പ്രപഞ്ചകാരന്‍ നിജ സൃഷ്ടികര്‍മ്മം
നിറുത്തി ,വിശ്രാന്തിയിലാണ്ടവാറേ
വിരിഞ്ഞ താരാഗണ മംബരത്തില്‍
നിറഞ്ഞുനിന്നുജ്ജ്വല ദീപ്തിയോടേ!
കണ്ണഞ്ചുമസ്സുന്ദര ദൃശ്യമേറ്റീ-
വിണ്ണോര്‍,ക്കകക്കാമ്പിലതീവ ഹര്‍ഷം
ഭ്ക്ത്യാദരമ്പൂണ്‍ടു നമിച്ചു സൃഷ്ടി-
കര്‍ത്താവെ,മേന്മേലവര്‍ വാഴ്ത്തിയേവം:-
‘എന്തദ്ഭുതം! പൂര്‍ണ്ണതയാര്‍ന്നുവല്ലോ
സര്‍ഗ്ഗേശ്വരാ താവക സൃഷ്ടികര്‍മ്മം;
ചന്ദ്രാര്‍ക്കബിംബങ്ങള്‍,നിറഞ്ഞതാരാ-
വൃന്ദം,സുസംഗീതക മന്ത്രമുഗ്ദ്ധം’
സദസ്സില്‍നി,ന്നേക നിനാദ മപ്പോ-
ളുയര്‍ന്നുകേള്‍ക്കയായ്- ‘അതിദീപ്തതാരാ-
മാല്യത്തില്‍നിനോജ്ഞ പുഷ്പം
താനേ ഞെടുപ്പറ്റു പതിച്ചുവല്ലോ!’
ഗാനം നിലച്ചൂ, സ്വരതന്ത്രികള്‍തന്‍
വീണാരവം ഭംഗമിയന്നു,വീണ-
നക്ഷത്രമെങ്ങെന്നു തിരക്കി നൂറു-
നേത്രങ്ങള്‍ നില്പ്പായിതു നിര്‍ന്നിമേഷം!
‘സ്വര്‍ലോകമാകെ ത്തെളിവേകിനിന്നാ-
നക്ഷത്രമൊന്നിന്‍ മൃദുമന്ദഹാസം
അതെങ്ങുമേറ്റി വളര്‍ദീപ്തിപൂരം
മനോഭിരാമം, മഹിതം,മനോജ്ഞം!’
അന്നേല്‍മുതല്‍ക്കേവരു,മായതിന്നായ്
അന്വേഷണത്തില്‍ മുഴുകീ നിതാന്തം
അശാന്തരായ് നിദ്രയെഴാതെ തേടി-
ത്തിരഞ്ഞലഞ്ഞാ,രാതിനായിമാത്രം!
‘കണ്ടെത്തണം നാം നിറവാര്‍ന്ന ദീപ്തി-
പുഞ്ജം നമുക്കില്ലതിനൊപ്പമേതും!
അതിന്റെ വേര്‍പാടിലിതാ നിറഞ്ഞൂ
പ്രപഞ്ചമാകേ നിബിഡാന്ധകാരം’
രാവിന്റെ മൗനത്തിലുയര്‍ന്നു കേള്‍ക്കയായ്
താരാഗണത്തിന്‍ മൃദുമന്ത്രണങ്ങള്‍ :-
‘എന്തോ വൃഥാവില്‍ തിരയുന്നു നിങ്ങള്‍;
എണ്ണം തികഞ്ഞാണിഹ നില്പു ഞങ്ങള്‍!’
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali74.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English