കേരളത്തിലെ ആദ്യത്തെ സ്‌റ്റുഡിയോ മൺമറഞ്ഞു

സിനിമാ പ്രേമികൾക്കും ആസ്വാദകർക്കും പ്രവർത്തകർക്കും പഞ്ഞമില്ലാത്ത നാടാണ്‌ കേരളം. ഇവർക്കൊക്കെ പുറമെ നല്ല സിനിമയ്‌ക്കു വേണ്ടിയാണെന്ന ഭാവത്തിൽ രണ്ടു സർക്കാർ സ്‌ഥാപനങ്ങളും. അവിടെ സർക്കാർ ചിലവിൽ ഉണ്ടുറങ്ങാൻ കുറേ ജോലിക്കാരും. ഐ.ജി. ഓഫീസിനു മുന്നിലെ ഫ്‌ളാറ്റിൽ പിടികിട്ടാപ്പുള്ളിയെ ഒളിപ്പിച്ചു താമസിച്ചത്‌ വരെ കണ്ടുപിടിക്കുന്ന പത്രപ്രവർത്തകർ. എന്തിനും ഏതിനും ഒളിക്യാമറയുമായി നടക്കുന്ന ചാനൽ ചേട്ടന്മാർ. ഇവരൊക്കെയുണ്ടായിട്ടും തലസ്‌ഥാന നഗരിയിൽ മലയാളസിനിമയുടെ വേരോട്ടത്തിന്‌ നാന്ദികുറിച്ച കെട്ടിടം നിലം പരിശായത്‌ ആരും അറിഞ്ഞില്ല. മലയാള സിനിമയുടെ ഉന്നമനത്തിന്‌ എപ്പോഴും കൂടെയുണ്ടാവുമെന്ന്‌ ഉറക്കെയുറക്കെ പറയുന്ന സാംസ്‌കാരിക മന്ത്രി അറിഞ്ഞില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ സംഘടനകൾ സ്വന്തമായുള്ള മലയാള ചലച്ചിത്ര പ്രവർത്തകർ അറിഞ്ഞില്ല. ആഗോള തലത്തിൽ ബ്രാഞ്ചുകളുളള സാംസ്‌കാരിക സംഘടനകളും അവയുടെ ചുക്കാൻ പിടിക്കുന്ന സാംസ്‌കാരിക നായകന്മാരും അറിഞ്ഞില്ല.

ഇനി അറിഞ്ഞിട്ട്‌ കാര്യവുമില്ല. കാരണം ശാരദാ വിലാസം മൺമറഞ്ഞു. 1930-ൽ മലയാളക്കരയിൽ ആദ്യമായൊരു ചലനചിത്രം നിർമ്മിക്കുവാൻ ഇറങ്ങിത്തിരിച്ച ജെ.സി. ഡാനിയലിന്റെ പണിപ്പുരയായിരുന്നു തിരുവനന്തപുരം പട്ടം ജംഗ്‌ഷനിൽ സ്‌ഥിതി ചെയ്‌തിരുന്ന ഈ വീട്‌ അതായത്‌ കേരളത്തിലെ ആദ്യത്തെ സ്‌റ്റുഡിയോ. ഡാനിയൽ തുടങ്ങിയ ട്രാവൻകൂർ നാഷണൽ പിക്‌ചേഴ്‌സിന്റെ ലെറ്റർ ഹെഡിലും ഈ ശാരദാ വിലാസത്തിന്റെ മേൽവിലാസമാണ്‌ കൊടുത്തിരിക്കുന്നത്‌. ബോംബെയിലും മദ്രാസിലുമുള്ള ചലച്ചിത്ര സ്‌റ്റുഡിയോകളിൽപ്പോയി സിനിമ ചിത്രീകരണം നേരിട്ട്‌കണ്ട്‌ മനസ്സിലാക്കിയ ഡാനിയൽ ശാരദാ വിലാസത്തിൽ ചലച്ചിത്ര നിർമ്മാണത്തിന്‌ വേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു എന്നാണ്‌ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ശാരദാ വിലാസത്തിന്റെ ഉടമസ്‌ഥരെ ഒരിക്കലും കുറ്റം പറയാനാവില്ല. പൊന്നും വിലയുള്ള ഈ ഭൂമിയുടെ ചരിത്ര പ്രധാന്യത്തെക്കുറിച്ച്‌ ബോധവാന്മാരാകേണ്ട കാര്യവും അവർക്കില്ല. മറിച്ച്‌ ഇത്തരം സ്‌മാരകങ്ങൾ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനില്ലേ. ഡാനിയലിന്റെ വിഗതകുമാരൻ എന്ന ചിത്രത്തിന്റെ ഒരു പ്രിന്റുപോലും അവശേഷിക്കാത്ത സാഹചര്യത്തിൽ നമുക്ക്‌ ബാക്കിയുണ്ടായിരുന്നത്‌ ഈ കെട്ടിടമായിരുന്നു. ഇതേ മാതൃകയിലുള്ള കെട്ടിടത്തിലാണ്‌ ചലച്ചിത്ര അക്കാദമി ‘പ്രവർത്തി’ക്കുന്നത്‌. വേണമെങ്കിൽ ഈ കെട്ടിടവും ഒരു സിനിമാ ലൈബ്രറിയോ മറ്റോ ആക്കി മാറ്റാമായിരുന്നു.

ജെ.സി. ഡാനിയൽ ജീവിച്ചിരുന്ന കാലത്ത്‌ മരുന്ന്‌ വാങ്ങുവാൻ ഗതിയില്ലാതെ, അവശകലാകാരന്മാർക്കുള്ള 300 രൂപ പെൻഷനു വേണ്ടി പലതവണ അപേക്ഷിച്ചപ്പോൾ അത്‌ നിരസിച്ച പാരമ്പര്യമാണ്‌ നമുക്കുള്ളത്‌. പിന്നീട്‌ അദ്ദേഹത്തെ മലയാള സിനിമയുടെ പിതാവായി വാഴിച്ച്‌, മലയാള സിനിമാലോകത്തെ പരമോന്നത ബഹുമതിയായി ജെ.സി. ഡാനിയൽ അവാർഡിനെ ഉൾപ്പെടുത്തി പ്രായ്‌ശ്ചിത്തം ചെയ്‌തു.

ഇനി ചലച്ചിത്ര അക്കാദമിക്ക്‌ ചെയ്യാവുന്ന ഒരു ജോലി ബാക്കിയുണ്ട്‌. ഭാവിയിൽ ഒരു ശാരദാ വിലാസം അവാർഡ്‌ കൂടി പ്രഖ്യാപിക്കാം.

(കടപ്പാട്‌ – ക്രിട്ടിക്‌സ്‌ വേൾഡ്‌)

Generated from archived content: cinema1_sep10_09.html Author: r_gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English