വിജനമീ നദീതീരം, തൃണാവൃതം;
അകലെ നിന്നവളോടു തിരക്കിഞാന്‍:-
‘ഉടുപുടവയാല്‍ ദീപം മറച്ചുകൊ-
ണ്ടെവിടെയാണു നീ പോവ, തേകാകിനീ?
തിരിതെളിയാത്തൊരെന്‍ വീട്ടി,ലൊന്നു നീ
ഒളിവിളക്കതു വെച്ചിട്ടുപോകുമോ?’
കറുകറുത്തമിഴികളെന്‍ നേര്‍ക്കുഴി-
ഞ്ഞവള്‍ മൊഴിഞ്ഞാള്‍:- ‘ഇതാറ്റിലൊഴുക്കണം’
പുല്‍ത്തകിടിയില്‍ നിന്നു കണ്ടേന്‍ പാഴി-
ലൊട്ടു ദൂരേക്കൊലിച്ചു പോവതായ്!
ഒരു കുറികൂടി ഞാനിരന്നേന്‍:- ‘ നിന്റെ-
പുരയിലുണ്ടല്ലോ വേറെ വിളക്കുകള്‍;
കനിവൊ, ടിങ്ങിതുവച്ചിട്ടുപോവുക!
ഇരുളിലാണെന്റെ പാര്‍പ്പിട, മോര്‍ക്കുക’
മറവിയെന്തോ പിണഞ്ഞതു മാതിരി
മറുമൊഴിയവളോതിനാളിങ്ങനെ:-
‘ തിരിവിളക്കിതു വിണ്ണിന്റെ ദീപമാം;
ഉയരെ, യങ്ങിതാ നീട്ടിപ്പിടിപ്പുഞാന്‍’
അകലെ ശൂന്യസ്ഥലിയില്‍ വിഫലമാ-
യെരിയുമാ ദീപം നോക്കി ഞാന്‍ നിന്നുപോയ്!
കുറ്റിരുട്ട,ത്തമാവാസ്യ രാത്രിയില്‍
ഒട്ടഴലോടെ വീണ്ടുമിരന്നു ഞാന്‍:-
‘ മാറി, ലിദ്ദീപമേറ്റി നീ പോകൊലാ
കൂരിരുട്ടിലാണെന്റെ വീ,ടിപ്പൊഴും’
ഏവമോതിനാള്‍- ‘ ദീപാവലിദിനം-
ഈ വിളക്കാ, ലലംകൃതമാക്കുവാന്‍’
അങ്ങുകാണായി ലക്ഷം വിളക്കുകള്‍-
തന്നിടയി,ലാ മങ്ങിയ ദീപവും!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali60.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English