ആകാശമാകെ ക്കളകളകൂജനം,
പാതയോരം തോറും പുഷ്പപൂരം,
നീരദമാലയില്‍ വര്‍ണ്ണസമ്മേളനം;
-ഏതുമോരാതെങ്ങള്‍ നീങ്ങി വേഗം!
ഗാനങ്ങള്‍ മൂളാതെ, നര്‍മ്മങ്ങളോതാതെ,
ഏതുമിടംവലം മാറിടാതെ,
പുഞ്ചിരിതൂകാതെ തങ്ങളില്‍മിണ്ടാതെ,
അങ്ങാടികേറിയിറങ്ങിടാതെ,
ആരുടെ നേര്‍ക്കും പരിഹാസമോതിടാതെ
മൂകരായ് ഈ ഞങ്ങള്‍ നീങ്ങിവേഗം!
വാനിന്‍ നെറുകയിലര്‍ക്കനെത്തീ, മാട-
പ്രാവുകള്‍ കൂവീ തണലുതോറും,
കാറ്റില്പ്പറന്നു ചവറ്റിലകള്‍, മര
ച്ചോട്ടി,ലിടയനുറങ്ങി ഗാഢം
ഒറ്റയ്ക്കു ഞാനുമൊരുചെറുപൊയ്കതന്‍-
പച്ചച്ചതീരത്തു ചാഞ്ഞുമന്ദം.
തോഴരെല്ലാവരുമെന്നെനോക്കിച്ചിരി-
ച്ചോരോവഴിക്കു നടന്നുവേഗം
‘ക്ലേശിക്കുമദ്വഗര്‍ഭാഗ്യവാന്മാര്‍’ എന്നു
കേട്ടുഞാന്‍ വേഗമുണര്‍ന്നെണീറ്റൂ
പോകുവാന്‍ ലജ്ജയാ, ലാകാതെ, യൂഴിതന്‍-
മാറില്‍ പതിച്ചുടന്‍ മൂര്‍ച്ഛപൂണ്ടൂ
പൂമണത്താല്‍,വണ്ടിന്‍ മൂളലാല്‍,പൊന്മുള-
ങ്കാടിന്‍ നിഴലാട്ടഭംഗിയാലും,
താനേയടഞ്ഞുപോയ് കണ്ണുകള്‍; വിശ്രാന്തി-
പ്രാണനിലേക്കു കിനിഞ്ഞിറങ്ങീ.
എന്തിനെന്‍ സഞ്ചാരമെന്നു മറന്നുഞാന്‍
അമ്പേ ഉറക്കത്തിലാണ്ടുമുങ്ങീ.
ഏറെ ദൂരം മുന്നിലുള്ളതു താണ്ടുവാന്‍
വേഗമുണര്‍ന്നുഞാന്‍ യാത്രയായി,
അന്തിക്കുമു,മ്പാറ്റിനക്കരെയെത്തണം;
അല്ലെങ്കില്‍ വ്യര്‍ത്ഥമെന്‍ യത്നമെല്ലാം!
പെട്ടെന്നുകണ്ടേന്‍ ഭവാനെന്റെ കണ്മുമ്പില്‍
പ്രത്യക്ഷനായൊരാ ചാരുദൃശ്യം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali47.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English