പ്രൊഫസര്‍ ജയന്തി ജീവിച്ചിരുന്ന അല്ലെങ്കില്‍ ജീവിച്ചു മരിച്ചു പോയ ഒരാളല്ല കുങ്കുമപ്പൂവ് എന്ന പേരില്‍ ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലെ കഥാപാത്രം മാത്രമാണ് . കോളേജ് പഠനകാലത്ത് പ്രണയത്തില്‍ കുരുങ്ങുകയും കാമുകന്റെ കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്ത ആ സ്ത്രീ ഇപ്പോള്‍ മറ്റൊരാളുടെ ഭാര്യയാണ്. കാമുകന്‍ പില്‍ക്കാലത്ത് അറിയപ്പെടുന്ന സാഹിത്യകാരനായി. അയാളും ആ ബന്ധത്തിലുള്ള മകളും കുടുംബിനിയായ ജയന്തിയുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളാണ് സീരിയലിന്റെ കഥ.
സരിതയും സുനന്ദയും തമ്മില്‍ ബന്ധമുണ്ട്. ആദ്യ രണ്ടു പേരും കടന്നു പോകുന്ന ജീവിതാവസ്ഥക്ക് ജയന്തിയെപോലുള്ളവര്‍ കഥാപാത്രമാകുന്ന ഒരു ജന പ്രിയ സീരിയലിന്റെ കഥാ ഗതിയോട് സാമ്യമുണ്ടാകാമെങ്കിലും മൂവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാമാന്യ യുക്തി മറ്റൊരു കാര്യത്തിലാണുള്ളത്. അതാകട്ടെ പ്രസക്തമായ ചര്‍ച്ചകള്‍ക്ക് ഇടവും നല്‍കുന്നുണ്ട്. ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ ചതുരക്കള്ളിയില്‍ പ്രത്യക്ഷപ്പെട്ട് സാമാന്യ പ്രേക്ഷകനില്‍ ഏതാണ്ട് സമാന സ്വഭാവത്തിലുള്ള വികാരങ്ങള്‍ സൃഷ്ടിച്ചവരാണ് ഈ മൂന്ന് സ്ത്രീ ജനങ്ങള്‍. മൂന്നു പേരില്‍ ഒരാള്‍ കേവലമൊരു കഥാപാത്രമാണെങ്കിലും അവരെ മറ്റു രണ്ടു പേരില്‍ നിന്ന് വേര്‍തിരിച്ചു കാണാനുള്ള വക തിരിവ് കാഴ്ചയുടെ പുതിയ ശീലം മൂലം സാമാന്യ പ്രേക്ഷകന് നഷ്ടപ്പെട്ടിരിക്കുന്നു. വാര്‍ത്തയില്‍ നിറഞ്ഞ സരിതയെയും സുനന്ദയെയും ജയന്തിക്ക് സമാനമായി പ്രതിഷ്ഠിക്കുന്ന പുത്തന്‍ ടെലിവിഷന്‍ വാര്‍ത്ത സംസ്ക്കാരമാണ് ഈ പുതിയ ശീലത്തിന്റെ സൃഷ്ടിക്കു പിന്നിലുള്ളത്. പണ്ട് പൈങ്കിളി പരമ്പരകളെ കൊണ്ട് നിറഞ്ഞിരുന്ന വിനോദ ചാനലുകളുടെ 6.30, 9.30 pm പ്രൈം ടൈം വാര്‍ത്താചാനലുകളുടെ പ്രളയത്തില്‍ പെട്ടു പോയപ്പോള്‍ പരമ്പരകള്‍ നല്‍കിയിരുന്ന ഇന്ദ്രിയ സുഖവും ജിജ്ഞാസയും വിവാദോല്പ്പകരിലൂടെ ലഭിക്കുമെന്നായി. വാര്‍ത്തയിലെ വ്യക്തികളെ ജയന്തിയെ പോലെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെടുമ്പോള്‍ വാര്‍ത്താചാനലുകളിലെ ചര്‍ച്ചകള്‍ക്ക് എത്തുന്ന പതിവുകാര്‍ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന സഹതാരങ്ങളായും മാറുന്നു. ബിജു രാധാകൃഷ്ണനെന്ന കൊടും കുറ്റവാളിക്കൊപ്പം നാട്ടിലാകെ നടന്ന് തട്ടിപ്പ് നടത്തിയ സരിതയെ വ്യവസ്ഥിതിയുടെ വൈകല്യവും വ്യക്തികളുടെ ദൗര്‍ലബ്യവും മുതലെടുത്ത് കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലായി കാണുന്നതിനു പകരം തങ്ങള്‍ കണ്ട ഏതോ സീരിയലിലെ കഥാപാത്രമായാണ് പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുന്നതെങ്കില്‍ ആ കാഴ്ചയില്‍ എങ്ങെനെ പിഴവുണ്ടായി എന്നു പരിശോധിക്കണം. ടെലിവിഷന്‍ വാര്‍ത്തകള്‍ ചമക്കുന്നവരാണ് ഇതിനു ഉത്തരം പറയേണ്ടത്. വസ്തുതകളേക്കാള്‍ സസ്പന്‍സിനും നാടകീയതക്കും വാര്‍ത്തയില്‍ ഇടം പിടിക്കുവാന്‍ അവസരം നല്‍കുന്നതാണ് ടെലിവിഷന്‍ വാര്‍ത്താ നിര്‍മ്മാതാക്കളെ നിങ്ങളുടെ കുഴപ്പം.
എരിവും പുളിയും ചേര്‍ത്ത് മസാല പരുവത്തില്‍ വാര്‍ത്തകള്‍ നിങ്ങള്‍ വിളമ്പിയപ്പോള്‍ അതൊന്നുമില്ലാത്തവ ചത്തവയാണെന്നും അത് ഞങ്ങള്‍ കാണില്ലെന്നുമുള്ള വാര്‍ത്തകളെ തിരസ്ക്കരിക്കുവാനും അവര്‍ തയാറായി. കേരളത്തിലെ വാര്‍ത്താചാനലുകള്‍ സുനന്ദയുടെ പോസ്റ്റ്മാര്‍ട്ടം തിരക്കിട്ട് നടത്തുമ്പോള്‍ എല്ലാവരും അത് കണ്ണിമ വെട്ടാതെ കണ്ടിരിക്കുമ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പേടെണ്ട ഒരു സംഭവം നമ്മുടെ നാട്ടിന്‍ പുറത്തുണ്ടായി. അച്ഛന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യംകഴിച്ച എട്ട് വയസുകാരന്‍ മരിച്ച സംഭവം ഒരു വാര്‍ത്താ ചാനലിലും മുഖ്യവാര്‍ത്തയോ ചര്‍ച്ചക്കുള്ള വിഷയമോ ആയില്ല. സരിതയുടെ പിന്നാലെ പാഞ്ഞപ്പോള്‍ ഭൂമാഫിയക്കെതിരെ ഡല്‍ഹിയിലെ കൊടും തണുപ്പില്‍ കുഞ്ഞുങ്ങളുമായി നിരാഹാരം കിടന്ന ജെസീറയെന്ന പാവം യുവതിയെ നമ്മുടെ ചാനലുകള്‍ കണ്ടില്ല. മത്സരാധിഷ്ടിത വിപണിയാണ് വാര്‍ത്താ ചാനലുകളുടേത്. മട്രോ നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്നെവെന്ന് പറയുന്ന റേറ്റിംഗ് സര്‍ വേയുടെ അടിസ്ഥാനത്തിലാണ് ചാനലുകളുടെ നിലനില്പ്പ്. തീപൊരി വിവാദങ്ങള്‍ കാലതാമസം ഇല്ലാതെ വിളമ്പുകയും അതിനു താരതമ്മ്യേന മികച്ച ഫോളപ്പ് ( തുടര്‍വാര്‍ത്ത) നല്‍കുകയും ചെയ്യുന്നവര്‍ക്ക് അത്യാവശ്യം പരസ്യങ്ങള്‍ ലഭിക്കും. അവര്‍ക്ക് പിടിച്ചു നില്‍ക്കുകയും ചെയ്യാം. മുന്‍പെ പറയുകയും നാട്ടുകാര്‍ ആദ്യം കാണുകയും വേണമെന്ന ഫോര്‍മുലയാണ് വാര്‍ത്താചാനലുകള്‍ പിന്‍തുടരുന്നത് . എന്ത് പറയുന്നുവെന്നതിനു പ്രസക്തിയില്ല. പറഞ്ഞത് മാറ്റി പറയാന്‍ അവസരമുണ്ടെന്നിരിക്കെ ഉള്ളടക്കത്തെ കാര്യമാക്കുന്നില്ല. വാര്‍ത്ത നല്‍കുന്ന മാധ്യമത്തിനു അതിന്മേല്‍ സ്ഥിതീകരണത്തിന്റെ ആത്മവിശ്വാസമുണ്ടാകണമെന്നാണ് വയ്പ്പ്. ഉള്ളട്ക്കത്തെ കാര്യമാക്കുന്നില്ല വാര്‍ത്ത നല്‍കുന്ന മാധ്യമത്തിന്‍ ആആത്മവിശ്വാസ്മുണ്ടാകണമെന്നാണ് വയ്പ്പ് സ്ഥിതീകരിക്കുന്ന തെളിവുകളും ഉറപ്പക്കണം. വാര്‍ത്തയുടെ ഉടറവിടം വിശ്വാസയോഗ്യമാകണം. പത്ര സ്ഥാപനങ്ങളിലെ പ്രവര്‍ത്തിയുടെ കേന്ദ്രീകൃത സ്വഭാവം ഈ പ്രമാണങ്ങളിലെല്ലാം പാലിക്കപ്പെടാന്‍ അവസരമൊരുക്കുന്നതാണ്. താഴെ തട്ടില്‍ നിന്ന് റിപ്പോര്‍ട്ട് എത്തിക്കുന്ന വാര്‍ത്തയിലെ സത്യസന്ധത ഉറപ്പാക്കാന്‍ പത്രാധിപര്‍ക്ക് കഴിയുന്നു. എന്നാല്‍ വാര്‍ത്താ ചാനലുകളില്‍ അത്തരമൊരു നടപടി ക്രമത്തിനു തടസ്സങ്ങളുണ്ട്. സമയം തന്നെയാണ് പ്രധാന വൈതരണി. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക ഇങ്ങനെയാണ് വാര്‍ത്താ ചാനലുകളുടെ പോക്ക്. സരിത നായരേയും സുനന്ദ പുഷ്ക്കറിനേയും പ്രൊഫസര്‍ ജയന്തിയെ പോലെ കഥയിലെ കഥാപാത്രങ്ങളായി കാണുന്ന നമ്മുടെ ശിലം ആ പോക്കിനെ അര്‍ത്ഥവത്താക്കുന്നു.
(നന്ദി- ഉണര്‍വ് മാസിക)
Generated from archived content: essay1_mar24_14.html Author: r_sreenivas