അക്ഷരം
നശിക്കാത്തതെന്ന് നിങ്ങളെനിക്ക്
നിര്‍വചനം നല്കി
ഭാഷയുടെ ആത്മാവെന്നു ചൊല്ലി
എന്റെ അഹങ്കാരത്തെയുയര്ത്തിവിട്ടു..
എന്നിട്ടിപ്പോള്‍ നിഗമനങ്ങള്‍ക്കും
വിമര്‍ശനത്തിനും തലതാഴ്ത്തി
ഓര്‍മയില്‍ നിന്നൊരമ്പത്തിയൊന്നിനെ
കല്ലെറിഞ്ഞോടിച്ചിടും മതി വരാതെ.
കവിതകള്ക്കുള്ളിലുമെന്നെ കൊലപ്പെടുത്തുന്നുവല്ലോ..!!
മൗനം
ഇന്നലെ നീ തന്നത്
ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്
അടുത്ത ഊഴം എന്റേതാകുമ്പോള്‍
തിരിച്ചു പ്രയോഗിക്കാന്‍
വാക്കുകള്‍
എന്റെ വാക്കുകളെല്ലാം
നിന്റെ വാഗ്ദാനങ്ങള്‍ക്കു മുന്നില്‍
ശ്വാസം മുട്ടി മരണമടയുമ്പോള്‍
സഞ്ചയനം നടത്താന്‍
എന്റെ കൈയില്‍ രൂപയില്ല
എങ്കിലുമൊരു ആദരാഞ്ജലി-
യെങ്കിലും അര്പ്പിക്കാതിരിക്കാനാവുന്നില്ല.
കാരണം,
പാവമാ വാക്കുകള്‍
എന്റേതായിരുന്നല്ലോ…!!
നിഗമനം
അതങ്ങിനെയല്ല, ഞാന്‍ പറഞ്ഞു
ആണെന്ന് നീ വാദിച്ചു
പാവം ഞാന്‍ മിണ്ടിയില്ല
അതില്‍ നീ വിജയിച്ചു.
വീണ്ടുമൊരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍
മിണ്ടാതെ പോയിട്ടും പിടിച്ചുനിര്‍ത്തി
നീയെന്റെയിഷ്ടവുമനിഷ്ടവും തിരക്കി
ഇഷ്ടപ്പെടാത്തതെല്ലാം അന്നു ഞാനിഷ്ടപ്പെട്ടു
വാദിക്കാന്‍ നില്‍ക്കാത്തതിനാല്‍
നിഗമനവും നിന്റേതു തന്നെന്റെയും..!
Generated from archived content: poem1_july15_13.html Author: rabiya_or