കാണായതൊക്കെ നിന്‍ പ്രേമപ്രകര്‍ഷത്തിന്‍-
മായാത്ത മുദ്രകള്‍ മാത്രം,
ഓരോ തളിരിലും സൗവര്‍ണ്ണ കാന്തിതന്‍-
ചാരുത ചേര്‍ക്കുന്ന നൃത്തം!
വാനിലൂ,ടാലസ്യഭാവത്തില്‍ നീര്‍മുകില്‍-
മാലകള്‍ തന്‍ മന്ദയാനം,
മെയ്യിലമൃതം പുരട്ടുവാനെത്തുന്ന-
തെന്നലിന്‍ സാന്ത്വന സ്പര്‍ശം,
ഒക്കെയു, മൊക്കെയും അങ്ങിയന്നീടുന്ന
നിസ്തുല പ്രേമപ്രകര്‍ഷം!
എന്‍ മിഴിയാകെ കുളിര്‍പ്പിക്കയാണുഷാ-
രശ്മികള്‍ക്കേലും പ്രവാഹം,
എന്നിലാനന്ദം നിറയ്ക്കുന്നിതേ തവ-
മംഗളപ്രേമ സന്ദേശം!
എന്‍ നേര്‍,ക്കതാ ചാഞ്ഞടുക്കുന്നു സുസ്മേര-
സുന്ദരം നിന്മുഖം മന്ദം,
എന്‍ കണ്‍കളോ,ടിട ചേരുന്നു കാരുണ്യ-
തുന്ദിലം നിന്‍ നോട്ട,മാര്‍ദ്രം,
മന്ദമായ് കുമ്പിട്ടു മുത്തുന്നു നിന്‍പാദ-
യുഗ്മത്തി, ലെന്നന്തരംഗം !
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali58.html Author: rabeendranath_tagore