വീട് വാടകയ്‌ക്ക് എന്ന എന്റെ പത്രപരസ്യത്തിന് ഇപ്പോൾ എത്ര പ്രതികരണങ്ങളാണെന്നോ?
ഓരോ വർഷവും വാടകയ്‌ക്ക് വരുന്നയാളെ മാറ്റണം എന്ന എന്റെ നിശ്ചയം പതിവുതെറ്റിക്കാറുമില്ല-
വീടൊഴിയാതെ പൊല്ലാപ്പ് ഉണ്ടാക്കുന്നവരെയല്ല ഞാനിതുവരെ താമസിപ്പിച്ചതെങ്കിലും-
ഒരു ആൾ ദൈവത്തിന് എന്റെ വീട് വാടകയ്‌ക്ക് വേണം എന്ന അപൂർവ്വ അപേക്ഷ എന്റെ മുമ്പിലെത്തിയപ്പോഴാണ് ഞാൻ വീടിന്റെ ഓരോ യോഗങ്ങളെക്കുറിച്ചും പഠിക്കാനാഗ്രഹിച്ചത് –
ഈ വീടിനെപറ്റി പുറത്തു അറിയപ്പെട്ട ഒരു കാര്യം ഞാൻ അപ്പോഴാണ് കേൾക്കുന്നത്. നാട്ടുകാരുടെ ഭാഷ്യം.
അനപത്യ ദു;ഖം അനുഭവിക്കുന്ന ദമ്പതിമാർ ഈ വീട് വാടകയ്‌ക്ക് എടുത്ത് കുറച്ചു മാസങ്ങൾക്കകം അവർക്ക് പുത്രലാഭം സംഭവിക്കുത്രേ-!!!
എനിയ്‌ക്കിത് കേട്ടപ്പോൾ പഴയ വാടകക്കാരുടെ സ്റ്റാറ്റിസ്റ്റിക്സ് എടുത്തുനോക്കാൻ തോന്നി.
കാര്യം വളരെ ശരി-
മുസ്ലീം ദമ്പതിമാരിൽ തുടങ്ങി ഒരു മിശ്രവിവാഹക്കാരുടെ ദാമ്പത്യത്തിലൂടെ മിക്ക മതവിശ്വാസികളുടേയും കുട്ടികൾ അവിടെ ഗർഭത്തിലവതരിച്ചത്. എന്റെ ആ വീടിന്റെ കിടപ്പുമുറിയിൽ –
അൻവർ റഷീദും ലക്ഷ്‌മീദേവിയും മതമില്ലാത്ത ജീവനെ ഉൽപാദിപ്പിച്ച കിടക്കയും അവിടുത്തേത്-
ഈ ആൾ ദൈവം ദുഷ്ടലാക്ക് മനസ്സിൽ വച്ചാണ് വൻവാടക വാഗ്ദാനം ചെയ്ത് വീട് കൈക്കലാക്കാൻ ശ്രമിക്കുന്നത് –
അയാൾക്ക് കൈനനയാതെ മീൻപിടിയ്‌ക്കാം. കുട്ടികളില്ലാത്ത ദുഃഖം പേറുന്ന ദമ്പതികളെ ആ കിടപ്പുമുറിയിൽ ഒരു രാത്രി താമസിപ്പിച്ച് ഇയാൾക്ക് മറ്റൊരു മുറിയിൽ ഗംഭീരഹോമം നടത്തി
കാശ് യൂറോ&ഡോളർ&പൗണ്ടിൽ വാങ്ങാം-
ഇപ്പോൾ പൂത്തകാശുള്ള ഐ.ടി പിള്ളേർക്ക് കുട്ടികളുണ്ടാവുന്നില്ലേ?
യൂറോ&ഡോളർ കാശിൽ മാത്രം അവർക്ക് ശ്രദ്ധയായതാവും.
ഈ അത്ഭുത വീടിനെപറ്റി ഞാൻ പുറത്തുപറഞ്ഞാൽ ചാനലുകാർ പറന്നെത്തും പിന്നെ ഇതാർക്കും കയറി നിരങ്ങാവുന്ന വീടാവും-
അതുവേണ്ട-
ഈ കോളനിയിൽ
പ്രൈവസി ഇല്ലാത്ത ഒരു ഇടവഴി അവർ വെട്ടും
ചില വീടുകൾ അങ്ങിനെയാണ്-
നോക്കൂ-
ഈ കോളനിയിലെ ആദ്യ വീട്- കണ്ടിട്ടില്ലെ? ആ വലിയ ഗേറ്റുള്ള വീട്? വീട്ടുപ്പേര് ആകാശപ്പന്തൽ
ഇപ്പോൾ നാലുകൂട്ടർ വാങ്ങികഴിഞ്ഞു.
അത് വാങ്ങുന്നവർ എല്ലാവരും വലിയ പണക്കാർ –
അവർ ആദ്യം വരുമ്പോൾ തന്നെ കുറേ മോഡിഫിക്കേഷൻ വരുത്തും-
പിന്നെ അകത്തെ തറയിടിച്ച്
ഗ്രാനൈറ്റും ടെയിൽസു മാറ്റം-
ഇപ്പോൾ നാലാമത്തെ കോടീശ്വരനാണ് ഉടമ. എല്ലാവരും അതിന്റെ ഫൗണ്ടേഷൻ
ബേസ്‌മെന്റ് മാത്രം മാറ്റിയിട്ടില്ല എന്നതേയുള്ളു-
തറയിടിച്ച് പണിയോടു പണി.
അങ്ങിനെ അതിന്റെ ഒരു യോഗം-
താമസിക്കാൻ ആളെ കിട്ടില്ല. എന്നും മരാമത്ത്!
ഏകാദശിക്കണക്കുള്ള അടുക്കള എന്നൊരു ചൊല്ലുണ്ട്-
അടുക്കളയുടെ ചുറ്റളവുകൾ കണ്ടാൽ വാസ്തു പറയും-
ഒരു നേരമേ തീ പുകയ്‌ക്കൂ അടുപ്പിൽ എന്ന് ? ഇപ്പോൾ എല്ലാവരും ഒരു നേരം വച്ച ആഹാരം ഫ്രിഡ്‌ജിൽ വച്ച് കഴിപ്പാണല്ലോ?
അതിനാൽ ഈ കണക്ക് നോക്കണ്ടത്രേ? പ്രായോഗിക വാസ്തു-
ഈ കിടപ്പുമുറിയുടെ കണക്കെന്താണാവോ?
എന്റെ വീടിന്റെ ഈ ജനിതക സൗഭാഗ്യത്തിന്റെ പൊരുൾ തേടി ഞാനലഞ്ഞു-
എന്താവാം വാസ്തുയോഗം-?
എന്റെ വീടിന്റെ ഇത്തരം സവിശേഷതയ്‌ക്ക് എന്താവും കാരണം? കുട്ടികളുണ്ടാകാത്തവർ ഈ വീട്ടിൽ കഴിഞ്ഞാൽ അവർക്ക് സന്താനസൗഭാഗ്യം വന്നു ചേരും എന്ന സവിശേഷത എനിയ്‌ക്ക് മാർക്കറ്റ് ചെയ്യാം-
ഇവിടെ ഈ സാക്ഷര കേരളത്തിൽ-
ആൾ ദൈവങ്ങളെ മടുത്തവർ ഈ സ്ഥാവരദൈവ സാന്നിധ്യത്തിന്റെ സാക്ഷ്യമൊഴികളെ വിശ്വാസത്തിലെടുത്തിരിയ്‌ക്കുന്നു-
എന്താവാം ഈ പ്രത്യേകതയ്‌ക്ക് കാരണഭൂതമായതെന്നന്വേഷണം പല രീതിയിൽ നടത്തി.
ഇത്തരം അന്വേഷണത്തിനിടയിലാണ് വീടുപണിയുടെ കോൺക്രീറ്റ് നടക്കുതിനിടയിൽ നടന്ന സംഭവം ഓർമ്മ വന്നത്.
ചരലും മെറ്റലും സിമന്റും ചേർത്ത് കോൺക്രീറ്റ് കൂട്ടി
ചട്ടിയിലാക്കി ലിന്റൽ വാർപ്പ് ചെയ്യുന്നയാൾ കമ്പി കൊണ്ടും കരണ്ടി കൊണ്ടും കുത്തുതിനിടയിലാണ് അത് കണ്ടത്.
പിങ്ക് നിറത്തിലുള്ള റബർ കഷണം – സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്. ഗർഭ നിരോധന ഉറയാണ് –
മേശരിമാരെയും മൈക്കാട് നിൽക്കുന്ന പെണ്ണങ്ങളേയും സംശയ ദൃഷ്ട്യാ നോക്കി
പ്രൈമാഫേസി കേസില്ലെന്ന് തോന്നിച്ച് ആദ്യതവണ കണ്ടവർ വെറുതെ വിട്ടു ..
– പക്ഷേ പ്രേമയും ഫൈസ്സിലും കുറ്റവാളികളാകുന്ന രീതിയിൽ ദാ, അടുത്ത കോൺക്രീറ്റ് കൂട്ടിലും ഒരെണ്ണം.
കോൺട്രാക്ടറുടെ ലെവലിലേക്ക് ഈ പ്രശ്‌നം ഉദ്ധരിക്കപ്പെട്ടെങ്കിലും അയാൾക്കും ഒരു സൊല്യൂഷനോ ന്യായമോ കണ്ടെത്താനായില്ല-
ഇനി പണിക്കാർ തങ്ങളുടെ നിരപരാധിത്വം തെളിക്കട്ടെ
ചില സമയം നിരപരാധികൾ പിടിക്കപ്പെട്ടാൽ ഇങ്ങിനെയാണു. ഇനി അവരുടെ പണിയാണു യഥാർഥ കുറ്റവാളിയെ പിടികൂടുക എന്നുള്ളത്
അവർ സി.ബി.ഐ. ഡയറിക്കുറിപ്പ് & സി.ഐ.ഡി. മൂസ സീഡികളും കണ്ട് എസ്.എൻ. സ്വാമിയെ മനസ്സിൽ ധ്യാനിച്ച് ഉത്തരം കൊണ്ടു വന്നു.
കേട്ടപ്പോഴാ സംഗതി എവിടെ വരെപോയി എന്നറിഞ്ഞത്.
ഈ പിങ്ക് റബ്ബർ കിട്ടുന്നത് മുക്കാലിഞ്ച് മെറ്റൽക്കൂനക്കുള്ളിൽ നിന്നാണെന്ന് കണ്ടെത്തി –
അവ പാറമടയിലെ ആൺപെൺ ജോലിക്കാരുടെ കാമ വികൃതികളുടെ ആണവോർജ്ജ മാലിന്യമാണീ നാചുറൽ റബ്ബർ എന്ന് തെളിയിക്കപ്പെട്ടു.
ഈ മാലിന്യം ടിപ്പർ ലോറിയിലൂടെ കയറ്റി അയയ്‌ക്കപ്പെട്ടത് എന്റെ പ്ലോട്ടിലേക്കും .
നിരപരാധികളുടെ നിലനിൽപ്പാണ് എപ്പോഴും അപകടത്തിലാവുന്നത്. രാഷ്ര്ടാന്തര നിലവാരത്തിലും ഇങ്ങനെയൊക്കെത്തന്നെയല്ലേ?
ഞാൻ കിടപ്പുമുറി വാസ്തുഹേതു തിരഞ്ഞ് അപഗ്രഥനം ചെയ്ത് മറ്റൊരു നിഗമനത്തിലെത്തിച്ചേർന്നു.
യുക്തി ഭദ്രമായ ഒന്ന്
പണിതീരാതെ എന്റെ വീട് കുറേ നാൾ പൂട്ടികിടന്നിരുന്നു. ലോൺ തരാതെ ബാങ്കുകാർ ഒളിച്ചുകളിച്ചപ്പോൾ കള്ളകളിയും ഒളിസേവയുമായി കുറേയാളുകൾ എന്റെ വീട് ഉപയോഗിച്ചിരുന്നത്രേ-
ആൾ പെരുമാറ്റം കുറവായ സ്ഥലത്ത് രാത്രികളിൽ ഓട്ടോറിക്ഷയിലും മറ്റും കമിതാക്കൾ കഴിഞ്ഞത് ഈ കിടപ്പുമുറിയുടെ തറയിലായിരുന്നത്രേ-
നിരപ്പാക്കാത്ത വെറും മണൽ തറ –
ഈ വീട്ടിലെ കിടപ്പുമുറിയുടെ അന്തരീക്ഷം മുഴുവൻ എല്ലാ ഗണപതി ഹോമത്തിനും ഭഗവതി സേവയ്‌ക്കും മുമ്പേ പ്രത്യേകതരം സിഗ്നലുകളായിരുന്നു-
ലൈംഗികതൃഷ്ണയുടെ അദമ്യമായ ഇലക്ര്ടോമാഗ്നറ്റിക് സിഗ്നലുകൾ ഒരു കാൽപനികാന്തരീക്ഷത്തിലൂടെ കെട്ടിപ്പടുത്ത കിടപ്പുമുറി-
മുറികൾക്കും ഇങ്ങിനെ ഗർഭാവസ്ഥയിൽ കേട്ട മുരക്കങ്ങളും സംഗീതവും പ്രണവാഷരങ്ങൾ ആയി തോന്നുന്നുണ്ടാവുമോ?
സ്വർഗ്ഗീയതയും ആഗ്രഹവും കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയ അപൂർവ്വ മുറി-
ഇത്തരം ഒരു മുറി ആളുകളുടെ ഉണങ്ങാത്ത മുറിവുണക്കാൻ സഹായിക്കുന്നുവെങ്കിൽ നാമെന്തിന് തടസ്സം നിൽക്കണം?
സ്വാമിക്ക് വാടകയ്‌ക്ക് കൊടുത്ത് അയാൾക്ക് കാശുണ്ടാക്കാൻ സഹായിക്കണോ അതോ ഞാൻ തന്നെ ഇതിന്റെ മാർക്കറ്റിംഗ് ഏറ്റെടുത്തു ഇത്തിരി കാശുണ്ടാക്കിയാലോ?
Generated from archived content: story11_sept26_08.html Author: r_radhakrishnan