ഗീതം ഇരുപത്തിയാറ്

എങ്ങാണു ദീപം?വിരഹാഗ്നിയാല്‍ തിരി –
യൊന്നു കൊളുത്തുക , വേഗം

ദീപമുണ്ടെങ്കിലും തീനാളമില്ലെന്ന –
ദു:ഖമിതേ മഹാദു:ഖം!

ഇമ്മട്ടിലാണെന്‍ ശിരോലിഖിതം;മൃതി –
തന്നെയാണിന്നിതില്‍ ഭേദം.

നോവിന്റെ ദൂതിയെന്നന്തികേ വന്നുനി –
ന്നാലപിച്ചീടുന്നിതേവം –

“ ഈ നിശാവേളയിലോമനേ , നിന്‍ പ്രിയന്‍
താനേയുണര്‍ന്നിരിക്കുന്നു,

തന്‍നികടത്തിലണയുവാ , നയവന്‍
നിന്നെയതാ വിളിക്കുന്നു!

നിന്നഭിമാനം പുലര്‍ത്തുന്നതിന്നവന്‍
എന്തെന്തു യാതനയേല്‍ പൂ

ആനിബിഡാന്ധകാരത്തില്‍ നിന്‍ കാമുകന്‍
നിന്നെയും കാത്തേയിരിപ്പൂ! “

ആകെ മേഘാവൃതമംബരം , പേമാരി
ധാര മുറിയാതെ പെയ്‌വൂ

എന്തിനെന്നോരി , ല്ലുണര്‍ന്നു നടുങ്ങിയെ-
ന്നന്ത:കരണം തപിപ്പൂ.

മിന്നല്‍പ്പിണറുകള്‍ മിന്നിപ്പൊലികെ , യെന്‍
കണ്ണി , ലിരുള്‍ ചൂഴ്ന്നു നില്‍പ്പൂ.

ഇമ്പമെഴുമൊരു ഗാനമകലെനി –
ന്നെന്‍ കാതിലിറ്റിത്തുളിപ്പൂ !

കാറുകളുല്‍ക്കടം ഗര്‍ജ്ജിപ്പു ചുറ്റിലും
ചീറി ക്കൊടുങ്കാറ്റടിപ്പൂ.

എങ്ങു ദീപം ? വിരഹാഗ്നിയാലേ തിരി-
ത്തുമ്പൊന്നു വേഗംതെളിക്കൂ ;

എന്നഭിസാരമുഹൂര്‍ത്തമിതേ , രാവി-
തഞ്ജനം പോലെ കറുത്തു ;

വൈകിയാല്‍ യാത്ര മുടങ്ങും ; എന്‍ ജീവനാല്‍ –
വേഗമദ്ദീപം കൊളുത്തൂ !

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali26.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English