ആശിച്ചീല ഭവാനില്‍ നിന്നിവ-
ളേതും സമ്മാനം;
വിടവാങ്ങുമ്പോളങ്ങയൊ,ടൊരുകുറി-
ഓതീലെന്‍ നാമ!
ദൂരെ, വഴിവക്കിണറൊന്നിന്‍ കരയില്‍
വാകമരത്തണലില്‍
നിന്നേന്‍ നിറകുടമേന്തി, ത്തോഴികള്‍
പിരിയും നേരത്തും
ചൊന്നാര്‍ ‘ സമയം പോകു’ ന്നെന്നവര്‍
എന്നൊടു പലവട്ടം
ചെവിയേകാതേ നിലകൊണ്ടേനാ
തണലില്‍ത്താ, നലസം
അരിക,ത്തവിടുന്നെത്തുമ്പോഴാ
കാല്‍വയ്പ്പിന്‍ ശബ്ദം
കാതില്‍ വീണെന്നാലും ഞാനതു
കേട്ടീലാ കഷ്ടം!
‘ ദാഹത്താലേ വലയും പാന്ഥന്‍
ഞാ’നെന്നതിവിവശം-
ഓതിഭവാനാ കൈക്കുമ്പിളില്‍ ഞാന്‍
വാര്‍ന്നു ജലമല്പ്പം
അപ്പൊഴുണര്‍ന്നു മരച്ചില്ലകളില്‍
മര്‍മ്മര സംഗീത
കേള്‍ക്കായ് ദൂരത്തെങ്ങോ നിന്നും
കോകിലകളനാദം
വഴിയോരങ്ങളിലൊഴുകി വാക-
പ്പൂമണ, മതിഹൃദ്യം!
തേടി ഭവാനെന്‍ നാമ; മറുമൊഴി-
ഓതീലിവളേതും
വെള്ളം പകരും നേരത്തമ്പേ-
ചഞ്ചലമായുള്ളം!
വേപ്പുമരത്തിന്‍ ചില്ലയിലുച്ച-
പ്പക്ഷികളാര്‍ക്കുമ്പോള്‍,
കാറ്റത്തിലകളനങ്ങുമ്പോള്‍ , ഞാന്‍
ആര്‍ത്തിയില്‍ മുഴുകുന്നു!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali53.html Author: rabeendranath_tagore