ഗീതം അമ്പത്തിയേഴ്

എല്ലാ രാഗവുമുണരടട്ടേ, യെന്‍
അന്തിമഗാനാലാപത്തില്‍,

അമൃതാനന്ദം പകരട്ടേ സ്വര-
മാ‍ധുരിയിന്നതിനുള്ളില്‍!

മൃണ്മയഭൂമി, തരുക്കളിലും പൂ-
വല്ലികളില്‍ പുല്‍ക്കൊടികളിലും-

ചഞ്ചലഭാവമിയറ്റി, പ്പുഞ്ചിരി-
കൊള്ളുവ, തേതൊരു ഹര്‍ഷത്താല്‍-

ഉലകില്‍ ജനിയും മൃതിയും ചുറ്റി-
ത്തിരിയുവ, തേതുന്മാദത്താല്‍-

ആ മഹിതാനന്ദം നിറയാവൂ
മാമക ഗാനാലാപത്തില്‍!

ജഡജീവനിലതു കൊടിയൊരുകാറ്റായ്
ചുഴറി, ക്കിടിലം ചേര്‍ക്കുന്നു,

ചെമ്മേലും മലര്‍മജ്ഞരിതോറും-
കണ്ണീരൂറ്റി നിറയ്ക്കുന്നു,

അഖിലത്തേയും ധൂളികണക്കേ-
അകലത്താക്കിപ്പുലരുന്നു;

അമ്മധുരാനന്ദം നിറയ,ട്ടെന്‍-
അന്തിമഗാനാലാപത്തില്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali57.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here