ഗീതം പതിനേഴ്

നീയൊരു വാക്കും മൊഴിയാതേവം
നിശബ്ദത പാലിക്കില്‍,

നിറഞ്ഞ മൗനത്താലിവള്‍ ഉള്ളം
നിര്‍ഭരമാക്കിക്കൊള്ളാം

നിമേഷമേലും താരകമിഴികളില്‍
നിറന്ന ദീപ്തിയുണര്‍ത്തി

നിശീഥ, മവനതയായ് മേവും പോല്‍
നിശ്ചലമിവളും നില്‍ക്കാം

കൂരിരുളകലും പുലരൊളിതെളിയും
തവ തെളിനാദം വായ്ക്കും,

സുവര്‍ണ്ണധാരകളായ്, അതു മാന-
ത്തനുപമ കാന്തിനിറയ്ക്കും.

നിന്മൊഴിയാവര്‍ത്തി, ച്ചെന്‍ കൂട്ടില്‍
കുഞ്ഞിക്കിളികള്‍ ചിലയ്ക്കും,

നീ പകരുന്നോരീണത്താല്‍ വന-
വല്ലികള്‍ പൂത്തുതിമിര്‍ക്കും!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali17.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here