യന്ത്രമനസ്സുകളുടെ സംഗീതം

(ടി.പി.വിനോദിന്റെ “ നിലവിളിയെക്കുറിച്ചുളള കടങ്കഥകൾ” എന്ന കാവ്യ സമാഹാരത്തെക്കുറിച്ച്‌)

ഏതു കലാസൃഷ്‌ടിയും സ്വന്തം കാലത്തിന്റെ മുദ്രവഹിക്കുന്നുണ്ടെന്നും ആ മുദ്ര ഏറ്റവും ആഴത്തിൽ പതിഞ്ഞിട്ടുള്ള സൃഷ്‌ടിയാണ്‌ ആ കാലത്തെ ഏറ്റവും മികച്ച കലാസൃഷ്‌ടിയെന്നും ഹെന്റാ മാറ്റിസ്സയെ ഉദ്ധരിച്ചുകൊണ്ട്‌ ടെറി ഈഗിൾട്ടൺ പറയുന്നു.

“ഒ​‍ുരു വാക്ക്‌& കാലത്തിന്റെ& തൊണ്ടി മുതലാവുന്നത്‌…..” എന്നവരികൾ (അപസർപ്പകം) വായിച്ചപ്പോൾ എനിക്കോർമ്മയിൽ വന്നത്‌ മേൽപ്പറഞ്ഞ പ്രസ്‌താവനയാണ്‌. വാക്ക്‌, ശബദം എന്നിവ വാക്കുകളുടെ സമഗ്രത ശബ്‌ദപ്രപഞ്ചം എന്നീ അർത്‌ഥങ്ങളിലും പ്രയോഗിക്കപ്പെടാറുണ്ടല്ലോ. ഈ സമാഹരത്തിലെ കവിതകൾ ഒട്ടുമിക്കതും വാഗർത്ഥങ്ങളെക്കുറിച്ചും അവയുടെ സംവ്യക്തതയെക്കുറിച്ചും ആണ്‌ എന്നുപറഞ്ഞാൽ അത്‌ അതിശയോക്തിയാവുകയില്ല.

വാക്കിനെ വിനോദ്‌ നിർവ്വചിക്കുന്നത്‌.

“ഒച്ച കലരുമ്പോൾ

അർത്ഥമാവുന്ന

അതിശയ-”

മെന്നാണ്‌. ‘പര’യിൽ പിറവികൊണ്ട്‌ “വൈഖരീയി”ലെത്തുന്ന ശബ്‌ദത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളതുമുതൽ നിശ്ശബ്‌ദതയിൽ നിന്നു തുടങ്ങി കൂടുതൽ വലിയ നിശ്ശബ്‌ദതയിൽ പര്യവസാനിക്കുന്ന പ്രണയ മന്ത്രത്തെക്കുറിച്ച്‌ റസ്സൂൽപൂക്കുട്ടി പ്രസ്‌താവിച്ചതുവരെയുള്ള ശബ്‌ദാർത്ഥ സിദ്ധാന്തങ്ങളെ ഈവരികൾ ഓർമ്മിപ്പിക്കുന്നു.

ജീവിതത്തിൽ നിന്ന്‌

കവിതയിലേക്ക്‌

വിരുന്നു പോവുമ്പോൾ

വാക്കിന്റെ മടിശ്ശീലയിലുണ്ടാവുമോ

അടുത്തതവണിറക്കില്ലെന്നേറ്റിരുന്ന

മധുരമായൊരർത്ഥം“

കവിതയെ മധുരമുള്ളതാക്കുന്നത്‌ അർത്ഥമാണെന്ന്‌ സംശയലേശമെന്യേ ഈ വരികൾ പ്രഖ്യാപിക്കുന്നു. മാധുര്യം മാത്രമല്ല ഏതു കാവ്യഗുണവും അർത്ഥത്തിലൂടെയാണ്‌ സംവേദനം ചെയ്യപ്പെടുന്നത്‌. കാവ്യാസ്വാദനം അർത്ഥ്വത്തിന്റെ അന്വേഷണവും കണ്ടെത്തലുമാണ്‌. അത്‌ മനസ്സിന്റെ പ്രവൃത്തിയെന്നപോലെ ബുദ്ധിവ്യായാമവും കൂടിയാണ്‌. ശബ്‌ദസൗന്ദര്യത്തെക്കുറിച്ചും കാവ്യാസ്വദനത്തിൽ ബുദ്ധിയുടെ പങ്കിനെക്കുറിച്ചും മറ്റുമുള്ള നമ്മുടെ സാമ്പ്രദായികസിദ്ധാന്ത വല്‌ക്കരണങ്ങളെ ഈ കവിതകൾ തകിടം മറിക്കുന്നു.

സർഗ്ഗസാഹിത്യത്തിന്റെ പിറവിക്കുശേഷമാണ്‌ കാവ്യശാസ്‌ത്രം നിലവിൽ വരുന്നത്‌. കാവ്യങ്ങൾ അപഗ്രഥിച്ചു നിയമ നിർമ്മാണം നടത്തുകമാത്രമല്ല കാവ്യശാസ്‌ത്ര ഗ്രന്ഥം ചെയ്യുന്നത്‌. ഉത്തമ കാവ്യം എങ്ങിനെയായിരിക്കണമെന്ന അക്കാലത്തെ സമൂഹമനസ്സിന്റെ സങ്കല്‌പംകൂടി അതുൾക്കൊള്ളുന്നുണ്ട്‌. ഗ്രീക്ക്‌ദുരന്ത നാടകത്തിന്റെ സവിശേഷതകൾ ഒട്ടുമിക്കതും അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥത്തിൽ കാണും. പക്ഷെ അന്നത്തെ ഏറ്റവും നല്ല നാടകത്തിൽ പോലും ഇല്ലാത്തതും ഉണ്ടാവണമെന്ന്‌ പ്രാചീനഗ്രീസിന്റെ സമൂഹമനസ്സ്‌ ആഗ്രഹിച്ചിരുന്നതുമായ ചിലതെല്ലാം കൂടി അതിലുണ്ടെന്നുള്ളതാണ്‌ വസ്‌തുത. ആധികാരിക കാവ്യശാസ്‌ത്രഗ്രന്ഥങ്ങൾ എഴുതപ്പെടാനിരിക്കുന്ന കൃതികൾക്കു കൂടി ബാധകമാണെന്നർത്ഥം. അതുകൊണ്ടുതന്നെ മികച്ച സർഗ്ഗസാഹിത്യകൃതികളുണ്ടാവുമ്പോഴൊക്കെ കാവ്യശാസ്‌ത്രഗ്രന്ഥങ്ങളുണ്ടാവാറില്ല.

ഇതിന്‌ ഒരു മറുവശം കൂടിയുണ്ട്‌. ഓരോ നല്ലകാര്യവും അതിന്റേതായ ഒരു സൗന്ദര്യ ശാസത്രവുമായിട്ടായിരിക്കും പിറന്നുവീഴുക. നിലവിലുള്ള ഏറ്റവും ആധികാരികമായ കാവ്യശാസ്‌ത്രസിദ്ധാന്തങ്ങളെക്കൂടി വെല്ലവിളിക്കുന്നവയായിരിക്കും അവയിൽ ഏറ്റവും മികച്ചവ. അപ്പോൾ പക്ഷേ സിദ്ധാന്തങ്ങൾ അപ്പാടെ ഉപേക്ഷക്കപ്പെടുകയല്ല; മറിച്ച്‌ അവ പുനർവായനക്കും പുനർവിചിന്തനത്തനിനും വിധേയമാക്കപ്പെടും. അത്തരമൊരു പ്രക്രിയക്ക്‌ ആസ്വാദകനെ നിർബന്ധപൂർവ്വം പ്രേരിപ്പിക്കുന്നവയാണ്‌ മികച്ച കലാസൃഷ്‌ടികൾ. ആ അർത്ഥത്തിൽ മികച്ച കലാസൃഷ്‌ടികളാണ്‌ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും.

ജീവിതത്തെ ആണയിട്ടുറപ്പിക്കുകയാണ്‌ എല്ലാ കവിതയുടെയും ലക്ഷ്യമെന്നും ആ തത്വത്തിന്റെ ഒന്നാന്തരമൊരു നിർവ്വചനമാണ്‌ ”മറ്റൊരിടത്തായിരിക്കുക, വ്യത്യസ്‌തമായിരിക്കുക“ എന്ന നിഷേപവാക്യമെന്നും ഹാരോൾഡ്‌ ബ്ലൂം” പറയുന്നു. എല്ലാ നല്ല കവിതയും പ്രവാസിയുടെ, പ്രവാസത്തിന്റെ കവിതയാണെന്നു പറയുന്നതും ഈ അർത്ഥത്തിലാണ്‌. “വ്യത്യസ്‌തനാവുന്നത്‌. ”ബാർബറാം ബാലൻ“ മാത്രമല്ല, ആദികവിയുടെ നായകനും വ്യത്യസ്‌തനും പ്രവാസിയുമാണല്ലോ. ഇടക്കു പറയട്ടെ അനിൽ പനച്ചൂരാന്റെ വരികൾ കവിതയാണ്‌, നല്ല കവിതയാണ്‌. ഹാസ്യഗാനമെന്ന നിലയിൽ ജനസമ്മതികിട്ടിപ്പോയതുകൊണ്ടാവണം നിർഭാഗ്യവശാൽ കവിതയെന്നനിലയിൽ ആ വരികൾ വിലയിരുത്തപ്പെടുകയുണ്ടായില്ല.

‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ, പ്രവാസിയെ, പ്രവാസത്തെക്കുറിച്ചുള്ള നല്ല കവിതകളുടെ സമാഹാരമാണ്‌. ആധുനിക യന്ത്രസംസ്‌കൃതിയെക്കുറിച്ചുള്ള പരിഭവങ്ങളും നിലവിളികളുമെന്നും അവയിൽ വാച്യമായി ആവിഷ്‌ക്കരിക്കപ്പെടുന്നില്ല. പക്ഷേ അവയിലെല്ലാം പുതിയ ജീവിതത്തിന്റെ ശ്ലഥബിംബങ്ങളുണ്ട്‌. ഒരുമിച്ചു മരിച്ചുകൊണ്ടിരിക്കുന്ന ആളുകൾകളിക്കുന്ന ഉപരിതലസ്‌പർശിയായ കളികളുണ്ട്‌; അന്യന്റെ ദു;ഖവും സുഖവും പങ്കിടാൻ കഴിയാത്ത നിസ്സഹായതയോ അനാസ്‌ഥയോ ഉണ്ട്‌, ജീവിതോസുഖത്വവും മൃത്യുഭീതിയുമുണ്ട്‌; പ്രണയവും പ്രണയഭംഗങ്ങളുമുണ്ട്‌; ദുഃഖവും ഹാസ്യവുമുണ്ട്‌.

ഉചിതമായ അന്തരീക്ഷ സൃഷ്‌ടിയിലൂടെ ആവിഷ്‌ക്കാരത്തിലെ നൂതനത്വത്തിലൂടെ, സർവ്വോപരി പുതിയൊരു കാവ്യഭാഷയുടെ സമർത്ഥമായ ഉപയോഗത്തിലൂടെ, മേല്‌പറഞ്ഞതെല്ലാം അനുഭവവേദ്യമാക്കുകയാണ്‌ കവി ചെയ്‌തിരിക്കുന്നത്‌.

”പച്ചമണ്ണിൽ വെയിൽ വീഴുന്ന ഒച്ച“ എന്ന അപൂർവ്വചാരുതയാർന്ന പ്രയോഗം തന്നെ നോക്കു. പദസൗന്ദര്യം മാത്രമാണ്‌ ആ വരികൾ സംവേദനം ചെയ്യുന്നതെന്ന്‌ ധരിച്ചാൽ തെറ്റി. ആ ഒച്ചക്കും ’ വെള്ളത്തിന്റെ ഒരു തുള്ളി ഇലപ്പച്ചയിൽ നിന്നു വേർപെടുന്ന ശബ്‌ദത്തിനും ”ഇടയിൽ കവി കുഴിബോംബുകൾ പാകിയിരിക്കുന്നത്‌ ശ്രദ്ധിക്കുക. നിശ്ശബ്‌ദതയിൽ നിന്ന്‌ വേർതിരിച്ചെടുക്കാനാവാത്ത സൗമ്യമധുരശബ്‌ദങ്ങൾക്ക്‌ പ്രതിദ്ധ്വനിയായി യന്ത്രസംസ്‌കൃതിയുടെ “കേഴലുമലർച്ചകാലൊച്ചയ്‌ക്കും അതോടൊപ്പം ബോംബുപൊട്ടിത്തെറിക്കുന്ന ശബ്‌ദങ്ങളും നമ്മളെ അനുഭവിപ്പിക്കുന്നു എന്നുള്ളതുകൊണ്ടാണ്‌ ഈ ചെറിയ കൃതി നമ്മുടെ കാലത്തെ ഏറ്റവും മികച്ച കവിതകളിലൊന്നാവുന്നത്‌. ട്രാജഡി, അങ്ങിനെ, സോഷ്യൽ ആനിമൽ തുടങ്ങിയ കവിതകളും എടുത്തുപറയേണ്ടവതന്നെയാണ്‌.

പത്തെഴുപതു വർഷം മുമ്പ്‌ ഇടപ്പള്ളിയിൽ നിന്ന്‌ കിഴക്കോട്ടുനോക്കിയാൽ കാക്കനാട്ടെ പച്ച പുതച്ചകുന്നിൻപുറങ്ങൾ കാണാമായിരുന്നു. അത്‌ നിത്യവും കാണാറുണ്ടായിരുന്ന പ്രതിഭാധനനായ ഒരു കവി മലരണിക്കാടുകളെക്കുറിച്ചെഴുതി. ഇന്നും കാക്കനാട്‌ ഉദ്യാനങ്ങളുണ്ട്‌ വിവരസാങ്കേതികവിദ്യയുടെ ഉദ്യാനങ്ങൾ, ഐ.റ്റി.പാർക്കുകൾ അതു നിത്യവും കാണുന്ന ഒരു കവിക്ക്‌ തന്റെ കവിത മറ്റൊരു ഭാഷയിലെഴുതേണ്ടിവരും. യുഗസംക്രമങ്ങളുടെ കവികളുടെ പ്രധാന ധർമ്മം കാവ്യഭാഷയുടെ നവീകരണമാണ്‌. കവിത്രയം, ഇടപ്പള്ളിക്കവികൾ, ഇടശ്ശേരി വൈലോപ്പിള്ളിമാർ, തുടർന്ന്‌ ആധുനികതയുടെ ഘട്ടത്തിൽ സച്ചിദാനന്ദനും കടമ്മനിട്ടയും മറ്റും ഇവരെല്ലാം ചെയ്‌തതും അതാണ്‌. പുതിയ വാക്കുകൾ എപ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ പുതിയ അർത്ഥങ്ങൾകണ്ടെത്താൻ കഴിയും. അർത്ഥാന്വേഷണവും കണ്ടെത്തലുമാണ്‌ വലിയ കവികളുടെ ദൗത്യം. ഈ ദൗത്യം ഏറ്റെടുക്കുകയും അതു ഫലപ്രദമായി പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്‌ത ഏറ്റവും പുതിയ കവികളിൽ പ്രമുഖനായ ഒരാളാണ്‌ താനെന്ന്‌ ടി.പി.വിനോദ്‌ തെളിയിച്ചിരിക്കുന്നു.

നമ്മുടെ യുവകവികളുടെ പ്രയാണം ആരംഭിച്ചിട്ടേയുള്ളു. ഇനി ദൂരം ഒരുപാടു പിന്നിടാനുണ്ട്‌. ഈ വസ്‌തുത ഓർമ്മയിലുണ്ടായിരിക്കരിക്കണമെന്നു കൂടി ഞാൻ വിനോദിനെയും മറ്റുയുവകവികളെയും ഓർമ്മിപ്പിക്കുന്നു.

Generated from archived content: book1_april18_09.html Author: r.s.kurup

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English