ഗീതം എണ്‍പത്തിനാല്

ദേവ തകര്‍ന്ന നിന്‍ കോവിലില്‍ വീണതന്‍
ആലാപമാകെ നിലച്ചുവല്ലോ,

അന്തിക്കു നീരാജനമുഹൂര്‍ത്തത്തിലെ-
ശ്ശംഖൊലി കേള്‍ക്കുവാനില്ലയല്ലോ,

അങ്ങതന്‍ മന്ദിരം ഗംഭീര നിശ്ചലം,
അന്വേ വിജനമായ്ത്തീര്‍ന്നുവല്ലോ!

വീശുമാറുണ്ടിങ്ങിടയ്ക്കിടെ, പൂമണം-
പൂശിയ തെന്നലുത്കണ്ഠയോടെ,

പൂജയ്ക്കിതേവരെയര്‍ച്ചിച്ചിടാതുള്ള
പൂവുകള്‍ വീഴുന്നു തേങ്ങലോടെ,

പൂജമുടങ്ങവേ അങ്ങിങ്ങലഞ്ഞൊരാ
പൂജാരി വീണുമയങ്ങി ദൂരെ;

അങ്ങേ മഹോത്സവ മേളങ്ങളിമ്മട്ടി-
ലെത്രയോവട്ടം കടന്നുപോയി-

പൂജമുടങ്ങിയ രാവുകള്‍, വിഗ്രഹം-
പാഴിലായ്ത്തീര്‍ന്ന ദശമികളും!

ദേവ തകര്‍ന്ന തൃക്കോവിലില്‍ നീയെത്ര-
കാലമിമ്മട്ടില്‍ ക്കഴിഞ്ഞിടുന്നു!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali84.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here