ഭിക്ഷുകിയായ് നടന്നിവള്‍ ഗ്രാമ-
രഥ്യതോറും നിരന്തരം,
ഈ വഴിതന്നെ നീങ്ങി സൗവര്‍ണ്ണ –
ശോഭിതം തവ സ്യന്ദനം;
കമ്രദീപ്തിയാല്‍ മണ്ഡിത,മതു-
പൊന്മയ സ്വപ്നസന്നിഭം,
വന്നുപെട്ടിതെന്‍ കണ്‍കളില്‍, ആരാ-
ണു,ള്ളിലോര്‍ത്തു ഞാനീവിധം.
മംഗളകരമിദ്ദിനം, വേണ്ട-
യിന്നെനിക്കു ഭിക്ഷാടനം!
ദൂരെനിന്നേന്‍, രഥത്തില്‍നിന്നാരേ-
ചേറുന്നൂ ധ്യാനസഞ്ചയം?
ഒക്കെ വാരിയെടുത്തിവള്‍ സ്വന്ത-
മാക്കിടു,മില്ല സംശയം!
എന്നടുത്താ മണിരഥം ഇതാ
വന്നണയു,ന്നതിരയം
സുസ്മിതമാര്‍ന്നിറങ്ങുന്നു ഭവാന്‍;
സുപ്രസന്നം തിരുഖം!
‘വല്ലതും തരികെ’ ന്നു നീട്ടിനേന്‍
കൈയ്യുക,ളാശാനിര്‍ഭരം
നീ കരം നീട്ടിനിന്നൂ യാചന-
ക്കെന്റെമുന്നി,ലെന്തദ്ഭുതം!
താവകാര്‍ത്ഥന കേട്ടുഞാന്‍ തല-
താഴ്ത്തിനിന്നേന്‍,അരക്ഷണം;
നീ തുടര്‍ന്നിതു യാചന, കുറ-
വേതിനും ഇല്ലയെങ്കിലും!
എന്നെയെങ്ങു പരിഹസിക്കയാം
ഇന്നെനി,ക്കിതു നിശ്ചയം;
എങ്കിലും ധ്യാനമൊന്നു നിന്‍ തിരു-
മുമ്പില്‍ വെച്ചേ,നസംശയം!
മന്ദിരത്തിലേക്കെത്തവേ ഒരു-
പൊന്മണിയാലെന്‍ ഭാജനം-
മിന്നിടുന്നിതേ; പൊന്നു നല്‍കിയാ-
ണങ്ങുവീട്ടിയ, തെന്‍കടം!
കണ്‍കള്‍ താനേകവിഞ്ഞു, എന്തുവാന്‍
ഇ,ന്നതിനുള്ള കാരണം?
ശ്യൂന്യഹസ്തയായ് പിന്മടങ്ങുവാന്‍
ആയതി,ല്ലിതേ ദുസ്സഹം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali49.html Author: rabeendranath_tagore