വിടവാങ്ങുമീ വേളയി, ലെന്റെ മേല്‍
ചൊരിയുവിന്‍ മംഗളാശംസയേവരും!
ഉദയമാ, യരുണാഭമായംബരം
മമ വഴിത്താരയേറ്റം വിമോഹനം
പിരിയുമീനേരം കൊണ്ടുപോകാനേതും ‘
കരുതിയിട്ടില്ല മല്‍ചിത്തമെന്നിയേ
ഗളതലത്തില്‍ നവവരനെന്നപോല്‍
വരണമാല്യമണിഞ്ഞിരിക്കുന്നു ഞാന്‍
പഥികവേഷത്തിലല്ല ഞാന്‍ , ആരാനെന്‍
വഴിതടയുകില്‍ പേടിയില്ലേതുമേ!
ഒടുവി, ലീവഴി തീരവേ അന്തിയില്‍
തെളിയുമായിരം താരകള്‍ ; ഗോപുര-
നടയില്‍ നിന്നു സായാഹ്ന സങ്കീര്‍ത്തനം
കരുണയേലും സ്വരത്തിലുയര്‍ന്നിടും!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali90.html Author: rabeendranath_tagore