ഗീതം ഇരുപത്തിനാല്

ക്ലാന്തമെന്നുടല്‍ വാടുമ്പൊഴും, അക-
ക്കാമ്പിലെ ദീപ്തി മഞ്ഞിനില്‍ക്കുമുമ്പൊഴും,

എന്റെ ചേതന ഭഗ്നമാകുമ്പൊഴും,
നിന്റെ പൂജകളമ്പേ പിഴച്ചിടാം;

അല്ലയെങ്കില്‍ മുടങ്ങിടാ, മപ്പൊഴും
എന്നെ നിര്‍ഭയനാക്കി നിര്‍ത്തേണമേ;

അങ്ങയെ പ്രതി പ്രത്യാശയേലുമെ-
ന്നുള്ളമുര്‍ജ്ജം നിറച്ചുകൊള്ളേണമേ!

വിശ്രമം കെട്ട രാത്രിയി, ലങ്ങയെ-
വിശ്വസിച്ചു ഞാനീ നടപ്പാതയില്‍

നിര്‍ഭയം ജീവനര്‍പ്പിച്ചു വീഴവേ
നിദ്രയെ കൂട്ടിനായ് വിളിക്കുന്നിതേ!

താന്തനെങ്കിലും , പൂജക്കനര്‍ഹമാ-
മേതൊരുക്കവും ചെയ്യുകി,ലിങ്ങുഞാന്‍.

ആനയിപ്പൂ നീ വാസരത്തിന്‍ മിഴി-
ക്കോണിലേയ്ക്ക, ത്തമോമയ രാത്രിയെ;

പിന്നെയുച്ചണ്ഡ ദീപ്തിപകര്‍ന്നതി-
ന്നുള്ള , മുജ്ജ്വലത്താക്കി നിര്‍ത്തുന്നിതേ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali24.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here