ആരെയാണ് എഴുതിത്തള്ളേണ്ടത്?

കുറച്ചു കാലമായി നമ്മുടെ നാട്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു മുറവിളിയാണ് ബാങ്ക് വായ്പകള്‍ എഴുതിത്തള്ളണമെന്ന്. കാര്‍ഷിക വായ്പകള്‍ ഭാഗികമായെങ്കിലും കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. അതുകൊണ്ട് വായ്പകള്‍ ബാങ്കുകള്‍ അവരുടെ സഞ്ചിതനിധിയില്‍ നിന്ന് എഴുതിത്തള്ളേണ്ടി വന്നില്ല. ഇപ്പോള്‍ വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം ശക്തിയായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ബാങ്ക്, ബാങ്ക് ലോണ്‍, എഴുതിത്തളളല്‍ എന്നിവയൊക്കെ എന്തെന്ന് അറിഞ്ഞാലേ ഈ ആവശ്യത്തിന്റെ അനന്തരഫലവും ഗൗരവവും മനസിലാക്കാന്‍ കഴിയൂ.

ബാങ്ക്, ബാങ്ക്വറ്റ് ( ചായസല്‍ക്കാരം) എന്നീ രണ്ടു പദങ്ങള്‍ ബെഞ്ച് എന്ന വാക്കില്‍ നിന്ന് നിഷ്പാദിക്കപ്പെട്ടതാണ്. പഴയ കാലത്തെ വാണിഭസ്ഥലങ്ങളില്‍ പണമിടപാടുകാരും ചായക്കടക്കാരും അവശ്യ ഘടകങ്ങളായിരുന്നു. പല ദേശങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് നാണയങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയുമായിരുന്നില്ല. ചായക്കടക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണത്രെ ബെഞ്ച്, ബാങ്ക് ആയും ബാങ്ക്വറ്റ് ആയും രൂപാന്തരപ്പെട്ട് ആ പദങ്ങള്‍ നിലവില്‍ വന്നത്. (bankrupt( നിസ്വന്‍) എന്നതിന്റെ അര്‍ത്ഥം ബെഞ്ച് ഒടിഞ്ഞവന്‍ എന്നാണ്.) ബെഞ്ചിലിരുന്ന് ഇടപാട് നടത്തിയിരുന്നവര്‍ നാണയം മാറ്റിയെടുക്കുക മാത്രമല്ല ചെയ്തിട്ടുണ്ടാവുക . ഇടപാടുകാരില്‍ നിന്ന് വായ്പ്പകള്‍ വാങ്ങുക, പണം മിച്ചമുണ്ടായാല്‍ അത് സൂക്ഷിക്കാന്‍ അവരെ ഏല്‍പിക്കുക ഇതൊക്കെ നടന്നിട്ടുണ്ടാവണം. അങ്ങിനെയങ്ങനെ ഇന്നത്തെ ബാങ്കിംഗ് സമ്പ്രദായം നിലവില്‍ വന്നു എന്ന് കരുതപ്പെടുന്നു.

അതെന്തായാലും ഇന്ന് ബാങ്കിംഗ് ലോകത്ത് എല്ലായിടത്തും നിഷ്കൃഷ്ടമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ റഗുലേഷന്‍ ആക്ടിന്റെ 5-1 ബി വകുപ്പ് അര്‍ത്ഥശങ്കക്കിട നല്‍കുന്നില്ല . banking means the accepting for the purpose of lending or investement of deposits of money from the public repayable on demand or otherwise and withdrawable by cheque draft order or otherwise. അടുത്ത ഉപവകുപ്പ് 5 സിയില്‍ ബാങ്കിംഗ് പോളിസി നിര്‍വചിക്കപ്പെടുന്നിടത്ത് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെല്ലാം നിക്ഷേപക താത്പര്യം ആണ് പരമപ്രധാനം എന്ന് വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല നിക്ഷേപകന്റെ താത്പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും പറയുന്നു.

പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട് നിലവില്‍ വന്ന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും എന്ന പോലെ ഭരണകൂടങ്ങള്‍ക്കും ബാധകമായ നിയമപ്രകാരം ഒരു ബാങ്കി‍ന്റെ പ്രധാന കര്‍ത്തവ്യം നിക്ഷേപകരുടെ മുതലും പലിശയും അതാതിന്റെ സമയത്ത് നല്‍കുക എന്നതാണെന്ന് വ്യക്തമാണല്ലോ. ഈ കര്‍ത്തവ്യത്തിന് തടസ്സമാവാത്ത രീതിയിലേ മറ്റു ബാങ്കിംഗ് പ്രവര്‍ത്തങ്ങള്‍ – വായ്പ നല്‍കുക, പുനര്‍ നിക്ഷേപം നടത്തുക – ഇവയൊക്കെ നടത്താന്‍ പാടുള്ളു.

കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങളില്‍ 80% തദ്ദേശിയം തന്നെയാണ്. ഇതില്‍ തന്നെ സിംഹഭാഗവും ഇടത്തരക്കാരുടെ സമ്പാദ്യങ്ങളോ അവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളോ ആയിരിക്കും. റിയല്‍ എസ്റ്റേറ്റ്പോലുള്ള ബിസിനസില്‍ നിക്ഷേപം നടത്തി വന്‍ ലാഭം കൊയ്യാനുള്ള സാമര്‍ത്ഥ്യമോ റിസ്ക്കുകള്‍ എടുക്കാനുള്ള ധൈര്യമോ ഇല്ലാത്തവരായിരിക്കും ഇവര്‍. അമിത വരുമാനത്തേക്കാളേറെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തിന് പരിഗണന നല്‍കുന്നവര്‍. പ്രവാസി നിക്ഷേപങ്ങളാവട്ടെ ഗള്‍ഫുനാടുകളിലും മറ്റും ‘ ആടുജീവിതം’ നയിക്കുന്ന പാവപ്പെട്ടവരുടേത് ആയിരിക്കും.( പ്രവാസികളിലെ ഉയര്‍ന്ന വരുമാനക്കാര്‍ റിയല്‍ എസ്റ്റേറ്റിലും സിനിമ പോലുള്ള മേഖലകളിലും മറ്റുമാണ് സാധാരണയായി മുതല്‍ മുടക്കുക) ബാങ്ക് ലോണ്‍ നല്‍കുന്നത് ഈ നിക്ഷേപങ്ങളില്‍ നിന്നാണ് . ലോണുകള്‍ എഴുതിത്തള്ളിയാല്‍ നഷ്ടപ്പെടുന്നത് ഈ സാധുക്കളുടെ ആകെയുള്ള സമ്പാദ്യമാവും. അതുമാത്രമല്ല എഴുതിത്തള്ളുന്നത് ഒരു സ്ഥിരം പതിവാക്കിയാല്‍ ബാങ്കിംഗ് സമ്പ്രദായം തകരും. സമ്പദ് വ്യവസ്ഥയാകെ കരകയറാനാകാത്ത ആഴങ്ങളില്‍ നിപതിക്കും. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എന്തു വിലകൊടുത്തും തങ്ങളുടെ ബാങ്കുകളെ സംരക്ഷിച്ചു നിര്‍ത്താന്‍ പെടാപ്പാടുപെടുന്നത് ഈ സത്യം അറിയാവുന്നതുകൊണ്ടാണ്.

നമ്മുടെ ബാങ്കുകള്‍ നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിദ്യാഭ്യാസ വായ്പ തന്നെ എടുക്കാം. കാര്യമായ ഒരു ജാമ്യവുമില്ലാതെ 5 ലക്ഷം വരെ ഏത് വിദ്യാര്‍ത്ഥിക്കും ലോണ്‍ എടുക്കാം. നാലോ അഞ്ചോ വര്‍ഷത്തെ പഠനത്തിനു ശേഷം ജോലി നേടിയിട്ട് അല്ലെങ്കില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 6 മാസം കഴിയുമ്പോള്‍ മുതല്‍ പതിനഞ്ചോ ഇരുപതോ കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി. മധുരോദാരമായ സ്ഥിതി വിശേഷം. കണക്കുകള്‍ പക്ഷെ മാധുര്യം പ്രകടിപ്പിക്കുന്നില്ല. 3 മാസത്തിലൊരിക്കല്‍ പലിശ മുതലില്‍ കൂട്ടുന്ന സമ്പ്രദായത്തില്‍ 12 ശതമാനം പലിശക്ക് കടമെടുക്കുന്ന അഞ്ചുലക്ഷം , 5 കൊല്ലം കൊണ്ട് ,9 ലക്ഷമായി മാറും. മുകളില്‍ പറഞ്ഞ വ്യവസ്ഥയില്‍ ഈ തുക 15 കൊല്ലം കൊണ്ട് തുല്യമാസ ഗഡുക്കളായി അടച്ചു തീര്‍ക്കണമെങ്കില്‍ പ്രതിമാസം 11.000 രൂപ വേണം. അതിന് എന്ത് മാസശമ്പളം കിട്ടണം? പി. എഫ്, ഇ.എസ്. ഐ ഇതൊക്കെ കഴിഞ്ഞ് കിട്ടുന്ന തുകയില്‍ നിന്ന് അത്യാവശ്യ ചെലവുകള്‍ കൂടി കഴിഞ്ഞിട്ടു വേണമല്ലോ ലോണടക്കാന്‍. അതിനു പറ്റിയ ഒരു തുക തുടക്കശമ്പളം ഐ. ടി രംഗത്തുപൊലും ഇന്ന് ലഭിക്കുന്നില്ല എന്നതല്ലെ വാസ്തവം? നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് വായ്പ എടുക്കുന്നവരില്‍ ഭുരിപക്ഷവും അവര്‍ക്ക് ഇത്തരമുയര്‍ന്ന ശമ്പളം ഇന്ത്യയില്‍ ഒരിടത്തും ലഭിക്കുന്നില്ല. വീദേശ തൊഴില്‍ സാധ്യത ഏതാണ്ട് പുര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു എന്നു തന്നെ പറയാം. അപ്പോള്‍ ഈ കുട്ടികളെങ്ങനെയാണ് വായ്പ തിരിച്ചടക്കുക?

കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ കാലത്ത് കേട്ടിരുന്ന ഒരു സമവാക്യമുണ്ടല്ലോ രണ്ട് സ്വാശ്രയ കോളേജ് = ഒരു ഗവ. കോളേജ്. ഈ ഭംഗി വാക്കിന്റെ അര്‍ത്ഥം അന്ന് പറഞ്ഞു കേട്ടത് ഇങ്ങിനെയാണ്. മുതലാളിമാര്‍ക്ക് പകുതി സീറ്റ് ഇഷ്ടമുള്ള വിലക്ക് വില്‍‍ക്കാം. ബാക്കി പകുതി സീറ്റില്‍ ഗവണ്മെന്റ് തെരെഞ്ഞെടുക്കുന്നവരെ ഗവ. കോളേജിലെ ഫീസില്‍ പഠിപ്പിക്കണം. പിന്നീട് കോടതി വിധികളും മറ്റുമാ‍യി വ്യവസ്ഥയില്‍ മാറ്റം വരികയും, പകുതി സീറ്റില്‍ ഗവ. നിരക്കില്‍ കുട്ടികളെ പഠിപ്പിക്കാന്‍ മുതലാളിമാര്‍ തയ്യാറാവാതിരിക്കുകയും ചെയ്തു. സമവാക്യം അപ്രസക്തമായി.

കഴിവുള്ള യുവതീ യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നുള്ളത് പരിഷ്കൃത സമൂഹത്തിന്റെ കടമയാണ്. സാമ്പത്തിക ശേഷിയില്ലായ്മ വിദ്യാഭ്യാസത്തിന് തടസ്സമായിക്കൂടാ . ഗവ. കോളേജുകളിലും ( എയ്ഡഡ് ഉള്‍പ്പെടെ) പ്രൈവറ്റ് കോളേജുകളിലെ ഗവ. വിഹിതത്തിലും ഒരു വിഭാഗം സീറ്റുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നീക്കി വയ്ക്കണം. മാനേജുമെന്റ് വിഹിതത്തില്‍ തന്നെ ഒരു ഭാഗം ഇത്തരം കുട്ടികള്‍ക്കായി ഫീസ് സൗജന്യത്തോടെ മാറ്റിവയ്ക്കുന്നതിന് സ്വാശ്രയ കരാറില്‍ വ്യവസ്ഥ ചെയ്യുക. ഈ വിദ്യാര്‍ത്ഥികള്‍‍ക്ക് ഗ്രാന്റ് ആയോ കുറഞ്ഞ പലിശ നിരക്കിലുള്ള ലോണ്‍ ആയോ ഗവണ്മെന്റു തന്നെ ധനസഹായം ചെയ്യുക. പഠിച്ചിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക. ഇതൊക്കെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.

അധികാരികള്‍ സമചിത്തതയോടെ ചിന്തിക്കുകയും വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ട മേഖലകളാണ് ബാങ്കിംഗ്, വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയവ. അവിടെ വേണ്ടത് ജനസമ്മത തീരുമാനങ്ങളല്ല, പ്രത്യുത ജനക്ഷേമകരങ്ങളായ തീരുമാനങ്ങളാണ്.

ഇന്ത്യയിലും വിദേശത്തും പ്രവാസി ജീവിതം നയിക്കുന്നവരുടെ ആകെ മുതലായ നിക്ഷേപങ്ങള്‍ നഷ്ടപ്പെടുത്തുന്ന തീരുമാനങ്ങള്‍ ഉണ്ടാവരുത്. കാ‍രണം അത് രോഗത്തേക്കാള്‍ മോശപ്പെട്ട ചികിത്സ ആയിരിക്കും. !

കടപ്പാട് : പുറപ്പാട് സമയം

Generated from archived content: essay1_nov15_12.html Author: r.s.kurup

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here