നേരിട്ടതാ, മപജയങ്ങളിതൊക്കെയും പൂ-
മാല്യം കണക്കു തവ മാറിലണച്ചിടാതെ,
വ്യാജം നടി, ച്ചകലെനില്‍ക്കുവതി, ന്നെനിക്കി-
ന്നാവി,ല്ലതിന്നു മമ ശക്തിവരുന്നുമില്ല
ആവേള, യെന്‍ ദുരഭിമാനമൊഴിഞ്ഞിടാം, മല്‍-
ചേതസ്സു നൊമ്പരമിയന്നു ഞെരിഞ്ഞുപോകാം
എന്നന്തരംഗം അതിശൂന്യതയേലുമോട-
ത്തണ്ടെന്നമട്ടു ചില പാട്ടുകള്‍ മൂളിയേക്കാം
എന്‍ കണ്ണുനീരു തുടരെപ്പൊഴികെ, ക്കരിങ്കല്‍-
ത്തുണ്ടങ്ങള്‍ പോലു, മതിലാണ്ടു ലയിച്ചുപോകാം
ഒന്നൊന്നു വാരിതള്‍ വിടര്‍ത്തിയുലഞ്ഞ ചെന്താ-
രല്ലിക്കുടങ്ങളില്‍ മരന്ദമുറന്നുവീഴാം;
എന്മേല്‍ പതിക്കും , ഒരു നോട്ടമതീവ ദീപ്തം;
എന്നേ വിളിക്കുമവിടുത്തെ നിഗൂഢശബ്ദം;
എല്ലാമൊടുങ്ങുമതിനോടെ; ഭവാന്റെ പാദ-
ഫുല്ലാരവിന്ദമതില്‍ വീണിവള്‍ ധന്യയാകും!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali95.html Author: rabeendranath_tagore