രണ്ടു സ്വാശ്രയ കഥകൾ

1. പീലിക്കടക്കണ്ണ്‌

സുവോളജി ബിരുദധാരിയായ എന്റെ കയ്യിൽ കുറെ മയിൽപ്പീലിക്കെട്ടുകൾ ഉണ്ടായിരുന്നു. പീലികൾ മെടഞ്ഞ വൃത്താകൃതിയിലുളള വിശറികൾ ഉണ്ടാക്കി വിൽക്കുന്ന വഴിയോര ഫക്കീറാകാൻ മനസ്സനുവദിച്ചില്ല.

മലയാളിയുടെ പതിവു ഹെപ്പോക്രസി തന്നെ തടസ്സം!

പക്ഷെ ആ പീലിക്കെട്ട്‌ വൻ ലാഭത്തിൽ എനിക്കു വിൽക്കാനായതെങ്ങനെയെന്നോ? എന്റെ മനസ്സിന്റെ താളുകൾക്കിടയിൽ ഒരു നവീന ആശയത്തിന്റെ പീലിത്തുണ്ട്‌ വച്ചതും താളുകൾക്കിടയിലിരുന്ന്‌ നാളുകൾക്കകം പെറ്റുപെരുകുന്നതും പുറത്തു നാലാളറിഞ്ഞില്ല. സർവശിക്ഷ അഭിയാൻ എന്ന പഴയ ഡീപ്പിയീപ്പീ നടക്കുന്ന സ്‌കൂളിലെ മയിൽപ്പീലിക്കണ്ണുളള അദ്ധ്യാപിക കഴിഞ്ഞ മാസം കുട്ടികൾ തയ്യാറാക്കിക്കൊണ്ടു വരേണ്ടിയിരുന്ന പ്രൊജക്‌ടിനു വിഷയം മയിൽപ്പീലി ആയി നിശ്ചയിച്ചതു ഞാൻ നൽകിയ കോഴയുടെ മായിക ബലം കൊണ്ടുതന്നെ ആയിരുന്നു.

സ്‌കൂൾ ഗേറ്റിനു സമീപം അഭ്യസ്തവിഡ്‌ഢ്യനല്ലാത്ത ഫക്കീറിനെപ്പോലെ ചമ്രം പടഞ്ഞും പടയാതെയും പീലിക്കെട്ടു വിറ്റുതീർത്തപ്പോൾ മനസ്സു മറ്റൊരു മയിൽ വാഹനമായി മന്ദഹസിച്ചു. “ഞങ്ങളെപ്പോലെയുളളവർ ഇങ്ങിനെയൊക്കെയാണു പുതിയ കാലത്തു ഗസ്‌റ്റദ്ധ്യാപകരാവുന്നത്‌.”

2. സ്വാശ്രയസാഹിത്യം

സ്വാശ്രയ പ്രശ്‌നത്തിൽ ആത്മഹത്യ ചെയ്‌തവരുടെ കുടുംബത്തെ സന്ദർശിക്കാത്തതെന്തുകൊണ്ടെന്നോ?

സ്വാന്തനമാണോ സാന്ത്വനമാണോ അതോ സ്വാന്ത്വനമാണോ ശരിയെന്നറിയാതെ കുഴങ്ങിയതാണ്‌. സാഹിത്യകാരനായിപ്പോയില്ലേ?

അവിടെ ചുരണ്ടേണ്ട എന്ന ബോധം ഉണ്ടായിരുന്നു. ആരെങ്കിലും ആവശ്യപ്പെടാതെ ചുരണ്ടിയാൽ ആ ഭാഗം അസാധു ആയാലോ? മലയാളി വായനക്കാരനുമായിപ്പോയില്ലേ?

Generated from archived content: story1_nov24.html Author: r-radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here