ഗീതം പതിനൊന്ന്

യാത്രചെയ്‌വൂ ഞാനെത്രകാലമീ-
ദീര്‍ഘയാനപഥങ്ങളില്‍

ആദിമകിരണങ്ങള്‍ തന്‍ രഥ-
മേറി വന്നേന്‍ പുറത്തു ഞാന്‍,
താരകോടികളില്‍ , ഗ്രഹങ്ങളില്‍
തേരുരുള്‍പ്പാടു വീഴ്ത്തിയും,
കാനനങ്ങള്‍ ഗിരികള്‍ താണ്ടി, ലോ-
കാന്തരങ്ങളില്‍ ചുറ്റിയും!

ദേവ, നിന്നടുത്തെത്തുവാന്‍ ലഘു-
മാര്‍ഗ്ഗമീ ദീര്‍ഘയാത്രയാം;
കേവലസ്വരാലാപനത്തിനാ-
ണേറെ വേണ്ടതു സാധകം!

തങ്ങള്‍ തന്‍ അഭയ ഗൃഹങ്ങളില്‍
ചെന്നു വിശ്രാന്തിയേല്‍പ്പതിന്‍-
മുമ്പു, മറ്റുഗേഹങ്ങളില്‍ പാന്ഥ-
രെത്രെ മുട്ടിവിളിക്കണം !

തേടി നീളെയലയണം പുറം-
ലോകമാകെയുമെങ്കിലേ-
അന്തരംഗത്തിലാവസിപ്പോനേ
കണ്ടുമുട്ടുവാനായിടു

നീയിവിടെ വര്‍ത്തിപ്പതുണ്ടെന്ന
നേരറിവതിന്‍ മുന്നമേ-
കണ്ണയച്ചുഴന്നേന്‍ പലേടവും;
ഭിന്നവീഥികള്‍ താണ്ടിനേന്‍

എങ്ങു നീയെന്നരോദനം , പിന്നെ –
ക്കണ്ണുനീരിന്‍ പ്രവാഹവും
നൂറുചാലിട്ടൊഴുകി, സൗമ്യമാ-
യൂഴിയില്‍ ചേര്‍പ്പുസാന്ത്വനം

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali11.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English