ഗീതം പത്ത്

നിര്‍ത്തുക ഭജനം സാധനയും നിന്‍
ദീപാരാധനയും
കോവിലിനുള്ളി,ലിരുന്നേ തുടരും
മാനസ പൂജകളും;
ചാരിയ കതകിനു പിന്നി,ലിരുന്നേ തുടരും
ദേവനിരുപ്പീല
മിഴികള്‍ തുറന്നിനിയറിയുക, ദേവന്‍
അലയുന്നു പുറമേ

വയലില്‍ കൊഴുവും പേറിനടപ്പോ-
രുഴവന്മാര്‍ക്കിടയില്‍,
പാതനിരത്താന്‍ പാരയുടയ്ക്കും
പാഴന്മാര് ‍നടുവില്‍
അലയുകയല്ലോ വെയിലില്‍ മഴയിലു-
മവരൊത്തദ്ദേഹം

ഉടലുകരിഞ്ഞും ചേറും മണ്ണും
പൂശിയ കൈയോടും
മേനിവിയര്‍ത്താ, ണാണ്ടോടാണവ-
രുണരി നേടുന്നു

വെണ്മയെഴുന്നോരീയുടയാടകള്‍‍
വെടിയുക നീയുടനെ
വേലക്കാരിലൊരാളായെത്തുക
വേഗമവന്നൊപ്പം!
മുക്തിക്കായ് നീ മോഹിക്കുന്നു
വ്യര്‍ത്ഥം , അതെങ്ങാവോ?
സൃഷ്ടിയില്‍ നിന്നും വിടുതി ലഭിക്കാ
സൃഷ്ടാവിനുപോലും

നിര്‍ത്തുക ധ്യാനം;പൂജാ പാത്രം
വയ്ക്കുക നീ താഴെ;
കീറട്ടേ നിന്നുടുതുണിയാകെ
പ്പൂഴി പുരണ്ടോട്ടേ;
കര്‍മ്മപഥങ്ങളി, ലവനോടൊപ്പം
നിന്‍ വേര്‍പ്പൊഴുകട്ടേ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali10.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here