ഇരുളിലാണ്ടുപോയ് തെരുവുകള്‍; ആരും-
ഇനിവരാനില്ല പതിവുപോല്‍
പണികളേവരും മുഴുമിച്ചൂ, കത-
കടച്ചു വീടുകള്‍ തഴുതിട്ടൂ.
‘നൃപനെഴുന്നള്‍ലു,മുടനേ’യെന്നാരോ
വിളിച്ചുചൊല്ലു,ന്നകലത്തില്‍!
മറുപടിയോതീ ചിരിച്ചുകൊണ്ടെങ്ങള്‍-
‘വരുവാനാരുമില്ലിവിടത്തില്‍’
കതകില്‍ മുട്ടുകേ,ട്ടിവരോതീ ‘ കാറ്റെ’ –
ന്നുടനേ കെട്ടുപോയ് വിളക്കെല്ലാം,
‘വെളിയില്‍ ദൂതന്‍വന്നിരിപ്പൂ’ എന്നാരോ
പറകെ,യെങ്ങളില്‍ ചിരിപൊട്ടീ!
നടുനിശീഥത്തില്‍ വലിയൊരൊച്ചകേ-
ട്ടിടിമുഴക്കമെന്നുറച്ചിവര്‍-
അലസം മേവുമ്പോള്‍ ഒരുമൊഴികേള്‍ക്കായ്-
‘രഥചക്രം ദൂരേയ്ക്കിരുളുന്നു’
ഇരുള്‍ കനക്കവേമുഴങ്ങിക്കേട്ടിതേ
പെരുമ്പറയൊച്ച തെരുതെരെ,
‘ഇനിയും വൈകരുതുണരുവാന്‍’ ആരോ
അലമുറയിട്ടു വിളിച്ചോതീ-
‘അകലെരാജാവിന്‍ കൊടിപറക്കുന്നൂ’
അരുളപ്പാടുകേ,ട്ടുടനെങ്ങള്‍-
ഉഴറീ, ‘മണ്ഡപമെവിടേ?’ ‘പൊന്‍വിള-
ക്കെവിടേ,പീഠവു,മൊരുക്കവും?’
‘വെറുതേ,യീ മുറവിളികള്‍; ആളില്ലാ-
ക്കുടിയിലേ അവനെഴുന്നള്ളൂ,
തുറക്കുവിന്‍ വാതില്‍, ഉയര്‍ത്തുവിന്‍ ശംഖ-
ധ്വനിക,ളദ്ദേഹം വരുമുടന്‍!
ഇടിമുഴക്കവും പിശറും കാറ്റുമായ്
ചടുലം ചോടുവച്ചണയുമ്പോള്‍-
തിരുമനസ്സിലേക്കൊരു പരമ്പുപായ്-
ച്ചുരുളാ മുറ്റത്തു നിവര്‍ത്തുവിന്‍
കൊടിയ ദുഃഖമായ് ഉരുവംപൂണ്ടല്ലോ
വരുന്നൂ കൂരിരുള്‍ കടന്നവന്‍!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali50.html Author: rabeendranath_tagore