ഗീതം അമ്പത്തിയൊന്ന്

താവകസന്ധ്യാമാല്യം
സ്വന്തമായീലാ, ശയ്യാ-
ഗാരത്തി, ലിതളൊന്നും
ഇറുന്നുകാണായീലാ!

പുലര്‍ച്ചെ, യൊരു പിച്ച
ക്കാരിയായ് വന്നേന്‍; ജന്നല്‍-
പ്പഴുതുടിളം വെയില്‍
പരന്ന നിന്‍ തല്പത്തില്‍-

ക്കണ്ടിതേ കരവാളം
അഗ്നിപോല്‍ തുടുത്തതായ്
കല്ലുപോല്‍ കടുത്തതായ്
അതുഞാനെന്റെതാക്കി

പൊന്മാല്യമല്ലാ മലര്‍-
ത്തട്ടവുമല്ലാ പനീര്‍-
കിണ്ണവുമല്ലാ സ്വന്ത-
മുടവാളത്രേ യെനി-

ക്കുപഹാരമായ് അങ്ങു
തന്നതി, ങ്ങിണങ്ങുമോ?
ഒടുവിലിതുകാക്കാ-
നിടമെ, ങ്ങെനിക്കാവോ?

എങ്കിലും , മാറില്‍ച്ചേര്‍ത്തു-
വയ്ക്കുവാന്‍ വരദാന-
മിങ്ങതിന്‍ ഭാരത്താലെന്‍
നെഞ്ചെകം പിളര്‍ന്നാലും

ഭയമില്ലിനി, യെന്റെ
ജയമൊക്കെയുമങ്ങേ
ജ്ജയമാം ; ഭവാന്‍ മമ
മൃത്യുവെക്കൂട്ടായ് തന്നു

അവനേ പ്രിയമിത്രം
ഇനിമേല്‍ , വിച്ഛേദിപ്പന്‍
തവഖണ്ഡത്താലെന്റെ
കെട്ടുകളഖിലവും !

ആടയാഭരണങ്ങ-
ളെന്മെയ്ക്കുവേണ്ടാ, വെറും-
പൂഴിയില്‍ ക്കിടന്നവള്‍
കേഴില്ലനിന്നെച്ചൊല്ലി;

വീട്ടിലാവട്ടേ, പുറ
ത്താവട്ടേ നിന്‍പേരില്‍ ഞാന്‍
വ്രീളകൊള്ളി, ല്ലീയുട-
വാളാല്‍ ഞാനലംകൃത!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali51.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here