‘ആരും വേണ്ട ഭവാനെന്യേ’ യെ-
ന്നാലപിക്കാന്‍ മാത്രം
എന്നുള്ളത്തിനു കഴിയട്ടേയെ-
ന്നാശിപ്പേ, നതിമാത്രം!
മോഹാന്ധതപൂ,ണ്ടേറെയിടങ്ങളില്‍-
ഞാനുഴറീയിന്നോളം;
അറിവേനിപ്പോള്‍ മിഥ്യകളാണെ-
ന്നവിടുന്നൊഴികെ സര്‍വ്വം
അഭിമതനെന്നു ഭവാനെ മാത്രം
കരുതുന്നേനിവള്‍ നിത്യം.
വെളിച്ചമേല്‍ക്കാന്‍ യാമിനി, തന്‍ കൊതി-
ഒളിച്ചുവയ്ക്കും പോലെ ,
മോഹാന്ധതയിലു,മെന്റെ ഹൃദന്തം
മോഹിക്കുന്നു നിന്നെ!
അശാന്തി ചേര്‍ത്തലയുന്ന കൊടുങ്കാ
റ്റകമേ ശാന്തി ഭജിപ്പു;
അതുപോല്‍ നൊമ്പരമേറ്റിക്കൊണ്ടിവള്‍
അങ്ങേയ്ക്കായ് കൊതികൊള്‍വൂ!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali37.html Author: rabeendranath_tagore