അങ്ങുദേവനെന്നോര്‍ക്കയാ,ലെപ്പൊഴും
പിന്‍നിരയിലൊതുങ്ങിനില്‍ക്കുന്നു ഞാന്‍,
ഉറ്റവ,നെന്നചിന്തയാലങ്ങയോ-
ടൊട്ടുമാദരം കാട്ടുന്നുമില്ല ഞാന്‍,
അച്ഛനെന്നോര്‍ത്തു തൃപ്പദത്തില്‍ തല-
വച്ചു പേര്‍ത്തും നമസ്കരിക്കുന്നു ഞാന്‍!
ഇഷ്ടതോഴന,ങ്ങെന്നുള്ള ചിന്തയാല്‍
ഹസ്തദാനവും ചെയ്യുന്നതില്ല ഞാന്‍!
തന്‍ നിസ്സര്‍ഗ പ്രണയവായ്പോടെ,അ-
ങ്ങെന്നെ നെഞ്ഞോടമര്‍ത്തിപ്പുണരവേ-
ഉറ്റമിത്രമാ,യങ്ങേ വരവേറ്റു-
നില്പതിന്നു, മൊരുങ്ങുന്നതില്ല ഞാന്‍
എന്റെകൂടെപ്പിറപ്പി,ലൊരാള്‍തന്നെ
അങ്ങു,മെന്നു നിനയ്ക്കുക കാരണം
ശ്രദ്ധയൊട്ടുമേ കാട്ടിയതില്ല; എന്‍-
സ്വത്തു പങ്കിട്ടു നല്കിയുമില്ല ഞാന്‍
ആകയാല്‍ നിന്‍ കരങ്ങള്‍ നിറയ്ക്കുവാ-
നായതില്ലെനി;ക്കന്യരേലും സുഖ-
ദുഃഖമൊക്കെയുമുള്‍ക്കൊണ്ടു നിന്‍ തിരു-
മുമ്പിലെത്താനൊരുങ്ങുന്നുമില്ല ഞാന്‍!
സാരമറ്റകൃത്യങ്ങളാല്‍ ജീവിത-
സാഗരത്തില്‍ മുഴുകുന്നുമില്ലഞാന്‍!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali73.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English