രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ എന്ന പടം കണ്ട് വന്നിട്ട് മകന്‍ പറഞ്ഞു , ‘’അമ്മേ നല്ല പടം രഞ്ജിത് നന്നായി വര്‍ക്ക് ചെയ്തിരിക്കുന്നു. ജഗതിയും തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്നു. പൃത്ഥിരാജും നന്നായി ചെയ്തിട്ടുണ്ട് ‘’. എന്ന് നിര്‍മ്മാണത്തില്‍ കൂടി പൃഥിരാജിനു പങ്കുണ്ടെന്നും , പടമൊരു ഹിറ്റാകുമെന്നും കൂടി പറഞ്ഞു. പെട്ടന്ന് ഞാനോര്‍ത്തത്. കൈനിക്കര കുമാരപിള്ള സാറിനെയാണ്. എപ്പോഴും ബഹുമാനപൂര്‍വ്വം മാത്രം ഓര്‍ക്കാന്‍ മാത്രം കഴിയുന്ന ഒരു പേരാണത്. ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വലിയ മനുഷ്യന്‍! പൃഥിരാജിന്റെ വലിയ മുത്തശ്ശന്‍.
ആയിരത്തിത്തൊള്ളായിരത്തി എഴുപതില്‍ വിവാഹം കഴിഞ്ഞ് പത്മരാജനോടൊപ്പം ഞാന്‍ താമസമാക്കിയത് പൂജപ്പുരയിലെ പാതിരപ്പള്ളി റോഡിലുള്ള ‘കമലാലയം’ എന്ന രണ്ടു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ്. താഴെ വീട്ടുടമസ്ഥരായ ഇന്ദിരചേച്ചിയും , ഭര്‍ത്താവും മകന്‍ റാമും. ഞങ്ങള്‍ താമസം തുടങ്ങിയ സമയത്ത് ഇന്ദിരച്ചേച്ചിയുടെ ഭര്‍ത്താവ് സുകുമാരന്‍ നായര്‍ ചേട്ടന്‍ അമേരിക്കയിലാണ്. ഇന്ദിരച്ചേച്ചി വലിയ സായിഭക്തയായിരുന്നു. മനോഹരമായി പാടും. എല്ലാ വ്യാഴാഴ്ചയും ‘കമലാലയ‘ത്തില്‍ സായിഭജനയുണ്ടായിരുന്നു.
ഞാന്‍ താമസമാക്കി ദിവസങ്ങള്‍ക്കകം തന്നെ ഇന്ദിരച്ചേച്ചി എന്റെ അടുത്ത സുഹൃത്തായി. അവര്‍ ഒഴിവുസമയങ്ങളിലെല്ലാം ഇരുന്നു വായിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. പൊതുവെ കലയും സാഹിത്യവും ഒക്കെ അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ട സംഗതികളായിരുന്നു. ലോകകാര്യങ്ങളെക്കുറിച്ച് നല്ല ബോധവും അറിവും അവര്‍ക്കുണ്ടെന്ന് ഞാന്‍ മനസിലാക്കി. പത്മരാജന്‍ ഓഫീസില്‍ പോകുന്ന അവസരങ്ങളില്‍ ഞാന്‍ എപ്പോഴും ഇന്ദിരച്ചേച്ചിയുടെ അടുത്തു ചെല്ലുമായിരുന്നു. വായിക്കാനുള്ള പുസ്തകങ്ങളൊക്കെ എവിടെനിന്നാണ് കിട്ടുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ഇന്ദിരച്ചേച്ചിയോട് ചോദിച്ചു. കൈനിക്കരസാറിന്റെ വീട്ടില്‍ നിന്നാണെന്ന് ചേച്ചി മറുപടി പറഞ്ഞു. കൈനിക്കര സാറിന്റെ പേരുകേട്ടപ്പോള്‍ എനിക്കു വലിയ അത്ഭുതമായി കൈനിക്കര സഹോദരന്മാരെക്കുറിച്ചൊക്കെ പത്മരാജന്‍ നേരത്തേതന്നെ എനിക്കു പറഞ്ഞു തന്നിരുന്നു. അതുകൊണ്ടു തന്നെ, സാറിനെ ഒന്നു പരിചയപ്പെട്ടാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി. ഞാന്‍ എന്റെ ആഗ്രഹം ഇന്ദിരച്ചേച്ചിയോടു പറഞ്ഞു, ഒരു ദിവ്സം പത്മരാജനോടൊപ്പം ഞാനും ഇന്ദിരച്ചേച്ചിയും കൈനിക്കരസാറിന്റെ വീട്ടിലേക്കു ചെന്നു.
ഇപ്പോള്‍ ‘ നടുതലഭഗവതിക്ഷേത്രം’ റോഡായി മാറിയ പഴയ പാതിരപ്പള്ളി റോഡിലേക്ക് കടന്നാലുടന്‍ ഇടതുവശത്തുകാണുന്ന ആദ്യത്തെ വീടായിരുന്നു കുമാരപിള്ള സാറിന്റേത്. കാണുന്ന മാത്രയില്‍ തന്നെ നമിക്കാന്‍ തോന്നിപ്പോകുന്ന തരത്തിലുള്ള ഒരു പേഴ്സണാലിറ്റിയായിരുന്നു സാറിന്റേത്. ആറടിപ്പൊക്കം, വെളുത്ത് കൊലുന്നനേയുള്ള ശരീരം, കനത്ത മീശ, ഗൗരവം സ്ഫുരിക്കുന്ന മുഖം., നീണ്ടു നിവര്‍ന്ന ശരീരവും കൈകാലുകളും. ശരിക്കു പറഞ്ഞാല്‍ അങ്ങോട്ട് കയറി എന്തെങ്കിലും ചോദിക്കാനോ പറയാനോ നമുക്കു ധൈര്യം തോന്നാത്ത അത്രയും ഗംഭീരമായ ഒരുരൂപമായിരുന്നു സാറിന്. പക്ഷേ, പരിചയപ്പെട്ടു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു മനസിലായി അദ്ദേഹം വളരെ സൗമ്യനായ ഒരു മനുഷ്യനാണെന്ന്.
സാറിന്റെ വീട്ടില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നു .ഏറ്റവും പുതുതായി ഇറങ്ങുന്ന പുസ്തകങ്ങള്‍ വരെ ആ ലൈബ്രറിയില്‍ ഞങ്ങള്‍ കണ്ടു. എല്ലാം ചിട്ടയായും ഭംഗിയായും അലമാരകളില്‍ അടുക്കിവച്ചിട്ടുണ്ടായിരുന്നു.
പത്മരാജന്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ വായനയായിരുന്നു എന്റെ ഹോബി. കൈനിക്കര സാറിന്റെ വീട്ടിലെ പുസ്തകങ്ങള്‍ എന്നെ വളരെ ഏറെ സന്തോഷിപ്പിച്ചു പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ ഞാനവിടെ ചെല്ലാനും സാറിന്റെ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തുകൊണ്ടുവന്ന് വായിക്കാനും തുടങ്ങി. എടുക്കുന്ന പുസ്തകങ്ങളുടെ പേര് സാറിന്റെ ഭാര്യ ഒരു പുസ്തകത്തില്‍ എഴുതി വയ്ക്കും.
വെളുത്തു കൊലുന്നനെയുള്ള ഒരു സുന്ദരിപ്പെണ്‍കുട്ടിയെ വല്ലപ്പോഴുമൊക്കെ അവിടെ കാണുമായിരുന്നു. ‘അത് എന്റെ സഹോദരന്‍ മാധവന്‍ പിള്ളയുടെ മോളാ – മോഹമല്ലിക. ഇവിടെ വിമന്‍സ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു. ‘ എന്നൊരിക്കല്‍ സാറ് എന്നോടു പറഞ്ഞു. നല്ല ചുറുചുറുക്കും സൗന്ദര്യവുമുള്ള ആ പെണ്‍കുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം എന്ന് ആ കുട്ടിയുടെ പെരുമാറ്റവും മിടുക്കും ഒക്കെ കണ്ടപ്പോള്‍ എനിക്കു തോന്നി.
കൈനിക്കര സഹോദരന്മാരെക്കുറിച്ചും , അവരുടെ നാടകങ്ങളെക്കുറിച്ചും ഒക്കെ വീട്ടില്‍ ചര്‍ച്ച പതിവായി. സി. വി രാമന്‍ പിള്ളയുടെ രചനകളെക്കുറിച്ചൊക്കെ പത്മരാജന്‍ വാചാലനാകുന്നതും കേട്ട് കേട്ട് ഞാനങ്ങരിക്കും. ഒരിക്കല്‍ ‘ധര്‍മ്മരാജ’ രംഗത്തവതരിപ്പിച്ചപ്പോള്‍ അതിലെ ഹരി പഞ്ചാനനന്മാരായി കൈനിക്കരസഹോദരന്മാര്‍ വേഷമിട്ട കാര്യമൊക്കെ അദ്ദേഹം പറഞ്ഞു തന്നു. ഉഗ്രഹരിപഞ്ചനനനായി കൈനിക്കര പത്ഭനാഭപിള്ള, ശാന്തഹരിപഞ്ചാനനനായി കുമാരപിള്ളസാറും സറ്റേജില്‍ വരുന്നതൊക്കെ ഞാന്‍ സങ്കല്‍പ്പിക്കും. സ്വതവേ കഥപറച്ചിലുകാരനായ പത്മരാജന് ഈ കഥകളൊക്കെ പറഞ്ഞു തരാന്‍ നല്ല ഉത്സാഹമായിരുന്നു.
എഴുപത്തിരണ്ടിലോ മറ്റോ ആണ് ‘കമലാലയ’ ത്തിലിരുന്ന് പത്മരാജന്‍ ‘ഇതാ ഇവിടെ വരെ’ എന്ന നോവല്‍ എഴുതിക്കഴിഞ്ഞിരുന്നു. ഒരു ദിവസം പ്രസിദ്ധ സിനിമാനടനായ മധുസാറ് ഞങ്ങള്‍ താമസിക്കുന്നിടത്ത് കയറിവന്നു. പത്മരാജന് നേരത്തേതന്നേ മധുസാറിനെ പരിചയമുണ്ടായിരുന്നു. പത്മരാജന്‍ സിനിമാക്കാരനായിട്ടില്ല. അദ്ദേഹത്തിന്റെ ‘ നക്ഷത്രങ്ങളേ കാവല്‍ ‘ എന്ന നോവല്‍ ‘ കുങ്കുമം വാരികയില്‍ ഖണ്ഡശ:യായി പ്രസിദ്ധീകരിച്ചു വന്നതിന് ശേഷം ഒരുപാടു സിനിമാക്കാര്‍ അദ്ദേഹവുമായി ബന്ധപ്പെടുകയും കാണാന്‍ വരികയും ഒക്കെ പതിവായിരുന്നു. മധുസാര്‍ എന്തിനാണ് വന്നതെന്ന് കൃത്യമായി ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല.പോകാന്‍ നേരത്ത് സാറ് എന്നോടു ഒരു കാര്യം പറഞ്ഞു , ‘’അടുത്ത പടം തുടങ്ങാന്‍ പോകുകയാണ്. അതിലേക്ക് ഒരു പുതിയ നായികനടിയെ വേണം. കൂട്ടുകാരാരെങ്കിലും ഉണ്ടെങ്കില്‍ പറയണം. ‘സതി’ എന്ന പടമാണെന്നാണ് എന്റെ ഓര്‍മ്മ. ‘അന്വേഷിച്ചിട്ടു പറയാം’ എന്ന് ഞാനേറ്റു. ഒരു പക്ഷെ , മധു സാര്‍ ഇക്കാര്യം അപ്പോള്‍ തന്നെ മറന്നു കാണും പക്ഷെ ഞാന്‍ മറന്നില്ല. ഞാന്‍ റോഡിലൂടെ പോകുന്ന സുന്ദരിമാരെയെല്ലാം സൂക്ഷിച്ചു നോക്കി തുടങ്ങി. പെട്ടന്നാണ് എനിക്ക് കൈനിക്കര സാറിന്റെ സഹോദരന്‍ മാധവന്‍പിള്ള സാറിന്റെ മകളെ ഓര്‍മ്മ വന്നത്. അഭിനയ പാരമ്പര്യമുള്ളകുടുംബത്തില്‍ പിറന്ന സുന്ദരിപെണ്‍കുട്ടി. ആ കുട്ടിയുടെ നീണ്ട് ഇടതൂര്‍ന്ന മുടിയും , വെണ്ണപോലെ വെളുത്ത നിറവും ഉയരവും ഒക്കെ ഒരു നായികയാകാന്‍ പറ്റിയതാണെന്ന് എനിക്കു തോന്നി. ഞാനീക്കാര്യം പത്മരാജനോടു പറഞ്ഞു. അദ്ദേഹം അതുകേട്ട് ഒറ്റച്ചിരി. ‘ നിങ്ങള്‍ക്കു വട്ടുണ്ടോ? ആ കുട്ടിയെ ഒന്നും സിനിമയില്‍ അഭിനയിക്കുവാന്‍ വിടില്ല’ എന്നായി പത്മരാജന്‍ . എനിക്കാ അഭിപ്രായത്തോടു യോജിക്കാന്‍ കഴിഞ്ഞില്ല. കൈനിക്കര സാറിനോടു ചോദിക്കാം എന്നായി ഞാന്‍. ആദ്യം അതു വേണ്ടെന്ന് വിലക്കി എങ്കിലും അവസാനം എന്റെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹം സമ്മതം മൂളി.picture2
പിറ്റേന്ന് പുസ്തകമെടുക്കാന്‍ എന്ന ഭാവത്തില്‍ ഞാന്‍ കൈനിക്കര സാറിന്റെ വീട്ടിലേക്കു ചെന്നു. ഭാഗ്യത്തിന് സാറ് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ആദ്യമാദ്യം നാട്ടുകാര്യങ്ങളോക്കെ സംസാരിച്ച് അവസാനം സിനിമാ കാര്യത്തിലെത്തി. ‘ മോഹ മല്ലികയെ അഭിനയ്ക്കാന്‍ വിടുമോ?’ എന്നു ഞാന്‍ സാറിനോടു ചോദിച്ചു അതുകേട്ട് ഉടനെ സാറ് എന്റെ മുഖത്തോട്ട് നോക്കി ഒന്നു പുഞ്ചിരിച്ചു. അപ്പോള്‍ ഞാന്‍ മധുസാര്‍ വീട്ടില്‍ വന്ന കാര്യമൊക്കെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. ‘ ഞാന്‍ മാധവന്‍ പിള്ളയോടൊന്നു ചോദിച്ചു നോക്കട്ടെ. അയാള്‍ വിടുമോ എന്നറിഞ്ഞു കൂട’ എന്ന് കൈനിക്കര സാര്‍ പറഞ്ഞപ്പോള്‍ എനിക്കു സന്തോഷമായി. എന്റെ ശ്രമം വിജയിച്ചു എന്ന് വിശ്വാസത്തില്‍ ഞാന്‍ വീട്ടിലേക്കു തിരിച്ചു വന്നു.
‘ അവര്‍ അഭിനയിക്കാനൊന്നും വിടില്ല’ എന്ന് പത്മരാജന്‍ വീണ്ടും പറഞ്ഞപ്പോള്‍ തെല്ലോരഹന്തയോടെ ‘ നമുക്കു കാണാം’ എന്ന് ഭാവത്തില്‍ തുള്ളിച്ചാടി ഞാനകത്തേക്കു പോയി. പക്ഷെ, എന്റെ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ചുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കൈനിക്കര സാറിന്റെ മറുപടി കിട്ടി. ‘അയാള്‍ക്കതില്‍ ( മാധവന്‍ പിള്ളക്ക്) താല്‍പ്പര്യമില്ല അവള്‍ പഠിക്കുകയല്ലേ എന്നാണ് പറഞ്ഞത്’ എന്ന്. ഇതുകേട്ട് പത്മരാജന്‍ പൊട്ടിച്ചിരിച്ചു. ‘ നിങ്ങള്‍ക്കെന്തറിയാം‘ എന്ന ഭാവത്തില്‍ അദ്ദേഹം ചിരിക്കുന്നതു കേട്ടപ്പോള്‍ എനിക്കു വല്ലാത്ത നിരാശ തോന്നി.
ഒരാഴ്ച കഴിഞ്ഞില്ല , പത്മരാജന്‍ വന്ന് എന്നോടു പരിഭവിക്കുന്നു, ‘ നിങ്ങള്‍ക്ക് വല്ല ആവശ്യവുമുണ്ടായിരുന്നോ വേണ്ടാത്ത കാര്യത്തിനു പോയിട്ട് , ആ ചൊക്കന്‍ ( എം. ജി രാധാകൃഷ്ണനെ അദ്ദേഹം അങ്ങനെയാണ് പറഞ്ഞിരുന്നത്) എന്നോടു വന്നു ചോദിച്ചു. നീ മോഹ മല്ലികയെ അഭിനയിക്കാന്‍ വിളിച്ചിട്ട് അവള്‍ വരില്ല എന്നു പറഞ്ഞല്ലേ’ എന്ന്. അവന്റെ ഒരു ചിരിയും പരിഹാസവും കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞു പോയി ‘ എന്നൊക്കെ. ഞാനാകെ വല്ലാതായി ഈ വാര്‍ത്ത ഇത്ര വേഗം മറ്റുള്ളവര്‍ അറിയുമെന്ന് ഞാന്‍ കരുതിയതേയില്ല.
താമസിയാതെ മധുസാര്‍ പടം തുടങ്ങി. ജയഭാരതിയായിരുന്നു നായിക എന്നാണ് എന്റെ ഓര്‍മ്മ. രണ്ടുമൂന്നു മാസം കഴിഞ്ഞു കാണും പത്മരാജന്‍ എന്നോടു വന്നു പറഞ്ഞു. ‘ നിങ്ങള്‍ക്കൊരു ചൂടുള്ള വാര്‍ത്തയുണ്ട് നിങ്ങളുടെ നായിക മോഹമല്ലിക ഒളിച്ചോടി നമ്മുടെ എന്‍. കെ ആചാരിയുടെ മകന്‍ അമ്പിളിയുടെ കൂടെ. സത്യം പറഞ്ഞാല്‍ വാര്‍ത്ത കേട്ട് ഞാന്‍ അന്തം വിട്ടു പോയി. പെട്ടന്ന് ഞാനോര്‍ത്തത് കൈനിക്കര സാറിനേയാണ്. അദ്ദേഹവും കുടുംബവും ഈ സംഭവത്തെ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നു ഞാന്‍ ചിന്തിച്ചു പോയി. ‘അഭിനയിക്കാന്‍ അയച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നായികയായി വിലസാമായിരുന്നു. ‘ എന്നു ഞാന്‍ പിറുപിറുത്തപ്പോള്‍ പത്മരാജന്‍ അതുകേള്‍ക്കാത്തതു പോലെ ഒരു സിഗററ്റിനു തീ കൊളുത്തി.picture3
വര്‍ഷങ്ങള്‍ കുറെ കടന്നു പോയി അമ്പിളിയും മല്ലികയും ഏതൊക്കെയോ പടങ്ങളില്‍ ചെറിയ ചെറിയ റോളുകളില്‍ അഭിനയിച്ചു അതുകണ്ടപ്പോളൊക്കെ ‘ എന്തൊരു വിധിയായിപ്പോയി’ എന്നു ഞാന്‍ തലയില്‍ കൈവച്ചു. ഏതായാലും കാലത്തോടൊപ്പം അവര്‍ വളരുകയും അറിയപ്പെടുന്ന സിനിമാതാരങ്ങളായി മാറുകയും ചെയ്തു. നാട്ടുകാര്‍ അവരുടെ കഥകള്‍ മറന്നു തുടങ്ങി.
എഴുപത്തി എട്ടിലോ മറ്റോ ആണ് ഞാനും മക്കളും പത്മരാജനോടൊപ്പം ചിറ്റൂര്‍ക്ക് പോകുന്ന വഴിയില്‍ എറണാകുളത്ത് ഒരു ഹോട്ടലില്‍ ഒരു ദിവസം തങ്ങി. അന്നവിടെ ഞങ്ങള്‍ള്‍ താമസിക്കുന്നതിന്റെ അടുത്ത മുറിയില്‍ മോഹമല്ലികയുണ്ട്. ജഗതി എന്‍. കെ ആചാരിയും എം. ടി വാസുദേവന്‍ നായരുമുണ്ട്. എം. ടി യെ ഞാന്‍ ആദ്യമായി നേരില്‍ കണ്ടതും പരിചയപ്പെട്ടതും അന്നവിടെ വച്ചാണ്. അദ്ദേഹം ‘ ബന്ധനം’ എന്ന പടത്തിന്റെ ജോലികളുമായി അവിടെ തങ്ങുകയായിരുന്നു. പടത്തിലെ നായകനായ സുകുമാരനും അവിടെ ഒരു മുറിയില്‍ ഉണ്ടായിരുന്നു. അന്ന് പത്മരാജന്‍ എന്നോടു പറഞ്ഞു ‘ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നു തോന്നുന്നു. എന്‍. കെ. ആചാരിയുടെ സംസാരത്തില്‍ നിന്ന് എനിക്കങ്ങനെയാണ് തോന്നുന്നത്.’ എന്‍. കെ. ആചാരി ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയതുകൊണ്ട് ഞങ്ങള്‍ക്ക് നല്ല പരിചയമുണ്ടായിരുന്നു. പത്മരാജന്‍ പറഞ്ഞത് കേട്ടെങ്കിലും എം. ടി യെ പരിചയപ്പെട്ട ത്രില്ലില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എന്താണ് കുഴപ്പമെന്നോ ആര്‍ക്കാണ് കുഴപ്പമെന്നോ ഒന്നും അന്വേഷിക്കാന്‍ പോയില്ല.
പിന്നേയും ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാണെന്നാണ് എന്റെ ഓര്‍മ്മ , മോഹമല്ലിക ജഗതി ശ്രീകുമാറുമായി പിരിഞ്ഞു എന്നും സുകുമാരനെ കല്യാണം കഴിക്കാന്‍ പോകുകയാണെന്നും അറിഞ്ഞു. അപ്പോഴും അവരുടെ കുടുംബത്തെക്കുറിച്ച് ഞാനോര്‍ത്തു. ആദ്യ വിവാഹത്തില്‍ ദു:ഖിതരായിരുന്ന വീട്ടുകാര്‍ സുകുമാരനുമായുള്ള വിവാഹത്തില്‍ വളരെ സന്തുഷ്ടരാണെന്ന് പത്മരാജന്‍ പറഞ്ഞു. ഞാനപ്പോള്‍ വെറുതെ ഓര്‍ത്തു , ഒരു നായികയായി സിനിമയില്‍ വന്ന് വെട്ടിത്തിളങ്ങേണ്ടിയിരുന്ന ആ പെണ്‍കുട്ടിക്ക് എത്രയെത്ര ചെറിയ റോളുകളിലാണ് അഭിനയിക്കേണ്ടി വന്നത്. എന്തുമാത്രം കഷ്ടപ്പാടുകളാണ് അനുഭവിക്കേണ്ടി വന്നത് എന്നൊക്കെ. എല്ലാം ദൈവനിശ്ചയം എന്ന് സമാധാനിച്ചു.
ഏതായാലും സുകുമാരന്റെ ഭാര്യയായതിനുശേഷം മല്ലികയെ പടങ്ങളിലൊന്നും കാണാതായി. നല്ലൊരു വീട്ടമ്മയായി സുഖമായി ആ കുട്ടി കഴിയുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. മല്ലികയുടെ അമ്മയും ചേച്ചിയുമൊക്കെ പൂജപ്പുര തന്നെയാണ് താമസിച്ചിരുന്നത്. ഞങ്ങള്‍ നല്ല പരിചയക്കാരുമായിരുന്നു. മല്ലികയുടെ ഒരു ചേച്ചിയുടെ ഭര്‍ത്താവ് എന്തെ രണ്ടാമത്തെ ആങ്ങളയായ കുട്ടേട്ടനോടൊപ്പം ചിറ്റൂര്‍ കോളേജില്‍ ഉണ്ടായിരുന്ന സച്ചിദാനന്ദമേനോനും, മറ്റൊരു ചേച്ചിയുടെ ഭര്‍ത്താവ് ഫിസിക്സ് പ്രൊഫസറായ കര്‍ത്താ സാറുമാണ്. എന്റെ മകള്‍ മാധവിക്കുട്ടി കര്‍ത്താസാറിന്റെ അടുത്ത് ഫിസിക്സ് പഠിക്കാന്‍ പോകുമായിരുന്നു.
വിവാഹ ശേഷം മല്ലികയും സുകുമാരനും തിരുവനതപുരത്ത് കുഞ്ചാലുമ്മൂട് എന്ന സ്ഥലത്തൊരു വീടുവച്ച് താമസമായി. ഒരിക്കല്‍ സുകുമാരന്‍ പത്മരാജനോടൊപ്പം ഞങ്ങളുടെ വീട്ടില്‍ വന്നതോര്‍ക്കുന്നു. പത്മരാജന്‍ എന്നെ സുകുമാരനു പരിചയപ്പെടുത്തിയപ്പോള്‍ ആ മുഖത്ത് വളരെ കഷ്ടപ്പെട്ടു വരുത്തിയ ഒരു ചെറു ചിരി മാത്രമേ കണ്ടുള്ളു. വല്ലാത്ത ഗൗരവക്കാരന്‍ തന്നെ. എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘ കള്ളന്‍ പവിത്രന്‍’ എന്ന് പടത്തിന്റെ പൂജക്ക് പുളിയറക്കോണത്തുണ്ടായിരുന്ന മധുസാറിന്റെ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ അവിടെ സുകുമാരനും സീമയും ഉണ്ടായിരുന്നു. അങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ ഞാന്‍ സുകുമാരനെ കണ്ടിരുന്നുള്ളു.picture4
തൊണ്ണൂറ്റിയൊന്നില്‍ പത്മരാജനും , അതുകഴിഞ്ഞ് സുകുമാരനും തങ്ങളുടെ ഏറ്റവും നല്ല കാലത്തു തന്നെ ഈ ലോകത്തോടു വിട പറഞ്ഞു. സുകുമാരന്റെ മരണവിവരം ആരോ പറഞ്ഞറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റാതെ ഞാന്‍ പൂജപ്പുരയുള്ള മല്ലികയുടെ വീട്ടിലേക്കു വിളീച്ചു നിര്‍ഭാഗ്യത്തിന് , ഫോണെടുത്തത് മല്ലികയുടെ അമ്മയായിരുന്നു. സുകുമാരന്റെ മരണം അമ്മയെ അറിയിക്കാതെ ചേച്ചിയും മറ്റുമിരിക്കുന്ന സമയത്താണ് ഞാന്‍ വിളിച്ചത്. സുകുമാരന് എന്തോ പറ്റി എന്നു കേള്‍ക്കുന്നു ശരിയാണോ എന്നു ചോദിച്ചത് അബദ്ധമായിപ്പോയെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്. സത്യമറിഞ്ഞപ്പോള്‍ ആ അമ്മയ്ക്കുണ്ടായ വിഷമത്തെക്കുറിച്ച് മല്ലികയുടെ ചേച്ചി ലതിക എന്നോടു പറഞ്ഞു. മരണമന്വേഷിച്ച് കുഞ്ചാലുമ്മൂടിലെ വീട്ടിലേക്കു ചെന്നപ്പോഴാണ് മല്ലികയുടെ രണ്ടു മക്കളേയും ഞാനാദ്യമായി കാണുന്നത്. മൂത്തയാള്‍ക്ക് പതിനചും രണ്ടാമത്തെയാള്‍ക്ക് പന്ത്രണ്ടും വയസ്സേ കാണൂ. മക്കള്‍ അമ്മയെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. പാവം കുട്ടികള്‍ എന്ന് മനസ്സു നൊന്തു.
രഞ്ജിത്തിന്റെ ‘ നന്ദനം’ എന്ന് പടം കണ്ടപ്പോള്‍ മല്ലികയെ ഞാന്‍ വിളിച്ചു. പൃഥിരാജിന്റെ ആദ്യത്തെ പടം. മോന്റെ അഭിനയം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞാനെന്റെ അഭിനന്ദനം അറിയിച്ചു., അതുകഴിഞ്ഞ് ‘ മീശമാധവ’ ന്റെ ഷൂട്ടിംഗിനിടക്ക് ഇന്ദ്രജിത്ത് പപ്പനോടൊപ്പം ചിറ്റൂരുള്ള എന്റെ ചെറിയമ്മയുടെ വീട്ടില്‍ വന്നിരുന്നു. ദൈവനാമത്തില്‍ എന്ന പടത്തിന്റെ പ്രിവ്യൂവിനും മറ്റേതൊക്കെയോ അവസരങ്ങളിലും പൃഥിരാജിനെ കണ്ടു. മോന്‍ സുകുമാരന്റെ അതേ ഛായാണല്ലോ എന്നെനിക്കു തോന്നി. രണ്ടു പ്രാവശ്യം ഗീതു മോഹന്‍ ദാസ് എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. എന്റെ രണ്ടു മക്കളുടെ കല്യാണത്തിനും ഞാന്‍ മല്ലികയെ ക്ഷണിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ കല്യാണത്തിന് മല്ലിക വന്നു ക്ഷണിച്ചതുകൊണ്ട് , എന്റെ മക്കളുടെ കല്യാണത്തിനു മല്ലിക വരാതിരുന്നിട്ടും ഞാനെന്റെ മകനെ എറണാകുളത്തേക്കയച്ചു.
വര്‍ഷങ്ങള്‍ കടന്നു പോകുന്നിതിനിടെ പൃഥിരാജ് മലയാളത്തിലെ ഏറ്റവും നല്ല നടനുള്ള കേരള ഗവണ്മെന്റിന്റെ പുരസ്ക്കാരത്തിനര്‍ഹനാകുകയും വലിയ നടന്മാര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയെടുക്കുകയ്യും ചെയ്തത് എന്നെ ഒരു പാടു സന്തോഷിപ്പിച്ചു.
പൂജപ്പുരയില്‍ വളരെ പുരാതനമായ , തൊണ്ണൂറ്റി ഒന്നു വര്‍ഷം കഴിഞ്ഞ ഒരു അനാഥമന്ദിരമുണ്ട്. – എസ്. എം. എസ് ഹിന്ദു മഹിളാ മന്ദിരം. ഞാന്‍ കഴിഞ്ഞ മുപ്പത്തിയൊന്നു വര്‍ഷങ്ങളായി അവിടുത്തെ ഭരണസമിതിയില്‍ അംഗമാണ്. മല്ലിക ഇടക്കിടക്ക് മന്ദിരത്തില്‍ വരികയും സാമ്പത്തിക സഹായം ചെയ്യുകയും ഒക്കെ പതിവാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മല്ലിക ഇളയമകനേയും കൊണ്ടാണ്‍ വന്നത്. പൃഥിരാജിന്റെ ജന്മദിനം പ്രമാണിച്ച് ഞങ്ങളുടെ മന്ദിരത്തിലെ കുട്ടികളെ കാണാനും അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനുമായി വന്ന അമ്മയേയും മകനേയും ഞാന്‍ കൂടി ചേര്‍ന്ന് എതിരേറ്റു.
അവരെത്തുന്നതിനു മുമ്പു തന്നെ ഞാന്‍ മന്ദിരത്തിലെ എന്റെ സഹപ്രവര്‍ത്തകരോട് പണ്ട് ഞാന്‍ മല്ലികയെ നടിയാക്കാന്‍ ശ്രമിച്ച കഥയൊക്കെ പറഞ്ഞിരുന്നു. അവര്‍ മന്ദിരത്തിലെത്തി. കുശലപ്രശ്നത്തിനിടക്ക് ഞാന്‍ പൃഥിരാജിനോടു ചോദിച്ചു. ‘’ അമ്മയില്‍ ഒരഭിനേത്രിയുണ്ട് ആദ്യം മനസിലാക്കിയതാരാണെന്നറിയാമോ?” എന്ന്. അറിയില്ല എന്നു മകന്‍ അപ്പോള്‍ അതേ ചോദ്യം തന്നെ ഞാന്‍ മല്ലികയോടു ചോദിച്ചു മല്ലികയ്ക്കും അറിയില്ലായിരുന്നു. അവരെ മധു സാറിന്റെ നായികയായി അഭിനയിക്കാന്‍ ക്ഷണിക്കാന്‍ പോയ കാര്യം വിശദമായി ഞാന്‍ മകനെ പറഞ്ഞു കേള്‍പ്പിച്ചു. പക്ഷെ, അമ്മയ്ക്ക് അത് ഒട്ടും ഓര്‍മ്മയുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ കൊച്ചായതു പോലെ തോന്നി എങ്കിലും ചമ്മല്‍ പുറത്തു കാണിക്കാതെ ഞാന്‍ കൈനിക്കരസാറിന്റെ ലൈബ്രറിയെ കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ഒക്കെ കൊച്ചു മോനോടു സംസാരിച്ചു. മന്ദിരത്തില്‍ നിന്ന് അന്നത്തെ യോഗം കഴിഞ്ഞ് തിരിച്ചു പോരുമ്പോഴും മോഹമല്ലിക പഴയകാലം മറന്നു പോയല്ലോ എന്ന വിഷമം മനസ്സിനെ അലട്ടിയിരുന്നു.
പിന്നീട് പൃഥിരാജിന്റെ കല്യാണം വന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരും കൂട്ടുകാരും ചോദിച്ചു, കല്യാണത്തിനു പോകുന്നില്ലേയെന്ന്. മറുപടി ഞാനൊരു ചിരിയിലൊതുക്കി. കല്യാണത്തിനു ക്ഷണിച്ചിരുന്നില്ല എന്ന സത്യം ചെറിയ വിഷമമുണ്ടാക്കിയെങ്കിലും എന്നേക്കാള്‍ അവര്‍ക്ക് അടുപ്പമുള്ള പലരേയും ക്ഷണിച്ചിരുന്നില്ല എന്നറിഞ്ഞപ്പോള്‍ ആ വിഷമം മാറി.
എന്റെ ഒരു വലിയമ്മയുടെ മകനുണ്ട് , രാജേട്ടന്‍. ഏട്ടന്റെ മകന്‍ വിദ്യാശങ്കറും ഭാര്യ കവിതയും ഒട്ടും പ്രതീക്ഷിക്കാതെയാണ് മസ്ക്കറ്റില്‍ നിന്നും നാട്ടിലേക്കു വന്നത്. അതീവ രഹസ്യമായി വച്ചിരുന്ന പൃഥിരാജിന്റെ കല്യാണത്തിനായിരുന്നു ആ വരവ്. കവിതയുടെ കല്യാണത്തിന്‍ രാജേട്ടന്‍ കൂടി അവരോടൊപ്പം പാലക്കാട്ടേക്കു പോയിരുന്നെന്നും മദ്രാസില്‍നിന്നും വിളിച്ചപ്പോള്‍ രാജേട്ടന്‍ പറഞ്ഞു. എന്തിനായിരുന്നു കല്യാണം ഇത്ര രഹസ്യമാക്കി വച്ചെതെന്നോ , കല്യാണം അടുത്ത മാസം ഉണ്ടാകുമെന്നോ ഒരു ചാനലിലെ അഭി മുഖത്തില്‍ മല്ലിക പറഞ്ഞെന്നോ. എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
മഹാരഥന്മാരായ രണ്ടു നടന്മാരുടെ കൊച്ചു മകനും കഴിവുറ്റ ഒരു നടന്റെയും നടിയുടെയും മകനുമായ പൃഥിരാജിന് പാരമ്പര്യമായി തനിക്കു കിട്ടിയ കഴിവിനെക്കുറിച്ചു നല്ല ബോദ്ധ്യമുണ്ട് ‘ എനിക്ക് ജീവിതത്തില്‍, അഭിനയിക്കാന്‍ അറിയില്ല ‘ എന്ന് പൃഥിയുടെ പ്രസ്താവന പല ചാനലുകളില്‍ കേട്ടു. സുകുമാരന്‍ എന്ന് നടനും അങ്ങനെ ആയിരുന്നല്ലോ. പക്ഷെ ഇക്കാലത്ത് ജീവിതത്തില്‍ കൂടി കുറച്ച് അഭിനയിച്ചെങ്കിലേ പൊതുജനങ്ങള്‍ നമ്മുടെ കൂടെ നില്‍ക്കു എന്നതാണ് സത്യം.
പുതിയ തലമുറയില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ്‍ പൃഥിരാജ്. കൈനിക്കര സഹോദരന്മാരുടെ മൂന്നാം തലമുറക്കാരായ പൃഥിരാജും ഇന്ദ്രജിത്തും തങ്ങളുടെ പാരമ്പര്യം എന്നുമെന്നും കാത്തു സൂക്ഷിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. പാരമ്പര്യത്തിന്റെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് അഭിനയത്തിന്റെ പടവുകള്‍ ചവുട്ടി കയറാന്‍ ആ സഹോദരന്മാര്‍ക്ക് ദൈവം അവസരം കൊടുക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
Generated from archived content: essay1_dec3_11.html Author: radhalakshmi_padmarajan