പാടുവാനാശിച്ച ഗാനമിതേവരെ
പാടുവാനായീലല്ലോ:
സാധിച്ചതിന്നോളം സുസ്വരമാമിതിന്‍
സാധനമാത്രമാണല്ലോ
ആത്മാവില്‍ ശേഷിപ്പ, താലപിക്കാനുള്ളൊ-
രാകാംക്ഷ മാത്രമല്ലോ.
രാഗമേതെന്നു പിടിയി,ല്ലതിന്‍ കഥാ-
സാരവുമോരുകില്ല;
ഉള്ളത്തിലിഷ്ടഗാനത്തിന്റെ പേരിലീ-
യുത്കണ്ഠതീരുകില്ല
തെന്നലുമൂളുന്നുവെങ്കിലും പൂവുകള്‍
ഒന്നും വിരിഞ്ഞതില്ല!
കാണുവാനായതില്ലാമുഖം, കേള്‍ക്കുവാ-
നായതില്ലാ നിനാദം
കാതിലിടക്കിടെ വീഴ്വതുണ്ടാമൃദു-
കാലടിയൊച്ച മാത്രം
മന്ദിരവാതില്‍പ്പുറത്തെങ്ങാനദ്ദേഹം
മന്ദം ചരിപ്പതുണ്ടാം!
അന്തിവരേയ്ക്കു, മൊരുക്കിനേന്‍ മഞ്ചമി-
ങ്ങന്ത:പുരത്തിലേവം
ആയീല പക്ഷേ കൊളുത്തുവാനീ നട-
വാതിലില്‍ ഭദ്രദീപം.
ആനയിക്കുന്നതെമ്മട്ടവനെ, യിരുള്‍
വീണൊരി മന്ദിരത്തില്‍?
എങ്കിലുമദ്ദേഹമെത്തുമെന്നുണ്ടൊരു
മുദ്ധപ്രതീക്ഷയെന്നില്‍;
വന്നു ചേരാതിരിക്കില്ലവന്‍ തെല്ലുമേ
വൈകാതെയെന്നരികില്‍!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali12.html Author: rabeendranath_tagore