അതിരെഴാതുള്ള മോഹങ്ങള്‍ നേടുവാ-
നുയിരുവിട്ടുഴയ്ക്കുന്നു ഞാനെങ്കിലും
സ്വയമതെല്ലാം നിഷേധിച്ചു നീ കനി-
ഞ്ഞിവളെ രക്ഷണം ചെയ്യുന്നതെപ്പോഴും!
അതികഠിനമക്കാരുണ്യവായ്പിനാല്‍
നിറവെഴുന്നു മജ്ജീവിതം നിത്യവും
ഞാനിരന്നീലയെങ്കിലും ദാനമായ്
നീയെനിക്കേകി വിണ്ണും വെളിച്ചവും
ദേഹവു, മന്തരംഗവും പ്രാണനും
ഞാനവയ്ക്കര്‍ഹയാവാന്‍ വിപത്തെഴും
മോഹമെന്നതില്‍ നിന്നുള്ള മുക്തിയും!
വല്ലമട്ടും വഴിപിഴച്ചാലുമെ-
ന്നുള്ളമിച്ഛിപ്പു നിന്നെത്തുടരുവാന്‍
നിര്‍ദ്ദയമൊഴിഞ്ഞു മാറുന്നതു-
ണ്ടെന്റെ ദൃഷ്ടി പഥത്തില്‍ നിന്നെപ്പോഴും
നിന്‍ ദയാവായ്പുമൂലമാവാമിതെ-
ന്നുള്ളിലുണ്ടുവെളി, വെനിക്കെപ്പോഴും!
ഇത്തരം നിരാസങ്ങളാല്‍ സമ്പൂര്‍ണ്ണ-
സംഗമത്തിനു സജ്ജയാക്കി, സ്വയം-
അന്തികത്തെന്നെയെത്തിപ്പതാണു നിന്‍
അന്തരംഗവിചിന്തനം നിശ്ചയം!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali13.html Author: rabeendranath_tagore