ഇമ്മഹാ സംസാര സൗധത്തിലേക്കുഞാന്‍
എന്നു കഴലൂന്നി,യെന്നറിവീല മേ!
അര്‍ദ്ധ നിശീഥത്തി,ലേതോ വനഗര്‍ഭ-
രഥ്യയില്‍ വാരിതള്‍ നീര്‍ത്തിയ പൂവു പോല്‍-
ഇപ്രപഞ്ചത്തിന്‍ നടുവില്‍ മഹാദ്ഭുത-
ശക്തിയൊന്നെന്നെ വിടര്‍ത്തിയതാവണം!
കണ്ണുകളഞ്ചിത്തുറക്കവേ, സൗവര്‍ണ്ണ-
കാന്തിപ്പൊലിമയില്‍ മുങ്ങി, നീലാംബര-
ശോഭവഴിയുമുടലുമായ് കണ്മുന്നില്‍
ശ്രീല വസുധ നില്‍ക്കുന്നതു കണ്ടുഞാന്‍!
ഒപ്പമറിഞ്ഞേന്‍ സുഖദുഃഖ സമ്മിശ്ര-
മിപ്രപഞ്ചത്തിന്‍ നിഗൂഢഭാവങ്ങളും;
പിന്നെ ക്ഷണത്തില്‍ വെളിവാര്‍ന്നി,തമ്മതന്‍-
വക്ഷസ്സുപോലെ പരിചിതമൈഹികം,
രൂപരഹിതം,അറിവുകള്‍ക്കപ്പുറം
കേവലമായ് കുടികൊള്ളുമനാദിയാം-
ചൈതന്യമെന്മുന്നില്‍ മാതൃരൂപം പൂണ്ടു
നില്പതാണെന്ന വെളിവാല്‍ നിറഞ്ഞു ഞാന്‍
മൃത്യു എന്നെന്നറിവീല ഞാ,നാ ചിന്ത-
യെന്നില്‍ ഭയപ്പാടുണര്‍ത്തുന്നിതെപ്പോഴും!
താനേവിറകൊള്‍കയാണെന്റെയംഗമോ-
രോന്നുമാ ചിന്തയില്‍; യാത്രാമൊഴിയിഹ-
ലോകത്തിനോടുരയ്ക്കെ, കവിഞ്ഞീടുക-
യാണെന്റെ കണ്ണുകള്‍, ‘തന്റേതി’ തെന്നു മെയ്-
വാരിയെന്നെ പുണരുന്നിതേ ജീവിതം
മൂഢനിവനാഗ്രഹിച്ചീലയെങ്കിലും
ലോകമെനിക്കായി നിര്‍മ്മിച്ചു നല്‍കിയോ-
രമ്മഹാ ശക്തിതന്‍ തീര്‍ത്തും പരിചിത-
മല്ലാത്ത് വാര്‍മുഖ,ത്തുറ്റുനോക്കുന്നു ഞാന്‍;
തെറ്റെന്നതേറ്റം പരിചിതമാകുന്നി-
തെത്രമേലിജ്ജീവിതത്തെ പ്രണയിച്ച-
തത്രമേല്‍ മൃത്യുവേയും പ്രണയിപ്പുഞാന്‍;
അമ്മതന്നേകസ്തനം വറ്റവേ പൈത-
ലന്യസ്തനം നുകര്‍ന്നാശ്വാസമാര്‍ന്നിടും!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali91.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English