ഗീതം അമ്പത്തിയഞ്ച്

അറിയുന്നുഞാ,നെന്നിലവിടുന്നു തൂകുമീ-
അനുരാഗ,മത്യന്തതീവ്രം;

അതുമൂലമല്ലിയ,ങ്ങത്യുന്നതങ്ങള്‍ വി-
ട്ടവതീര്‍ണ്ണനായതി,ങ്ങേവം?

ഇവിടെഞാ,നില്ലായിരുന്നുവെന്നാകിലോ
തവരാഗമേറ്റം വിഫലം!

കനിവോടെ,യവിടുന്നീ ഉത്സവാഘോഷത്തി-
നിവളേയു,മാനയിച്ചല്ലോ,

അവിടുത്തെ ലീലാവിലാസത്തഅലെന്നകം
അവിരതം ചഞ്ചലമല്ലോ!

അനവദ്യ കേളിയാ,ലവിടുന്നുണര്‍ത്തുന്നു
കരളില്‍ തരംഗകലാപം;

പലരൂപഭാവങ്ങള്‍ നീ കൊള്‍കയാ,ലെന്നില്‍
നിറവൂ കുതൂഹല ഭാവം

പടവുകളോരോന്നിറങ്ങിയെന്‍ ചാരെ നീ
അണയുന്ന,തതുമൂലമാവാം!

തവദിവ്യരാഗത്തില്‍ മുഴുകവേ,യെന്നുള്ളില്‍
വഴിയുന്നു തീവ്രാനുരാഗം;

ഇവളില്‍ ലയിച്ചതി ദീപ്തമാകുന്നുനിന്‍
നിരുപമ ദിവ്യസ്വരൂപം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali55.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here