പുഴമുറി,ച്ചൊരുചെറു-
പടകിന്മേലേറി നമ്മള്‍
തുഴഞ്ഞുപോകണമെന്നു
നിനച്ചിരുന്നു,
അടനമി, തെവിടെയ്ക്കെ-
ന്നൊരുവരും അറിയാതെ
തുടരണമെന്നും നമ്മള്‍ –
ഉറച്ചിരുന്നു!
കരകാണാക്കടലൂടെ-
യകലുമ്പോള്‍ നിന്റെ കാതില്‍ –
പൊഴിയുമെന്‍ നിമന്ത്രണ
മധുരാലാപം-
തിരപോലെ സ്വതന്ത്രമായ്,
സ്വരബന്ധമഴിഞ്ഞതായ്;
അതി, ലകമലിഞ്ഞങ്ങു
ചിരിച്ചു പോകും!
സമയമായില്ലേ? വേല-
കഴിഞ്ഞില്ലേ? സായംസന്ധ്യ-
മയങ്ങി, കിളികള്‍ ചേക്ക-
തിരഞ്ഞുപോയീ;
കയറഴിക്കുവാന്‍ , തോണി
യിറക്കുവാ, നിങ്ങു കടല്‍-
ക്കരയിലെത്തുവാന്‍ , ഇനി
മടിക്കരുതേ!
അന്ധതാമിസ്രമീ രാവിന്‍
ഹ്രദത്തില്‍ നമ്മുടെ വഞ്ചി
അന്ത്യകിരണങ്ങളൊത്തു
തുഴഞ്ഞെത്തട്ടെ!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali41.html Author: rabeendranath_tagore