ഗീതം എഴുപത്തിയാറ്

ശരത്കാലാന്ത്യത്തിലെ
നീര്‍ക്കൊണ്ടെലെന്നോണം ഞാ-
നലയുന്നിതു ലക്ഷ്യ-
മെന്നിയേ; നീയെന്‍ നിത്യ-

സൂര്യനെങ്കിലും പ്രഭാ-
വര്‍ഷത്താലിവളെ നീ
നീരാവിയായ് മാറ്റീല
നിന്നിലേയ്ക്കുള്‍ച്ചേര്‍ത്തീല;

അന്യയായ് നില്പ്പേനേറ്റ-
മകലേ, ദിനരാത്ര-
മെണ്ണി; നിന്‍ വിനോദമി-
തെങ്കില്‍ നീ തുടര്‍ന്നാലും!

നിസ്വമെന്‍ വാഴ്വാം മഞ്ഞു-
തുള്ളിയെ സ്പര്‍ശത്താലെ-
വര്‍ണ്ണാഭമാക്കി, പ്പിന്നെ
കൈവെടിഞ്ഞുകൊണ്ടാലും!

മോഹമൊന്നേ വൈചത്ര്യ-
പൂര്‍ണ്ണമാക്കുകെന്‍ ജന്മം
ഈ മാഹാതമസ്സില്‍ ഞാന്‍
കണ്ണീര്‍ പെയ്തലിഞ്ഞോളാം

ഉഷസ്സി, ലതിശീത-
ശുഭ്രനൈര്‍മല്യം മാത്രം
അവശേഷിക്കും; ഹാസം-
പൊഴിക്കും നീലാകാശം

അമ്മഹാ ജ്യോതിര്‍മ്മയ-
സാഗരം കടന്നുചെ-
ന്നെത്തു, മിങ്ങലയുന്ന
നീര്‍മുകില്‍ നിരയെല്ലാം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali76.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here