അജ്ഞാതനെ പിന്തുടർന്ന് ഡിറ്റക്‌ടീവ് രാജശേഖർ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിനകത്തു കയറി. കൂരിരുട്ടിൽ കടവാതിലുകൾ ചിറകടിക്കുകയും ചീവിടുകൾ ചിലക്കുകയും ചെയ്‌തുകൊണ്ടിരുന്നു. തലയിലെ സേർച്ച് ലൈറ്റ് ഒന്നുകൂടി സ്ഥാനത്തുറപ്പിച്ച് അയാൾ അവിടെ കണ്ട ഏണി എടുത്ത് ഭിത്തിയിൽ ചാരിവച്ച് മട്ടുപ്പാവിലേക്ക് വലിഞ്ഞുകയറി. അപ്പോൾ ആരോ ദൂരെയായി നടന്നു നീങ്ങുന്നത് രാജശേഖർ കണ്ടു. വീടിന്റെ തൊട്ടരികിലായി കായൽ നിശ്ചലമായി കിടക്കുന്നത് ടെറസ്സിൽ നിന്നുതന്നെ കാണാം. അജ്ഞാതൻ ഡിറ്റക്‌ടീവിനെ കണ്ടെന്നു തോന്നുന്നു. അതാ അയാൾ കായലിലേക്ക് എടുത്തുചാടി. ഡിറ്റക്‌ടീവും ഒട്ടും വൈകാതെ പുറകെ ചാടി. “ബ്‌ധും!” (ശേഷം അടുത്ത ലക്കത്തിൽ)
————————————————
വായനശാലയിൽ വാരികമറിച്ച് നോക്കിക്കൊണ്ടിരുന്ന സുദേവൻ എന്ന പ്ലസ്‌ടു വിദ്യാർത്ഥി അതിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന കുറ്റാന്വേഷണ കഥയുടെ അവസാന ഖണ്ഡിക വെറുതെ ഓടിച്ചു വായിച്ചു. അവിടെ കണ്ട ഏണി ആരവിടെ കൊണ്ടുവച്ചു എന്ന് തുടങ്ങിയ സംശയങ്ങൾ അവന് സ്വാഭാവികമായും തോന്നി. മാധ്യമ വിചാരക്കാരുടെയും പത്രവിശേഷക്കാരുടേയും വിശേഷബുദ്ധി കൈമുതലായ സുദേവന് പല തെറ്റുകളും കണ്ടുപിടിക്കാനായി.
അജ്ഞാതൻ കായലിലേക്ക് ചാടിയപ്പോൾ ശബ്‌ദമില്ല. ഡിറ്റക്‌ടീവ് ചാടിയപ്പോൾ മാത്രം “ബ്‌ധും”- ഇതെന്താണിതിങ്ങനെ?
ആരോടെങ്കിലും അവന് ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ സംഭവിക്കുന്നതും കേൾക്കുന്നതും വായിക്കുന്നതും ഒക്കെ യുക്തിക്ക് നിരക്കാത്തത് ആയിരുന്നതിനാൽ സംശയങ്ങളും ചോദ്യങ്ങളും ഉളളിലൊതുക്കി അവൻ പുത്തൻ മലയാള സിനിമയുടെ പ്രേക്ഷകനെപ്പോലെ നിശ്ശബ്‌ദനായിരുന്നു.
മേശയ്‌ക്കപ്പുറത്ത് ഏതോ വാരിക വായിക്കുകയായിരുന്ന തയ്യൽക്കാരൻ ബാലേട്ടൻ സുദേവനെ വിളിച്ചതപ്പോഴാണ്. “മോനേ ഇതൊന്ന് വായിച്ച് നിനക്കതിൽ വല്ല അയുക്തിയും തോന്നുന്നോ എന്ന് പറ.”
അയുക്തി എന്നു പറഞ്ഞതിലെ ശക്തിയും അതിന്റെ നീട്ടവും കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
അയാൾ വാരിക സുദേവന് നീട്ടി. ഇന്ദിരാഗാന്ധി വധത്തിന്റെ തെളിവെടുപ്പിൽ പി.എൻ. ലേഖിയുടേതായ കുറിപ്പായിരുന്നു അയാൾ വായിച്ചുകൊണ്ടിരുന്നത്.
ശ്രീമതി ഗാന്ധിയുടെ കിഡ്‌നിയിൽ തറച്ചു കയറിയ വെടിയുണ്ടയെക്കുറിച്ചുളള വരികളാണ് അയാൾ അവനെ കാട്ടിയത്.
ആ വരികളിലൊന്നും യുക്തിഭംഗം കണ്ടുപിടിക്കാനാവാതെ സുദേവൻ വായന പലവട്ടം ആവർത്തിച്ചു.
ബാലേട്ടൻ മനസ്സിൽ തോന്നിയത് മറച്ചുവെക്കാതെ സുദേവനോട് ചോദിച്ചു.
“അല്ല ഈ പെണ്ണുങ്ങൾക്കും കിഡ്‌നി ഉണ്ടോ?” കിഡ്‌നി എന്ന വാക്കിന് വേറെന്തോ അർത്ഥം മനസ്സിലാക്കിയ ബാലേട്ടന്റെ സംശയം സുദേവനിൽ ചിരി ഉണർത്തി.
മിമിക്രിക്കാരുടെ ഭാഷയും അർത്ഥഭേദങ്ങളും വഴി പലതും തെറ്റായി മനസ്സിലാക്കുന്ന പുതിയ തലമുറയിലെ ആളല്ലല്ലോ ബാലേട്ടൻ.
“അല്ല ചേട്ടാ അവര് പ്രധാനമന്ത്രിയായിരുന്ന സ്‌ത്രീയല്ലേ അപ്പോൾ തീർച്ചയായും അവർക്ക് അതു കാണുമായിരിക്കും.” വായനശാലയിൽ ചിരിച്ചെപ്പ് ശബ്‌ദത്തോടെ തുറക്കുകയായിരുന്നു അപ്പോൾ.
Generated from archived content: humour_mar15_06.html Author: r_radhakrishnan