാൽ, എഴുപതുകളുടെ തുടക്കത്തിൽ തിരുവനന്തപുരം വിമൻസ്‌ കോളേജിലെ തൊണ്ണൂറുശതമാനം പെൺകുട്ടികളും മൂകമായി ആരാധിച്ചിരുന്ന രണ്ടു കഥാപാത്രങ്ങളായിരുന്നു മേൽ പറഞ്ഞ രണ്ടുപേരും. പക്ഷേ, യേശുദാസ്‌ കണ്ണെത്താദൂരത്ത്‌ അങ്ങ്‌ മദ്രാസ്സിലായിരുന്നു. എന്നാൽ രാധാകൃഷ്‌ണനാകട്ടെ, പെൺകുട്ടികളുടെയെല്ലാം തന്നെ കണ്ണിലുണ്ണിയായി, നിശ്ശബ്‌ദകാമുകനായി, തുറന്നു പറഞ്ഞാൽ ഒരു ശ്രീകൃഷ്‌ണന്റെ ഇമേജുമായി, തൊട്ടടുത്തുതന്നെ യുവജനോത്സവകാലത്തും അല്ലാത്തപ്പോഴുമൊക്കെ പെൺകുട്ടികളെ ലളിതഗാനം പഠിപ്പിച്ചും, സദാസമയവും തമാശപറഞ്ഞു ചിരിപ്പിച്ചും തിരുവനന്തപുരത്തു നിറഞ്ഞു നിന്നു. ഉള്ള പ്രായം ഒരിയ്‌ക്കലും രാധാകൃഷ്‌ണനു തോന്നിയ്‌ക്കുമായിരുന്നില്ല. നെറ്റിയിലെ കളഭക്കൂട്ടും, മുഖത്തെ മായാത്ത പുഞ്ചിരിയും, വലത്തെ കവിളത്തെ കറുത്ത മറുകും, വെളുപ്പിനോടുത്തുനില്‌ക്കുന്ന നിറവും, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും, ചുറുചുറുക്കും ഒക്കെ ഏതു പെൺകുട്ടിയെയാണ്‌ വശീകരിയ്‌ക്കാത്തത്‌? സംഗീതപാഠത്തിലൂടെയും, ലളിതാഗാനങ്ങളിലൂടെയും ശ്രോതാക്കളുടെ മനസ്സുകളിൽ നേരത്തേതന്നെ ചേക്കേറിയിരുന്ന രാധാകൃഷ്‌ണൻ ഒരു മാർക്കണ്ഡേയനെപ്പോലെയായിരുന്നു.

കല്ല്യാണം കഴിഞ്ഞുവന്ന ഇടയ്‌ക്ക്‌ രാധാകൃഷ്‌ണൻ എന്നോടു പറഞ്ഞു, എന്നെപ്പോലൊരു പെൺകുട്ടി നാട്ടിലെങ്ങാനുമുണ്ടെങ്കിൽ തനിയ്‌ക്ക്‌ കല്ല്യാണം ആലോചിച്ചാൽ കൊള്ളാം എന്ന്‌. ആദ്യമൊക്കെ തമാശയായിട്ടാണ്‌ ഞാനതുകണ്ടത്‌. അങ്ങനെയല്ല എന്നു മനസ്സിലായപ്പോൾ, ഞാൻ ചെറിയമ്മയോടു പറഞ്ഞ്‌, കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടിയുടെ ഫോട്ടോയും ജാതകവും വരുത്തി. പക്ഷേ, ആ ആലോചന ശരിയായില്ല. രാധാകൃഷ്‌ണൻ ചിരിച്ചു കളിച്ച്‌, തമാശ പറഞ്ഞ്‌ എല്ലാവരേയും ചിരിപ്പിച്ച്‌, പാട്ടുപാടി അനേകം ആരാധികമാരുടെ നടുവിൽ പിന്നെയും നാലഞ്ചുവർഷങ്ങൾ കൂടി അങ്ങനെ വിലസി നടന്നു.

എഴുപത്‌ നവംബറിൽ ആയിരുന്നു പത്മരാജന്റെ ഇളയപെങ്ങൾ പത്മപ്രഭയുടെ വിവാഹം. മുതുകുളത്തെ പഞ്ചാരമണൽ വിരിച്ച വിശാലമായ മുറ്റത്ത്‌ വലിയ നെടുമ്പുരയും പന്തലും കെട്ടിയായിരുന്നു കല്ല്യാണം. കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു പ്രഭ- എട്ടുപത്മങ്ങളിൽ എട്ടാമത്തവൾ – അച്ഛനില്ലാത്തതിന്റെ കുറവ്‌ പെങ്ങളെ അറിയിക്കാതെ നാല്‌ ആങ്ങളമാരും കല്ല്യാണം ഏറ്റവും ഭംഗിയായി നടത്താൻ അങ്ങേയറ്റം ഉത്സാഹിച്ച അവസരം.“ സംഗിതം ഒരുപാട്‌ ഇഷ്‌ടപ്പെടുന്ന ഒരു കുടുംബമാണ്‌ പത്മരാജന്റേത്‌. അതുകൊണ്ടുതന്നെ കല്ല്യാണ ദിവസം ഒരു സംഗീതക്കച്ചേരിവയ്‌ക്കാൻ പത്മരാജൻ തീരുമാനിച്ചു. അന്ന്‌ ഞവരയ്‌ക്കൽ മുറ്റത്ത്‌ കെട്ടിയുണ്ടാക്കിയ ചെറിയ സ്‌റ്റേജിലിരുന്ന്‌ സംഗീതക്കച്ചേരി നടത്തിയത്‌ എം.ജി. രാധാകൃഷ്‌ണനായിരുന്നു. സംഗീതത്തെ ഒരുപാട്‌ ഇഷ്‌ടപ്പെട്ടിരുന്ന എന്റെ അച്ഛൻ രാധകൃഷ്‌ണനോട്‌ ക്ഷീരസാഗര പാടാൻ ആവശ്യപ്പെട്ടത്‌ ഓർമ്മയിലുണ്ട്‌. പത്മരാജന്റെ കുഞ്ഞുപെങ്ങൾക്ക്‌ രാധാകൃഷ്‌ണന്റെ വകയായുള്ള വിവാഹസമ്മാനമായിരുന്നു ആ കച്ചേരി. പത്തിരുപതു വർഷങ്ങൾക്കുശേഷം, ഒരുച്ചയ്‌ക്ക്‌ മദ്രാസ്സിൽ നിന്നും വരുന്ന പത്മരാജനെ കൂട്ടിക്കൊണ്ടുവരാനായി ഞാൻ എയർപ്പോർട്ടിൽ പോയപ്പോൾ എനിയ്‌ക്കു കൂട്ടായിവന്നത്‌ പ്രഭയുടെ മൂത്തമകൻ അനന്തകൃഷ്‌ണനാണ്‌. അന്നത്തെ ആ ഫ്‌ളൈറ്റിൽ മദ്രാസ്സിൽ നിന്നും വന്നിറങ്ങിയവരിൽ രാധാകൃഷ്‌ണൻ, നെടുമുടി, മുകേഷ്‌ എന്നിവരും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ രാധാകൃഷ്‌ണൻ അടുത്തോട്ടുവന്നു. രാധാകൃഷ്‌ണന്‌ അനന്തകൃഷ്‌ണനെ പരിചയമില്ലായിരുന്നു. അവനൊരു ആറടിപൊക്കക്കാരൻ സുന്ദരനാണ്‌, അയൽക്കാരെല്ലാം രഹസ്യമായി നിധീഷ്‌ ഭരധ്വജ്‌ എന്നാണ്‌ പറയാറ്‌. എന്നോടൊപ്പം അവനെ കണ്ടപ്പോൾ, ’ഇതാരെടാ‘ എന്ന മട്ടിൽ രാധാകൃഷ്‌ണൻ അവനെ അടിമുടി ഒന്നുനോക്കി. പ്രഭയുടെ മകനാണവൻ എന്നു ഞാൻ പരിചയപ്പെടുത്തിയപ്പോൾ, നിന്റെ അമ്മയുടെ കല്ല്യാണത്തിന്‌ എന്റെ കച്ചേരിയുണ്ടായിരുന്നു. ഇനി നിന്റെ കല്ല്യാണത്തിന്‌ ഞാൻ പാടും’ എന്ന്‌ ചിരിച്ചുകൊണ്ടു പറഞ്ഞത്‌ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. പക്ഷേ, അനന്തകൃഷ്‌ണന്റെ കല്ല്യാണമാകുമ്പോഴേയ്‌ക്കും രാധാകൃഷ്‌ണൻ ആരോഗ്യം നഷ്‌ടപ്പെട്ട്‌, ശബ്‌ദത്തിന്റെ ഗാംഭീര്യവും ശക്തിയും നഷ്‌ടപ്പെട്ട്‌ അവശനിലയിലെത്തിക്കഴിഞ്ഞിരുന്നു.

എഴുപത്തിഅഞ്ചിലാണ്‌ രാധാകൃഷ്‌ണൻ വിവാഹിതനാകുന്നത്‌. വിമൻസ്‌ കോളേജിലെ അനേകം ആരാധികമാരിൽ ഒരു പക്ഷേ, ഏറ്റവും സുന്ദരിയായ പത്മജയെ രാധാകൃഷ്‌ണൻ താലിചാർത്തുന്ന സമയത്ത്‌ ഞാനും പത്മരാജനും കല്ല്യാണമണ്ഡപത്തിനടുത്തു തന്നെ ഉണ്ടായിരുന്നു. മുറുക്കിച്ചുവപ്പിച്ച ചുണ്ടും, മുഖത്തെ സ്‌ഥിരം പുഞ്ചിരിയുമായി രാധാകൃഷ്‌ണൻ നിന്നത്‌ ഞാനിന്നും ഓർക്കുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ നല്ല നല്ല കഥകൾ എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന പത്മജ, രാധാകൃഷ്‌ണന്റെ വധുവായി.

എഴുപത്തിയൊന്ന്‌ അവസാനം ഞാൻ പപ്പനെ പ്രസവിയ്‌ക്കാനായി ചിറ്റൂർക്കു പോയ സമയത്ത്‌ പൂജപ്പുരയിലെ വാടക വീട്ടിൽ നിന്ന്‌ പത്മരാജൻ തല്‌ക്കാലത്തേയ്‌ക്ക്‌ താമസം മാറി. അദ്ദേഹത്തിന്റെ മൂത്തചേട്ടനായ ഡോക്‌ടർ പത്മജന്‌, ഇപ്പോൾ അമ്മത്തൊട്ടിൽ ഇരിയ്‌ക്കുന്ന സ്‌ഥലത്തിന്‌ എതിർവശത്ത്‌, സംഗീത അക്കാദമിയ്‌ക്കും, രാധാകൃഷ്‌ണൻ അന്നു താമസിച്ചിരുന്ന വീടിനും ഒക്കെ അടുത്തായി ‘അനുപമ’ എന്ന പേരിൽ ഒരു ലോഡ്‌ജ്‌ ഉണ്ടായിരുന്നു. അവിടെ ഒരു മുറിയിലേയ്‌ക്കാണ്‌ പത്മരാജൻ അന്ന്‌ പൊറുതിയ്‌ക്കു പോയത്‌. ലോഡ്‌ജിന്റെ മാനേജരായി മുതുകുളത്തുകാരൻ എസ്‌. മഹാദേവൻ തമ്പി. അന്ന്‌ ആ ലോഡ്‌ജിൽ നിത്യവും വന്നുപോകുന്ന കുറച്ചു ചെറുപ്പക്കാരുണ്ടായിരുന്നു – പിന്നീട്‌ വളരെ പ്രസിദ്ധരും പ്രശസ്‌തരുമായി മാറിയ കുറെ ചെറുപ്പക്കാർ – എം.ജി. രാധാകൃഷ്‌ണൻ, സൂര്യകൃഷ്‌ണമൂർത്തി, ആറന്‌മുളപൊന്നമ്മചേച്ചിയുടെ മകൻ ഡോക്‌ടർ രാജൻ, പിൽക്കാലത്ത്‌ മന്ത്രിമാരായിത്തീർന്ന പി.സി. ചാക്കോ, എം.എം. ഹസ്സൻ തുടങ്ങിയവരൊക്കെ ‘അനുപമ’യിൽ കൂടുമായിരുന്നു. ആ കൂട്ടായ്‌മയിലേയ്‌ക്കാണ്‌, താല്‌ക്കാലികമായിട്ടാണെങ്കിലും, പത്മരാജനും ചെന്നു കയറിയത്‌. അന്നവിടെവച്ചാണ്‌ അദ്ദേഹം ‘വാടകയ്‌ക്കൊരുഹൃദയം’ എന്ന നോവൽ എഴുതിത്തീർത്തത്‌. നോവലിന്റെ പകർപ്പെഴുതിയത്‌ മഹാദേവൻ തമ്പിയാണ്‌. പിന്നീട്‌ കഥാകൃത്തും, നോവലിസ്‌റ്റും പബ്ലിക്‌റിലേഷൻസ്‌ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനും, മന്ത്രിജേക്കബിന്റെ പി.എ.യും ഒക്കെയായി മാറിയ എസ്‌. മഹാദേവൻ തമ്പി.

‘അനുപമ’യിലെ കൂട്ടായ്‌മ ഒരുപാടുകാലം നിലനിന്നില്ല. പത്മജൻ ചേട്ടൻ ആ ലോഡ്‌ജ്‌ പൂട്ടുകയും, പിന്നീട്‌ വിൽക്കുകയും ചെയ്‌തതോടെ തമ്പിയ്‌ക്ക്‌ അവിടുത്തെ ജോലി നഷ്‌ടമായി. രാധാകൃഷ്‌ണന്‌ തമ്പി സ്വന്തം അനിയനെപ്പോലെ ആയിരുന്നു. അതുകൊണ്ടുതന്നെ, രാധാകൃഷ്‌ണന്റെ ശ്രമവും ഉത്സാഹവും കൊണ്ട്‌ താമസിയാതെ തമ്പി ‘തളിര്‌’ എന്ന പത്രത്തിൽ ഉദ്യോഗസ്‌ഥനായി.

പണ്ട്‌ ഹരിജനങ്ങളുടെ ഹോസ്‌റ്റലായി പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീടാണ്‌ രാധാകൃഷ്‌ണന്റെ കുടുംബം വാങ്ങുന്നത്‌. പുതിയതായി വാങ്ങിയ വീടുകാണാൻ ഞങ്ങളെ രാധാകൃഷ്‌ണൻ കൂട്ടിക്കൊണ്ടുപോയത്‌ ഓർമ്മയുണ്ട്‌. അന്ന്‌ കെട്ടിടം ഇപ്പോഴത്തെ നിലയിലായിരുന്നില്ല. വാങ്ങി എട്ടൊമ്പതു മാസത്തേയ്‌ക്ക്‌ വീടിന്റെ മരാമത്തുപണികൾ നീണ്ടുനിന്നു. അത്രയും കാലം രാധാകൃഷ്‌ണനോടൊപ്പം തമ്പിയും ആ കെട്ടിടത്തിൽത്തന്നെ താമസിയ്‌ക്കുകയായിരുന്നു. അതോടെ തമ്പി, രാധാകൃഷ്‌ണന്റെ അമ്മയുടെ മൂന്നാമത്തെ മകനെപ്പോലെ ആയിക്കഴിഞ്ഞിരുന്നു. മരാമത്തുകഴിഞ്ഞ്‌ വീടുകാണാൻ ഞങ്ങൾ വീണ്ടും ചെന്നു. പാട്ടു പാടാനും, സാധകം ചെയ്യാനും മറ്റുമായി മുകളിലത്തെ നിലയിലെ വലിയ ഹാൾ സജ്ജമാക്കിയത്‌ ഞങ്ങളെ പ്രത്യേകം കാണിച്ചുതന്നു രാധാകൃഷ്‌ണൻ. വീടായതിനുശേഷമായിരുന്നു രാധാകൃഷ്‌ണന്റെ കല്ല്യാണം.

എന്റെ ഓർമ്മശരിയാണെങ്കിൽ, അറുപത്തി ഒമ്പതിൽ കള്ളിച്ചെല്ലമ്മയിൽ പാടിയതിനുശേഷം രാധാകൃഷ്‌ണൻ വീണ്ടും ഒരു സിനിമയ്‌ക്കുവേണ്ടി പടുന്നത്‌ എഴുപത്തിയൊന്നിലിറങ്ങിയ ‘ശരശയ്യ’ എന്ന പടത്തിനാണ്‌. ‘ഉത്തിഷ്‌ഠതാ, ജാഗ്രതാ’ എന്നു തുടങ്ങുന്ന ‘ശാരിക’യെ വിളിച്ചു പാടുന്ന ഗാനം മനോഹരമായി ആലപിച്ചുകൊണ്ടാണ്‌ രാധാകൃഷ്‌ണൻ സിനിമയിൽ കാലുറപ്പിയ്‌ക്കുന്നത്‌.

ഇതിനിടയിൽ വഴുതക്കാട്ടെ ഹോട്ടൽ നികുഞ്ജും കലാകാരന്മാരുടെ ഒരു സംഗമസ്‌ഥലമായി മാറിക്കഴിഞ്ഞിരുന്നു. ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്‌തിരുന്ന രാധാകൃഷ്‌ണന്റെ നാടൻ ശീലുകളോടടുത്തുനില്‌ക്കുന്ന അർത്ഥപുഷ്‌ടമായ ലളിതഗാനങ്ങൾ, യുവജനോത്സവമേളകളെ കോൾമയിർ കൊള്ളിച്ചിരുന്നകാലം. നികുഞ്ജത്തിലെ കൂട്ടുകെട്ടുകളാണ്‌ രാധാകൃഷ്‌ണനെ കാവാലം നാരായണപ്പണിയ്‌ക്കരുചേട്ടനുമായി കൂടുതൽ അടുപ്പിച്ചത്‌. ആലപ്പുഴയിൽ വച്ചുതന്നെ പണിയ്‌ക്കരുചേട്ടന്‌ രാധാകൃഷ്‌ണന്റെ അച്ഛനമ്മമാരുമായിട്ട്‌ നല്ല അടുപ്പമുണ്ടായിരുന്നു. പണിയ്‌ക്കരുചേട്ടന്റെ സഹോദരിയുടെ കല്ല്യാണത്തിന്‌ രാധാകൃഷ്‌ണന്റെ അമ്മയായ കമലാക്ഷിഅമ്മയുടെ ഹരികഥാകാലക്ഷേപവും, അച്ഛൻ മലബാർ ഗോപാലൻ നായരുടെ ഹാർമോണിയവും ഉണ്ടായിരുന്ന കാര്യം പണിയ്‌ക്കരുചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്‌. അന്നുതന്നെ പണിയക്കരുചേട്ടന്‌ രാധാകൃഷ്‌ണനെ പരിചയമുണ്ടായിരുന്നെങ്കിലും, രാധാകൃഷ്‌ണൻ അന്ന്‌ ഒരു വിദ്യാർത്ഥിയായിരുന്നു. ആലപ്പുഴ എസ്‌.ഡി. കോളേജിൽ പ്രീയൂണിവേഴ്‌സിറ്റിയ്‌ക്കു പഠിച്ചശേഷം തിരുവനന്തപുരത്ത്‌ സംഗീതകോളേജിൽ ചേരുകയായിരുന്നു രാധാകൃഷ്‌ണൻ. അന്ന്‌ സഹപാഠിയായി യേശുദാസ്‌ ഉണ്ടായിരുന്നത്‌ രാധാകൃഷ്‌ണൻ പറഞ്ഞിട്ടുണ്ട്‌. അറുപത്തിരണ്ടിലാണ്‌ ആകാശവാണിയിൽ ഒരു തംബുരു ആർട്ടിസ്‌റ്റായി രാധാകൃഷ്‌ണൻ ജോയിൻ ചെയ്യുന്നത്‌. പത്മരാജനും ഞാനും അറുപത്തി അഞ്ചിൽ തൃശ്ശൂർ ആകാശവാണിയിലെ ജോലിക്കാരായി എങ്കിലും അറുപത്തിയേഴിലാണ്‌ പത്മരാജൻ തിരുവനന്തപുരം ആകാശവാണിയിലെ ഒരു ശബ്‌ദമായി മാറുന്നത്‌. സ്വതവേ സരസനായ രാധാകൃഷ്‌ണന്റെ ചടുലമായ ചലനങ്ങളും, മായാത്തചിരിയും, കലയോടും സാഹിത്യത്തോടും ഉള്ള അദമ്യമായ സ്‌നേഹവും, സർവ്വോപരി രാധാകൃഷ്‌ണന്റെ സംഗീതവും അവരെത്തമ്മിൽ വളരെവേഗം അടുപ്പിച്ചു.

എഴുപതുകളുടെ തുടക്കത്തിലാണല്ലോ വഴുതക്കാടുള്ള നികുഞ്ജം ഹോട്ടൽ കലാകാരന്മാരുടെ ഒരു സംഗമസ്‌ഥാനമായി മാറുന്നത്‌. കാവാലം പണിയ്‌ക്കരുചേട്ടൻ ആദ്യമായി സിനിമയ്‌ക്കു പാട്ടെഴുതുന്നത്‌ എഴുപത്തിയെട്ടിലാണെന്നാണ്‌ എന്റെ ഓർമ്മ. തമ്പിനും, രതിനിർവ്വേദത്തിനും, വാടകയ്‌ക്കൊരു ഹൃദയത്തിനുമൊക്കെ മനോഹരങ്ങളായ പാട്ടുകൾ എഴുതിക്കൊണ്ടായിരുന്നു ചേട്ടന്റെ സിനിമാ പ്രവേശനം. അരവിന്ദൻ, പത്മരാജൻ, ഭരതൻ എന്നിവരുമായുള്ള കൂട്ടുകെട്ടാണ്‌ പണിയ്‌ക്കരുചേട്ടനെ ഒരു സിനിമാഗാനരചയിതാവാക്കിമാറ്റുന്നത്‌. ഇതേകൂട്ടുകെട്ടുതന്നെയാണ്‌ രാധാകൃഷ്‌ണനെ ഒരു സിനിമാസംഗീത സംവിധായകനാക്കി മാറ്റുന്നതും. പണിയ്‌ക്കരു ചേട്ടനും രാധാകൃഷ്‌ണനും ഒരുമിച്ചു ചെയ്യുന്ന ആദ്യഗാനം ‘ഓടക്കുഴൽവിളി’ എന്ന ലളിതസംഗീതമാണ്‌. അവർക്കുതമ്മിൽ വല്ലാത്തൊരു പൊരുത്തമുണ്ടായിരുന്നു. അവർ തമ്മിലുള്ള അപൂർവ്വമായ ആ പൊരുത്തമാണ്‌ പത്മരാജന്റെ ആദ്യ സംവിധാനസംരഭമായ ‘പെരുവഴിയമ്പല’ത്തിന്റെ സംഗീതസംവിധായകനായി രാധാകൃഷ്‌ണനേയും, രചയിതാവായി പണിയ്‌ക്കരുചേട്ടനേയും കൊണ്ടെത്തിയ്‌ക്കുന്നത്‌. ‘പെരുവഴിയമ്പലം’ എന്ന സിനിമയിൽ, സാധാരണ സിനിമാഗാനങ്ങളുടെ രീതിയിൽ ഒരു പാട്ടില്ല. ഉത്സവപ്പറമ്പിലെ ‘ഹരികഥാകാലക്ഷേപ’മായിരുന്നു രാധാകൃഷ്‌ണന്‌ ചിട്ടപ്പെടുത്താനുണ്ടായിരുന്നത്‌. തീയ്യറ്ററിനകത്ത്‌ സിനിമയോടൊപ്പമല്ലാതെ പ്രേക്ഷകരാരും തന്നെ, മനോഹരമായ ആ ഹരികഥ കേട്ടിരിയ്‌ക്കാനിടയില്ല. നീണ്ട ആ ഹരികഥയോടൊപ്പം തന്നെ സിനിമയിൽ ഒരു കൊലപാതകത്തിന്റെ സീനുകൾ ഉരുത്തിരിഞ്ഞുവരുന്നത്‌ ഉദ്വോഗത്തോടെ മാത്രമേ നമുക്കുകാണനൊക്കുമായിരുന്നുള്ളു.

പത്മരാജൻ സംവിധാനം ചെയ്‌ത പതിനെട്ടു പടങ്ങളിൽ പതിമൂന്നെണ്ണത്തിലെ ഗാനങ്ങൾ ഉണ്ടായിരുന്നുള്ളു. അതിൽ പെരുവഴിയമ്പലം, നവംബറിന്റെ നഷ്‌ടം, നൊമ്പരത്തിപ്പൂവ്‌ എന്നിവയിലെ ഗാനങ്ങൾ സംവിധാനം ചെയ്‌തത്‌ രാധാകൃഷ്‌ണനായിരുന്നു. എന്റെ ഓർമ്മശരിയാണെങ്കിൽ, രാധാകൃഷ്‌ണന്റെ ശിഷ്യകളായിരുന്ന കെ.എസ്‌.ചിത്രയും അരുന്ധതിയും ആദ്യമായി സിനിമയ്‌ക്കുവേണ്ടി പാടുന്നത്‌ നവംബറിന്റെ നഷ്‌ടം എന്ന പടത്തിലാണ്‌. യേശുദാസിന്റെ തരംഗിണി സ്‌റ്റുഡിയോവിൽ വച്ചായിരുന്നു ആ പടത്തിന്റെ റെക്കോർഡിങ്ങ്‌. റെക്കോർഡിങ്ങ്‌ സമയത്ത്‌ ഞാനും പത്മജയും ഒക്കെ സ്‌റ്റുഡിയോവിലുണ്ട്‌. ചിത്രയുടെ ചേച്ചി ബീനയും ആ പടത്തിൽ പാടാനുണ്ടായിരുന്നു. ആ വലിയ പാട്ടുകാർക്ക്‌ തങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള അവസരം ഒരുക്കിയത്‌ രാധാകൃഷ്‌ണനാണ്‌. കേരളത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിത്ര നമ്മുടെ നാടിന്റെ അഭിമാനമായി വളർന്നതും രാധാകൃഷ്‌ണന്റെ ശിക്ഷണത്തിലാണ്‌. നവംബറിന്റെ നഷ്‌ടത്തിൽത്തന്നെ ജെൻസി എന്നൊരു പാട്ടുകാരിയ്‌ക്കുകൂടി പാടാൻ അവസരം കൊടുത്തിരുന്നു രാധാകൃഷ്‌ണൻ.

പിൽക്കാലത്ത്‌ എന്തുകൊണ്ട്‌ പത്മരാജനുവേണ്ടി രാധാകൃഷ്‌ണൻ കൂടുതൽ ഗാനങ്ങൾ ചെയ്‌തില്ല എന്നു ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്‌. പ്രധാനകാരണം, രാധാകൃഷ്‌ണൻ ഗാനങ്ങളിൽ മാത്രം ശ്രദ്ധയൂന്നിനിന്നു എന്നതുതന്നെ. പശ്ചാത്തല സംഗീതം ചെയ്യാൻ വേറൊരു സംഗീത സംവിധായകനെ ഏല്‌പിയ്‌ക്കേണ്ടിവരുമ്പോൾ ഒരു പടത്തിൽ രണ്ടു സംഗീതസംവിധായകരുടെ ആവശ്യം വരും. പ്രൊഡ്യൂസറുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ, അതൊരു അധികച്ചിലവാണ്‌. രണ്ടും ഒരുമിച്ചു ചെയ്യുന്നവരാണെങ്കിൽ ചിലവുകുറയ്‌ക്കാം – ജോൺസണെപ്പോലുളളവർക്ക്‌ കൂടുതൽ അവസരങ്ങളുണ്ടായതിന്റെ ഒരു കാരണവും ഇതുതന്നെയായിരുന്നു. പിന്നെ, രണ്ടാമതൊരു കാര്യം കൂടിയുണ്ട്‌. ഞാനത്‌ എഴുതാമോ എന്നെനിയ്‌ക്കറിയില്ല. എങ്കിലും പറയാതെ വയ്യ – അനവസരത്തിലുള്ള രാധാകൃഷ്‌ണന്റെ ചില ക്രൂരമായ തമാശകൾ പലസംവിധായകരേയും അദ്ദേഹത്തിൽനിന്നും അകറ്റിയിരുന്നു – സ്വന്തം നാവുതന്നെ ശത്രുവായിമാറുന്ന അവസ്‌ഥ. എത്ര മനോഹരങ്ങളായ പാട്ടുകളാണ്‌ രാധാകൃഷ്‌ണൻ ചെയ്‌തിരിയ്‌ക്കുന്നത്‌! പത്മരാജന്റെ തിരക്കഥയ്‌ക്ക്‌ ജീവൻ നല്‌കി ഭരതൻ സംവിധാനം ചെയ്‌ത ‘തകര’യിലെ ‘മൗനമേ’, ‘ചാമര’ത്തിലെ ‘നാഥാനീവരും കാലൊച്ച’, മണിച്ചത്രത്താഴിലെ ‘പഴന്തമിഴ്‌ പാട്ടുണരും’ തുടങ്ങി മലയാളികൾ എന്നും നെഞ്ചിലേറ്റി നടക്കുന്ന എത്രയെത്ര ഗാനങ്ങളാണ്‌ ആ അനശ്വര പ്രതിഭ മലയാളത്തിനു നല്‌കിയത്‌!.

എൺപത്തിയാറ്‌ ജൂണിലാണ്‌ പത്മരാജൻ ആകാശവാണിയിൽ നിന്ന്‌ വളന്ററി റിട്ടയർമെന്റ്‌ വാങ്ങി പിരിയുന്നത്‌. പിന്നീട്‌ നാലരക്കൊല്ലങ്ങൾ മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു. എൺപത്തിയേഴിൽ ‘നൊമ്പരത്തിപ്പൂവ്‌’ എന്ന പടത്തിനുവേണ്ടിയാണ്‌ പത്മരാജനുവേണ്ടി രാധാകൃഷ്‌ണൻ അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ചത്‌. അതിനുശേഷം ആറു പടങ്ങളാണ്‌ പത്മരാജൻ സംവിധാനം ചെയ്‌തത്‌. അവയിൽത്തന്നെ ‘അപരനിൽ’ പാട്ടുണ്ടായിരുന്നില്ല.

തൊണ്ണൂറ്റി ഒന്ന്‌ ജനുവരി ഇരുപത്തിനാലിന്‌ കൂട്ടുകാരന്റെ മരണമറിഞ്ഞ്‌ ഞങ്ങളുടെ മക്കളെ വിവരമറിയിയ്‌ക്കാനും വീട്ടിലോട്ടു കൊണ്ടുവരാനുമായി പോകുന്നത്‌ രാധാകൃഷ്‌ണനാണ്‌. യൂണിവേഴ്‌സിറ്റി കോളേജിൽ ചെന്ന്‌ പപ്പനെ വിളിച്ചിറക്കുമ്പോൾ അച്ഛന്റെ മരണവിവരം രാധാകൃഷ്‌ണൻ അവനോടു പറയുന്നില്ല. മാർഇവാനിയോസ്‌ കോളജിലേയ്‌ക്ക്‌ കാർ വിടുമ്പോൾ, ഇതെന്തിനെന്നറിയാതെ പപ്പനിരുന്നു. ഇവാനിയോസ്‌ യുവജനോത്സവത്തിന്റെ ലഹരിയിലായിരുന്നു. ഞങ്ങളുടെ മകൾ മാധവിക്കുട്ടി വയലാറിന്റെ ‘ആത്മാവിലൊരുചിത’യിലൂടെ ‘അച്ഛനുറങ്ങിക്കിടക്കുന്ന’ കാര്യം എല്ലാവരേയും അറിയിച്ച്‌ സ്‌റ്റേജിൽ നിന്നിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അന്നവൾ പ്രീഡിഗ്രി ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്‌. പദ്യപാരായണമത്സരത്തിന്റെ ഫലംവന്നു, അവൾക്ക്‌ രണ്ടാംസ്‌ഥാനം. വിവരമറിഞ്ഞതേയുള്ളു ആരോവന്ന്‌ അവളെ വിളിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ രാധാകൃഷ്‌ണൻ മാമൻ. പുസ്‌തകങ്ങളെല്ലാം എടുത്ത്‌ രാധാകൃഷ്‌ണനോടൊത്ത്‌ കാറിൽ കയറുമ്പോൾ, കേൾക്കാൻ പോകുന്ന വാർത്തയെക്കുറിച്ച്‌ അവൾക്ക്‌ ഒരു വിവരവും ഉണ്ടായിരുന്നില്ല. രാധാകൃഷ്‌ണൻ മാമന്റെ അപ്പുറത്തുമിപ്പുറത്തുമിരുന്ന്‌ എന്റെ മക്കൾ സംഗതിയറിയാതെ വീർപ്പുമുട്ടി. അവസാനം ഒരു ചാട്ടുളിപോലെ എന്റെ മക്കളുടെ ചെവിയിൽ ആ വാർത്ത ആഴ്‌ന്നിറങ്ങി.

എം.ജി.ശ്രീകുമാറിന്റെ വെള്ള അംബാസിഡർക്കാറിൽ കയറി ഞാനും മക്കളും മുതുകുളത്തോട്ടു പുറപ്പെട്ടത്‌ എന്റെ ഓർമ്മയിലെങ്ങോ തങ്ങിനില്‌പുണ്ട്‌.

മകൾ മാധവിക്കുട്ടി ശേഷൻസ്‌ അക്കാദമിയിലേയ്‌ ട്യൂഷനു പോകുന്ന വേളകളിൽ, എന്നും രാവിലെ എഴുന്നേറ്റു കുളിച്ച്‌ അമ്പലത്തിൽ തൊഴാൻ പോകുമായിരുന്ന രാധാകൃഷ്‌ണൻ പലപ്പോഴും അവളെ സ്‌കൂട്ടറിന്റെ പുറകിൽ കയറ്റി ട്യൂഷൻക്ലാസ്സിൽ എത്തിക്കുമായിരുന്നു. എഴുതാൻ വാസനയുള്ള മകൻ പപ്പന്റെ ഓരോ കഥയും, ലേഖനവും പത്രത്തിൽ വരുമ്പോൾ, പത്മജ അവനെ ഫോണിൽ വിളിച്ച്‌ ദീർഘമായി സംസാരിയ്‌ക്കുമായിരുന്നു. പത്മജയ്‌ക്ക്‌ അവനോട്‌ ഒരു പ്രത്യേക വാത്സല്യം തന്നെയുള്ളതായി എനിയ്‌ക്കുതോന്നിയിട്ടുണ്ട്‌.

പത്മരാജന്റെ മരണം കഴിഞ്ഞ്‌ പന്ത്രണ്ടുവർഷങ്ങൾക്കുശേഷമായിരുന്നു ഞങ്ങളുടെ മകളുടെ കല്ല്യാണം. കല്ല്യാണനിശ്ചയ ദിവസം അതിരാവിലെ രാധാകൃഷ്‌ണനും പത്മജയും കൂടെവന്നു. അവർക്ക്‌ വേറെ എവിടേയ്‌ക്കോ അത്യാവശ്യമായി പോകേണ്ടതുള്ളതുകൊണ്ട്‌ നിശ്ചയത്തിൽ പങ്കെടുക്കാൻ പറ്റില്ല; മോളെ അനുഗ്രഹിയ്‌ക്കാൻ വന്നതാണ്‌ എന്നു പറഞ്ഞു. മാതു കാലിൽ വീണു നമസ്‌കരിച്ചപ്പോൾ പോക്കറ്റിൽ നിന്ന്‌ നൂറ്റിയൊന്നു രൂപയെടുത്ത്‌ അവളുടെ കയ്യിൽ രാധാകൃഷ്‌ണൻ വച്ചുകൊടുത്തു. നിശ്ചയത്തിനും സമ്മാനമോ എന്ന്‌ പപ്പൻ അത്ഭുതപ്പെട്ടു. കല്ല്യാണത്തിന്‌ അവളുടെ വിരലിൽ ഒരു സ്വർണ്ണമോതിരവും അണിയിച്ചു പത്മജ. രാധാകൃഷ്‌ണന്റെ മനസ്സിൽ നിറഞ്ഞ വാത്സല്യമുണ്ടായിരുന്നു. എന്നോടും മക്കളോടും ആഴത്തിലുള്ള സ്‌നേഹമുണ്ടായിരുന്നു. പത്മരാജന്‌ ഏറ്റവും അടുപ്പമുണ്ടായിരുന്ന, അപൂർവ്വം ചിലർ മാത്രമേ എന്നെ തങ്കം എന്നു സംബോധനചെയ്യുമായിരുന്നുള്ളു. ഭരതൻ, ആകാശവാണിയിലെ സരസ്വതിഅമ്മ, കാവാലം പണിയ്‌ക്കരുചേട്ടൻ തുടങ്ങിയ ചിലർ- ആക്കൂട്ടത്തിൽ രാധാകൃഷ്‌ണനും പത്മജയും ഉൾപ്പെടുന്നു.

ഇടയ്‌ക്കെപ്പോഴോ, വീണ്ടും സംഗീതം പഠിച്ചാൽ കൊള്ളാം എന്നൊരു മോഹം എനിയ്‌ക്കുണ്ടായി. എന്നെപ്പോലുള്ളവരെ ഓമനക്കുട്ടിയും രാധാകൃഷ്‌ണനും പാട്ടുപഠിപ്പിയ്‌ക്കുന്നുണ്ടായിരുന്നു. എന്റെ മോഹം രാധാകൃഷ്‌ണനോടു പറഞ്ഞപ്പോൾ, അങ്ങു ചെല്ലാൻ എന്നോടു പറഞ്ഞതാണ്‌. പക്ഷേ, തനിച്ചു പോയിവരുന്ന കാര്യം ഓർത്ത്‌ ഞാനതു വേണ്ടെന്നുവയ്‌ക്കുകയായിരുന്നു. നാട്ടിൽനിന്ന്‌ ബന്ധുക്കളും സ്വന്തക്കാരും ഒക്കെ വരുമ്പോൾ, തൈക്കാടുവഴി അവരെയും കൂട്ടിപോകുന്ന വേളകളിൽ ഞാനവർക്ക്‌ രാധാകൃഷ്‌ണന്റെ വീട്‌ ചൂണ്ടിക്കാണിച്ച്‌ പറയുമായിരുന്നു, ഇവിടെ സംഗീതം വിളയുന്നു എന്ന്‌. അച്ഛനമ്മമാരും, കൂടപ്പിറപ്പുകളും, അവരുടെ മക്കളും, മക്കളുടെ മക്കളും എല്ലാം ഒരുപോലെ പാട്ടുകാരായി പ്രസിദ്ധരായിട്ടുള്ള വേറൊരു കുടുംബം എന്റെ അറിവിലില്ല.

രണ്ടായിരത്തി ആറു മുതൽ രണ്ടുരണ്ടരവർഷക്കാലം ഞാൻ മകളോടൊപ്പം മംഗലാപുരത്തും, ബാംഗ്ലൂരും മറ്റുമായിരുന്നു. അതിനിടയിലാണ്‌ രാധാകൃഷ്‌ണൻ ഒരു നിത്യരോഗിയായിമാറുന്നത്‌. ഇടയ്‌ക്കെപ്പോഴോ നാട്ടിൽ എത്തി ഞാൻ വിളിച്ചപ്പോൾ രാധാകൃഷ്‌ണൻ പറഞ്ഞു, ഞാൻ ചത്തുപോകേണ്ടതായിരുന്നു. അമ്പിലിയ്‌ക്കൽ ഹെർണ്ണിയ വന്ന്‌ വല്ലാതെ കഷ്‌ടപ്പെട്ടു. എറണാകുളത്ത്‌ ആശുപത്രിയിലായിരുന്നു. രക്ഷപ്പെട്ടു വന്നത്‌ പിള്ളേരുടെ ഭാഗ്യം എന്ന്‌. എറണാകുളത്തുവച്ച്‌ സെപ്‌റ്റിസീമിയായി – ശരീരമാകെ അണുബാധ. തിരുവനന്തപുരത്തേയ്‌ക്കു കൊണ്ടുവന്നു. കോസ്‌മോ പോളിറ്റൻ ആശുപത്രിയിൽ വച്ചായിരുന്നു ഓപ്പറേഷൻ. ആയുസ്സ്‌ തിരിച്ചുക്ട്ടി എങ്കിലും ആരോഗ്യം മുഴുവൻ നഷ്‌ടപ്പെട്ടു. വിവരം അറിഞ്ഞപ്പോൾ പെട്ടെന്ന്‌ ഞാൻ ഓർത്തത്‌, നാലഞ്ചുവർഷങ്ങൾക്കുമുമ്പ്‌ ലിവർ സിറോസിസ്സ്‌ ആയി ഒരു മാസക്കാലം രാധാകൃഷ്‌ണൻ ആശുപത്രിയിൽ കിടന്നതിനെക്കുറിച്ചാണ്‌. പത്തൊമ്പതു ദിവസങ്ങളാണ്‌ ഐ.സി.യു വിന്റെ മുമ്പിൽ വിങ്ങുന്ന മനസ്സുമായി പത്മജ കാവൽ നിന്നത്‌. പണ്ട്‌ എം.ടിയ്‌ക്കുവന്നതും ഇതേ അസുഖമാണ്‌, ഇപ്പോൾ രക്ഷപ്പെട്ടസ്‌ഥിതിയ്‌ക്ക്‌ ഇനിയും സൂക്ഷിച്ചാൽ മതി എന്ന്‌ വേണ്ടപ്പെട്ടവർ രാധാകൃഷ്‌ണനെ ഉപദേശിച്ചു. കുറച്ചുകാലത്തേയ്‌ക്ക്‌ സൂക്ഷിച്ചിരുന്നു. പിന്നെ, സുഹൃത്തുക്കൾ ശത്രുക്കളുമായി ഇടയ്‌ക്കിടയ്‌ക്ക്‌ വീട്ടിൽ കുപ്പികളുമായി ചെന്നു തുടങ്ങി. കുപ്പികളുമായി വരുന്ന സുഹൃത്തുക്കളെ പത്മജ ഒരുപാടു ശപിച്ചിട്ടുണ്ട്‌. വീട്ടിൽ സൽക്കാരങ്ങൾ ഇല്ലായിരുന്നു. രാധാകൃഷ്‌ണനേയും കൂട്ടി അവരെല്ലാം അടുത്തുള്ള വല്ല ഹോട്ടലുകളിലേയ്‌ക്കോ ക്ലബ്ബുകളിലേയ്‌ക്കോ ചെന്നുകയറി. സ്വതവേ ദുർബ്ബലമായിത്തുടങ്ങിയ ശരീരത്തിന്‌ അതു താങ്ങാനുള്ള ശക്തിയില്ലാതെപോയി. പത്മജയുടെ സങ്കടമറിഞ്ഞ്‌ എനിയ്‌ക്കും ദുഃഖം തോന്നയിട്ടുണ്ട്‌.

എൺപത്തിയൊന്നിൽ പെട്ടെന്നൊരു ദിവസം ശരീരമാകെ തളർന്ന്‌ മെഡിയ്‌ക്കൽ കോളേജ്‌ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യപ്പെട്ട പത്മജയെകാണാൻ പത്മരാജനോടൊപ്പം ഞാനും പോയിട്ടുണ്ട്‌. അത്യാപൂർവ്വമായിമാത്രം കണ്ടുവരുന്ന ഗില്യൻ പാരിസിൻഡ്രോം‘ എന്നോ മറ്റോ പേരുള്ള ഒരസുഖമായിരുന്നു അത്‌. ശരീരത്തിന്റെ ചലനശേഷി മുഴുവൻ നഷ്‌ടപ്പെട്ട്‌ സ്‌തംഭനാവസ്‌ഥയിൽ കിടന്ന പത്മജ, രോഗത്തിന്റെ പിടിയിൽ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഭർത്താവിനെ ശുശ്രൂഷിയ്‌ക്കാനും, അദ്ദേഹത്തിന്റെ സൗഭാഗ്യങ്ങളിലും വളർച്ചയിലും ഒക്കെ കൂടെ നില്‌ക്കാനും ദൈവം വിധിച്ചിരുന്നതുകൊണ്ട്‌ മാത്രമാണ്‌ അന്ന്‌ പത്മജ രക്ഷപ്പെട്ടത്‌.

ഓർമ്മകൾക്ക്‌ കടിഞ്ഞാണിട്ടുകൊണ്ട്‌ കാർ പെട്ടെന്നു നിന്നപ്പോഴാണ്‌, വീട്ടിലെത്തിയ വിവരം ഞാനറിയുന്നത്‌. കഴിഞ്ഞ പലതവണകളിലെപ്പോലെ ഇക്കുറിയും രാധാകൃഷ്‌ണൻ രക്ഷപ്പെടുമായിരിയ്‌ക്കും എന്ന്‌ ഞാൻ സ്വയം ആശ്വസിച്ചു.

ഒരാഴ്‌ചകഴിഞ്ഞ്‌, വഞ്ചിയൂർ കോർട്ടിനടുത്ത്‌ ഒരു നോട്ടറിയെ കണ്ടു ചിലപേപ്പറുകൾ ഒപ്പിടുവിച്ചു വാങ്ങാനായി ഒരു ടാക്‌സി എടുത്ത്‌ ഞാൻ പോയതാണ്‌. തിരിച്ചുവന്നത്‌ തൈക്കാട്‌ ശാസ്‌താം കോവിലിന്റെ വഴിയാണ്‌. കാറ്‌ കോവിലിന്റെ വളവു തിരിഞ്ഞപ്പോൾ, ’മേടയിൽ‘ വീടിനു മുന്നിൽ കരിങ്കൊടിയും, പോലീസും, ഒരുപാടു ഫോട്ടോഗ്രാഫർമാരും. ഉടനെ ഞാൻ കാർ നിർത്തി ഇറങ്ങി. ’മരിച്ചിട്ട്‌ ഒരു മണിക്കൂറേ ആയുള്ളു. വീട്ടിൽ ഇപ്പോൾ കൊണ്ടുവന്നിട്ടേയുള്ളു‘ എന്ന്‌ ആരോ പറഞ്ഞു. അകത്തുചെന്നപ്പോൾ മൊബൈൽ മോർച്ചറിയ്‌ക്കു ചുറ്റുമായി വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്‌. അധികനേരം അവിടെ തങ്ങാൻ എനിയ്‌ക്കു കഴിഞ്ഞില്ല. ഒന്നു തൊഴുത്‌ വലംവച്ചു, പെട്ടെന്നു ഞാൻ തിരിച്ച്‌ വണ്ടിയിൽ കയറി. വല്ലാത്തൊരു മരവിപ്പാണ്‌ എനിയ്‌ക്കനുഭവപ്പെട്ടത്‌. പത്മരാജന്റെ ’ചൊക്കൻ‘ അരങ്ങൊഴിഞ്ഞിരിയ്‌ക്കുന്നു. ആരാധകർക്കും വേണ്ടപ്പെട്ടവർക്കും, എണ്ണമറ്റ ശിഷ്യർക്കും മുന്നിൽ ഇനി രാധാകൃഷ്‌ണനില്ല.

രാധാകൃഷ്‌ണന്‌ അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്ന്‌ എനിയ്‌ക്കുസംശയം തോന്നാറുണ്ട്‌. ചെയ്യുന്ന ജോലിയോട്‌ നൂറുശതമാനം ആത്മാർത്ഥതപുലർത്തിയിരുന്ന ആ വലിയ കലാകാരൻ ആരായിരുന്നു എന്ന്‌ കാലം തെളിയിയ്‌ക്കും. ഭാഗ്യവും ആയുസ്സും ഉണ്ടെങ്കിൽ നമുക്കത്‌ കാത്തിരുന്നുകാണാം. ആ വലിയ പ്രതിഭയുടെ ഓർമ്മയ്‌ക്കുമുമ്പിൽ ശിരസ്സു താഴ്‌ത്തിക്കൊണ്ട്‌.

Generated from archived content: essay1_jan13_11.html Author: radhalakshmi_padmarajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here