ഗീതാഞ്ജലി ഗീതം ഒന്ന്

ജന്മമേകുമ്പോഴേ ചേര്‍ത്തിരുന്നു ഭവാന്‍
എന്നിലനശ്വര ഭാവം;

ആ മട്ടു ലീലാവിലാസത്തില്‍ നിന്‍ മനം
ആമഗ്നമാകയാലാവാം!

ഈ വെറും ദുര്‍ബ്ബല പാത്ര, മിടയ്ക്കു നീ
കേവലം ശൂന്യമാക്കുന്നു;

പിന്നെയുജ്ജീവന സത്തപകര്‍ന്നതിന്‍
ഉള്‍ത്തടം പൂര്‍ണ്ണമാക്കുന്നു!

മേടുകളില്‍ , നദീതീരങ്ങളില്‍ വെറും
ഓടക്കുഴലിതുമേന്തി,

ഈണംപകര്‍ന്ന, തിന്നുള്ളം നിറച്ചെത്ര-
കാതങ്ങളങ്ങുന്നു താണ്ടി!

ആരുടെ കാതില്‍ നിമന്ത്രിക്കുവാനെനി-
ക്കാവുമീ വൃത്താന്ത, മാവോ?

നിന്നമൃതാത്മകസ്പര്‍ശത്താലെത്രയും
ധന്യമാണിന്നിതിന്നുള്ളം,

താനേയുറവിട്ടൊഴുകുന്നിതേ തവ-
ഗാനമിതിലൂടെ നിത്യം!

രാവും പകലു, മങ്ങെന്നിളം കൈകളില്‍
ഏകുമാറുണ്ടുപഹാരം

ഏറെയുഗങ്ങളായ് നീളുന്നൊരിമ്മഹാ-
ദാനത്തി, നില്ലവസാനം

ഉണ്ടിനിമേലും നിറയ്ക്കാനിട, മെന്റെ
പിഞ്ചുകൈയില്‍ വേണ്ടുവോളം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali1.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English