ഐസ്‌ക്രീമിനെക്കാൾ മധുരമുളള അധികാരം കൈവിട്ടുപോകുമോയെന്ന ആശങ്കയിലാണ് നമ്മുടെ കുഞ്ഞാലിക്കുട്ടി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നക്ഷത്രമെണ്ണിച്ചെന്ന പഴയ കേസ് ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നതിൽ കുഞ്ഞുസാഹിബിന് ചില്ലറ വിഷമവുമുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ കഷ്‌ടകാലം മലയാളം ടെലിവിഷൻ സീരിയൽപോലെ അങ്ങു നീണ്ടുപോവുന്നതിൽ ലീഗിനുളളിൽ മുറുമുറുപ്പുണ്ട്. പറഞ്ഞിട്ടെന്താ, അണികൾ പ്രവാചകനായി കരുതുന്ന ശിഹാബ് തങ്ങൾക്ക് കുഞ്ഞാലിയെ തഴയാൻ പറ്റുമോ? സുലൈമാൻ സേട്ടിനെപ്പോലെ സ്വന്തമായി പാർട്ടി ഉണ്ടാക്കാനും പറ്റില്ലല്ലോ. അതുകൊണ്ടെന്താ, പ്രതിഷേധക്കാർ അട്ടയെപ്പോലെ ചുരുണ്ടു കൂടിയങ്ങിരിക്കും.
ലീഗ്, വർഗ്ഗീയ പാർട്ടി അല്ലെന്നും അൽപം പരിഷ്‌കരണമൊക്കെ ആവാമെന്നും നേതാക്കൾ അരുതായ്‌ക കാട്ടുന്നതു നിർത്തണമെന്നുമൊക്കെ ചിന്തിച്ചാലോ? ചുമ്മാ ചിന്തിച്ചാ മാത്രം മതി. കൂടുതൽ അഭ്യാസത്തിനൊന്നും നിക്കേണ്ടാ. മുസ്‌ലീം യുവാക്കളുടെ ആശാകേന്ദ്രമായ കെ.ടി.ജലീലിന്റെ അവസ്ഥ കണ്ടില്ലേ.
അതും പോട്ടെ. ആലപ്പുഴക്കാരുടെ പ്രിയ നേതാവ് സുധീരന്റെ ചീട്ടു കീറിയില്ലേ. അധികാരത്തിന്റെ അപ്പക്കഷണം ചവച്ചു തിന്നാൻ പല്ലില്ലെന്നു പറഞ്ഞു മാറിനിന്ന സുധീരന്, അപ്പം മിക്‌സിയിലിട്ടടിച്ചു നൽകാമെന്നൊക്കെ പറഞ്ഞു പറ്റിച്ചത് ആരാന്നാ വിചാരം. സുധീരനെക്കൊണ്ട് ചുടു കരിമണൽ വാരിച്ചില്ലേ.
ആനയുടെ ചിന്നംവിളി കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്‌തിരുന്ന കൊട്ടാരക്കര രാജാവ് പിളളച്ചേട്ടന് പെട്ടിക്കട നടത്താനുളള അനുവാദമെങ്കിലും പുതുപ്പളളിയുടെ കുഞ്ഞൂഞ്ഞ് നൽകിയോ. പിളളച്ചേട്ടന് വല്ലപ്പോഴുമേ ഒച്ച പൊന്തു. അന്നേരം വായിൽ തോന്നിയതൊക്കെ വാരിവലിച്ചു പുറത്തിടും. കണ്ടാൽ കാലേ വാരി അലക്കുമെന്ന രീതിയിലാ മോന്റെ നിപ്പ്. പിന്നെയൊരാശ്വാസം ജേക്കബ് അച്ചായൻ കൂടെയുളളതാ. പഴയ യു.ഡി.എഫ് ചരിത്രമൊക്കെ അയവിറക്കി കഴിഞ്ഞു പോവുന്നു. കുഞ്ഞാലിയെ പിണക്കിയാൽ കുഞ്ഞൂഞ്ഞു പിണങ്ങുമെന്ന് ആരറിഞ്ഞു?
പണ്ട്, ആശ്രിതവത്സലനായ കരുണാകരനെ കാട്ടിലയച്ച് അന്തോണിച്ചനെ സിംഹാസനത്തിലിരുത്തി. ആർക്കും ശല്യമില്ലാതെ, വാ തുറന്ന് കമാന്നൊരക്ഷരം ഉരിയാടാത്ത, പളളീലച്ചന്റെ കോഴ്‌സിനു പഠിക്കുന്ന അന്തോണിച്ചന്റെ ളോഹ ഊരി വാങ്ങി പിന്നീട് ചാണ്ടിച്ചനു കൊടുത്തു. നല്ല കാര്യങ്ങൾ മാത്രം നടത്തിയിരുന്ന കുഞ്ഞാലിയെ ആരെങ്കിലും കണ്ണു വച്ചുകാണും. എന്തായിരുന്നു പ്രവർത്തനം!
പ്രവൃത്തിയുടെ കാര്യത്തിൽ കുഞ്ഞാലിക്കുട്ടി മഹാമിടുക്കനാ. ഇടതുപക്ഷം ഭരിച്ചു മുടിച്ച കേരളത്തിന് പത്തു കാശുണ്ടാക്കി കൊടുക്കാമെന്ന് വച്ച് ജിം കൊണ്ടുവന്നു. ഒരു പട്ടിക്കുഞ്ഞുപോലും തിരിഞ്ഞു നോക്കിയില്ല. എന്നാൽ, കുറച്ചു കരിമണൽ കച്ചവടം നടത്തിയേക്കാമെന്നു വച്ചാ അസൂയക്കാർ സമ്മതിക്കേമില്ല. വയ്യെങ്കിലും നെഞ്ചു വിരിച്ചങ്ങു നിൽക്കുകയല്ലേ സുധീരനും മറ്റും.
ഈ മണലൊക്കെ ചുമ്മാ കെടന്ന് നശിച്ചുപോവില്ലേ. വേണ്ടവർക്ക് ഉപകാരപ്പെടട്ടെന്നേ. മണലു വിൽക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നതാ. പറഞ്ഞിട്ടെന്താ, സമയമായപ്പോൾ അന്നത്തെ മുഖ്യൻ അന്തോണിച്ചന് നീരിളക്കം. പിന്നെ കരിമണൽ വിൽപന കേസായി, കോടതിയായി. മണലുവിറ്റാൽ കമ്മീഷൻ കിട്ടുമെന്ന് കരുതിയൊന്നുമല്ല കുഞ്ഞാലി ശാഠ്യം പിടിക്കുന്നത്. അതെന്താ ആരും മനസ്സിലാക്കാത്തേ?
ഇനി പരാതി ഇല്ലാതെ എന്തോന്നു വിൽക്കാനുണ്ടെന്ന് തല പുകഞ്ഞ് ആലോചിക്കുമ്പോ ദേ വരുന്നു പഴയ കോൺ ഐസ്‌ക്രീം. കോഴിക്കോട്ടെ ശ്രീദേവിച്ചേച്ചി കൊടുത്ത ഐസ്‌ക്രീം കുഞ്ഞാലിക്കുട്ടി നുണഞ്ഞത്രേ. അതൊരു തെറ്റാണോ? ഐസ്‌ക്രീം കഴിക്കാൻ ഇഷ്‌ടമില്ലാത്തവരുണ്ടോ. പിന്നെ പഞ്ചസാരയുടെ ശല്യം ജാസ്തിയായാൽ അതൊക്കെ വേണ്ടെന്നു വയ്‌ക്കണം. അല്ലെങ്കിൽ ശരീരത്തിനു കേടാ.
നമ്മുടെ നീലന്റെ വികൃതി ഓർക്കുന്നില്ലേ? പ്രകൃതി ശ്രീവാസ്‌തവയോട് ഊണു കഴിച്ചോ എന്നു ചോദിച്ചു കഴിച്ചൂന്നു മറുപടി. എന്നാൽ ‘ഞാൻ കഴിച്ചില്ലാ’യെന്നു നീലൻ പറഞ്ഞതോടെ കുട്ടിയുടെ പ്രകൃതി മാറി. എൽ.ഡി.എഫിന് ഇത്രയൊക്കെ ആവാമെങ്കിൽ യു.ഡി.എഫ് പിന്നോട്ടു പോവരുതല്ലോ. എന്നാലും അതാരായിരിക്കും? വല്ല മന്ത്രിപ്പണീം ചെയ്‌ത് കഴിഞ്ഞു പൊക്കോളുമായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീമിൽ കരിമണൽ വാരിയിട്ടത്. എന്തായാലും ഇത്തിരി കടുത്തുപോയി.
Generated from archived content: humour1_nov3.html Author: r_rajesh
Click this button or press Ctrl+G to toggle between Malayalam and English